Image

ഹൗ ആര്‍ യു റിയലി? (ഷിബു ഗോപാലകൃഷ്ണന്‍)

ഷിബു ഗോപാലകൃഷ്ണന്‍) Published on 23 May, 2020
ഹൗ ആര്‍ യു റിയലി? (ഷിബു ഗോപാലകൃഷ്ണന്‍)
 
ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കോമോയുടെ ഇന്നത്തെ ബ്രീഫിങ് പ്രകാരം പുതിയതായി കണ്ടെത്തുന്ന കൊറോണ കേസുകളുടെയും ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. രണ്ടുമാസത്തിനു മുന്‍പ് പ്രാരംഭഘട്ടത്തില്‍ എങ്ങനെ ആയിരുന്നോ ഏതാണ്ട് അതേ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ താണു തുടങ്ങിയിരിക്കുന്നു.
 
അതിനോടൊപ്പം അദ്ദേഹം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന മറ്റൊരു കണക്കുണ്ട്, മാനസികമായ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി ക്ലിനിക്കല്‍ സഹായം തേടുന്നവരുടെ എണ്ണത്തില്‍ മുപ്പതു ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു. പ്രായഭേദമെന്യേ ജനങ്ങള്‍ ഇത്തരമൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ആശുപത്രിയില്‍ എത്തിച്ചേരുന്നതിനേക്കാള്‍ ഭീകരമായിരിക്കും ഡോക്ടറുടെ മുന്നില്‍ എത്തപ്പെടാതെയും തിരിച്ചറിയപ്പെടാതെയും പോകുന്നവരുടെ എണ്ണം.
 
അനിശ്ചിതത്വത്തിന്റെ കാലമാണ്, ആശങ്കകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും കാലമാണ്. സമ്മര്‍ദ്ദങ്ങള്‍ ആരുമറിയാതെ വേരുകള്‍ ആഴ്ത്തുന്ന കാലം. വെല്ലുവിളികള്‍ കാത്തുനില്‍ക്കുന്നുണ്ട്. മനുഷ്യര്‍ക്ക് മാത്രമാണ് മനുഷ്യരെ കരകയറ്റാന്‍ കഴിയുക. കോമോ പറയുന്നു,
 
'ഹൗ ആര്‍ യു?' എന്നൊരു ചോദ്യം ഇപ്പോള്‍ നമ്മളെ സഹായിക്കില്ല, 'ആം ഫൈന്‍' എന്നൊരു മറുപടിയാണ് അതു ചോദിക്കുന്നവരും ആഗ്രഹിക്കുന്നത്. അതിനപ്പുറം യാതൊന്നും പ്രതീക്ഷിക്കാത്ത ആഴമില്ലാത്ത ഒരുചോദ്യമാണത്. ഇപ്പോള്‍ നമ്മള്‍ ചോദിക്കേണ്ടത് 'ഹൗ ആര്‍ യു റിയലി?' എന്നാണ്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനുള്ള വാതിലുകള്‍ നമ്മള്‍ തുറന്നിടണം. ഒരുപക്ഷേ അതവര്‍ ആഗ്രഹിക്കുന്നുണ്ടാവാം.
 
ആരുമറിയാതെ അവര്‍ പരിശ്രമിക്കുകയായിരിക്കാം, ആരോടും പറയാതെ അവര്‍ ആഴ്ന്നു പോവുകയായിരിക്കാം, ആരുടെയെങ്കിലും കൈ നീണ്ടുവരുന്നുണ്ടോ എന്നവര്‍ നോക്കുന്നുണ്ടായിരിക്കാം, ആവശ്യപ്പെടാന്‍ പോലുമാകാതെ അവര്‍ അടഞ്ഞുപോയിരിക്കാം.
 
ഇപ്പോള്‍ വേണ്ടത്, 'ഹൗ ആര്‍ യു?' എന്നൊരു ഔപചാരികതയല്ല, 'ഹൗ ആര്‍ യു റിയലി?' എന്നൊരു ആത്മാര്‍ത്ഥതയാണ്, ആഴപ്പെടലാണ്.
 
ഹൗ ആര്‍ യു റിയലി? (ഷിബു ഗോപാലകൃഷ്ണന്‍)ഹൗ ആര്‍ യു റിയലി? (ഷിബു ഗോപാലകൃഷ്ണന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക