Image

ഫിലാഡല്‍ഫിയ ലിബര്‍ട്ടി ലോണ്‍സ് പരേഡ് ചരിത്രത്തിന്റെ ഒര്‍മ്മപ്പെടുത്തല്‍ (ശ്രീനി)

Published on 19 May, 2020
ഫിലാഡല്‍ഫിയ ലിബര്‍ട്ടി ലോണ്‍സ് പരേഡ് ചരിത്രത്തിന്റെ ഒര്‍മ്മപ്പെടുത്തല്‍ (ശ്രീനി)
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടതെന്ന വാദത്തിന് തെളിവില്ല. എന്നാല്‍ 100 കൊല്ലം മുമ്പ് കൊലവിളി നടത്തിയ സ്പാനീഷ് ഫ്‌ളൂ പരന്നത് ഫിലാഡല്‍ഫിയയിലെ തെരുവില്‍ നിന്നാണെന്നതിന് ചരിത്രം സാക്ഷി. കോടിക്കണക്കിന് മനുഷ്യജീവനുകള്‍ എടുത്ത സ്പാനിഷ് ഫ്‌ളൂവിനു ശേഷം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ ഭൂമിയിലെത്തിയ മഹാമാരിയാണ് കോവിഡ്-19. ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ കോവിഡ്19 വൈറസ് അപഹരിച്ചുകൊണ്ടിരിക്കുന്നു. ഈ  ദുര്‍ഘട സന്ധിയില്‍ ഫിലാഡല്‍ഫിയ സാക്ഷ്യം വഹിച്ച "ലിബര്‍ട്ടി ലോണ്‍സ് പരേഡ്' സാമൂഹിക സുരക്ഷിതത്വത്തിനുള്ള ഒരു ആഗോള മുന്നറിയിപ്പായി ഓര്‍ത്തെടുക്കാം.

ലോകത്തിലെ ഏറ്റവും മാരകമായ പരേഡായിരുന്നു 1918 സെപ്റ്റംബര്‍ 28ന് നടന്ന "ഫിലഡല്‍ഫിയ ലിബര്‍ട്ടി ലോണ്‍സ് പരേഡ്'. ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത സഖ്യസേനാംഗങ്ങളുടെ അടിസയന്തിര ആവശ്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ബോണ്ടുകള്‍ക്കു വേണ്ടിയായിരുന്നു ബ്രോഡ് സ്ട്രീറ്റില്‍ രണ്ടു ലക്ഷത്തിലേറെ പേര്‍ പങ്കെടുത്ത വന്‍ പരേഡ് നടന്നത്. അതാകട്ടെ ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വിനാശകരമായ "സ്പാനിഷ് ഫ്‌ളൂ' എന്ന പകര്‍ച്ചവ്യാധിയുടെ അമേരിക്കയിലെ അതിവേഗ വ്യാപനത്തിനിടയാക്കുകയും ചെയ്തു.

1918ലെ വസന്തകാലത്താണ് സ്പാനിഷ് ഫ്‌ളൂ ലോകത്ത് ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധ കാലത്ത് സൈനികരിലൂടെ ഇതു വിവിധ രാജ്യങ്ങളിലെത്തി. ലോക ജനസംഖ്യയുടെ മൂന്നിലൊന്നു പേരെയും ഈ പകര്‍ച്ചവ്യാധി പിടികൂടിയിരുന്നു. ആരോഗ്യ സംവിധാനങ്ങള്‍ അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലഘട്ടത്തിലെ പകര്‍ച്ചവ്യാധി മൂലം ലോകമെമ്പാടും മരിച്ചതാകട്ടെ അഞ്ചു കോടിയിലേറെപ്പേരും. 1918 ജനുവരി മുതല്‍ 1920 വരെ 36 മാസം നീണ്ടു നിന്ന മഹാമാരിയാണ് സ്പാനിഷ് ഫ്‌ലു. ഇത് 50 കോടി ജനങ്ങളെയാണ് അന്ന് ബാധിച്ചത്. അതായത് അന്നത്തെ ജനസംഘ്യയുടെ മൂന്നിലൊരു ഭാഗത്തേയും ഇത് ബാധിച്ചു.

ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും ആളുകള്‍ കൂട്ടം കൂടാതിരിക്കേണ്ടതിന്റെയും ആവശ്യകതയിലേക്കാണ് ഫിലാഡല്‍ഫിയ ലിബര്‍ട്ടി ലോണ്‍സ് പരേഡ് വെളിച്ചം വീശുന്നത്. അമേരിക്കയിലാദ്യം സ്പാനിഷ് ഫ്‌ളൂ ആഘാതമേല്‍പ്പിച്ചത് ഫിലാഡല്‍ഫിയയിലാണ്. 1918 സെപ്റ്റംബര്‍ 19-ാം തീയതി യൂറോപ്പില്‍ നിന്നും ഫിലാഡല്‍ഫിയ നേവി യാഡിലെത്തിയ നാവികരായിരുന്നു സ്പാനിഷ് ഫ്‌ളൂവിന്റെ വാഹകര്‍. ഈ സമയം 250 മില്യണ്‍ ഡോളര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സമാഹരിക്കാനുള്ള യജ്ഞത്തിലായിരുന്നു ഫിലഡല്‍ഫിയ സിറ്റി അധികൃതര്‍. അതിനാണ് പരേഡ് സംഘടിപ്പിച്ചത്.

പരേഡ് കാണാന്‍ പരമാവധി പതിനായിരത്തോളം പേരെ മാത്രമാണ് സിറ്റി അധികൃതര്‍ പ്രതീക്ഷിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും ഫിലാഡല്‍ഫിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ചാരിറ്റീസ് ഡയറക്ടര്‍ ഡോ. വില്‍മര്‍ ക്രൂസെന്‍ പരേഡ് നടത്താന്‍ അനുമതി നല്‍കി. ഫിലാഡല്‍ഫിയയില്‍ സ്പാനിഷ് ഫ്‌ളൂ വ്യാപിച്ച് ഒന്‍പതാം ദിവസം നടന്ന പരേഡ് കാണാന്‍ അധികൃതരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് രണ്ടുലക്ഷം പേരാണ് കൂട്ടത്തോടെ തെരുവോരത്തേയ്ക്ക് ഒഴുകിയെത്തിയത്.

ബോര്‍ഡ് സ്ട്രീറ്റില്‍ രണ്ടു മൈല്‍ നീളത്തിലായിരുന്നു പരേഡ്. കുതിരകള്‍ വലിക്കുന്ന പീരങ്കികള്‍, നിശ്ചലദൃശ്യങ്ങള്‍, ലോകപ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞനായ ജോണ്‍ ഫിലിപ്പ് സോസ നയിച്ച ബാന്‍ഡ്‌മേളം, ഫിലഡല്‍ഫിയ നേവി യാഡില്‍ നിര്‍മിച്ച പുത്തന്‍ ചെറുവിമാനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരന്നു. ബോയ്‌സ് കോട്ട് ഉളള്‍പ്പെടെ ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത യുദ്ധവിദഗ്ധരും പരേഡിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു. പരേഡ് സമാഹരിച്ചത് അറുപത് കോടി ഡോളറാണ്.

പിറ്റേ ദിവസം ഇറങ്ങിയ പത്രങ്ങളെല്ലാം പരേഡിനെ വാഴ്ത്തി വലിയ തലക്കെട്ടുകളില്‍ വാര്‍ത്ത കൊടുത്തു. പരേഡ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ 118 പേര്‍ക്ക് മാരകമായ ഇന്‍ഫ്‌ളുവന്‍സ സ്ഥിരീകരിച്ചു. രണ്ടു ദിവസത്തിന് ശേഷം, പരേഡിന് അനുവാദം കൊടുത്ത ഡോ. വില്‍മര്‍ ക്രൂസെന്‍ പുറത്തുവിട്ടത് സ്പാനിഷ് ഫ്‌ളൂ അതിവേഗം വ്യാപിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ക്രൂസെന്റെ പ്രഖ്യാപനത്തിന്റെ പിറ്റെ ദിവസം ഫിലാഡല്‍ഫിയായിലെ 31 ആശുപത്രികളെല്ലാം പകര്‍ച്ചവ്യാധി ബാധിതരെക്കൊണ്ട് നിറഞ്ഞു. തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ 4,500 ഫിലാഡല്‍ഫിയക്കാര്‍ സ്പാനിഷ് ഫ്‌ളൂ ബാധിച്ച് മരിച്ച സ്‌ഫോടനാത്മകമായ വാര്‍ത്തയാണ് കേട്ടത്. 47,000 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു.

1918 ഒക്‌ടോബര്‍ മൂന്നാം തീയതിയായപ്പോള്‍ രോഗവ്യാപനം ഗുരുതരമാവുകയും ഷട്ട് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. സ്കൂളുകള്‍, പള്ളികള്‍, തീയേറ്ററുകള്‍, ബാറുകള്‍ എല്ലാം അടയ്ക്കപ്പെട്ടു. പ്രസിഡന്റ് വില്യം ഹോവാഡ് ടാഫ്റ്റുമായുള്ള ലിബര്‍ട്ടി ലോണ്‍ മീറ്റിംഗ്, അക്കാദമി ഓഫ് മ്യൂസിക്കിലെ ലിബര്‍ട്ടി ക്രൂസേഡ് പരേഡ് തുടങ്ങിയ ജനക്കൂട്ട പരിപാടികള്‍ എല്ലാം റദ്ദാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ സ്പാനിഷ് ഫ്‌ളൂ പ്രതിരോധ പരിപാടികളില്‍ സജീവമായി. കൂടുതല്‍ ഡോക്ടര്‍മാരെയും മറ്റും എത്തിക്കാന്‍ പണം വകയിരുത്തി. ഇതിനിടെ നൂറുകണക്കിനാളുകള്‍ റോഡിലും മറ്റും മരിച്ചുവീണു. സാനിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നഗരത്തിലെമ്പാടും മരിച്ചുകിടന്നവരുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും എല്ലായിടവും അണു വിമുക്തമാക്കുകയും ചെയ്തു.

ഫിലാഡല്‍ഫിയ അതിരൂപത ആശുപത്രികളില്‍ സേവനം ചെയ്യാന്‍ കന്യാസ്ത്രീമാരെ വിട്ടുകൊടുത്തു. പുരോഹിതരും സെമിനാരി വിദ്യാര്‍ത്ഥികളും വീടുകളില്‍ അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍ ശേഖരിച്ച് മറവു ചെയ്യുന്ന പ്രവര്‍ത്തിയിലേര്‍പ്പെട്ടു. ഫിലാഡല്‍ഫിയയ്ക്ക് 11 മൈല്‍ അകലെയുള്ള ബ്രൈന്‍ മാവ് വനിതാ കോളേജില്‍ രോഗികള്‍ക്ക് ചികിത്സാ സൗകര്യമൊരുക്കി. കൂടുതല്‍ താത്കാലിക ആശുപത്രികളുമൊരുങ്ങി. എന്നാല്‍ രോഗികളെ പരിചരിക്കാന്‍ ആവശ്യത്തിന് മെഡിക്കല്‍ സ്റ്റാഫ് ഇല്ലാതിരുന്നത് വലിയ തിരിച്ചടിയായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതിയില്‍ അമേരിക്കയുടെ മെഡിക്കല്‍ സ്റ്റാഫുകളേറെയും വിദേശങ്ങളില്‍ ജോലി നോക്കുകയായിരുന്നു അപ്പോള്‍.

ഫിലാഡല്‍ഫിയ സിറ്റിയില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടി. കുടുംബത്തിലെ എല്ലാവരും മരിക്കുന്നു. ശവസംസ്കാരം നടത്താന്‍ ആളില്ലാത്ത അത്യന്തം ഗശോചനീമായ അവസ്ഥ. ആയിരത്തിലധികം മൃതശരീരങ്ങള്‍ മറവുചെയ്യാനാവാതെ കിടന്നത് ഭീതിതമായിരുന്നു. വില്യം ആര്‍ നൈറ്റ് ജൂനിയര്‍, ആരോഗ്യമുള്ളവരോട് കുഴികള്‍ കുത്താന്‍ അഭ്യര്‍ത്ഥിച്ചു. പലരും തങ്ങളുടെ ഉറ്റ ബന്ധുക്കളുടെ ജഡം സ്വന്തം നിലയില്‍ തന്നെ മറവ് ചെയ്യേണ്ട നിസ്സഹായവസ്ഥയിലായിരുന്നു. പിതാവിന് മക്കളെയും മക്കള്‍ക്ക് മാതാപിതാക്കളെയുമൊക്കെ ഈ വിധത്തില്‍ സംസ്കരിക്കേണ്ടിവന്നത് സ്പാനിഷ് ഫ്‌ളൂ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നു.

ഒരവസരത്തില്‍ സൗത്ത് ഫിലഡല്‍ഫിയയിലെ അവസ്ഥ തീര്‍ത്തും മോശമാണെന്നും അക്കാര്യം ഓര്‍ക്കാനാവില്ലെന്നും  പെന്‍സില്‍വാനിയ സ്റ്റേറ്റ് സെനറ്റര്‍ എഡ്വിന്‍ എച്ച് വാരെ പറയുകയുണ്ടായി. അനേക ഡോക്ടര്‍മാരും നേഴ്‌സുമാരും രാപ്പകല്‍ സമയം നോക്കാതെ കഠിനമായ രോഗീപരിചരണത്തിലേര്‍പ്പെട്ടു. ഫാര്‍മസികളില്‍ ആവശ്യത്തിന് മരുന്നുമില്ലാത്തതും കൂനിന്‍മേല്‍ കുരുവായി.

ഫിലാഡല്‍ഫിയ അടച്ചതിനാല്‍ ആളുകള്‍ ബാറുകള്‍ തേടി കാംഡെനിലേയ്ക്കും ന്യൂജേഴ്‌സിയിലേയ്ക്കും പലായനം ചെയ്തു. അതോടെ രോഗവ്യാപനം ഭയന്ന് കാംഡെന്‍ ബാറുകള്‍ പൂട്ടി. 1918 നവംബര്‍ 11ന് ഫിലാഡല്‍ഫിയക്കാര്‍ ഒരിക്കല്‍ക്കൂടി ബ്രോഡ് സ്ട്രീറ്റില്‍ ഒത്തുകൂടി. "ആര്‍മിസ്റ്റിസ് ഡേ' ആഘോഷിക്കാനായിരുന്നു അവരെല്ലാം എത്തിയത്. അപ്പോഴേയ്ക്കും രോഗഭീതിയും വ്യാപനവും കുറഞ്ഞിരുന്നു. സ്പാനിഷ് ഫ്‌ളൂ ബാധിച്ച് 17,000 പേരാണ് ഇന്നത്തെ ഫിലാഡല്‍ഫിയ സിറ്റിയില്‍ മാത്രം മരിച്ചത്. 2019ല്‍ ഇവിടെ മുട്ടര്‍ മ്യൂസിയം തുറന്നു. മഹാമാരിയെ കുറിച്ചുള്ള ബോധവത്ക്കരണത്തിനായി എക്‌സിബിഷനും നടത്തുകയുണ്ടായി.

ഇന്ത്യയില്‍ രണ്ടു കോടി ജനങ്ങളുടെ ജീവനാണ് സ്പാനീഷ് ഫ്‌ളൂ  കവര്‍ന്നത്.  ബോംബെ ഫ്‌ളൂ എന്നായിരുന്നു ഈ മഹാമാരി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അറിയപ്പെട്ടത്. ബോംബെ, മദ്രാസ് പ്രാവശ്യകളില്‍ ആയിരുന്നു  സ്പാനിഷ് ജ്വരത്തിന്റെ തീവ്രത കൂടുതല്‍. അസുഖം കൊല്‍ക്കത്തയിലേക്ക് എത്തിയപ്പോഴേക്കും ജനങ്ങള്‍ അവബോധരായി. മുന്‍കരുതല്‍ എടുത്തതിനാല്‍  അസുഖത്തെ പിടിച്ചു കെട്ടാന്‍ കഴിഞ്ഞു.

ഒരു മഹാമാരിയെ എപ്രകാരം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്ത സംഭവമാണ് "ഫിലഡല്‍ഫിയ ലിബര്‍ട്ടി ലോണ്‍ പരേഡ്'. രോഗം സ്‌പെയിനിലാണ്  പൊട്ടിപ്പുറപ്പെട്ടതെന്ന പ്രചാരമാണ് സ്പാനിഷ് ഫ്‌ളൂ എന്ന പേര് വീഴാന്‍ കാരണം. സ്പാനിഷ് ജ്വരത്തില്‍ നിന്ന് ഒരു നൂറ്റാണ്ടിനിപ്പുറം കോവിഡിലേക്കെത്തുമ്പോള്‍ മറ്റൊരു മഹാമാരിയുടെ ചരിത്രം ആവര്‍ത്തിക്കുന്നു.

വാല്‍ക്കഷണം

ഈയിടെ സ്‌പെയിന്‍ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന "ദ ഒലിവ് പ്രസ്' എന്ന പത്രത്തില്‍ വന്ന വാര്‍ത്ത ലോകശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. സ്പാനീഷ് ഫ്‌ളൂ കാലത്തെ അന ഡെല്‍ വാലെയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അന്ന് അന ഒരു കുഞ്ഞായിരുന്നു. സ്പാനീഷ് ഫ്‌ളൂവിനെ അദ്ഭുതകരമായി അതിജീവിച്ച അന 102 വര്‍ഷങ്ങള്‍ക്കു ശേഷം കോവിഡിനോട് നേര്‍ക്കുനേര്‍ നിന്ന് പോരാടി. ജീവിതത്തില്‍ സെഞ്ച്വറി അടിച്ച തന്റെയടുത്ത് യുദ്ധത്തിനായി വന്ന കോവിഡ് 19നെ അടിച്ചു പുറത്താക്കിയിരിക്കുകയാണ് അന. റോണ്ടയിലെ കുടുംബാംഗങ്ങളുടെ സന്തോഷത്തിന് കാരണം കോവിഡ് എന്ന മഹാമാരിയോടെ പോരാടി വിജയിച്ച അന ഡെല്ലാണ്.

ഇപ്പോള്‍ അല്‍കാലെ ഡെല്‍ വല്ലെയിലെ നേഴ്‌സിംഗ് ഹോമിലാണ് അന ഡെല്‍ വാലെ താമസിക്കുന്നത്. കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്നുള്ള സമീപത്തുള്ള ആശുപത്രിയിലേക്ക് അവരെ മാറ്റിയിരുന്നു. സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്തു. 1913 ഒക്ടോബറിലാണ് അന ജനിക്കുന്നത്. സ്പാനീഷ് ഫ്‌ളൂ ലോകത്തെ ഗ്രസിച്ചു തുടങ്ങിയ കാലത്ത് അനയ്ക്ക് പ്രായം അഞ്ചു വയസ്. ആറു മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ അനയ്ക്ക് പ്രായം 107 ആണ്. കോവിഡ് 19നെ അതിജീവിച്ച ലോകത്തിലെ ഏറ്റവും പ്രായമുള്ളവരില്‍ ഒരാളാണ് അനയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക