Image

നീലച്ചിറകുള്ള മൂക്കുത്തികൾ - 14 - സന റബ്സ്

Published on 24 May, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ - 14 - സന റബ്സ്


    വൈകുന്നേരം വരെ ദാസ്‌  തന്‍റെ ക്യാബിനില്‍ നിന്നും പുറത്തേക്കിറങ്ങിയില്ല. ആരെയും ഉള്ളിലേക്ക് വരാന്‍ സമ്മതിച്ചതുമില്ല.

 ഭൂലോകം മുഴുവനും കറങ്ങി ചിന്തകള്‍  മേശയ്ക്കപ്പുറം അയാള്‍ക്കഭിമുഖമായി ത്തന്നെയിരുന്ന് അയാളെ നോക്കി.   താനെന്തുകൊണ്ടിത് ചിന്തിച്ചില്ല? ഛെ.... ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഹരിലാല്‍ മെഹ്റാ ഒരിക്കലും തന്നോടിത്‌ സൂചിപ്പിച്ചത്പോലുമില്ല എന്നതാണ് കൂടുതല്‍ ആശ്ചര്യം.  തനൂജ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമായിരുന്നോ ഇതെല്ലം?

പലപ്പോഴും ഒന്ന് രണ്ട് പെഗില്‍നിന്നും കൂടുതലായി മുന്നേറാത്ത ഒരു ശീലം അയാള്‍  വളര്‍ത്തിയെടുത്തിരുന്നു. ഇപ്പോള്‍ ദാസിന്‍റെ മുന്നിലെ സ്കോച് വിസ്കി ബോട്ടിലുകള്‍  നിമിഷംകൊണ്ട് കാലിയായിക്കൊണ്ടിരുന്നു. അതും അയാളുടെ ഓഫീസ് മുറിയില്‍ വെച്ച്.

ഏതോ തീരുമാനങ്ങളില്‍ അയാളുടെ കവിള്‍ത്തടം തുടിച്ചു. ദാസ്‌  ഫോണെടുത്തു മാനേജറെ വിളിച്ചു. പൂനെ ബിസിനസ്സില്‍ താല്പര്യം അറിയിച്ചിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്  അവരെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചു.  മെഹ്റാ പിന്മാറിയത് ബിസിനസ് ലോകം മുഴുവനും അറിഞ്ഞിട്ടുണ്ടാകും എന്നത് ഉറപ്പായിരുന്നു. കുറച്ച് കഴിഞ്ഞ് അയാളുടെ മാനേജര്‍ അയാളെ തിരികെ വിളിച്ചു. “സാബ്, അപ്പോയിന്റ്മെന്റ്റ് ഫിക്സ് ചെയ്യാന്‍ മൂന്ന് കമ്പനികള്‍ തയ്യാറായിട്ടുണ്ട്. സമയം എപ്പോഴാണ് പറയേണ്ടത്?”

“ഓക്കേ, ആര്‍ക്കാണ് ഫസ്റ്റ് പ്രിഫറന്‍സ്? മുന്പ് നമ്മളോട് ഡീല്‍ ചെയതവരുണ്ടോ അതില്‍?”

“ഉണ്ട് സാബ്, പക്ഷെ ഇപ്പോള്‍ എടുത്തത്‌ അതല്ല. നമ്മുടെ ബിസിനസുമായി നേരിട്ട് ബന്ധമില്ലെങ്കിലും  നമ്മളില്‍ നിന്ന് പ്രോഡക്റ്റ് വാങ്ങുന്ന നീറ്റ ഡയമണ്ട് ഗ്രൂപ്പ് ആണ് ഇപ്പോള്‍ റെഡിയായിട്ടുള്ളത്. അവര്‍ എപ്പോഴും നമ്മളോട് ബിസിനസ് ചോദിക്കാറുണ്ടല്ലോ.”

“ശരി, മീറ്റിംഗ് ഫിക്സ് ചെയ്യൂ.... ഇന്ന് തന്നെ ആയാല്‍ നല്ലത്.”

“സാബ്..... അവര്‍ പറഞ്ഞത്....” മാനേജര്‍ ഒന്ന് നിറുത്തി.

“ശരി, എന്താണ്? ടെല്‍ മി.” ദാസ്‌ അക്ഷമനായി.

“സാബ്, അവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ വരാം എന്നാണ് പറഞ്ഞത്. സാബ് റെഡിയാണെങ്കില്‍ ഇപ്പോള്‍....”

“ഇപ്പോള്‍?” ദാസിന്  നേരിയ അത്ഭുതം തോന്നി.

“യെസ് സാബ്, ഇപ്പോള്‍....”

“ഓക്കേ, എങ്കില്‍  അരമണിക്കൂറിനകം ഞാന്‍ വരാം, അതിനുമുന്‍പ്‌ ആരാണ് സംസാരിക്കുന്നതെന്നും  അവരുടെ ബിസിനസ് ഔട്ട്‌ലൈനും എനിക്ക് കിട്ടിയിരിക്കണം. സീ യൂ സൂണ്‍....” അയാള്‍ ഫോണ്‍ വെച്ചു എഴുന്നേറ്റു.

നടന്നപ്പോള്‍ അയാള്‍ വേച്ചുപോയി.  വാഷ്‌റൂമിലെ കണ്ണാടിയില്‍ തന്‍റെ കണ്ണുകളിലെ രോഷവും മദ്യത്തിന്റെ ചുവപ്പും അയാള്‍ കണ്ടു. ഒരു കണക്കിന്  കമ്പനിയുമായുള്ള ആദ്യ കൂടിക്കാഴ്ച ഈ അവസ്ഥയില്‍ വീഡിയോയില്‍ തന്നെയാണ് നല്ലത്. അത്രമാത്രം കുടിച്ചിരിക്കുന്നു.

വസ്ത്രം മാറുമ്പോഴും അയാളുടെ ചെവിയില്‍ ആ വാക്കുകള്‍ മുഴങ്ങി. “ഒരു പേര് മാറ്റേണ്ട വിഷയമേയുള്ളൂ റായ്, തനൂജാതിവാരി എന്ന പേര് ഒന്ന് മാറ്റുകയേ വേണ്ടൂ....”

അതേ. പേരാണ് വിഷയം. താരാ ഡയമണ്ട് ഗ്രൂപ്പിന്‍റെ പേരുതന്നെയാണ് വിഷയം. ആ പേരിന്റെ പ്രഭ മങ്ങിപ്പോകുമെന്ന്  ധരിച്ച നീയാണ് വിഡ്ഢി.  റായ് വിദേതന് നീ നല്‍കിയ വില വെറുമൊരു കൊച്ച് വജ്രത്തിന്റെതായിപ്പോയി. സാരമില്ല.  നമുക്ക് കാണാം...

കോണ്‍ഫറന്‍സ് ഹാളിലേക്ക് ദാസ്‌ എത്തും മുന്നേ എല്ലാ സ്റ്റാഫുകളും എത്തിയിരുന്നു.

“നമ്മുടെ ഈ ഡീലിംഗ് അല്പം വൈകി എന്ന് നിങ്ങള്‍ക്കറിയാം. അതുപോലെ ഒരു കരാര്‍ ലംഘിക്കപ്പെട്ട് വേറൊന്നിലേക്കു കടക്കുമ്പോള്‍ വിലപേശല്‍ വരാം. അതെക്കുറിച്ച് ഞാന്‍ എടുത്തു പറയുന്നത് ഈ  അനുഭവം ആദ്യമായതിനാലാണ്. എല്ലാവരും തയ്യാറല്ലെ?” അയാള്‍ എല്ലാവരെയും നോക്കി. “നിങ്ങളുടെ സാമര്‍ത്ഥ്യം ഇവിടെ കാണണം ഇപ്പോള്‍.” അയാള്‍ തന്‍റെ ചെയറില്‍ അമര്‍ന്നു.

  വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങിയപ്പോള്‍ മാനേജര്‍ ആണ് സംസാരം തുടങ്ങിയത്.  നീറ്റ ചെയര്‍മാന്‍ ഋഷി ഭട്ട്നാഗറുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞു. കമ്പനിയുടെ  എംബ്ലം അയാളിരുന്ന ചെയറിന് മുകളിലെ ചില്ലുഭിത്തിയില്‍ തെളിഞ്ഞുകാണാമായിരുന്നു.  സര്‍പ്പത്തിന്റെ ശിരസ്സിലെ തിളങ്ങുന്ന വജ്രപ്രഭ ദാസ് വീക്ഷിച്ചുകൊണ്ടിരുന്നു.

“ഞങ്ങളുടെ സാബ് നിങ്ങളുമായി സംസാരിക്കും.” മാനേജര്‍ പറഞ്ഞിട്ട് ദാസിനെ നോക്കി. ദാസ് വീഡിയോയിലേക്ക് തിരിഞ്ഞിരുന്നു.

“ഹായ്, മിസ്റര്‍ ഋഷി ഭട്ട്നാഗര്‍, തയ്യാറാണെങ്കില്‍ നമുക്ക് ഉറപ്പിക്കാം. അല്ലെ ?”

“യെസ്, പേപ്പറുകള്‍ നേരിട്ട് സൈന്‍ ചെയ്യുകയല്ലേ.” ഭട്ട്നാഗര്‍ ചോദിച്ചു.

“വേണമെന്നില്ല. പേപ്പേഴ്സ് കൊടുത്തുവിട്ടാലും മതി. നമ്മുടെ മാനെജേര്‍മാര്‍ അതെല്ലാം ശരിയാക്കുമല്ലോ.”

“മിസ്റ്റര്‍  റായ്,  നമ്മുടെ ആദ്യത്തെ  വര്‍ക്ക്‌ ആയതിനാല്‍ നേരിട്ടായിരിക്കും നല്ലത്. നിങ്ങള്‍ ഡല്‍ഹിയില്‍ ഇപ്പോഴുണ്ടല്ലോ. നാളെ കാണാം. ഫസ്റ്റ് ഈസ്‌ ബെസ്റ്റ് എന്നല്ലേ?”

“ഓക്കേ, ഷുവര്‍. നാളെ കാണാം.” ദാസ്‌ ഒന്ന് പുഞ്ചിരിച്ചു.

“ ബൈ ദി ബൈ.....” എന്തോ ഓര്‍ത്തെന്നപോലെ ദാസ്‌, ഭട്ട്നാഗര്റുടെ നേരെ  തിരിഞ്ഞു. “ആരാണ് നിങ്ങളുടെ പരസ്യങ്ങള്‍ ചെയ്യാറുള്ളത്?”

“പരസ്യം നീറ്റയുടെ മെംബേര്‍സ് തന്നെ. ഞങ്ങള്‍ ഈയിടെയായി പുറത്ത് കൊടുക്കാറില്ല. താരാ ഗ്രൂപ്പിന്റെ ലേറ്റസ്റ്റ് മോഡല്‍ മിലാന്‍ പ്രണോതിയല്ലേ.” ഋഷി ഭട്ട്നാഗര്‍ ആരാഞ്ഞു.

“അതേ, ഓക്കെ, ലെറ്റ്‌സ് സീ.... ബൈ....” ഒന്നുകൂടി പരസ്പരം വിഷ് ചെയ്ത്‌ അയാള്‍ കാള്‍ ഓഫ് ചെയ്തു.

തിരിഞ്ഞ് അയാള്‍ തന്‍റെ ടീമിനോടായി പറഞ്ഞു. “നീറ്റയുടെ ഇതുവരെയുള്ള എല്ലാ ആഡുകളും നോക്കണം. ആരൊക്കെ ഓരോന്നിലും എന്നറിയണം. നടീനടന്മാരോ മോഡലുകളോ എന്നല്ല, സാധാരണക്കാര്‍ പോലുമുണ്ടെങ്കില്‍ ഡീറ്റയില്‍സ് എടുക്കണം. ഫാസ്റ്റ്.... ബി ക്വിക്ക്!”

“മറ്റൊന്ന് കൂടി...” അയാള്‍ പറഞ്ഞത് കേട്ട് പോകാനായി തിരിഞ്ഞ സ്റ്റാഫുകള്‍ നിന്നു. “നീറ്റയുടെ ബിസിനസ് പാര്‍ട്ട്നേഴ്സ് ഇതുവരെ ആരെന്നറിയണം. അവരുടെ  ബിസിനസ് ഗ്രാഫും വേണം. നമ്മുടെ ഐപിഎല്ലില്‍ മുന്നൂറു കോടിക്ക് മേലെ ഷെയര്‍ നല്കിയിരിക്കുന്നവര്‍ ആരെന്നും നോക്കണം. തനൂജയുടെ ഷെയര്‍ കൃത്യമായി എത്രയെന്ന് നോക്കി അവര്‍ ഇപ്പോള്‍ കമിറ്റ്  ചെയ്തിരിക്കുന്ന എല്ലാ വര്‍ക്കുകളുടെയും വിശദവിവരങ്ങളും എനിക്ക് വേണം. എത്രയെല്ലാം കോടികള്‍ ഓരോന്നിലുമുണ്ടെന്നും.”

“ഷുവര്‍ സാബ്. ഉടനെ എത്തിക്കാം.”

ദാസ്‌ വീണ്ടും തന്‍റെ സീറ്റിലേക്കിരുന്നു. മദ്യപിക്കണമെന്ന് അയാള്‍ക്ക്‌ വീണ്ടും തോന്നി. എഴുന്നേല്‍ക്കാന്‍ ആഞ്ഞപ്പോള്‍ അനുവാദം ചോദിച്ചുകൊണ്ട്  സെക്രട്ടറി നാരായണസാമി അകത്തേക്ക് വന്നു.

“സാബ്, മറ്റെന്നാള്‍ ആണ് യുഎസ് യാത്ര. തനൂജ മേഡം മെയില്‍  അയച്ചിരുന്നു. ഫ്ല്യ്റ്റ് ടിക്കറ്റും  പിന്നെ മറ്റു കാര്യങ്ങളും.”

“ഉം....”

“മീറ്റിങ്ങിലെ എല്ലാവര്‍ക്കും അവര്‍തന്നെയാണ് ഹോട്ടലില്‍ മുറികള്‍  അറേഞ്ച് ചെയ്തിരിക്കുന്നത്. സാബും മേഡവും ഒരേ ഹോട്ടലില്‍ ആണ്.

“ഉം... പ്രോഗ്രാം എന്തൊക്കെ “

“തിങ്കളാഴ്ചയിലെ  മീറ്റിംഗ്  പന്ത്രണ്ട്മണി വരെയാണ്. പിന്നീട്  രണ്ട്മണിക്ക്  ടീം അംഗങ്ങളെ മീറ്റ്‌ ചെയ്യുന്നു. അഞ്ച് മണിയോടെ അവിടെന്ന് ലോസ് ആന്ജല്‍സിലേക്ക്. പിറ്റേന്ന് അവിടെയാണ് മീറ്റിംഗ്. അത് ലഞ്ച്ബ്രേക്കോടെ കഴിയും.  അന്നൊരു കോണ്‍ഫറന്‍സ് കൂടിയുണ്ട്.  ശേഷം ഫ്രീയാണ്.  ഒരു ദിവസം കഴിഞ്ഞാണ് മറ്റുള്ള ഒഫിഷ്യല്‍ പരിപാടികള്‍.”

“ഉം...” വീണ്ടും ആ കനത്ത മൂളല്‍.

“പിന്നെ...സാബ്.....” നാരായണസാമി  നിറുത്തിയത് കണ്ട് ദാസ് തന്‍റെ കസേരയോടെ തിരിഞ്ഞ്‌ അയാളുടെ തൊട്ടരികിലെത്തി.

“ഉം..?”

“സാബ്.... ലോസ് ആന്ജല്‍സിലെ കോംപ്ട്ടന്‍വുഡ് എയര്‍പോര്‍ട്ടില്‍ നിന്നും അന്ന് വൈകീട്ട് ആറുമണിക്ക് ഒരു ഹെലികോപ്റ്റര്‍ റൈഡ്‌ ബുക്ക്‌ ചെയ്തിട്ടുണ്ട്. സാബ് വിത്ത് തനൂജാമേഡം.” തന്‍റെ തൊട്ടടുത്തെത്തിയ ആ കണ്ണുകളിലേക്കു അല്പം പതര്‍ച്ചയോടെ നോക്കിക്കൊണ്ട്‌ സാമി പൂര്‍ത്തിയാക്കി.

ദാസ്‌ കാലൊന്ന് പിന്നോട്ടമര്‍ത്തി  ചെയറോടെ ഒഴുകി തന്റെ സ്ഥാനത്ത് ചെന്നിരുന്നു. എന്നിട്ട്  സാമിയെ കൈകാട്ടി വിളിച്ചു.

“ദാ... ആ ഷെല്‍ഫ് തുറക്കൂ...”  ചൂണ്ടികാട്ടിയശേഷം   ദാസ്‌ ഷെല്‍ഫിന്റെ കീ സ്വാമിയുടെ  നേരെ എറിഞ്ഞുകൊടുത്തു.  തന്‍റെ  കൈയ്യില്‍ ഈ അലമാരയുടെ ചാവിയുണ്ടല്ലോ എന്ന് നാരായണസാമി  ഒരുനിമിഷം ഓര്‍ക്കാതിരുന്നില്ല. ചുവരിലെ ആ ഷെല്‍ഫിനുള്ളിലെ മറ്റൊരു അറയുള്ളത് അയാള്‍  അപ്പോഴായിരുന്നു കണ്ടത്.

 കരീബിയന്‍ കാസ്കിന്‍റെ ബോട്ടിലുകളില്‍ തണുപ്പ് പൊടിഞ്ഞു നില്‍ക്കുന്നു! ഇതിനുള്ളില്‍ ശീതീകരണ ചേംബര്‍ ഉണ്ടായിരുന്നോ? ഇരുപത് വര്‍ഷമായി താന്‍ ദാസിന്‍റെകൂടെ നടക്കുന്നു. എന്നിട്ടും രഹസ്യങ്ങള്‍ ഇതുപോലെ ചൂണ്ടിക്കാട്ടിതന്നാല്‍ മാത്രമേ താന്‍  അറിയുന്നുള്ളൂ. ആരും അറിയുന്നുള്ളൂ!

ബോട്ടില്‍ പുറത്തെടുക്കുമ്പോള്‍ സാമിയുടെ കൈ വിറച്ചു. സൂക്ഷിച്ച്....താഴെ വീണാല്‍ താന്‍ ജീവിതകാലം മുഴവനും പണിയെടുത്താലും ഇതിന്‍റെ വിലയായെന്ന് വരില്ല..

 ദാസ്‌ എഴുന്നേറ്റുവന്ന് ബോട്ടില്‍ അയാളുടെ കൈയില്‍നിന്നും  വാങ്ങി.  ഒരു കവിള്‍ കുടിച്ചിറക്കി അയാള്‍ സാമിയെ നോക്കി. തിരിഞ്ഞു നടക്കാനൊരുങ്ങിയ  നാരായണസാമിയോട് അയാള്‍ പറഞ്ഞു. “ഈ രാത്രിക്ക് ഇതിന്‍റെ ചൂട് മാത്രം പോരാ.. ഞാന്‍ വീട്ടിലേക്ക്   പോകുന്നു. അങ്ങോട്ട്‌ വരണം. ഒറ്റയ്ക്കല്ല വരേണ്ടത്.”

അല്‍പനേരം അയാള്‍ ദാസിനെതന്നെ നോക്കിനിന്നു. ദാസിന്‍റെ ചുവന്ന നോട്ടം അയാളില്‍ തറഞ്ഞുനിന്നു. “ഉം? പറഞ്ഞത് മനസ്സിലായില്ലേ?”

“സാബ്... പ്രണോതിമേം വിളിച്ചിരുന്നു. തിരികെ വിളിക്കാന്‍ പറഞ്ഞു.”

“താനിപ്പോള്‍ ഞാന്‍ പറഞ്ഞത് ചെയ്യ്‌. തനിക്ക് ഒരു മണിക്കൂര്‍ സമയമുണ്ട് മുന്നില്‍.”

തലകുലുക്കികൊണ്ട് നാരയണസാമി  പുറത്തേക്കിറങ്ങി. ദാസ് ഒരു കാര്യം തീരുമാനിച്ചാല്‍ പുറകോട്ടില്ല എന്നയാള്‍ക്ക് ഇത്രയും വര്‍ഷങ്ങള്‍ക്കൊണ്ടറിയാം.

ഏകദേശം മുക്കാല്‍മണിക്കൂര്‍ കഴിഞ്ഞ് നാരായണ സാമിയുടെ കാര്‍ റായ് വിദേതന്റെ  ബംഗ്ലാവിന്‍റെ മുറ്റത്തേക്ക് ഒഴുകിയെത്തി. ഉത്തരേന്ത്യയിലെ  വിലകൂടിയൊരു താരസുന്ദരി റായ് വിദേതന്റെ പ്രണയം പൂക്കുന്ന കണ്ണുകളില്‍ ചാടി നീന്താന്‍ ഒരുങ്ങിക്കൊണ്ട് ആ കാറില്‍നിന്നിറങ്ങി അയാളുടെ മുറിയിലേക്ക് കയറിപ്പോയി.

ദാസ്‌ വസ്ത്രം പോലും മാറാതെയാണ് കയറിക്കിടന്നത്. തന്‍റെ നെറ്റിയില്‍  തഴുകുന്ന ഇളംചൂടുള്ള വിരലുകളിലേക്ക് അയാള്‍ മിഴികള്‍ തുറന്നു.  മുന്‍പൊരിക്കല്‍ തന്‍റെ സ്വകാര്യതയില്‍ കൂടെയുണ്ടായിരുന്ന ആ മോഡലിനെ മദ്യലഹരിയിലും അയാള്‍ തിരിച്ചറിഞ്ഞു. പക്ഷെ അവളുടെ പേര് അയാള്‍ മറന്നുപോയിരുന്നു.

“എന്താ നിനക്കിപ്പോള്‍ സിനിമയൊന്നും ഇല്ലേ?”  അടഞ്ഞുകൊണ്ടിരുന്ന കണ്ണുകള്‍ വലിച്ചുതുറന്ന് അസ്പഷ്ടമായി അയാള്‍ ചോദിച്ചു.

“ഉണ്ടല്ലോ.... എന്താ എന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പ്ലാനുണ്ടോ..” വശ്യമായി ചിരിച്ചുകൊണ്ട് അവള്‍ അയാളുടെ മുഖത്തേക്ക് കുനിഞ്ഞു.

“ഉം....  പിന്നെന്താ നീയിവിടെ കറങ്ങി നടക്കുന്നത്....”

 “അതോ... റായ് വിളിക്കുമ്പോള്‍ എങ്ങനെയാണ് വരാതിരിക്കുന്നത്?”

“ഞാന്‍ നിന്നെ വേണമെന്ന് പറഞ്ഞോ..? ഉം...?” അയാള്‍ ചോദിച്ചുകൊണ്ട് അവളെ വലിച്ചു നെഞ്ചിലേക്കിട്ടു.

“ശരി , എന്നാല്‍ ശരി.... ഇഷ  പോയേക്കാം… ” അവള്‍ കൊഞ്ചിക്കൊണ്ട് എഴുന്നേല്‍ക്കാന്‍ ഭാവിച്ചു.

“നോ ബേബി, ഇനി ഞാന്‍ പറയാതെ നിനക്ക് പോകാനാകില്ല...”  ഇഷ എന്ന പേര് അയാള്‍ പതുക്കെ ഉരുവിട്ടു. അമര്‍ന്ന വാക്കുകള്‍ക്കപ്പുറത്തു  അയാളുടെ ആലിംഗനം മുറുകിമുറുകിവന്നു.    

“റായ്.....  റായ് വിവാഹം കഴിക്കാന് പോകുവല്ലേ...”     

“ഉം....”

“മിലാനെയല്ലേ.....  മിലാന്‍ പ്രണോതിയെ....”

“ഉം.....”       

“സുന്ദരിയാണോ....” വീണ്ടുമവളുടെ സ്വരം അയാളുടെ കാതിനരികില്‍ മൂളി.

“യെസ്.... യെസ്....”  

“അപ്പോള്‍ ഞാനോ.... ഇഷയേക്കാള്‍ സുന്ദരിയാണോ?”

“നീയും....” അവളെ ചേര്‍ത്തുപിടിച്ചു  കിടക്കയില്‍ ഉരുണ്ടുകൊണ്ട് അയാളവളുടെ മുകളിലേക്ക് ഉയര്‍ന്നു വന്നു. ചുണ്ടിലേക്ക് ചുണ്ടുകൾ ചേർന്നു. 

“എങ്കില്‍ നമുക്ക് വിവാഹം കഴിച്ചാലോ ..?” ദാസിന്‍റെ മുഖം കൈകളില്‍ എടുത്തായിരുന്നു അവള്‍ ചോദിച്ചത്.

ദാസ്‌ ഒരു നിമിഷം നിശ്ചലനായി. അവള്‍ വീണ്ടുമയാളുടെ കണ്ണുകളിലേക്ക് മുഖമുയര്‍ത്തി. ഒരു നിമിഷം! മിലാന്‍റെ മുഖം അയാളുടെ മുന്നില്‍ മിന്നിമാഞ്ഞുപോയി. അയാള്‍ വീണ്ടും നോക്കി. അതേ, മിലാന്‍....  ഒരു വിഭ്രമത്തില്‍ അയാള്‍ പകച്ചു. മിലാന്‍ ചിരിക്കുന്നു. അതോ ഇഷയോ...? ആരാണ് തന്നെ ചുറ്റി വരിയുന്നത്...? ആരാണ് തന്നരികില്‍....? ആരാണ് തന്നെ ചുംബിക്കുന്നത്...?

ഇഷയെ തള്ളിമാറ്റികൊണ്ട് റായ് വിദേതന്‍ ദാസ്‌  ചാടിയെഴുന്നേറ്റു. ഒരുനിമിഷം കൊണ്ടയാളുടെ തലയില്‍നിന്നും ലഹരിയിറങ്ങി.

ബെഡ്ഡില്‍ നിന്നും ആ പെണ്‍കുട്ടിയും എഴുന്നേറ്റിരുന്നു.”എന്ത് പറ്റി..?” അവള്‍ ചോദിച്ചു.

അയാള്‍ക്ക് ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. നിലത്ത് വീണുകിടന്ന തലയിണയും കുഷ്യനും അയാള്‍ തൊഴിച്ചെറിഞ്ഞു.

“റായ്.....”

“നോ... നോ...” അയാള്‍ തല കുടഞ്ഞു. “യു കാന്‍  ഗോ നൌ....”  മുരളുന്ന  ഗര്‍ജ്ജനം പോലെയായിരുന്നു ദാസിന്‍റെ ശബ്ദം. അയാള്‍ വാതിലിന് നേരെ വിരല്‍ ചൂണ്ടി.

“റായ്...എന്താണിത്....” ഇഷ മനസ്സിലാകാതെ അയാളെ നോക്കി. “നിങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നത്.... വാട്ടീസ് ദിസ്‌?”

“യെസ്..., ഞാന്‍ വിളിച്ചിട്ട് തന്നെയാണ് നീ വന്നത്. പക്ഷെ പ്ലീസ്...ഇപ്പോള്‍ പോകൂ... ഞാന്‍.... ഇപ്പോള്‍ നല്ല മൂഡില്‍ അല്ല. പ്ലീസ് ഇഷാ.... നീ പോകൂ...” 

“എന്താണ് കാരണമെന്നെങ്കിലും പറയൂ റാ....” അവളെ  മുഴുവനാക്കാന്‍ അനുവദിക്കാതെ പല്ലുകള്‍ ഞെരിച്ചമര്‍ത്തികൊണ്ട്  അയാള്‍ കാലുകള്‍ തറയില്‍ ആഞ്ഞു ചവിട്ടി. “നീ പോകൂ...പ്ലീസ്... പോകൂ...”

“ഓക്കേ... ഓക്കെ... പോകുകയാണ്... പ്ലീസ് ബി കാം.... പോകുന്നു....” കൈകള്‍ ഉയര്‍ത്തി അയാളോട് ശാന്തനാകാന്‍ ആൻഗ്യം കാണിച്ച് തന്‍റെ ബാഗെടുത്തു ഇഷ വാതിലിനരികിലേക്ക്‌ നടന്നു.

“സോറി... അയാം എക്സ്ട്രീമിലി സോറി ഇഷാ...” ദാസ് പിറുപിറുക്കുന്നുണ്ടായിരുന്നു.

വാതിലിനരികില്‍ ചെന്ന് അവള്‍ ഒന്നുകൂടി അയാളെ തിരിഞ്ഞുനോക്കി. പിന്നീട് ലോക്ക് തുറന്ന് പുറത്തേക്കിറങ്ങി.

 സമയമപ്പോള്‍ കഷ്ടിച്ച് പന്ത്രണ്ടാകുന്നതേയുണ്ടായിരുന്നുള്ളൂ. ഡല്‍ഹിയുടെ മുകളിലെ ആകാശത്തിന്  താഴെ സ്ട്രീറ്റ് വിളക്കുകളും കറുത്ത നിഴലുകളും മത്സരിച്ചോടികൊണ്ടിരുന്നു. കറുത്തൊരു മേഘം  ഇഴഞ്ഞുവന്നു   ആ കൂറ്റന്‍ ബംഗ്ലാവിനെ എല്ലാ വെളിച്ചങ്ങളില്‍ നിന്നും മറച്ചുകളഞ്ഞു.

കൈകള്‍ കൂട്ടിത്തിരുമ്മി കാലുകള്‍ നിലം തൊടാതെ അയാള്‍ കിടക്കയിലേക്ക് വീണു. കിടക്കാന്‍ കഴിയാതെ എഴുന്നേറ്റു വന്നു  കണ്ണില്‍ കണ്ടെതെല്ലാം ചവിട്ടിയെറിഞ്ഞു.

പരാജയം.... മനസ്സിന്‍റെ.... ശരീരത്തിന്‍റെ..... ഓരോ രോമകൂപങ്ങളില്‍ നിന്നും പൊങ്ങിയ കനത്ത പുകയില്‍ അയാള്‍ക്ക് ശ്വാസം മുട്ടി.

                                         (തുടരും
നീലച്ചിറകുള്ള മൂക്കുത്തികൾ - 14 - സന റബ്സ് നീലച്ചിറകുള്ള മൂക്കുത്തികൾ - 14 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക