Image

നവംബറിലെ തിരഞ്ഞെടുപ്പ് ട്രമ്പിന് ബാലികേറാമലയാവുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 May, 2020
നവംബറിലെ തിരഞ്ഞെടുപ്പ് ട്രമ്പിന് ബാലികേറാമലയാവുമോ? (ഏബ്രഹാം തോമസ്)
യു.എസിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് തെല്ലൊരു അഹങ്കാരത്തോടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് മൂന്ന് മാസം മുമ്പു വരെ അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പടര്‍ന്ന കോവിഡ്-19 മഹാമാരിയും മൂന്ന് കോടി 86 ലക്ഷം തൊഴില്‍ നഷ്ടവും വലിയ പ്രശ്‌നങ്ങളാണ് ട്രമ്പിന്റെ രണ്ടാമൂഴ ശ്രമങ്ങള്‍ നേരിടുന്നത്. ഇത് കഴിഞ്ഞ 9 ആഴ്ചത്തെ മാത്രം കണക്കാണ്. ടെക്‌സസ് സംസ്ഥാനത്തിന്റെ ജനസംഖ്യ ഏതാണ്ട് ഇത്രയുമാണ്. ട്രമ്പിന് വോട്ട് ചെയ്ത് വൈറ്റ് ഹൗസിലെത്തിച്ചവര്‍ ഇതിന്റെ ഇരട്ടിയാണ്.

ഇത്രയധികം സാമ്പത്തിക പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടാന്‍ ശ്രമിച്ച ഹെര്‍ബര്‍ട്ട് ഹ്യൂബറുടെ ചരിത്രം ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1932 ല്‍ തൊഴിലില്ലായ്മ 25.5% ആയിരുന്നു. തിരഞ്ഞെടുപ്പിള്‍ ഫ്രാങ്ക്‌ളിന്‍ റൂസ് വെല്‍റ്റ് വിജയിച്ചു. അന്നത്തെ വലിയ മാന്ദ്യത്തിന് കാരണക്കാരന്‍ ഹ്യൂബര്‍ ആയിരുന്നില്ല. കോവിഡ്-19 മഹാമാരിക്കും ട്രമ്പല്ല കാരണക്കാരന്‍. എന്നാല്‍ വോട്ടര്‍മാര്‍ മോശമായ സാമ്പത്തികാവസ്ഥയില്‍ പ്രസിഡന്റുമാരെയാണ് പഴിക്കുക. ഇതായിരിക്കാം ലോക്കൗട്ട് പിന്‍വലിക്കാന്‍ സംസ്ഥാനങ്ങളുടെ മേല്‍ സമ്മര്‍ദ്ദം  ചെലുത്താന്‍ ട്രമ്പിനെ പ്രേരിപ്പിച്ചത്. വൈറസ് പടര്‍ത്താന്‍ ശ്രമിച്ചതിന് ചൈനയ്ക്ക് നേരെ വിരല്‍ ചൂണ്ടിയതും മാസ്‌ക്കുകളുടെയും വെന്റിലേറ്ററുകളുടെയും സ്റ്റോക്ക് കാലിയാക്കിയതിന് പ്രസിഡന്റ് ബരാക്ക് ഒബാമയെ പഴിചാരിയതും ഇതിനാണ്.

താന്‍ ഒരു വാര്‍ടൈം പ്രസിഡന്റാണ് എന്ന് സ്വയം വിശേഷിച്ചപ്പോള്‍ കുറെ ജനപിന്തുണ നേടിയിരുന്നു. അത് കോവിഡ്-19ന്റെ ആദ്യനാളുകള്‍. ട്രമ്പ് അധികം വൈകാതെ തിരുത്തി പറഞ്ഞു. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ എതിരാളിയായി എത്തുന്ന ട്രമ്പിന് ലഭിച്ചിരുന്ന പിന്തുണ പതുക്കെ കുറയുവാന്‍ ആരംഭിച്ചു. ഉയരുന്ന മരണസംഖ്യയും വര്‍ധിക്കുന്ന തൊഴിലില്ലായ്മയും ട്രമ്പിന്റെ ജനപ്രീതി താഴേയ്ക്ക് കുതിക്കുവാന്‍ കാരണമായി.

ട്രമ്പിന്റെ രണ്ടാമൂഴം എത്രവേഗം സമ്പദ്ഘടനയില്‍ ഒരു തിരിച്ചു വരവ് ഉണ്ടാവും എന്നതിനെ ആശ്രയിച്ചായിരിക്കും. ഇക്കാര്യത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് 2020 ന്റെ രണ്ടാംപാദത്തിന്റെ അവസാനത്തില്‍ ഇങ്ങനെ സംഭവിക്കുമെന്ന്  ട്രമ്പ് പറയുന്നു. ഇതില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ തിരുത്തുന്നു.

1992 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ജെയിംസ് കാര്‍വില്‍ പ്രചാരത്തിലാക്കിയ പരസ്യവാക്യം, 'ഇറ്റീസ് ദ എക്കോണമി, സ്റ്റുപ്പിഡ്', വോട്ടര്‍മാര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടു. അന്ന് തൊഴിലില്ലായ്മ 7.4 % ആയിരുന്നു. പ്രസിഡന്റ് എച്ച് ഡബ്ലിയൂ ബുഷാണ് ഇതിന് കാരണമെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കുകയും അദ്ദേഹത്തെ പരാജയപ്പെടുത്തുകയും ചെയ്തു( വേറെയും ചില കാരണങ്ങള്‍ ഉണ്ടായിരുന്നു.).
1980 ല്‍ തൊഴിലില്ലായമ് 7.5 % ആയിരുന്നപ്പോള്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ  പ്രചരണതന്ത്രവും ഇതേ രീതിയിലായിരുന്നു. നാല് വര്‍ഷത്തിന് മുമ്പ് നിങ്ങള്‍ ആയിരുന്ന അവസ്ഥയില്‍ നിന്ന് ഇപ്പോഴുള്ള അവസ്ഥ മെച്ചപ്പെട്ടതാണോ? റീഗന്റെ പ്രചരണ സംഘത്തിന്റെ ചോദ്യത്തിന്  അല്ല എന്ന് വോട്ടര്‍മാര്‍ വിധിയെഴുതി. റീഗന്‍ വന്‍വിജയം നേടി.

ജിഡിപി 40% വാര്‍ഷിക നിരക്കില്‍ കുറയുമെന്നാണ് ജൂണ്‍ 30ന് അവസാനിക്കുന്ന പാദത്തെ കുറിച്ചുള്ള കണക്ക് കൂട്ടല്‍. ഇത് ട്രമ്പ് ഉദ്ദേശിച്ചതിന് വിപരീതമാണ്. തൊഴിലില്ലായ്മയും ഉപഭോക്തൃ ചെലവഴിക്കലും നാണയപെരുപ്പവും തിരഞ്ഞെടുപ്പ് ഫലത്തിനെ എങ്ങനെ സ്വാധീനിക്കും  എന്ന് പ്രവചിക്കുന്നവര്‍ ഒരു  സാമ്പത്തിക അത്ഭുതം സംഭവിച്ചില്ലെങ്കില്‍ ട്രമ്പിന്റെ വിജയം അസാധ്യമാണെന്ന് പറയുന്നു. 1912 ല്‍ വില്യം ഹൊവാര്‍ഡ് ടാഫ്ട് രണ്ടാമൂഴ ശ്രമത്തില്‍ മൂന്നാം സ്ഥാനത്ത് 23% വോട്ടുകളുമായി എത്തിയത് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

മറുവശത്ത് തിരഞ്ഞെടുപ്പിനെ നേരിട്ട വാര്‍ ട്രൈം പ്രസിഡന്റുമാരെല്ലാം വിജയിച്ച ചരിത്രമുണ്ട്. ജെയിംസ് മാഡിസണ്‍-1812, ഏ്ബ്രഹാം ലിങ്കണ്‍(സിവില്‍വാര്‍കാലം)-1864, എഫ്ഡിആര്‍-രണ്ടാം ലോകമഹായുദ്ധം, ലിന്‍ഡന്‍ ജോണ്‍സണ്‍, റിച്ചാര്‍ഡ് നിക്‌സന്‍-വിയറ്റ്‌നാം യുദ്ധം, ജോര്‍ജ് ഡബ്ലിയു ബുഷ്, ബരാക്ക് ഒബാമ- ഇറാഖ്, അഫ്ഘാന്‍ യുദ്ധങ്ങള്‍ ഉദാഹരണങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക