ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ കൂടെ അഭിനയിക്കാമെന്ന് സമ്മതിച്ചാല്‍ ക്യാമറക്ക് മുന്നിലെത്താന്‍ ഒരുക്കമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന് വിരാട് കോഹ്ലി. ഫുട്ബോള്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് കോഹ്ലി ഇക്കാര്യം വ്യക്തമാക്കിയത്. സ്വന്തം ജീവചരിത്രം സിനിമയാക്കുകയാണെങ്കില്‍ നായകവേഷത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു കോഹ്ലിയുടെ പ്രതികരണം
'അനുഷ്ക കൂടെയുണ്ടാകുമെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ജീവചരിത്ര സിനിമയില്‍ അഭിനയിക്കും. പക്ഷേ, എനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണ നീക്കാന്‍ ഞാനാഗ്രഹിക്കുന്നു. എനിക്ക് ഫുട്ബോള്‍ കളിക്കാനും അറിയാം. എന്നു കരുതി നിങ്ങളെന്നെ ഐ.എസ്.എല്ലില്‍ എടുക്കില്ലല്ലോ...'
അതേസമയം, സ്വന്തം ജീവചരിത്രത്തിലാണെങ്കില് അഭിനയം തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാവില്ലെന്നും കോഹ്ലി പറഞ്ഞു.
''എനിക്ക് എന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാന്‍ കഴിയും. കാരണം എന്റെ റോള്‍ നന്നായി ചെയ്യാന്‍ എനിക്കാവുമെന്നാണ് പ്രതീക്ഷ. എന്റെ റോള്‍ എന്നേക്കാള്‍ നന്നായി ചെയ്യുന്ന വേറെ ആളുണ്ടെങ്കില്‍ ഞാന്‍ കൊള്ളരുതാത്തവനാവും. എനിക്ക് അഭിനയിക്കാം അറിയാം എന്നു കരുതുന്നവരുണ്ട്. പരസ്യങ്ങളില്‍ അഭിനയിക്കുക എന്നാല്‍ എ പോയിന്റിലേക്ക് ബി പോയിന്റിലേക്ക് പോവുക എന്നതു മാത്രമാണ്. ആര്‍ക്കും അത് പഠിക്കാവുന്നതേയുള്ളൂ. അഭിനയം ഒരു കലയാണ്. ഞാന്‍ കലാകാരനല്ല. ഞാനൊരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്.'' - വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ താരം പറഞ്ഞു