Image

ഗള്‍ഫില്‍ നിന്നു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതിയില്ല, വഞ്ചിതരാകരുതെന്ന് കോണ്‍സുലേറ്റ്

Published on 25 May, 2020
ഗള്‍ഫില്‍ നിന്നു ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതിയില്ല,  വഞ്ചിതരാകരുതെന്ന് കോണ്‍സുലേറ്റ്
ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് നിലവില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ചില ട്രാവല്‍ ഏജന്‍സികളും വ്യക്തികളും സംഘടനകളും ചാര്‍ട്ടേഡ് വിമാനങ്ങളുടെ പേരില്‍ പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് പണം വാങ്ങുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം കെണികളില്‍ പ്രവാസികള്‍ വീഴരുതെന്ന് കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കോണ്‍സുലേറ്റ് വഴിയാണ് ഇതിനായുള്ള നടപടിക്രമങ്ങളെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലേയ്ക്ക് ചാര്‍ട്ടേര്‍!ഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ യുഎഇയിലെ ചില പ്രവാസി സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിനായി അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് കോണ്‍സുലേറ്റിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് ചില സംഘടനകളുടെ പേരിലുള്ള പോസ്റ്ററുകള്‍ സമൂഹമ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ നല്‍കിയ ഭാരവാഹികളുടെ പേരിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആരും ഫോണെടുക്കുന്നില്ലെന്ന് പരാതിയുമുണ്ട്.

എന്നാല്‍, തങ്ങളാരും ചാര്‍ട്ടേര്‍ഡ് വിമാനം ആരംഭിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും ശ്രമിക്കുന്നു എന്നേ അറിയിച്ചിട്ടുള്ളൂ എന്നും സംഘടനകളും വ്യക്തമാക്കുന്നു. ഉറപ്പില്ലാത്ത കാര്യത്തിന് എങ്ങനെയാണ് ആളുകളില്‍ നിന്ന് പണം കൈപ്പറ്റുകയെന്നാണ് ഉയരുന്ന ചോദ്യം. ഏത് സംഘടനയാണ് പണം കൈപ്പറ്റിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കണമെന്നും അഭ്യര്‍ഥിച്ചു.

വിമാനത്തില്‍ ആളുകളെ കൊണ്ടുപോയാല്‍ മാത്രം പോരാ, അവര്‍ക്ക് ക്വാറന്റീന്‍ സൗകര്യവും മറ്റും ഒരുക്കേണ്ടതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തിന് അനുമതി ലഭിക്കാനുള്ള കാലതാമസമെന്നാണ് അറിയുന്നത്. നേരത്തെ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവാസി പോഷക സംഘടനകള്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ വോട്ടര്‍മാരെ കൊണ്ടുപോയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക