Image

വോട്ട് ബൈ മെയില്‍ ടെക്‌സസില്‍ നിയമക്കുരുക്കില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 May, 2020
 വോട്ട് ബൈ മെയില്‍ ടെക്‌സസില്‍ നിയമക്കുരുക്കില്‍ (ഏബ്രഹാം തോമസ്)
തപാല്‍ മാര്‍ഗമുള്ള വോട്ടിംഗിന് അനുകൂലമായും പ്രതികൂലമായും വാദിക്കുവാനും ശക്തമായ ചേരികളുണ്ട്. വളരെ വലിയ നിയമപോരാട്ടങ്ങള്‍ക്ക് വിപുലമായ വിഭവശേഖരവും രണ്ട് പകഷത്തിനും കൂടുതല്‍ വീറും വാശിയും നല്‍കുന്നു. ടെക്‌സസില്‍ ഈ ഏറ്റുമുട്ടല്‍ ഒരു കോടതിയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് നീങ്ങുകയാണ്.
സാന്‍ അന്റോണിയോവിലെ യു.എസ്. ഡിസ്ട്രിക്ട് കോടതി ജഡ്ജ് ഫ്രെഡ് ബിയറി അര്‍ഹതയുളള ഏതൊരു വോട്ടര്‍ക്കും കോവിഡ് -19 പകരുന്നത് തടയാന്‍ ആബ്‌സെന്റീബാലറ്റിന് അപേക്ഷിക്കുവാനും അ്ത് ലഭിക്കുവാനും പൂരിപ്പിച്ച് തിരിച്ചയയ്ക്കുവാനും ഈ മഹാമാരി നിലനില്‍ക്കുന്ന കാലത്ത് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പിലും കഴിയും എന്ന് ചൊവ്വാഴ്ച വിധിച്ചു. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ നിയമിച്ച, ഡെമോക്രാറ്റിക് ചായ് വുള്ള  ബിയറി ആബ്‌സെന്റീവോട്ടിന് സമരം നടത്തുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും അനുകൂല സ്വഭാവക്കാരായ വോട്ടവകാശ സംഘടനകളുടെയും നിലപാട് അനുകൂലിച്ചതില്‍ നിരീക്ഷകര്‍ അസാധാരണമായി ഒന്നുംകണ്ടില്ല. ഇതൊരു വിജയമായി ഡെമോക്രാറ്റിക് പാര്‍ട്ടിയും സംഘടനകളും ആഘോഷിച്ചു.

ടെക്‌സസ് അറ്റേണി ജനറല്‍ കെന്‍പാക്‌സടണ്‍ ഉടനെ തന്നെ കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ ചെയ്യുമെന്ന് പറഞ്ഞു.ഡിസ്ട്രിക്ട് കോടതിയുടെ തീരുമാനം തെളിവുകള്‍ അവഗണിക്കുകയും സുവ്യവസ്ഥിതമായ നിയമം വകവയ്ക്കാതിരിക്കുകയുമാണ് ചെയ്തതെന്ന് ആരോപിച്ചു. ഫിഫ്ത സര്‍ക്യൂട്ട് കോര്‍ട്ട് ഈ വിധി പുനരവലോകനം ചെയ്യണമെന്ന് ഞങ്ങള്‍ ഉടനെ ആവശ്യപ്പെടും. ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് ഈ കേസ് യു.എസ്. സുപ്രീം കോടതിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതികരിച്ചു.

ടെക്‌സസ് ഇലക്ഷന്‍ കോഡ് 65 വയസിന് മുകളിലുള്ളവരെ മാത്രം മെയില്‍ ഇന്‍ വോട്ടിന് അനുവദിക്കുന്നത് ഭരണഘടനയുടെ 26-ാം ഭേദഗതി നല്‍കുന്ന അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്ന് ബിയറി വിധിച്ചു. ഒരു സംസ്ഥാന ഡിസ്ട്രിക്ട് കോടതി കോവിഡ്-19 ഒരു ശാരീരിക പരിമിതിയായി കണ്ടതിനോട് കോടതിയോജിച്ചു. ട്രാവിഡ്, ബേയര്‍ കൗണ്ടികളിലെ ഇലക്ഷന്‍  കമ്മീഷ്ണര്‍മാര്‍(ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ളവര്‍) ടെക്‌സസിലെ ഒരു വോട്ടര്‍ക്കും,  മറ്റേതെങ്കിലും തരത്തില്‍ അയോഗ്യത ഇല്ലെങ്കില്‍ മെയില്‍ വോട്ടിംഗിനുള്ള അവകാശം നിഷേധിക്കരുത്. ഈ മെയില്‍ ബാലറ്റുകള്‍ മറ്റ് ബാലറ്റുകള്‍ക്കൊപ്പം എണ്ണുകയും വേണം, വിധിന്യായം തുടര്‍ന്നു പറഞ്ഞു.

പാക്‌സടണ്‍ പറഞ്ഞത് പോലെ ബുധനാഴ്ച തന്നെ ടെക്‌സസ് ന്യൂ ഓര്‍ലിയന്‍സിലുളഅള ഫിഫ്ത് സര്‍ക്യൂട്ട് കോര്‍ട്ടിനെ സമീപിക്കുകയും ബിയറിയുടെ വിധിയില്‍ ഓര്‍ഡര്‍ വാങ്ങുകയും ചെയ്തു. ഒരു മൂന്ന് ജഡ്ജ് പാനലാണ് ഓര്‍ഡര്‍ പുറപ്പെടുവിച്ചത്. ഇതൊരു താല്‍ക്കാലിക സ്‌റ്റേ ആണ്. ഒരു അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റേയായ ഇത് തുടരുന്നത് കോടതി ബിയറിയുടെ വിധി അസാധുവാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന്ത വരെയാണ്.
ടെക്‌സസ് ഡെമോക്രാറ്റിക് പാര്‍ട്ടിയും വോട്ടിംഗ് റൈറ്റ്‌സ് ഗ്രൂപ്പുകളും അപ്പീല്‍സ്് കോടതിക്ക് മുമ്പാകെ തങ്ങളുടെ വാദം സമര്‍പ്പിക്കും. സ്റ്റേ ലഭിച്ചത് ഒരു വിജയമായി പാക്‌സ്ടണ്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പുകളുടെ പരിശുദ്ധി കാത്തു സൂക്ഷിക്കുക എന്റെ മുന്‍ഗണനകളില്‍ ഒന്നാണ്. സാര്‍വത്രികമായ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുതല്‍ വ്യാജവോട്ടുകള്‍ക്കും നിയമപരമായ വോട്ടുകളുടെ സാധുത നഷ്ടപ്പെടുത്തുവാനും സഹായിക്കും. ലെജിസ്ലേച്ചര്‍ സ്ഥാപിച്ചിട്ടുള്ള നിയമം നിരന്തരം പാലിക്കപ്പെടണം.
അപ്പീല്‍സ് കോടതി കേസ് ഏറ്റെടുത്തത് മെയില്‍ ഇന്‍ വോട്ട് നിയമയുദ്ധത്തിന്റെ പുതിയ അദ്ധ്യായമാണ്. ജൂലൈ 14ന് നടക്കുന്ന പ്രൈമറി റണ്‍ ഓഫിന് മുന്‍പ് ജൂണ്‍ 29ന് ആരംഭിക്കുന്ന ഏര്‍ളിവോട്ടിംഗുണ്ട്. ഇതിന് മുമ്പ് കഴിഞ്ഞമാസം ആരംഭിച്ച നിയമയുദ്ധത്തിന് ഒരു തീരുമാനം ആകേണ്ടതുണ്ട്.

ടെക്‌സസ് ഫെഡറല്‍ അപ്പീല്‍സ് കോടതി ഈ തീരുമാനം എടുക്കുന്നതിന് മുമ്പ് ടെക്‌സസ് സുപ്രീം കോടതി കൗണ്ടി ക്ലാര്‍ക്കുമാരോട് കൊറോണ വൈറസ് പിടിപെടുന്ന ഭീതിമാത്രം കാരണമായി കാണിച്ച് സമര്‍പ്പിക്കുന്ന ബാലറ്റുകള്‍ തിരസ്‌ക്കരിക്കണമെന്ന് നിര്‍ദേശിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പാക്‌സടണ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഒരു അപ്പീല്‍സ് കോടതി ഇക്കാര്യത്തില്‍ കീഴ്‌കോടതി നല്‍കിയ വിധി സ്‌റ്റേ ചെയ്തിരുന്നു.

 വോട്ട് ബൈ മെയില്‍ ടെക്‌സസില്‍ നിയമക്കുരുക്കില്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക