Image

പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മമാണ് ധർമ്മം,ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ

പി.പി.ചെറിയാൻ Published on 21 May, 2020
പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മമാണ്  ധർമ്മം,ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ
ഡാളസ് :"പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മം തന്നെയാണ് ധർമ്മം" . ഗുരുദേവൻ ധർമ്മം  എന്തെന്ന് ഒരൊറ്റ വരിയിൽ തന്നെ സമ്പൂർണ്ണമാക്കി.അതിനാൽ ഏകവും അദ്വയവുമായ സത്യത്തിലേക്ക് ഒരു ജീവനെ അടുപ്പിക്കുന്ന കർമ്മമാണ് ധർമ്മം . ദാനധർമ്മങ്ങൾ പോലും പേരിനും പ്രശസ്തിക്കും തൻറെ അഹങ്കാരത്തിന്  ശക്തി കൂട്ടുന്നതുമാണെങ്കിൽ അത് ധർമ്മം  അല്ല .സത്യത്തോട് അടുക്കാൻ ഒരു കർമ്മം എത്രമേൽ സഹായിക്കുന്നു എന്നതാണ് ഒരു കർമ്മത്തെ ധർമ്മമാകുന്നത് .
ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരു വന്ദനം വിശ്വശാന്തി ഓൺലൈൻ പ്രാർത്ഥനാ പരമ്പരയിൽ  മെയ് 17 ഞായറാഴ്ച നടന്ന സത്‌സംഗത്തിൽ  പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികൾ 

  ശ്രീ.മനോജ് തങ്കച്ചന്റെ ആമുഖത്തോടെ സമാരംഭിച്ച  സത്‌സംഗത്തിൽ ,  ശ്രീ . സജി കമലാസനൻ സ്വാഗതം ആശംസിച്ചു . തുടർന്ന് സംപൂജ്യനായ   ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികൾ ഗുരുസ്മരണയോടുകൂടി പ്രാർഥനകൾക്കു തുടക്കം കുറിച്ചു . 

തുടർന്ന് ,ഗുരുദേവന്റെ "ധർമ്മം " എന്ന ഏകശ്ലോകി ആയ കൃതിയെ ആസ്പദമാക്കി ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ നടത്തിയ അനുഗ്രഹ പ്രഭാഷണം ആസ്വാദ്യകരമായിരുന്നു . "ധർമ്മം " എന്ന പദം വളരെയധികം ഉപയോഗിക്കപെട്ടുകൊണ്ടിരിക്കുന്നു. . ശ്രീ നാരായണ ധർമ്മം , ധർമ്മ ശാസ്ത്രങ്ങൾ, സനാതന ധർമ്മം , ധർമ്മ പത്നി തുടങ്ങി ധർമ്മവുമായി ബന്ധപ്പെട്ട നിരവധി പദങ്ങൾ .നാം കേൾക്കാറുണ്ട്.  പുരുഷാർത്ഥങ്ങളായ " ധർമ്മം , അർഥം , കാമം ,മോക്ഷം ഇവ തുടങ്ങുന്നതും ധർമ്മം എന്ന പദത്തിൽ  നിന്നുതന്നെ . എന്തുകൊണ്ട് ധർമ്മം  ഇത്രത്തോളം പ്രധാനമായിരിക്കുന്നു ? മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ പരമ പുരുഷാർത്ഥമായ മോക്ഷം എല്ലാപേരും അറിയാതെ ആഗ്രഹിക്കുന്നത് കാണാം . പൂർണ്ണത നേടി ശാന്തമായ മനസ്സോടെ  ആനന്ദമായി , സുഖമായി ഇരിക്കുക എന്ന ലക്‌ഷ്യം എല്ലാവരിലും ഉണ്ട് . 

"അഖിലരുമാത്മസുഖത്തിനായ്  പ്രയത്നം
 സകലവുമിങ്ങു സദാപി  ചെയ്തിടുന്നു "

എന്ന ഗുരുദേവ വചനം ഓർമിപ്പിച്ച സ്വാമിജി,  എല്ലാവരും തേടുന്നത് ആത്മ സുഖമാണ് എന്ന് ഓർമ്മിപ്പിച്ചു . മനുഷ്യ ജീവിതത്തിലേക്ക് നോക്കിയാൽ സുഖം നേടാൻ വേണ്ടി പുതിയ പുതിയ ആഗ്രഹങ്ങൾ (കാമം ), അവ നേടുന്നതിനായുള്ള പണസമ്പാദനം ( അർത്ഥം ) ഇവയിൽ ചുറ്റപ്പെട്ടു കിടക്കുന്നു . ആഗ്രഹങ്ങളെ പൂർത്തീകരിക്കുവാനുള്ള നെട്ടോട്ടമാണ് ജീവിതം . ഇതു തെറ്റല്ല , എന്നിരുന്നാലും ഈ  അർത്ഥ, കാമങ്ങൾ , ധർമ്മപരമല്ലെങ്കിൽ  പരമ പുരുഷാർത്ഥമായ മോക്ഷത്തിലേക്ക് മനുഷ്യജീവനെ അടുപ്പിക്കുകയില്ല. അറിയാതെ എങ്കിലും നമ്മുടെ ജീവനും ആ മോക്ഷസുഖം അന്വേഷിക്കുന്നു  . 

പ്രപഞ്ചത്തെ ധരിച്ചിരിക്കുന്നത് ഏതോ അത് ധർമ്മം . പുണ്യ  കർമ്മത്തിന്റെ ഫലം സുഖവും , പാപ  കർമ്മ ത്തിന്റെ ഫലം ദുഃഖവും  ആയിരിക്കും എന്ന് യുക്തിപരമായി ചിന്തിച്ചാൽ അറിയാവുന്നതേ ഉള്ളൂ . എന്നിരുന്നാലും മനുഷ്യർ  സുഖം നേടുന്നതിനായി  പാപകർമ്മം ചെയ്യുന്നു   എന്തൊരു വിരോധാഭാസമാണ് ! ധർമ്മം എന്ന പദം കർമ്മത്തിന് മുന്നിൽ ചേർത്താൽ മാത്രമേ സുഖത്തിലേക്ക് എത്തപ്പെടുവാൻ കഴിയുകയുള്ളു. എങ്കിൽ മാത്രമേ  പുണ്യകർമ്മങ്ങൾ  ചെയ്യുവാൻ മനുഷ്യന്  സാധിക്കൂ .
ജീവിതത്തിൽ എല്ലാം തങ്ങൾക്കു അനുകൂലം ആകണമെന്ന് ആഗ്രഹിക്കുകയും , അതിനു വേണ്ട പുണ്യകർമ്മങ്ങളിൽ വിമുഖത കാണിക്കുകയും ചെയ്യുന്ന  മനുഷ്യർ ധർമ്മം  എന്തെന്ന് അറിയാത്തവരാണ് . 

ധർമ്മത്തെ പറ്റി ഇങ്ങനെ വിശദീകരിച്ച സ്വാമിജി, ഗുരുദേവന്റെ ധർമഃ എന്ന ശ്ലോകത്തിലേക്കു കടന്നു . 

"ധർമ്മ ഏവ പരം ദൈവം 
ധർമ്മ ഏവ മഹാധനം 
ധർമ്മ സർവത്ര വിജയീ 
ഭവതു ശ്രേയസേ നൃണാം ."

ധർമ്മമാണ് പ്രപഞ്ചത്തിനു ആദികാരണമായ ദൈവം , ധർമ്മമാണ് ഏറ്റവും വലിയ സമ്പത്ത് , ധർമ്മം  എല്ലായിടത്തും വിജയിക്കുന്നു , അങ്ങനെയുള്ള ധർമ്മം മനുഷ്യവർഗത്തിനു മോക്ഷത്തിന് ഉപകരിക്കുമാറാകട്ടെ ! 

ധർമ്മമാണ് ഏറ്റവും വലിയ സമ്പത്ത് . ഒരുവൻ ധനം സമ്പാദിക്കുന്നതിന്റെ ലക്‌ഷ്യം അത് സുഖം നൽകും എന്ന വിശ്വാസമാണ് . അങ്ങനെ വരുമ്പോൾ സുഖസ്വരൂപമായ ബ്രഹ്മാനന്ദം ഏറ്റവും വലിയ ധനമാകാതെ തരമില്ല . അർത്ഥകാമങ്ങൾ ധർമ്മ രൂപമായ കർമ്മത്തിലേക്കും ആ കർമ്മങ്ങൾ മോക്ഷത്തിലേക്കും നയിച്ചാലേ ഒരു മനുഷ്യ ജന്മം പൂർണ്ണതയിൽ എത്തുന്നുളൂ . 

ധർമ്മം സർവ്വത്ര വിജയിക്കുന്നു , ഈ പ്രപഞ്ചത്തിന്റെ താളവും , നിയമവും ധർമ്മ ത്തിൽ അധിഷ്ഠിതമാണ് . ധർമ്മ ബുദ്ധിയോടെ ആര് സത്യത്തെ അന്വേഷിക്കുന്നോ അവൻ വിജയിക്കും . ജീവിതത്തിന്റെ വിജയം , അത് പൂർണ്ണ  ധന്യത ആയി എന്ന ആത്മ സംതൃപ്തി ആണ് . ധർമ്മം  അറിഞ്ഞുള്ള കർമ്മത്തിന് മാത്രമേ അത് നൽകുവാൻ  കഴിയൂ . 

ധർമ്മം ശ്രേയസ്സിലേക്കു നയിക്കുന്നു . കർമ്മങ്ങൾ ജീവിതത്തെ അനായാസമാക്കി മനുഷ്യജീവിതം ധന്യതയിൽ എത്തിക്കേണ്ടതാണ് . ധർമ്മത്തിൽ അധിഷ്ഠിതമായ , സത്യത്തിലേക്ക് നയിക്കുന്ന ധർമ്മം  ശ്രേയസ്കരമെന്നു ഭഗവാൻ പറയുന്നു . 

ധർമ്മ ത്തെ മുൻനിർത്തി മാത്രമേ ജീവിതം നയിക്കാവൂ .ഗുരുദേവൻ ഉപദേശിച്ച പഞ്ച ധർമ്മങ്ങളായ  അഹിംസ ,സത്യം , അസ്തേയം , അവ്യഭിചാരം , മദ്യ വർജ്ജനം എന്നിവയെ പറ്റി സ്വാമിജി വിശദീകരിച്ചു . ഇതിൽ അഹിംസ പരമമായ ധർമ്മമാണെന്നും വാക്കിലോ , പ്രവൃത്തിയിലോ , ഒരു ജീവിയെ ദുഃഖിപ്പിക്കുന്നതു പോലും ഹിംസ ആണെന്നും സ്വാമിജി ഓർമിപ്പിച്ചു . 

ശ്രീ രാജൻകുട്ടി .കെ.എൻ , ശ്രീ .ബൈജു പാലക്കൽ എന്നിവർ സത്‌സംഗത്തിനു ആശംസകൾ അർപ്പിക്കുകയും ശ്രീമതി ഗീത ശശി അതിമനോഹരമായി ഗുരുസ്‌തുതി ആലപിക്കുകയും ചെയ്തു . 
ശ്രീ സുജി വാസവൻ  സത്‌സംഗത്തിനു പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു .

 വിശ്വശാന്തി പ്രാർത്ഥനാ യജ്ഞം എന്ന ഈ സത്‌സംഗ പരിപാടി , അതീവ ഹൃദ്യമായി സംഘടിപ്പിക്കുവാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ അണിയറ പ്രവർത്തകർക്കും , ഒപ്പം ഇതിന്റെ ഭാഗമായി പങ്കുകൊള്ളുന്ന  ലോകത്തെമ്പാടുമുള്ള ആശ്രമ ബന്ധുക്കൾക്കും പ്രണാമം 

അടുത്ത ആഴ്ച,  മെയ്  24 ഞായറാഴ്ച   ,  ശ്രീമദ്  ധർമ്മ ചൈതന്യ സ്വാമികൾ  ( ശിവഗിരി മഠം ശാഖയായ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി )  നമ്മോട്  സംവദിക്കുവാനെത്തുന്നു .വിശദ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്. 

പ്രപഞ്ചത്തിനു ആദികാരണമായ പരബ്രഹ്മമാണ്  ധർമ്മം,ശ്രീമദ് നിത്യസ്വരൂപാനന്ദ സ്വാമികൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക