Image

ടെക്‌സസില്‍ പബുകള്‍, ബാറുകള്‍, ബൗളിംഗ് അലി, സ്‌കേറ്റിങ് റിങ്കുകള്‍ തുറന്നു (ഏബ്രഹാം തോമസ്)

Published on 23 May, 2020
ടെക്‌സസില്‍ പബുകള്‍, ബാറുകള്‍, ബൗളിംഗ് അലി, സ്‌കേറ്റിങ് റിങ്കുകള്‍  തുറന്നു (ഏബ്രഹാം തോമസ്)
നീണ്ട കാത്തിരിപ്പിനും മുന്നൊരുക്കങ്ങള്‍ക്കും ശേഷം മെമ്മോറിയല്‍ ഡേ വീക്കെന്‍ഡില്‍ ടെക്‌സസ് സംസ്ഥാനത്ത് ബാറുകള്‍, പബുകള്‍, ബൗളിംഗ് ആലികള്‍, സ്‌കേറ്റിംഗ് റിങ്കുകള്‍, സ്ട്രിപ് ക്ലബ്ബുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ ഓര്‍ഡര്‍ അനുസരിച്ചാണ് ഈ വ്യവസായ സ്ഥാപനങ്ങള്‍ തുറന്നത്. റസ്റ്ററന്റുകള്‍ മേയ് ഒന്നു മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഇവയില്‍ നിന്ന് ഓണ്‍ലൈനായി മദ്യം ഓര്‍ഡര്‍ ചെയ്തു വീട്ടിലേയ്ക്കു വരുത്താമായിരുന്നു.

റസ്റ്ററന്റുകള്‍ കൊറോണ ഭീതിമൂലം അടച്ചിട്ടിരുന്നത് നീണ്ടപ്പോള്‍ ഉടമകളുടെ പ്രതിഷേധം വര്‍ധിച്ചു. 25% കപ്പാസിറ്റിയില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് അനുവദിച്ചതും അവരെ തൃപ്തരാക്കിയില്ല. തങ്ങള്‍ വലിയ പ്രതിഷേധത്തിന് തയാറെടുക്കുകയായിരുന്നു എന്ന് ടെക്‌സസ് റസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് എമിലി വില്യംസ് നൈറ്റ് പറഞ്ഞു. റസ്റ്ററന്റുകള്‍ 25% കപ്പാസിറ്റിയില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ ഈ വര്‍ഷം വരുമാനത്തില്‍ 30% കുറവുണ്ടാകും. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന 50% കപ്പാസിറ്റി താമസം വിനാ 75% കപ്പാസിറ്റിയായി ഉയര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു

ബാറുകളിലെ നിബന്ധനകള്‍ ഇപ്രകാരമാണ്. ടേബിളുകളില്‍ മാത്രമേ സെര്‍വ് ചെയ്യുകയുള്ളൂ. ബാര്‍ കൗണ്ടറുകള്‍ക്ക് മുന്നില്‍ ഉപഭോക്താക്കള്‍ ഇരിക്കുകയോ നില്ക്കുകയോ ചെയ്യരുത്. ഒരു പാര്‍ട്ടിയില്‍ 6 പേരില്‍ കൂടുതല്‍ പാടില്ല. ഡാന്‍സിങ് പ്രോത്സാഹിപ്പിക്കുന്നില്ല. റിച്ചാര്‍ഡ്‌സണില്‍ തന്റെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത രണ്ടു ബാറുകള്‍ ബ്രിസോയും ഫോറമും ഒന്നിച്ചു ചേര്‍ത്ത് ഡ്രൈവ് ഇന്‍ മ്യൂവീ തിയേറ്ററാക്കാന്‍ റീഡ് റോബിന്‍സണ്‍ തീരുമാനിച്ചു. എക്‌സ്ട്രാ പാടിയോ ടേബിളുകളും തീര്‍ത്തും. പ്രവേശ കവാടത്തില്‍ സാനിറ്റൈസറുകളും വച്ചു.

ഡീപ്പ് എല്ലമിലെ ഡോട്ട്‌സ് ഹോപ് ഹൗസ്, ത്രീ ലിങ്ക്‌സ് പോലെയുള്ള മറ്റു ചില ബാറുകള്‍ സാവകാശം നീങ്ങാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. രണ്ടാഴ്ച കൂടി കാത്തിരുന്നതിനുശേഷം അടുത്ത മാസം ആദ്യം തുറക്കുമെന്ന് ഇവര്‍ പറഞ്ഞു. ചില റസ്റ്ററന്റുകള്‍ ഈ വീക്കെന്‍ഡില്‍ തുറക്കാനിരുന്നതാണ്. ചില ജീവനക്കാര്‍ ആശങ്ക അറിയിച്ചതിനെ തുടര്‍ന്ന് മാറ്റിവച്ചു. പരിമിതമായ കപ്പാസിറ്റിക്ക് മാത്രം സെര്‍വ് ചെയ്താല്‍ എങ്ങനെ ലാഭം ഉണ്ടാക്കാനാവും എന്ന് ഉടമകള്‍ ചോദിക്കുന്നു.

ആര്‍ലിംഗ്ടണിലെ മെസീല്‍ സ്‌പോര്‍ട്‌സ് ഗ്രില്‍ ആന്റ് ബാര്‍ പാര്‍ട്‌നര്‍ റോയ്‌റാമോസ് 50% കപ്പാസിറ്റിയിലെങ്കിലും പ്രവര്‍ത്തിച്ചാലേ ചെറിയ ലാഭമെങ്കിലും ഉണ്ടാക്കാന്‍ കഴിയൂ എന്ന് പറഞ്ഞു. ഡാന്‍സിങ്, പ്ലേയിങ്, പൂളും ഇല്ലാത്തെ തന്റെ നൈറ്റ് ക്ലബ് എങ്ങനെ പ്രവര്‍ത്തിക്കും എന്നും ചോദിച്ചു. ജനങ്ങള്‍ മിംഗിള്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. വളരെ പ്രയാസമേറിയ നാളുകളായിരിക്കും എങ്കിലും തുറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വാതില്‍ക്കല്‍ ഉപഭോക്താക്കളുടെ ടെംപറേച്ചര്‍ പരിശോധിക്കണമോ എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വലിയ ജനക്കൂട്ടം അകത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയില്ലെന്നും റാമോസ് പറഞ്ഞു.

ടെംപററി പാര്‍ക്കിങ് സൗകര്യം പരമാവധി മുതലെടുക്കുകയാണ് ഈസ്റ്റ് ഡാലസിലെ ലേക്ക് വുഡ് ലാന്‍ഡിങ് ബാറുടമ ബില്‍ റോസല്‍. കൂടുതല്‍ മേശകള്‍ ങ്‌നിരത്തി 50% കപ്പാസിറ്റി സൃഷ്ടിച്ചു റോസല്‍. കഴിഞ്ഞ രണ്ടു മാസമായി നല്‍കാനാവാതെ കിടക്കുന്ന ധാരാളം ബില്ലുകളുണ്ട്. രണ്ട് പാര്‍ക്കിംഗ് ലോട്ടുകള്‍ മാത്രം സ്വന്തമായുള്ള ബാറിന് താല്‍ക്കാലിക പാര്‍ക്കിങ് സ്ഥലം ലഭിച്ചത് ഒരു അനുഗ്രഹമാണ്, റോസല്‍ പറഞ്ഞു.

ബിസിനസ് ഉടമകള്‍ക്ക് താല്‍ക്കാലിക പാര്‍ക്കിങ് ലോട്ട് പെര്‍മിറ്റുകള്‍ സിറ്റി ഓഫ് ഡാലസ് നല്‍കാറുണ്ട്. ഇതുമൂലം അഡീഷനല്‍ സീറ്റിംഗ് സൈഡ് വാക്കിലോ തെരുവിലോ ആരംഭിക്കുവാന്‍ അനുവാദം ലഭിക്കുന്നു. ഇവിടെ വലിയ ട്രാഫിക്ക് ഇല്ലാത്തതിനാല്‍ ഈ സാകര്യം ഉപയോഗിക്കാം എന്നാല്‍ മറ്റു പ്രദേശങ്ങളില്‍ ഇത് സാധ്യമല്ല. ടെംപററി പെര്‍മിറ്റുകള്‍ക്ക് സിറ്റി 800 ഡോളര്‍ ചാര്‍ജ് ചെയ്യുന്നുണ്ട്.
എല്ലാ ബാറുടമകളും ജീവനക്കാര്‍ നിര്‍ബന്ധമായും ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിക്കണമെന്ന് പറയുന്നു. ചില ഉപഭോക്താക്കള്‍ ബാര്‍ ടെന്‍ഡറുമായി സംസാരിക്കുവാന്‍ മാത്രമായി വരാറുണ്ട്. അവരും സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്, മറ്റൊരു ബാറുടമ മെരി ഡാല്‍ കെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക