Image

മദ്യവിതരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്പ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങള്‍ :രമേശ് ചെന്നിത്തല

Published on 23 May, 2020
മദ്യവിതരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്പ്  രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങള്‍ :രമേശ് ചെന്നിത്തല
തിരുവനന്തപുരം: വെബ്‌കോയില്‍ മദ്യവിതരണത്തിനായി പ്രത്യേക മൊബൈല്‍ ആപ്പിന്റെ രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷനതോവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങള്‍ക്ക്  ശരിയായ രീതിയിലുള്ള വിശദീകരണം ഗവണ്‍മെന്റ് ഇതുവരെ നല്‍കിയിട്ടില്ല.

പത്തു ലക്ഷം രൂപ പോലും ചെലവു വരാത്ത ഒരു ആപ്പിനെ സംബന്ധിച്ചാണ് വന്‍തോതില്‍ വിവാദം ഉണ്ടായിരിക്കുന്നത്. ഇത് സര്‍ക്കാര്‍ ഏജന്‍സികളായ ഐ.ടി.മിഷനോ സി.ഡിറ്റിനോ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായിരുന്നു.  സര്‍ക്കാര്‍ സംവിധാനങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോട് അടുത്ത ബന്ധമുള്ള ഒരു സഹയാത്രികന്റെ കമ്പനിക്ക് ഈ മൊബൈല്‍ ആപ്പ് ഉണ്ടാക്കാനുള്ള അനുവാദം കൊടുക്കുക വഴി വലിയ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡിന്റെ മറവില്‍ മറ്റൊരു അഴിമതിയ്ക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍.

മദ്യം വാങ്ങുന്നതിനുള്ള ഓരോ ടോക്കണും 50 പൈസ വരെ ഈ കമ്പനിക്ക് ലഭിക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.  അങ്ങനെയാണെങ്കില്‍ അതിന്റെ അര്‍ത്ഥം യാതൊരു ചെലവുമില്ലാത്ത ഈ കമ്പനിക്ക്  പ്രതിമാസം 3 കോടി രൂപ വരെ കിട്ടുമെന്നാണ്. ബെവ്കോയുടെ ഔട്ട്ലെറ്റുകളുടെ ക്രിമീകണത്തിനുവേണ്ടി ഇത്തരം ഒരു സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട എന്ത് ആവശ്യമാണ് ഉള്ളത്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നുകൊണ്ട് ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്തുവാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുന്നത അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ ഒരു നടപടിയാണ്.

ഇക്കാര്യം ഗവണ്‍മെന്റ് ഗൗരവമായി അന്വേഷിക്കണം. ഇത് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രി ടി.പി.രാമകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ട്. എങ്ങനെയാണ് ഈ കമ്പനിയെ തിരഞ്ഞെടുത്തത്?  ഈ കമ്പനി തിരഞ്ഞെടുത്തത് എന്തെങ്കിലും മുന്‍കാല പരിചയത്തിന്റെ അടിസ്ഥാനത്തിലാണോ? ഞങ്ങള്‍ മനസ്സിലാക്കിയടുത്തോളം ഒരു മുന്‍കാല പരിചയവുമില്ലാത്ത സി.പി.എമ്മിന്റെ  സൈബര്‍ സഹയാത്രികനായ ഒരു വ്യക്തിക്കാണ് ഇത് നല്‍കിയിട്ടുള്ളത് എന്നാണ്.   ഇത് കോവിഡിന്റെ മറവില്‍ നടക്കുന്ന ഒരു വലിയ അഴിമതി തന്നെയാണ്.  ഈ പ്രത്യേക കമ്പനിക്ക് തന്നെ ടെണ്ടര്‍ നല്‍കുന്നതില്‍ താത്പര്യം എന്താണ്. ഇത് ഒരു വഴിവിട്ട ഇടപാടാണെന്ന് ജനം സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക