രണ്ടരമാസത്തോളമായി ജോര്‍ദാനില്‍ കുടുങ്ങി കിടക്കുകയായിരുന്ന ആടുജീവിതം സംഘം വെള്ളിയാഴ്ചയാണ് നാട്ടില്‍ തിരിച്ചെത്തിയത്. നടന്.
പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ജോര്‍ദാനില്‍ നിന്നു മടങ്ങിയെത്തിയ പൃഥ്വി എയര്‍പോര്‍ട്ടില്‍ നിന്നും നേരെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ഒരുക്കിയ ക്വാറന്റീന് കേന്ദ്രത്തിലേക്കാണ് പോയത്.
അവിടുത്തെ മുറിയില്‍ സുഹൃത്ത് അദ്ദേഹത്തിനായി ഒരുക്കിയ ചെറിയ ജിമ്മിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടന്. 'ആരോഗ്യം തിരിച്ചുപിടിക്കാനും പഴയ രൂപത്തിലേക്ക് തിരിച്ചു വരാനും മനസില്‍ ആഗ്രഹിക്കുമ്പോഴേക്കും ക്വാറന്റീന് മുറിയില്‍ ചെറിയൊരു ജിം തന്നെ ഒരുങ്ങി', എന്നാണ് മുറിയുടെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്.
ആടുജീവിതത്തിനായി ഡയറ്റും മറ്റും ചെയ്ത് ശരീരം ക്ഷീണിപ്പിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് ഇപ്പോള്‍ പൃഥ്വി. പുതിയ ലുക്കിനായി കാത്തിരിക്കുന്നു, പൃഥ്വി സ്റ്റൈല്‍ 2020 ലോഡിങ് എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള ആരാധകരുടെ കമ്മന്റുകള്‍