Image

ഒരു മലയാളിയുടെ നൊമ്പരം

Published on 27 May, 2012
ഒരു മലയാളിയുടെ നൊമ്പരം
ടി.പി ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബദ്ധപ്പെട്ട മാധ്യമ ചര്‍ച്ചകളിലും ആഘോഷങ്ങളിലും കഴിഞ്ഞ ദിവസം കടന്നു വന്ന ഒരു പ്രധാന വിഷമായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്‌. മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച `ഓര്‍മ്മയില്‍ രണ്ട്‌ അമ്മമാര്‍' എന്ന കുറിപ്പ്‌. ഹോസ്‌പിറ്റലില്‍ കഴിഞ്ഞിരുന്ന സ്വന്തം അമ്മയുടെയും, ടി.പി ചന്ദ്രശേഖരന്റെ അമ്മയുടെയും വേദനകള്‍ സ്വന്തം കാഴ്‌ചപ്പാടിലൂടെ നോക്കിക്കണ്ടുകൊണ്ട്‌ ലാല്‍ തയാറാക്കിയ കുറിപ്പ്‌ മനുഷ്യത്വത്തിലേക്കുള്ള ഒരു നേര്‍കാഴ്‌ച തന്നെയായിരുന്നു.

മോഹന്‍ലാലിന്റെ കുറിപ്പ്‌ വന്ന അന്നു തന്നെ അതിനെ സംബന്ധിക്കുന്ന മാധ്യമ ഭീകരതയും മലയാളി കണ്ടു. `ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതികരിച്ചിരിക്കുന്നു' എന്നതടക്കമുള്ള വലിയ ഫ്‌ളാഷ്‌ ന്യൂസുകള്‍. തന്റെ വാക്കുകളുടെ യഥാര്‍ഥ സത്തയോ, ചിന്തയോ ഉള്‍ക്കൊള്ളാതെ വലിച്ചുവെച്ച്‌ ചര്‍ച്ചയും വാര്‍ത്തയുമാക്കുന്നതിലുള്ള വേദന കൊണ്ടാവാം, അടുത്ത ദിവസം തന്നെ ഒരു ഓണ്‍ലൈന്‍ മാഗസീനില്‍ `കണ്ണുനീരിനെ വില്‍പ്പനച്ചരക്കാക്കരുത്‌' എന്നും മോഹന്‍ലാലിന്‌ പറയേണ്ടി വന്നു. തന്റെ കുറുപ്പിനെ മാധ്യമങ്ങള്‍ ആഘോഷമാക്കിയതില്‍ മോഹന്‍ലാലിന്റെ അമര്‍ഷമായിരുന്നു, കണ്ണുനീരിനെ വില്‍പ്പനച്ചരക്കാക്കരുത്‌ എന്ന ലേഖനത്തിന്റെ അടിസ്ഥാനം.

ഇവിടെയാണ്‌ മോഹന്‍ലാലിന്റെ അഭിപ്രായങ്ങളെ ആഘോഷിച്ച മാധ്യമങ്ങള്‍ക്കും അത്‌ കേട്ടറിഞ്ഞ പ്രേക്ഷകര്‍ക്കും പുനര്‍വിചാരമുണ്ടാകേണ്ടത്‌.

മെയ്‌ 21ന്‌ മോഹന്‍ലാലിന്റെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നു. എന്നാല്‍ സന്തോഷമല്ല രണ്ട്‌ അമ്മമാരുടെ നൊമ്പരമാണ്‌ തന്റെ മനസില്‍ നിറയുന്നത്‌ എന്ന്‌ ലാല്‍ പറഞ്ഞു. എന്നാല്‍ ഇവിടെ ഒരിക്കലും ലാലിന്റെ കുറിപ്പ്‌ മനസിലാക്കേണ്ടിരുന്നത്‌ ഒരു പ്രധാനപ്പെട്ട വിഷയത്തില്‍ നമ്മുടെ നാട്ടിലെ സൂപ്പര്‍താരത്തിന്റെ വിമര്‍ശനമെന്നോ, പ്രസ്‌താവനയെന്നോ ആയിരുന്നില്ല മറിച്ച്‌ ഒരു മലയാളിയുടെസ, അല്ലെങ്കില്‍ ഒരു സാധാരണ മനുഷ്യന്റെ സത്യസന്ധമായ നൊമ്പരം എന്നായിരുന്നു.

`ഒരു കുഞ്ഞുറുമ്പിന്‌ ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക്‌ കഴിയുമോ' എന്ന്‌ കുറപ്പില്‍ ലാല്‍ ഉയര്‍ത്തുന്ന ചോദ്യം ഇന്നത്തെ കൊലപാതക രാഷ്‌ട്രീയത്തില്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍, ഭരണകൂട ഭീകരതയില്‍ തുടങ്ങി സകല അക്രമ പ്രവര്‍ത്തനങ്ങളിലും മനസു മടുത്ത ഒരു സാധാരണക്കാരന്റേതാണ്‌.

`ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നിലെ രാഷ്‌ട്രീയമൊന്നും താന്‍ പറയുന്നില്ല, എനിക്കറിയില്ല' എന്നാണ്‌ ലാലിന്റെ കുറുപ്പില്‍ പറയുന്നത്‌. അതായത്‌ സാധാരണക്കാരന്‌ മനസിലാകാത്ത രാഷ്‌ട്രീയം തന്നെയാണ്‌ ഇന്ന്‌ നിലനില്‍ക്കുന്നത്‌ എന്ന യാഥാര്‍ഥ്യമാണ്‌ ഈ വാക്കുകളില്‍ വെളിപ്പെടുന്നത്‌. ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലാത്ത ജനങ്ങള്‍ക്ക്‌ യാതൊരു സ്ഥാനവുമില്ലാത്ത രാഷ്‌ട്രീയ പ്രവര്‍ത്തനം, രാഷ്‌ട്രീയ പ്രസ്‌താവനകള്‍, രാഷ്‌ട്രീയ തന്ത്രങ്ങള്‍ അങ്ങനെ കാര്യങ്ങള്‍ നീണ്ടുപോകുമ്പോള്‍ ഒരു കാര്യം ചോദിച്ചു പോകുന്നു, ഏറ്റവും വലിയ ജനാധിപത്യ സംവിധാനമെന്ന്‌ അഹങ്കരിക്കുമ്പോഴും ഇവിടുത്തെ പൊളിറ്റിക്‌സില്‍ സാധാരണക്കാരന്‌ എന്താണ്‌ പങ്ക്‌. അവന്‍ എന്താണ്‌ മനസിലാക്കേണ്ടത്‌.

ഈ ചോദ്യത്തിനുള്ള മറുപടി അടുത്ത വരികളില്‍ ലാല്‍ തന്നെ പറയുന്നുണ്ട്‌. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ തന്നെ മടിതോന്നുന്നു എന്ന്‌ ലാല്‍ എഴുതിയിരിക്കുന്നു. ഈ നാട്‌ തന്റെതല്ല എന്ന തോന്നല്‍, ഈ നാട്ടില്‍ രാഷ്‌ട്രീയമായി സംഭവിക്കുന്ന അപചയങ്ങള്‍ തനിക്ക്‌ സഹിക്കാനാവില്ല എന്ന വിളിച്ചു പറയല്‍. അവസാനം ഈ മണ്ണില്‍ എങ്ങനെ കഴിഞ്ഞു പോകും എന്ന ആശങ്ക.

സ്വന്തം ജീവിതവും പിന്നെ സമൂഹക്ഷേമവും മാത്രം മനസില്‍ വെച്ച്‌ സമാധാനത്തോടു കൂടി ജീവിച്ചുപോന്നവന്റെ മുമ്പിലേക്ക്‌ അവന്‌ മനസിലാക്കാന്‍ കഴിയാത്ത ഒരു പൊളിറ്റിക്‌സ്‌ ഉയര്‍ന്നു വരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ യാതൊരു ഉളുപ്പിമില്ലാതെ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്തിയ എല്ലാപാര്‍ട്ടികളും മനസിലാക്കി തരുന്നത്‌ അതു തന്നെയാണ്‌. കാസര്‍കോട്ട്‌ ആയിരങ്ങളെ കൊന്നൊടുക്കിയ, ഇപ്പോഴും കൊന്നു കൊണ്ടിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പോലും ഇരട്ടത്താപ്പ്‌ കളിച്ച രാഷ്‌ട്രീയക്കാര്‍ പറയുന്നത്‌ അതു തന്നെയാണ്‌. വികസനം വന്നു വെന്ന്‌ വിളിച്ചു പറയുമ്പോഴും ഇപ്പോഴും കുടിവെള്ളമെത്താത്ത നൂറു കണക്കിന്‌ ഗ്രാമങ്ങള്‍ ഈ വേദനയാണ്‌ പറയുന്നത്‌. അതു തന്നെയാണ്‌ ഒരു ഇലക്ഷന്റെ പേരില്‍ ഇന്ന്‌ എല്ലാ രാഷ്‌ട്രീയ കക്ഷികളും ചന്ദ്രശേഖരന്റെ കൊലപാതകം ആഘോഷമാക്കി കാണിച്ചു തരുന്നത്‌. ഇവിടെ അധികാരം കയ്യാളുവന്നവന്‍ സൃഷ്‌ടിച്ചിരിക്കുന്ന പുതിയ പൊളിറ്റിക്‌സ്‌ സാധാരണക്കാരന്‌ മനസിലാകുന്നതല്ല.

ഇവിടെ മോഹന്‍ലാല്‍ എഴുതിയ കുറുപ്പിനെ ഇത്തരം വിശാലമായ ഒരു കാഴ്‌ചപ്പാടില്‍ കൂടി വേണം കാണുവാന്‍. സാധാരണക്കാരന്‌ മനസിലാക്കാന്‍ കഴിയാത്ത ഒരു രാഷ്‌ട്രീയം തിരിച്ചറിഞ്ഞപ്പോള്‍ ഒരു മലയാളിയുടെ പ്രതികരണം. അതാണ്‌ മോഹന്‍ലാലില്‍ നിന്നുണ്ടായത്‌. അത്‌ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന വിഷയത്തില്‍ നിന്നു മാത്രം ഉടലെടുത്തതായി കരുതാനാവില്ല. എത്രയോ തെറ്റുകള്‍ കണ്‍മുമ്പില്‍ കാണേണ്ടി വന്നപ്പോള്‍ സ്വാഭാവികമായും അയാളുടെ മനസില്‍ രൂപപ്പെട്ടതാകും അത്‌. ഒരു കൊലപാതകവും അതിന്റെ പിന്നിലെ രാഷ്‌ട്രീയവും പെട്ടന്ന്‌ ഒരു ഞെട്ടല്‍ സമ്മാനിച്ചപ്പോള്‍ അത്‌ വരികളായി പുറത്തു വന്നു എന്നു മാത്രം.

ഇത്രയും വിശാലമായ ഒരു തലത്തില്‍ ലാലിന്റെ കുറുപ്പിനെ കാണേണ്ടതിനു പകരം അത്‌ ഒരു സൂപ്പര്‍താരം ഒരു കൊലപാതകത്തില്‍ പ്രതികരിച്ചിരിക്കുന്നു, സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കാത്തിടത്ത്‌ സൂപ്പര്‍താരത്തിന്റെ പ്രതികരണം തുടങ്ങി വിലകുറഞ്ഞ ബ്രേക്കിംഗ്‌ ന്യൂസ്‌ ആക്കിയവര്‍ തെറ്റുകാര്‍ തന്നെയാണ്‌. അതിനു പകരം ഒരു സമൂഹത്തിനോട്‌ മനുഷ്യസ്‌നേഹത്തിന്റെ വശങ്ങള്‍ പറഞ്ഞു നല്‍കാന്‍ വേണ്ടിയാവണമായിരുന്നു ലാലിന്റെ എഴുത്തിനെ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്‌. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.

മോഹന്‍ലാല്‍ എന്ന നടന്‍ ഒരു ശരാശരി മലയാളിയുടെ എല്ലാ വികരങ്ങളും ചിന്തകളും കാലങ്ങളായി തന്റെ കഥാപാത്രങ്ങളിലുടെ പ്രതിഫലിപ്പിച്ചു പോന്നയാളാണ്‌. ശരിക്കും പറഞ്ഞാല്‍ യഥാര്‍ഥ മലയാളി. അയാളുടെ ശരീരഭാഷ പോലും തികഞ്ഞ മലയാളിയുടേതല്ലാത്ത രീതിയിലേക്ക്‌ ഒരിക്കലും മാറി നിന്നിട്ടില്ല. ഇവിടെ മോഹന്‍ലാലിന്‌ ഉണ്ടായ തോന്നലുകള്‍, അത്‌ കുറുപ്പുകളായി മാറിയപ്പോള്‍ അത്‌ ഒരു മലയാളിയുടെ തോന്നല്‍ തന്നെയാണ്‌. മോഹന്‍ലാല്‍ വിളിച്ചു പറഞ്ഞിരിക്കുന്നത്‌ ഏതൊരു മലയാളിയും എപ്പോഴും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്‌. ആ വാക്കുകളെ അതിന്റെ ശരിയായ ജീവനോടെ മനസിലാക്കാനാണ്‌ മധ്യമങ്ങളും കേരളീയ സമൂഹവും ആദ്യം ശ്രമിക്കേണ്ടത്‌.
ഒരു മലയാളിയുടെ നൊമ്പരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക