Image

ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍

സിൽജി ജെ. ടോം Published on 20 May, 2020
ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍
ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നിന്നും പറന്നെത്തി തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങുകയാണ്‌, സിനിമയെന്ന അഭിനിവേശത്തിനായി പ്രിയപ്പെട്ടതിനെയൊക്കെയും വിട്ടുപേക്ഷിച്ചെത്തിയ പ്രിയാ ലാല്‍ എന്ന അഭിനേത്രി. അഭിനയത്തിനൊപ്പം തന്നെ സ്‌പോര്‍ട്‌സിനെയും ആങ്കറിംഗിനെയും മനസോട്‌ ചേര്‍ത്തു വയ്‌ക്കുന്നുണ്ട്‌ പ്രിയാ ലാല്‍. 

സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്ത്‌ മേഴ്‌സി നദിക്കരയോടു ചേര്‍ന്ന ലിവര്‍പൂളില്‍ പ്രശസ്‌ത ഫുട്‌ബോള്‍ ടീമുകള്‍ എവര്‍ടണ്‍ന്റെയും ലിവര്‍പൂളിന്റെയും കാല്‍പന്താരവങ്ങളും റോക്‌ ബാന്‍ഡ്‌ `ദ ബീറ്റില്‍സി'ന്റെ സംഗീതലയങ്ങളും കണ്ടും കേട്ടും വളര്‍ന്ന്‌ കലകളെയും സംഗീതത്തെയും സ്‌പോര്‍ട്‌സിനെയും ജീവിതത്തോട്‌ ഇഴചേര്‍ക്കുകയായിരുന്നു പ്രിയാ ലാല്‍ എന്ന മലയാളി പെണ്‍കുട്ടി. പഠനകാലത്തുതന്നെ അഭ്രപാളികളില്‍ വിസ്‌മയമെഴുതണമെന്ന മോഹമുണ്ടായിരുന്നു പ്രിയയ്‌ക്ക്‌. വളര്‍ന്നപ്പോള്‍ അഭിനയത്തോട്‌ അടങ്ങാത്ത അഭിനിവേശമായി അവള്‍ക്ക്‌. 

ഇംഗ്ലണ്ടില്‍ ഡാഫോഡിലുകളും ടുലിപ്പുകളും പൂവിട്ടുനിന്ന ഒരു വസന്ത കാലത്ത്‌ കൊച്ചിയിലേക്ക്‌ പറന്നെത്തിയ പ്രിയാ ലാലിനെ മലയാള സിനിമ ഒപ്പം കൂട്ടുകയായിരുന്നു, അവളുടെ മനസുപോലെ. `നിങ്ങള്‍ ഒരു കാര്യം ശക്തമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ അത്‌ നേടാന്‍ നിങ്ങള്‍ക്കൊപ്പം നില്‌ക്കും' എന്ന്‌ ` ദി ആല്‍കെമിസ്റ്റി'ല്‍ പൗലോ കൊയ്‌ലോ പറഞ്ഞത്‌ പ്രിയയുടെ കാര്യത്തിലും ശരിയാകുന്നു എന്നുവേണം പറയാന്‍. 

`ഒളിച്ചിരുന്നേ ഒന്നിച്ചൊളിച്ചിരുന്നേ...' എന്ന പാട്ടില്‍ നിഷ്‌കളങ്കത വിരിയുന്ന മുഖവുമായി പ്രിയാ ലാല്‍ എന്ന പതിനാറുകാരി `ജനകനിലൂ'ടെ മലയാളികളുടെ മനസിലേക്കോടിയെത്തിയിട്ട്‌ പത്ത്‌ വര്‍ഷം. ഇന്നിപ്പോള്‍ സിനിമയെ ആഴത്തില്‍ മനസിലാക്കികഴിഞ്ഞ പ്രിയാ ലാല്‍ നല്ല സ്‌ക്രിപ്‌റ്റുകള്‍ക്കായി കാത്തിരിക്കുന്നു, ഹോളിവുഡ്‌ അടക്കം ലോകസിനിമയിലെ ഏത്‌ ഭാഷയില്‍ നിന്നും ഭാഷയുടെ അതിരുകള്‍ക്കപ്പുറം അഭിനയസാധ്യതയുള്ള വേഷങ്ങളെ. 

അമേരിക്കന്‍ സിനിമയിലെ ഇതിഹാസ നായിക മെറില്‍ സ്‌ട്രീപിനെയും ലോക സിനിമയെയും ഹൃദയത്തോട്‌ ചേര്‍ത്തുവെക്കുന്നു, യു എ ഇയിലെ റാസല്‍ഖൈമയില്‍ ജനിച്ച്‌ ഇംഗ്ലണ്ടില്‍ വളര്‍ന്ന്‌ ബ്രിട്ടീഷ്‌ ഇന്ത്യന്‍ അഭിനേത്രി എന്ന പേരില്‍ ഇതിനകം സ്വന്തമായൊരു മേല്‍വിലാസം കണ്ടെത്തിക്കഴിഞ്ഞ പ്രിയാ ലാല്‍. സിനിമയെന്ന പാഷന്‌ വേണ്ടി കാതങ്ങള്‍ കടന്ന്‌ പ്രിയപ്പെട്ടവരെ വിട്ട്‌ പ്രിയ ലാല്‍ എത്തിയിരിക്കുന്നത്‌ താനതിനെ നേടിയെടുക്കും എന്ന ആത്മവിശ്വാസത്തോടെ തന്നെയാണ്‌. ബ്രിട്ടീഷ്‌ ആക്‌സന്റില്‍ ഒഴുക്കോടെ സംസാരിക്കുന്ന പ്രിയയ്‌ക്ക്‌ ഭാഷകള്‍ ഒരു തടസമേയല്ല, മലയാളവും തെലുങ്കും തമിഴുമെല്ലാം പ്രിയ അനായാസം പറയും.

തെലുങ്കില്‍ ഏറെ പ്രതീക്ഷകളോടെ "Guvva Gorinka"

ഗുവാ ഗോരിങ്കാ എന്ന തെലുങ്ക്‌ ചിത്രമാണ്‌ അടുത്തതായി പ്രിയയുടേതായി റിലീസ്‌ ചെയ്യാനുള്ളത്‌. ഗുവാ ഗോരിങ്കാ എന്നതിനര്‍ഥം ലവ്‌ ബേഡ്‌സ്‌ എന്നാണ്‌. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ നായികാ വേഷമാണ്‌ പ്രിയയുടേത്‌. ലോക്‌ ഡൗണിനുശേഷം അധികം വൈകാതെ ചിത്രം റിലീസാകുമെന്നാണ്‌ പ്രതീക്ഷ.

മുത്തങ്ങക്കാടുകളില്‍ `മയിലാ'യി

ആദ്യചിത്രമായ ജനകനും കില്ലാഡിരാമനും കുന്താപുരയ്‌ക്കും എല്‍ എല്‍ 7 കെ (ലോഡ്‌ ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി)നും കഴിഞ്ഞ്‌ ചെറിയൊരിടവേളയ്‌ക്കുശേഷം പ്രിയ ലാല്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നത്‌, ശരത്‌ ചന്ദ്രന്‍ വയനാടിന്റെ `മയില്‍' എന്ന സിനിമയില്‍ `മയില്‍' എന്ന ടൈറ്റില്‍ റോളിലാണ്‌. നടി പ്രവീണയുടെ മകളായാണ്‌ സിനിമയില്‍ പ്രിയ എത്തുന്നത്‌. വയനാട്ടിലെ മുത്തങ്ങകാടുകളില്‍ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും പൂര്‍ത്തിയായ മയിലിന്റെ, ശേഷമുള്ള ഭാഗങ്ങളുടെ ചിത്രീകരണം ലോക്‌ ഡൗണിന്‌ ശേഷം തടസങ്ങളില്ലാതെ പുനരാരംഭിക്കുമെന്നാണ്‌ പ്രതീക്ഷ.
ആദിവാസികളെ ചുറ്റിപ്പറ്റിയുള്ള കഥയില്‍ ബോള്‍ഡും സ്‌മാര്‍ട്ടുമായൊരു ക്യാരക്‌ടറായാണ്‌ `മയില്‍' എത്തുന്നത്‌. വ്യത്യസ്‌തമായ ഈ കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ്‌ കാണുന്നതെന്ന്‌ പ്രിയ.

ലിവര്‍പൂള്‍ ആക്‌സന്റുമായി സ്‌പോര്‍ട്‌സ്‌ കമന്ററിയിലും

സിനിമയ്‌ക്കൊപ്പംതന്നെ സ്‌പോര്‍ട്‌സിനോടുമുണ്ട്‌ പ്രിയയ്‌ക്ക്‌ ഏറെയിഷ്‌ടം. കാല്‍ പന്തുകളിയുടെ ആരവങ്ങളിരമ്പുന്ന ലിവര്‍പൂളിലെ അന്‍ഫീല്‍ഡ്‌ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്‌ സമീപത്തെ വീടും പ്രിയയില്‍ സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യം നിറച്ചു. കൊച്ചിയിലെ ഫ്‌ളാറ്റും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന്‌ ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ്‌. കൊച്ചിയില്‍ ഒരു പരിപാടിയുടെ ടിക്കറ്റ്‌ ലോഞ്ചിനായി എത്തിയ പ്രിയയെ അവിചാരിതമായാണ്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷനും ബി സി സി ഐയും അവരുടെ പബ്ലിക്‌ അനൗണ്‍സറായി തിരഞ്ഞെടുത്തത്‌. 2013 ല്‍ ഇന്ത്യ- ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ മാച്ചില്‍ അനൗണ്‍സറായ പ്രിയ ലാല്‍ തുടര്‍ന്നും പലവട്ടം ആങ്കറായി തിളങ്ങി. 2019 -20 ഐ എസ്‌ എല്‍ ഫുട്‌ബോള്‍ ലീഗിന്റെ അവതാരകയായും ശ്രദ്ധിക്കപ്പെട്ട പ്രിയ സ്റ്റാര്‍ സ്‌പോര്‍ട്‌സിനുവേണ്ടിയും ആങ്കറിംഗ്‌ ചെയ്യുന്നുണ്ട്‌. 2019-ല്‍ ചാമ്പ്യന്‍സ്‌ ബോട്ട്‌ലീഗിന്റെ അവതാരകയുമായി.

സിനിമയിലെ തുടക്കം

സിനിമയോടുള്ള അടങ്ങാത്ത പ്രണയം ചെറുപ്പത്തില്‍ തന്നെ പ്രിയയില്‍ ഉള്‍ചേര്‍ന്നിരുന്നു. കുടുംബത്തിലാര്‍ക്കും സിനിമാ പാരമ്പര്യമില്ലായിരുന്നുവെങ്കിലും തമിഴ്‌സംഗീതവും പാട്ടുകളുമൊക്കെ കേട്ടുവളര്‍ന്നൊരു ബാല്യമായിരുന്നു പ്രിയയുടെയും സഹോദരന്‍ ദീപകിന്റെയും. എ ആര്‍ റഹ്മാന്‍ ഫാനായിരുന്ന അമ്മ ബീന തമിഴ്‌പാട്ടുകള്‍ മക്കളെ കേള്‍പിക്കാന്‍ താല്‍പര്യമെടുത്തു. ചെറുപ്പത്തില്‍ തന്നെ പാട്ടും ഡാന്‍സുമായി അടുപ്പമുണ്ടായതും പ്രിയയിലെ അഭിനേത്രിയെ വളര്‍ത്തി. അങ്ങനെയിരിക്കെ ലിവര്‍പൂളില്‍ നിന്ന്‌ അമ്മ ബീനയ്‌ക്കൊപ്പം കൊച്ചിയിലെത്തിയ പ്രിയയെ തേടി കുടുംബ സുഹൃത്ത്‌ മുഖേന പ്രശസ്‌ത തിരക്കഥാകൃത്ത്‌ എസ്‌ എന്‍ സ്വാമിയുടെ വിളിയെത്തി. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച്‌ എന്‍. ആര്‍. സഞ്‌ജീവ്‌ സംവിധാനം ചെയ്‌ത്‌ മോഹന്‍ ലാലും സുരേഷ്‌ ഗോപിയും മുഖ്യ കഥാപാത്രങ്ങളായ `ജനകനി'ല്‍ നായികാവേഷത്തില്‍ പ്രിയയെത്തി. തുടര്‍ന്ന്‌ കില്ലാഡിരാമന്‍, കുന്താപുര, എല്‍ എല്‍ 7 കെ തുടങ്ങിയ ചിത്രങ്ങളിലും ഇംഗ്ലണ്ടില്‍ നിന്ന്‌ പറന്നെത്തി വേഷമിട്ടു. 
 "Guvva Gorinka" എന്ന തെലുങ്ക്‌ സിനിമയിലും `ജീനിയസ്‌', വീരബാഹു തുടങ്ങിയ തമിഴ്‌ സിനിമകളിലും "Okkosari'' തുടങ്ങിയ തമിഴ്‌, തെലുങ്ക്‌ വെബ്‌ സീരീസുകളിലും പ്രിയ ലാല്‍ വേഷമിട്ടു. "Okkosari'' എം എക്‌സ്‌ പ്ലെയറില്‍ ലഭ്യമാണ്‌. വളരെ അപ്രതീക്ഷിതമായി ഫ്‌ളവേഴ്‌സ്‌ ചാനലില്‍ കോമഡി സൂപ്പര്‍നൈറ്റ്‌ 2 എന്ന പരിപാടിയുടെ 20 എപ്പിസോഡ്‌ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചതും കൗതുകകരമായ അനുഭവമായി. ഇംഗ്‌ളണ്ടില്‍ നേഴ്‌സ്‌ പ്രാക്‌ടീഷണറായിരുന്ന അമ്മ ബീന മകളുടെ ഇഷ്‌ടത്തിനുവേണ്ടി ജോലി രാജിവച്ച്‌ കൊച്ചിയില്‍ ഒപ്പം കൂടി. ഇതിനിടെ സിനിമയെകുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി ലിവര്‍ പൂള്‍ ആര്‍ട്‌സ്‌ കോളേജില്‍ നിന്നും മീഡിയ ആന്‍ഡ്‌ പ്രൊഡക്ഷനില്‍ ബിരുദം നേടിയിരുന്നു.

ജനനം റാസല്‍ഖൈമയില്‍

തിരുവല്ലയ്‌ക്കടുത്ത്‌ മല്ലപ്പള്ളി സ്വദേശി ലാലാജി പള്ളിക്കാപറമ്പിലിന്റെയും ബീനയുടെയും മകളായി യു എ ഇ യിലെ റാസല്‍ ഖൈമയില്‍ ജനിച്ച പ്രിയയുടെ യഥാര്‍ത്ഥ പേര്‌ പ്രിയങ്ക തങ്കം ലാലാജി എന്നാണ്‌. പ്രിയ ചെറിയ ക്ലാസുകളിലായിരിക്കുമ്പോള്‍ തന്നെ കുടുംബം ഇംഗ്ലണ്ടിലേയ്‌ക്ക്‌ താമസം മാറ്റി. ലിവര്‍പൂളിലാണ്‌ വളര്‍ന്നതും പഠിച്ചതും.
മല്ലപ്പള്ളി സ്വദേശിയാണ്‌ പിതാവ്‌. ക്രിസ്റ്റ്യന്‍ മര്‍തോമാ കുടുംബത്തില്‍ നിന്നാണ്‌ പ്രിയ. നാട്ടിലെത്തുമ്പോള്‍ പള്ളിപെരുന്നാളുകളിലൊക്കെ വളരെ താല്‍പര്യത്തോടെ പങ്കെടുക്കാറുണ്ട്‌, കൊച്ചിയിലും സമയം കിട്ടുമ്പോഴൊക്കെ പള്ളിയില്‍ പോകും. മല്ലപ്പള്ളിയിലേക്കും ഇടുക്കിയിലെ അമ്മവീട്ടിലേക്കുമൊക്കെ കുടുംബത്തിനൊപ്പമുള്ള യാത്രകളൊക്കെ മനസില്‍ സൂക്ഷിക്കാറുണ്ട്‌, ഏറെ സന്തോഷകരമായ നിമിഷങ്ങളാണവ. ഏതൊരു ചെറിയകാര്യത്തിലും ഇഷ്‌ടവും സന്തോഷവും കണ്ടെത്തുന്ന പ്രകൃതമാണെന്റേത്‌. ഓരോ നിമിഷവും വിലപ്പെട്ടതാണ്‌, അതുകൊണ്ട്‌ പരാതികളില്ലാതെ ജീവിതത്തെ സ്‌നേഹിക്കുക, ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുകയെന്ന്‌ പ്രിയ.
അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകിയും കൂടിയാണ്‌ പ്രിയ ലാല്‍. 2011-ല്‍ യു കെ മലയാളികളില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയ ലാല്‍ , 2012-ല്‍ `ബ്രിട്ടീഷ്‌ മലയാളി പേഴ്‌സന്‍ ഓഫ്‌ ദി ഇയര്‍' ആയും തിരഞ്ഞെടുക്കപ്പെട്ടു. ചെറുപ്പം മുതലേ ഭരതനാട്യവും മറ്റ്‌ നൃത്തരൂപങ്ങളും പഠിക്കുന്ന പ്രിയ ജനകന്‌ ശേഷം കലാമണ്ഡലം ക്ഷേമാവതി ടീച്ചറില്‍ നിന്ന്‌ കുറച്ചുനാള്‍ മോഹിനിയാട്ടവും പഠിച്ചു. നൃത്തത്തെ ജീവ വായുവായി കാണുന്ന പ്രിയ മധുരമായി പാടുകയും ചെയ്യും.

നമ്മുടെ പെരുമാറ്റവും ശരീരഭാഷയും ആര്‍ക്കും തെറ്റായ സന്ദേശം നല്‍കരുത്‌

സിനിമയില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെകുറിച്ച ചോദ്യത്തിന്‌ പ്രിയ പറഞ്ഞ മറുപടി പ്രിയാ ലാലിന്റെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതായി. `സ്‌ത്രീയെന്ന നിലയില്‍ പ്രശ്‌നങ്ങള്‍ ഏത്‌ ഫീല്‍ഡിലുമുണ്ടാവാം. ശ്രദ്ധിക്കേണ്ട കാര്യം, നമ്മുടെ സ്വഭാവരീതികളും നമ്മുടെ ശരീരഭാഷയും ആര്‍ക്കും തെറ്റായ സന്ദേശം നല്‍കുന്നതാവരുത്‌ എന്നതുതന്നെ. സിനിമയില്‍ എനിക്ക്‌ ഗോഡ്‌ ഫാദര്‍മാരാരുമില്ല, ദൈവം തന്നെ എന്റെ ഫാദര്‍. എന്തായാലും സിനിമയില്‍ ഷോര്‍ട്‌ കട്ടുകളിലൂടെ മുന്നിലെത്താനൊന്നും ഞാന്‍ തയാറല്ല, എനിക്ക്‌ എന്റേതായ എത്തിക്‌സും നേരിന്റെ #േവഴികളുമുണ്ട്‌. എനിക്ക്‌ ചേര്‍ന്ന അവസരങ്ങള്‍ എന്നെ തേടിയെത്തുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്‌ ഞാന്‍ കാത്തിരിക്കുന്നത്‌'

പ്രിയയെന്ന വ്യക്തിയെയും പ്രിയയിലെ അഭിനേത്രിയെയും വിലയിരുത്താമോ

സിനിമയെ സംബന്ധിച്ചിടത്തോളം വളരെ പാഷനേറ്റാണ്‌ ഞാന്‍. അതുകൊണ്ടുതന്നെ അതിനെ നേടിയെടുക്കുന്നതില്‍ ക്‌ഷമയോടെ ഞാന്‍ കാത്തിരിക്കുന്നു. പ്രതിസന്ധികളിലും അവഗണനകളിലും ഞാന്‍ തളരില്ല. സ്വപ്‌നം കാണുന്നതിനെ നേടിയെടുക്കാം എന്ന പ്രതീക്ഷതന്നെയാണ്‌ എന്നെ മുന്നോട്ട്‌ നയിക്കുന്നത്‌.

ഇളയരാജയുടെ അനുഗ്രഹം സ്‌ക്രീന്‍ ഷോട്ടായി മനസില്‍

ഇളയരാജയുടെ സംഗീതത്തോട്‌ ഏറെ പ്രിയമുണ്ട്‌, എ ആര്‍ റഹ്മാന്റെ സംഗീതവും പെരുത്ത്‌ ഇഷ്‌ടം തന്നെ. ഇളയരാജയെ നേരില്‍ കണ്ട നിമിഷങ്ങള്‍ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായി പ്രിയ സൂക്ഷിക്കുന്നു. തമിഴ്‌, തെലുങ്ക്‌, മലയാളം, കന്നഡ സിനിമയിലെയും രാഷ്‌ട്രീയത്തിലെയുമൊക്കെ പ്രഗല്‍ഭര്‍ പങ്കെടുത്ത്‌ ചെന്നൈയില്‍ നടന്നൊരു പരിപാടി ആങ്കര്‍ ചെയ്യവേയായിരുന്നു സംഭവം. ഇളയരാജയുടെ വരവ്‌ അപ്രതീക്ഷിതമായിരുന്നു. പെട്ടന്ന്‌ ഇളയരാജ സാര്‍ വരുന്നതായി അനൗണ്‍സ്‌ ചെയ്യാന്‍ പറഞ്ഞതേ സ്ഥലകാലബോധം മറന്ന അവസ്ഥയായി. ഷേക്‌ ഹാന്‍ഡിനായി കൈ നീട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ കൈ അനുഗ്രഹത്തിനായെന്ന പോലെ തലയില്‍ പതിഞ്ഞ നിമിഷം ഇന്നും മനസില്‍ സ്‌ക്രീന്‍ ഷോട്ടായി സൂക്ഷിക്കുന്നുവെന്ന്‌ പ്രിയ. പിന്നീട്‌ തമിഴില്‍ അഭിനയിച്ച സിനിമ ജീനിയസില്‍ സംഗീതം ചെയ്‌തത്‌ ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജയായിരുന്നു. വിഷമങ്ങള്‍ മനസിനെ നൊമ്പരപ്പെടുത്തുമ്പോള്‍ താനും മമ്മിയും സംഗീതത്തിലാണഭയം തേടുക, പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്‌.

യു കെയില്‍ അഭിനേത്രി എന്ന നിലയില്‍ തിരിച്ചറിയപ്പെട്ട നിമിഷങ്ങള്‍ പ്രിയതരം

കലാതിലകം എന്ന നിലയിലൊക്കെ സ്‌കൂള്‍കാലം മുതലേ അറിയപ്പെട്ടിരുന്നതുകൊണ്ട്‌ യു കെ മലയാളികള്‍ക്കിടയിലൊക്കെ പരിചിതമാണ്‌.
മറക്കാനാവാത്ത ഒരു സംഭവമുണ്ടായത്‌ ഒ സി ഐ കാര്‍ഡ്‌ പുതുക്കാനായി മാതാപിതാക്കള്‍ക്കൊപ്പം ലിവര്‍പൂളിലെ ഓഫിസില്‍ പോയപ്പോഴാണ്‌. അവിടെ ഒരു നോര്‍ത്‌ ഇന്ത്യന്‍ ഉദ്യോഗസ്ഥയും തമിഴ്‌ ഉദ്യോഗസ്ഥയുമാണുണ്ടായിരുന്നത്‌. സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു കാര്യങ്ങളൊക്കെ ചെയ്‌തുകിട്ടാന്‍ പലവട്ടം പോകേണ്ടി വരുമെന്നും വലിയ താമസമാണന്നും. അതുകൊണ്ടുതന്നെ തെല്ല്‌ ആശങ്കയിലാണ്‌ പോയതും. പക്ഷേ ചെന്നപ്പോള്‍ കാര്യങ്ങള്‍ മറിച്ചായിരുന്നു. തമിഴ്‌ ലേഡി ഓഫിസര്‍ കണ്ടപ്പോഴേ പരിചിതഭാവത്തില്‍ എന്തോ ചോദിക്കാനൊരുങ്ങി. ഇന്നാട്ടില്‍ നമ്മളെ ആര്‌ തിരിച്ചറിയാന്‍ എന്ന കരുതിയിരിക്കുമ്പോള്‍ ആ ഉദ്യോഗസ്ഥ ചോദിക്കുന്നു `ജീനിയസി'ലെ ജാസ്‌മിനല്ലേന്ന്‌. വളരെ ത്രില്ലടിച്ച നിമിഷങ്ങളായിരുന്നു അത്‌. ജോലിവിട്ട്‌ തനിക്കരികിലേക്ക്‌ ഓടി വന്ന്‌ ആ സ്‌ത്രീ ഏറെ നേരം നോക്കിനിന്നു. അവര്‍ ഏറെ സന്തോഷത്തിലും വിസ്‌മയത്തിലും സംസാരിച്ചുകൊണ്ടേയിരുന്നു. മക്കള്‍ക്കൊക്കെ ഏറെ ഇഷ്‌ടമാണന്ന്‌ പറഞ്ഞു. വീണ്ടുമൊരിക്കല്‍കൂടി അതേ ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു. അന്ന്‌ അവര്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാതെ വീട്ടിലിരുത്തിയിരുന്നു. വീഡിയോ കോളില്‍ കണ്ടപ്പോള്‍ കുട്ടികള്‍ക്കും വളരെ സന്തോഷമായി. തമിഴില്‍ ചെയ്‌തൊരു പടത്തിന്റെ പേരില്‍ യു കെയില്‍ വച്ച്‌ തിരിച്ചറിയപ്പെട്ടത്‌ മനസിനെ സ്‌പര്‍ശിച്ച മുഹൂര്‍ത്തമായി. അതുകൊണ്ടുതന്നെ സിനിമ വിടാനില്ലന്നും സിനിമയിലൊരു റോള്‍ മോഡലാകണമെന്നും തീരുമാനം ഉറപ്പിച്ചു.

ഇഷ്‌ടനടി

അമേരിക്കന്‍ സിനിമയിലെ ഇതിഹാസ നായിക മെറില്‍ സ്‌ട്രീപ്‌ ആണ്‌ ഇഷ്‌ടനടി. മലയാളത്തിലും തമിഴിലും പേരെടുത്ത നടി രേവതിയടക്കം ഇന്ത്യന്‍ സിനിമയിലും ഇഷ്‌ടനായികമാരേറെ. രേവതിയെ പോലെ ഉയര്‍ന്നുവരാന്‍ തക്ക കലിബര്‍ പ്രിയയ്‌ക്കുണ്ടെന്ന്‌ തമിഴിലെ പ്രശസ്‌ത ഡയറക്‌ടര്‍ സുശീന്ദ്രന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്‌ ഏറ്റവും വലിയ അംഗീകാരമായി പ്രിയ കണക്കാക്കുന്നു.

അമേരിക്കന്‍ മലയാളികളെകുറിച്ച്‌

പലപ്പോഴും സന്ദര്‍ശിക്കണമെന്നാഗ്രഹിച്ചിട്ടുള്ള രാജ്യമാണ്‌ അമേരിക്ക. ബന്ധുക്കളും സുഹൃത്തുക്കളുമായി ഏറെ പേരുള്ള നാട്‌. കൊറോണക്കാലത്ത്‌ അമേരിക്കയില്‍ നിന്ന്‌ കേള്‍ക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും മനസുലയ്‌ക്കാറുണ്ട്‌. ആരോഗ്യപ്രവര്‍ത്തകരൊക്കെ എല്ലായിടത്തും കഷ്‌ടപ്പെടുന്ന കാഴ്‌ചകള്‍, അപ്രതീക്ഷിതമായി പലരെകുറിച്ചുമെത്തുന്ന വാര്‍ത്തകള്‍ വല്ലാത്തൊരു വിഷമം മനസില്‍ നിറയ്‌ക്കുന്നു. ലോകമാകെയും പ്രത്യേകിച്ച്‌ അമേരിക്കയിലെ പ്രിയപ്പെട്ടവരെല്ലാം ഈ സമയത്തെ അതിജീവിക്കട്ടെയെന്ന്‌ പ്രാര്‍ഥനകള്‍.

ബാഹുബലി പ്രഭാസുമായി വന്ന വിവാഹ വാര്‍ത്തയെകുറിച്ച്‌

ഞാനറിയുന്ന വ്യക്തിയേയല്ല പ്രഭാസ്‌, ഒരു കൂട്ടുകാരിയാണ്‌ ഹൈദരബാദില്‍ നിന്ന്‌ വിളിച്ചുപറഞ്ഞത്‌ അവിടെയൊക്കെ ഇത്തരമൊരു വാര്‍ത്ത പരന്നിട്ടുണ്ടെന്ന്‌, അതിനപ്പുറം ഒന്നുമില്ല. അദ്ദേഹത്തെ കണ്ടിട്ടുമില്ല, സംസാരിച്ചിട്ടുപോലുമില്ല.

കൊറോണയുടെ താണ്‌ഡവം പഠിപ്പിച്ചത്‌

കൊറോണക്കാലം പലതിനെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തലാമന്ന്‌ പ്രിയ. തിരക്ക്‌ പിടിച്ച ജീവിതത്തിനിടയില്‍ നമ്മള്‍ മറന്നുപോകുന്ന പലതിനെയും കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. ജീവിതത്തിലെ ഓരോ നിമിഷവും വിലപിടിച്ചതാണന്ന്‌ നമ്മള്‍ തിരിച്ചറിയണം. കൊറോണാ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ്‌ വല്ലാതെ നോവുന്നുണ്ട്‌, ലോകത്തെല്ലായിടത്തും എത്രയോ പേരാണ്‌ നിനച്ചിരിക്കാതെയെത്തിയ ഈ മഹാദുരന്തത്തില്‍ മരണത്തിന്‌ കീഴടങ്ങിയത്‌. നാട്ടില്‍ നമ്മള്‍ സുരക്ഷിതരാണെങ്കിലും ലിവര്‍പൂളില്‍ സഹോദരനും പപ്പയും ഒറ്റപ്പെട്ടുപോയല്ലോ എന്നോര്‍ത്ത്‌ വിഷമത്തിലാണ്‌ പ്രിയ. യു കെയില്‍ ഏറെ സുഹൃത്തുക്കളുമുണ്ട്‌. ഈ ജൂണില്‍ ലിവര്‍പൂളില്‍ പോയി വരണമെന്ന്‌ കരുതിയിരിക്കെയാണ്‌ കൊറോണ എല്ലാം തകര്‍ത്തത്‌.

ഇന്റീരിയർ ഡിസൈനിങ്ങും ഇഷ്ടം, ലോക്‌ ഡൗണിൽ  ഓണ്‍ലൈന്‍  പഠനവും

കലയോടുള്ള ഇഷ്‌ടം പോലെ തന്നെ ഇന്റീരിയര്‍ ഡിസൈനിംഗിലുമുണ്ട്‌ പ്രിയയ്‌ക്ക്‌ താല്‍പര്യം. പ്രിയയുടെ പ്ലാനും ഡിസൈനും അനുസരിച്ചാണ്‌ കൊച്ചിയിലെ ഫ്‌ളാറ്റിന്റെ മുറികളിലേറെയും രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ലോക്‌ ഡൗണ്‍ കാലത്ത്‌ ഇന്റീരിയര്‍ ഡിസൈനിംഗില്‍ ബ്രിട്ടീഷ്‌ കോളജ്‌ ഓഫ്‌ ഇന്റീരിയര്‍ ഡിസൈന്‍സിന്റെ ഒരു വര്‍ഷത്തെ ഓണ്‍ലൈന്‍ കോഴ്‌സും പഠിക്കുന്നുണ്ട്‌ പ്രിയ. കൂട്ടത്തില്‍, ചെറുപ്പം മുതലേ പഠിച്ചിരുന്ന ഭരതനാട്യവും പാട്ടും ഡാന്‍സുമൊക്കെ വീട്ടിലിരുന്ന്‌ ചെയ്യുന്നുമുണ്ട്‌.
അടുക്കളയില്‍ ചെറിയ പാചക പരീക്ഷണങ്ങളുമുണ്ട്‌ ഒപ്പം.

 എന്നിരുന്നാലും ലിവര്‍പൂളില്‍വച്ച്‌ തന്റെ ഫേവറിറ്റായിരുന്ന ഗ്രില്‍ഡ്‌ ഫുഡും പ്രത്യേകിച്ച്‌ സാല്‍മണുമൊക്കെ മിസ്‌ ആകുന്നതില്‍ ഇത്തിരി വിഷമം ഇല്ലാതില്ലന്നും പ്രിയ.
ഇതിനിടയിലും കൊറോണക്കാലത്തെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മനസ്‌ വിഷമിക്കും, പിന്നെ മമ്മിക്കൊപ്പം സംഗീതത്തിലും പ്രാര്‍ഥനയിലും അഭയം തേടും, സിനിമകളും കാണുമെന്ന്‌ പ്രിയ.

നല്ല വേഷങ്ങളെ കാത്തിരിക്കുന്ന പ്രിയയിലെ അഭിനേത്രി സിനിമയുടെ ലോകത്ത്‌ ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന്‌ ആശംസകള്‍.

വിവരങ്ങള്‍ക്ക്‌:
Instagram
instagram.com/impriyaalal

Twitter:
https://twitter.com/PriyaaLal?s=09
(@PriyaaLal)

Facebook
https://www.facebook.com/PriyaaLal4u/

siljijtom@gmail.com
ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍ഇഷ്ടം, എനിക്കത്രമേലിഷ്ടം: പ്രിയാ ലാല്‍
Join WhatsApp News
Reenu mary joseph 2020-05-20 10:37:29
Nice presentation
Francis Thadathil 2020-05-20 19:22:44
Well written interview!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക