Image

യുഎസ് കാനഡ അതിർത്തി തുറക്കുന്നതു ഒരു മാസത്തേക്ക് നീട്ടി

പി.പി.ചെറിയാൻ Published on 20 May, 2020
യുഎസ് കാനഡ അതിർത്തി തുറക്കുന്നതു ഒരു മാസത്തേക്ക് നീട്ടി
വാഷിങ്ടൻ ∙ യുഎസ് കാനഡ അതിർത്തി അടച്ചിടുന്നത് ഒരു മാസത്തേക്കു കൂടി നീട്ടിയതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡൊ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഎസും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് ട്രുഡോ പറഞ്ഞു.
അത്യാവശ്യ സർവീസ് ഒഴികെ സാധാരണ സർവീസുകൾ ജൂൺ 21ന് പുനരാരംഭിക്കുകയുള്ളൂ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്തു നടക്കുന്ന സംഭവ വികാസങ്ങൾ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്ത ഘട്ടം എന്താകുമെന്നു പറയാനാകില്ലെന്നും ഒട്ടാവോയിൽ നടത്തിയ പ്രതിദിന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
അത്യാവശ്യ സർവീസിനു മാത്രമാണ് അതിർത്തി തുറന്നു കൊടുക്കുകയെങ്കിലും ക്വാറന്റീനിൽ, മെഡിക്കൽ ചെക്കപ്പ് തുടങ്ങിയ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കുന്നതിന് ശക്തമായ മുൻ കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യുഎസ് അഡ്മിനിസ്ട്രേഷനും അഭിനന്ദിച്ചു. കാനഡയുമായി സഹകരിച്ചു കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവർത്തിക്കുമെന്നും അധികൃതർ പറഞ്ഞു.
രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും കാനഡയിലേക്ക് വരുന്ന കനേഡിയൻ പൗരന്മാർക്ക് 2 ആഴ്ച ക്വാറന്റീനിൽ പോകേണ്ടി വരുമെന്ന് കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. തെരേസ്സ ടാം പറഞ്ഞു. കാനഡയിൽ ഇതുവരെ 79,411 കൊറോണ വൈറസ് പോസിറ്റിവ് കേസ്സുകളും 5960 മരണവും സംഭവിച്ചതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട ഡാറ്റായിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യുഎസ് കാനഡ അതിർത്തി തുറക്കുന്നതു ഒരു മാസത്തേക്ക് നീട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക