Image

യുവതി പാമ്പുകടിയേറ്റ് മരിച്ച കേസിൽ ഭർത്താവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

Published on 23 May, 2020
യുവതി പാമ്പുകടിയേറ്റ് മരിച്ച കേസിൽ ഭർത്താവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
കൊല്ലം: ശീതീകരിച്ച മുറിയിൽ കിടന്നുറങ്ങിയ യുവതി പാമ്പുകടിയേറ്റ് മരിച്ച കേസിൽ ഭർത്താവിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. ഉത്രയുടെ ഭർത്താവ് സൂരജ് വിഷപ്പാമ്പുകളെ കുറിച്ച് യൂട്യൂബിൽ തിരഞ്ഞതായും പൊലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചും ഇയാൾക്ക് പാമ്പുപിടിത്തക്കാരുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നു.

ഉത്ര മരിച്ച ദിവസം കിടപ്പു മുറിയുടെ ജനാല തുറന്നിട്ടിരുന്നതായാണ് സൂരജ് പൊലീസിനോട് പറഞ്ഞിരുന്നത്. ജനാലയിലൂടെ കയറിയ വിഷപ്പാമ്പ് കടിച്ചാണു മരണമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ എസിയുള്ള മുറിയിൽ ജനാല തുറന്നിട്ടുവെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ലെന്നാണ് പൊലീസ് പറയുന്നത്.

മകളെ സൂരജ് അപായപ്പെടുത്തിയെന്ന് കാണിച്ച് മാതാപിതാക്കൾ അഞ്ചൽ സിഐയ്ക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. സൂരജും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഉത്രയുടെ ഒന്നര വയസുള്ള മകനെ സൂരജെത്തി കൂട്ടിക്കൊണ്ടുപോയി.

മേയ് ഏഴാം തിയതിയാണ് ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. മാർച്ച് 2നു സൂരജിന്റെ വീട്ടിൽവച്ചു പാമ്പ് കടിയേറ്റതിനെത്തുടർന്നുള്ള ചികിത്സയ്ക്കായി മാതാപിതാക്കൾക്കൊപ്പം കുടുംബ വീട്ടിൽ താമസിക്കുമ്പോഴാണു വീണ്ടും പാമ്പ് കടിയേൽക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക