Image

ചുവന്ന ഭൂമി (കവിത: പുഷ്പമ്മ ചാണ്ടി)

Published on 20 May, 2020
ചുവന്ന ഭൂമി (കവിത: പുഷ്പമ്മ ചാണ്ടി)


വിറയാർന്ന വിരലിലുടക്കിയെൻ ജപമാല
താഴേക്കൂർന്നങ്ങു വീഴുമ്പോഴും,  
ജന്മാന്തരങ്ങളെ തേടി 
അലയുന്നിതെൻ മനം..
അകതാരിലെവിടെയോ ചിലമ്പിച്ച രോദനം
വികൃതമായുള്ളൊരു   പൊട്ടിച്ചിരി
ശോഷിച്ച വിരലും, ജീർണ്ണിച്ച മനസ്സുമായ് 
ഇനിവരും ജന്മത്തിൻ വിളിക്കു കാതോർക്കുന്നു ഞാൻ
പൊട്ടിച്ചെറിയാൻ കഴിഞ്ഞെങ്കിൽ, 
ഒന്നു പൊട്ടിക്കരയാൻ കഴിഞ്ഞെങ്കിൽ 
കാലം ചോർത്തിയെടുത്തോരു ജന്മമേ..

മരണത്തിൻ കുളമ്പടി കേൾക്കുന്നുവോ ദൂരെ..?
ഇല്ല: മരണവും കൈവിട്ടുപോയെന്നെ...
കാലനുപോലും വേണ്ടാത്ത
പാഴ്ജന്മം...!

കൊണ്ടുപോയീടുവെന്നെ-
യുമൊപ്പം,
മൗനമായ് കേണതു 
കേട്ടതില്ലാരുമേ..

അകലങ്ങളിലലതല്ലും 
അരുമയാം നിൻ ശബ്‌ദം 
ഒരുവട്ടമെങ്കിലും  കേൾക്കുവാനായെങ്കിൽ..
നീ കേൾക്കാതെ,യറിയാതെ പോയ
വിലാപങ്ങളൊക്കെയും  തേങ്ങലായിന്നീ
അറയ്ക്കുള്ളിൽ വിങ്ങവേ..
അതു കേട്ടവൾ വന്നു 
സ്വപ്നത്തിൻ ചിറകേറി,
പൊട്ടിച്ചിരിതൻ നിലാവുമായി...

ആ വിരൽത്തുമ്പൊന്നു
തൊട്ടൊരു മാത്രയിൽ  
ജീവന്റെ തുടിപ്പു നിലച്ചോരെൻ മേനിയിൽ 
തുടികൊട്ടിൻ താളമുതിർന്നുവല്ലോ..
ആ ദിവ്യസംഗീത മാസ്മര വലയത്തിൽ 
ആകെ ലയിച്ചങ്ങിരുന്നുപോയ് ഞാൻ..
പൂത്തുലഞ്ഞല്ലോയെൻ  മോഹങ്ങൾ പിന്നെയും
ആ കരവലയത്തിലമരുവാനും 
ആ മേനിച്ചൂടിൽ  ജ്വലിക്കുവാനും 
നീയാണെന്നുമെൻ സൂര്യൻ, 
ചേർത്തുപിടിച്ചു തലോടൂ  
നീയെന്നെ...
നിന്റെ ചൂടേററുരുകട്ടെ ഞാൻ..
മോഹത്തിൻ വർണം, 
അതു നീലയാണോ?
സ്നേഹത്തിൻ വർണം, 
അത് ചുവപ്പോ..?
ചാലിച്ചു വർണ്ണങ്ങൾ   
കോലങ്ങളിലേറെ ഞാൻ...!

കറുപ്പാർന്ന നിറം വാരിയെറിഞ്ഞതു നീയെന്തേ....?

പൊട്ടിക്കരഞ്ഞപ്പോൾ  കൊട്ടിയടച്ചില്ലേ ?
മഴമേഘമൊഴുകി-യകലുന്നതും നോക്കി , 
ചില്ലു ജനാലയിൽ  മുഖംചേർത്തു ഞാൻ നില്ക്കേ,.
തിരിഞ്ഞൊന്നു നോക്കാതെ 
നീ നടന്നു...
ഒഴുകിയിറങ്ങിയ കണ്ണീർക്കണങ്ങൾക്കും 
ഭൂമിക്കുമൊരേ നിറം, 
ചുവപ്പ്...!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക