Image

ആറാം തമ്പുരാനു അറുപതാം പിറന്നാള്‍ ആശംസകൾ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 21 May, 2020
ആറാം തമ്പുരാനു അറുപതാം പിറന്നാള്‍ ആശംസകൾ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ലോകമെങ്ങുമുള്ള മലയാളിയുടെ സ്വകാര്യ അഹങ്കാരവും, അരങ്ങില്‍ നടന വിസ്മയവും, കഥകളിലെ രാജകുമാരനുമായ മോഹന്‍ലാല്‍ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുകയാണ് . അറുപത് വര്‍ഷം മുന്‍പ് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു താരരാജാവിന്റെ പിറവി. തീയതി അനുസരിച്ചു മെയ് 21 ആണ് ജന്മദിനം.

മനുഷ്യ ജിവിതത്തില്‍ നാലു ഘട്ടങ്ങള്‍ ആണ് . ജീവിതത്തിലെ മുന്ന് ഘട്ടവും അവസാനിച്ച് നാലാമത്തെ ഘട്ടം അരംഭിക്കുന്നതിനെയാണ് ഷഷ്ഠിപൂര്‍ത്തി എന്ന് പറയുന്നത്. ഉത്തരവാദിത്വങ്ങള്‍ എല്ലാം നിറവേറ്റിക്കഴിഞ്ഞു ജിവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കുന്നത് കൊണ്ടാണ് അറുപതാമത്തെ വയസ്സ് ഒരു വഴിതിരവാവുന്നത്. ഹിന്ദു പുരാണം അനുസരിച്ചു അറുപതു വയസ്സ് എന്നത് വളരെ പ്രാധന്യം ഉള്ളതാണ്.

സ്റ്റേറ്റിലെ ലോ സെക്രട്ടറിയായി വിരമിച്ച വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും ഇളയമകനായി 1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂര്‍ ഗ്രാമത്തിലെ പുന്നക്കല്‍ തറവാട്ടില്‍ ജനിച്ച മോഹന്‍ലാല്‍ പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും എം . ജി കോളേജിലുമായിരുന്നു വിദ്യാഭ്യസം. സ്‌കൂള്‍, കോളേജ് നാടകങ്ങളിലെല്ലാം സജീവമായിരുന്ന ലാല്‍ പല സമ്മാനങ്ങളും നേടിയിരുന്നു. അഭിനയത്തില്‍ എന്നപോലെ ഗുസ്തിയിലും തിളങ്ങിയിരുന്നു. ഇന്നത്തെ സിനിമയിലെ പല പ്രമുഖരും അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു.

ആദ്യ സിനിമ തിരനോട്ടം. അതില്‍ വലിയ പ്രാധാന്യം ഉള്ള റോള്‍ ആയിരുന്നില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലന്‍ ആയി വന്നതാണ് അഭിനയ ജീവിതത്തെ മാറ്റിമറിച്ചത്. അവിടെനിന്നും വില്ലന്‍ കഥാപാത്രങ്ങളുടെ ഒരു വലിയ നിര. ക്രമേണ പ്രേക്ഷകരുടെ കയ്യടി വാങ്ങുന്ന കഥാപാത്രങ്ങളുമായും പ്രത്യക്ഷപ്പെട്ടു. ഒരുപാട് രംഗങ്ങളിലൊന്നും അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും താന്‍ ചെയ്യുന്ന കഥാപാത്രത്തിന് തന്റേതുമാത്രമായ അഭിനയ സിദ്ധികൊണ്ട് അതിനെ പ്രേക്ഷകമനസില്‍ നിറഞ്ഞുനില്‍കും വിധം ശ്രദ്ധേയമാക്കാന്‍ ലാലിനു കഴിഞ്ഞിരുന്നു. മലയാള സിനിമ ലോകത്തു അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ശൈലി കൊണ്ടുവരുവാന്‍ ലാലിന് കഴിഞ്ഞു

ലാല്‍ കഥയിലെ രാജകുമാരനായും കഥാപാത്രങ്ങളിലെ വില്‍സണ്‍ ഗോമസ് ആയും, ദാസനെയും ഒക്കെ ഒരു രാജാവിന്റെ മകനായി മാറി. മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് ഉയരുകയായിരുന്നു.

നാലു പതിറ്റാണ്ടുകള്‍ നീളുന്ന അഭിനയജീവിതത്തില്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ വെള്ളിത്തിരയിലും അല്ലാതെയുമായി അവതരിപ്പിച്ച കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി വളര്‍ന്നു. ലാല്‍ എന്ന നടന്റെ പേരില്‍ മാത്രം പല സിനിമകളും വിജയിച്ചു . പല സംവിധയകരും പ്രശസ്തരും ആയി . വിവിധ ഭാഷകളിലായി മുന്നൂറില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ലാലും പല സംവിധായകരുമായ കൂട്ടുകെട്ട് പുതുമകള്‍ നിറഞ്ഞ കുറെ നല്ല സിനിമകള്‍ നമുക്ക് സമ്മാനിച്ചു. ലാലിന്റെ ഭാഷയില്‍ മനസ്സ് അടുത്തു നില്‍ക്കുന്നവര്‍ തമ്മില്‍ കൂടുതല്‍ നല്ല കഥകള്‍ കൈമാറാനാകും.

പുരസ്‌കാരങ്ങളുടെ കാര്യത്തിലും ലാല്‍ വ്യത്യസ്ഥനാവുകയാണ്. ഇന്ത്യയിലെ സമസ്ത അംഗീകാരങ്ങളും
അദ്ദേഹത്തെ തേടിയെത്തി. അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, ഒമ്പത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍. ഇന്ത്യയിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ, പത്മഭൂഷണ്‍ , രാജ്യത്തിന്റെ ടെറിറ്റോറിയല്‍ സേനയില്‍ ഓണററി ലെഫ്റ്റനന്റ്., കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്. പൊതുവേദികളില്‍ മാന്ത്രികവിദ്യകള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന ലാല്‍ രാജ്യത്തിന് അകത്തും പുറത്തുമായി ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോകള്‍ ചെതിട്ടുള്ള നടനുമാണ്.

എന്നും ഏവരെയും വിസ്മയിപ്പിച്ചു ചരിത്രം സൃഷ്ടിക്കുന്ന ലാല്‍ മലയാള സിനിമയെ ആദ്യമായി നൂറ് കോടിയിലെത്തിച്ചതും പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ ആണ് .

വ്യക്തി എന്ന നിലയില്‍ മോഹന്‍ലാലിന്റെ ഏറ്റവും വലിയ സവിശേഷതകാള്‍ കുസൃതികള്‍, തമാശകള്‍, സൗഹൃദം, പുരാവസ്തുക്കളോടുളള മമത, ആത്മീയത അങ്ങനെ പലരും പലതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്നവര്‍ക്കറിയാം, അക്ഷോഭ്യതയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗുണം എന്നത് . ഏത് പ്രതിസന്ധിഘട്ടത്തിലും പതറാതെ നിലനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയും. ശാന്തതയും സൗമ്യതയും നിലനിര്‍ത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഒരു യോഗിക്ക് സമാനമാണ് ലാലിന്റെ മാനസികാവസ്ഥയെന്ന് അടുപ്പമുള്ളവര്‍ പറയാറുണ്ട്.

കലയോടും കലാകാരന്മാരോടും എന്നും ബഹുമാനവും താല്‍പര്യവും ഉള്ള ആളാണ് ലാല്‍. അദ്ദേഹത്തിന്റെ പുരാവസ്തുക്കളോടുള്ള ഭ്രമം ഏവര്‍ക്കും അറിയാവുന്നതാണ്. അതിന്റെ പേരില്‍ പലപ്പോഴും അദ്ദേഹം
വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്, അപൂര്‍വ്വ പുരാവസ്തുക്കളുടെ ഒരു വന്‍ശേഖരം സ്വന്തമായുള്ള അദ്ദേഹം ചെന്നൈയിലെ വീട് ഒരു പുരാവസ്തുകലാ മ്യൂസിയം പോലെ സംരക്ഷിച്ചിരിക്കുകയാണ് .

അഭിനയകലയില്‍ ഏത് കഥാപാത്രത്തെയും എങ്ങനെ അവതരിപ്പിക്കാം എന്ന അസാധാരണമായ ആത്മവിശ്വാസം ലാലിനുണ്ട്. മോഹന്‍ലാലിനെ പോലെ ഇത്രയും പ്രൊഫഷണലായ നടന്‍ വേറെയില്ല. കൃത്യനിഷ്ഠയുടെയും ആത്മാര്‍ത്ഥതയുടെയും കാര്യത്തില്‍ മികച്ച മാതൃക. അഭിനയത്തെ പ്രൊഫഷനായി കാണുന്നവര്‍ക്ക് മോഹന്‍ലാല്‍ ഒരു പാഠപുസ്തകമാണ്. ഒരു വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാറില്ല അനാവശ്യമായ പരാതികളില്ല. വിജത്തില്‍ അധികം അഹങ്കരിക്കാറുമില്ല പരാജയത്തില്‍ സഹതപിക്കാറുമില്ല. ഈ വൈകാരിക സന്തുലനമാണ് മോഹന്‍ലാലിന്റെ വ്യക്തിത്വത്തിലെ ഏറ്റവും കാതലായ ഗുണം.

പല സിനിമയുടെയും പരാജയത്തെക്കുറിച്ച് ചോദിച്ചാല്‍ ലാല്‍ പറയുന്നത് 'മനുഷ്യന്റെ കാര്യത്തിലെന്ന പോലെ ഓരോ സിനിമയ്ക്കും ഒരു ജാതകമുണ്ട്. ആ സിനിമയുടെ വിധി അതായിരിക്കും. അതില്‍ നമുക്കൊന്നും ചെയ്യാനില്ല. വിജയിക്കണം എന്ന് ആഗ്രഹിച്ച് തന്നെയാണ് എല്ലാവരും സിനിമ ചെയ്യുന്നത്. ചിലപ്പോള്‍ പരാജയം സംഭവിക്കാം. അതില്‍ നിരാശപ്പെട്ടാല്‍ പിന്നെ മുന്നോട്ടൊന്നും ചെയ്യാന്‍ സാധിക്കില്ല.'

അമ്മയുടെ പ്രസിഡന്റ് കൂടിയായ ലാല്‍ ഈ ലോക്ഡൗണ്‍ കാലത്തു എല്ലാ സിനിമാപ്രവര്‍ത്തകരെയും വിളിച്ചു ക്ഷേമം അന്വഷിക്കുകയും അവരുമായി നല്ല സുഹൃത്ബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന കാര്യം നാം അറിഞ്ഞതാണ്. അദ്ദേഹം പറയാറുണ്ട് എന്റെ ജീവിതത്തിലെ സൗഹൃദങ്ങള്‍ ഞാന്‍ പോയി, കണ്ട് കൊണ്ടുവന്നിട്ടുള്ളവയാണ്. അല്ലാതെ അവരുടെ സൗഹൃദം എന്നിലേക്കു വരാന്‍ ഞാന്‍ കാത്തുനില്‍ക്കാറില്ല . നല്ല മനസ്സുകളെ തേടി ചെല്ലണം എന്നു കരുതുന്ന ആളാണു ഞാന്‍.

മോഹന്‍ലാല്‍ എന്ന നടന്റെ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ഏവര്‍ക്കും ഒരു മാതൃകയാണ് . ഒരുപാടുപേരെ സഹായിക്കാറുണ്ട് അതൊന്നും അദ്ദേഹം ആരെയും അറിയിക്കാറില്ല. ഈ കൊറോണ കാലത്തും കളമശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടിനെ നല്‍കി. പ്രായമായ അമ്മമാരെ സംരക്ഷിക്കാനായി തൃശൂരില്‍ ലാലിന്റെ നേതൃത്വത്തില്‍ ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. ആദിവാസി മേഘലയിലും അര്‍ബുദ ചികിത്സ രംഗത്തും വളരെ അധികം സഹായങ്ങള്‍ നല്‍കുന്നു.

മോഹന്‍ലാല്‍ പലപ്പോഴായി പറയാറുണ്ട് എനിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ഭാഗം പിടിക്കലോ ഇല്ല എന്ന്. മോദിയും പിണറായിയും വളരെ ഇഷ്ടമുള്ള നേതാക്കള്‍ ആണ് . ഇവര്‍ രണ്ടുപേരും വളരെ കഷ്ടപ്പെട്ടു നേതൃത്വനിരയില്‍ എത്തി വലിയ കാര്യങ്ങള്‍ ചെയ്യുന്ന, സുതാര്യതയുള്ളവരാണെന്നു വിശ്വസിക്കുന്നവരാണ്. രാഷ്ട്രീയം എന്റെ ലക്ഷ്യമല്ല എന്ന് അദ്ദേഹം പലവെട്ടം അവര്‍ത്തിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ പറയുന്നു, മുഖരാഗം എന്റെ ജീവചരിത്രമാണ്. നാല്‍പ്പത് വര്‍ഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. ഒപ്പം, എന്റെ ജീവിതാനുഭവങ്ങളുടെ വെളിപ്പെടലുകളും ഉള്‍ച്ചേര്‍ന്ന സമഗ്ര ജീവചരിത്ര ഗ്രന്ഥമാണിത്. ഏറെ വര്‍ഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ചു എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകര്‍ത്തിയെഴുതാന്‍ ഭാനുപ്രകാശ് എന്ന എഴുത്തുകാരന്‍ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗം എന്ന ഈ ബൃഹദ്ഗ്രന്ഥത്തെ യാഥാര്‍ഥ്യമാക്കുന്നത്.

മലയാളികളുടെ സ്വന്തം ലാലേട്ടന്റെയും ഭാര്യ സുചിത്രയുടെയും 32-ാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ മാസം.

ലോക്ക് ഡൗണ്‍ കാരണം ചെന്നൈയിലെ വീട്ടില്‍ തന്നെയാണ് പിറന്നാള്‍ അഘോഷം. മകന്‍ പ്രണവ് , അറിയപ്പെടുന്ന നടന്‍. മകള്‍ വിസ്മയ ഓസ്ട്രേലിയായില്‍ പഠനം.

ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന മഹാനടന് ജന്മദിനാശംസകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക