Image

ഉൽപവനം: സൂസൻ പാലാത്ര

Published on 26 May, 2020
ഉൽപവനം: സൂസൻ പാലാത്ര

പുറവും നട്ടെല്ലും വല്ലാതെ വിറയ്ക്കുകയാണ്. കഴയ്ക്കുകയണോ? ഇക്കിളിപ്പെടുകയാണോ?
ആരെയും പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല, വല്ലാത്ത പ്രയാസം.

ഇപ്പോഴും ആ വണ്ടി പിന്നിലുണ്ടോ? ഉണ്ടല്ലോ?  മുമ്പിലും പിമ്പിലും കടും ചുവപ്പുനിറുള്ള വെളിച്ചം വശങ്ങളിൽ തീ മഞ്ഞ നിറം- തീയ് ആളിക്കത്തുകയാണന്നേ തോന്നൂ. അടുത്തു വരുന്തോറും ചൂടും പൊള്ളലും അനുഭവപ്പെടുന്നു. ദൈവമെ ഇത് എന്തൊരു വണ്ടിയാണ്? ആംബുലൻസ് പോലെ ചീറിപ്പാഞ്ഞു വരുന്ന പോലീസ് വാഹനം. ഡ്രൈവറെ കൂടാതെ 1, 2 പേർ കൂടിയുണ്ട്. വാഹനം ഓടിക്കുന്ന ഡ്രൈവർ ഉൾപ്പടെ എല്ലാം യന്ത്രമനുഷ്യർ.

റോബോട്ടു വാഹനം കണ്ടു് ഭയന്നിട്ടാണോ വീട്ടിലേയ്ക്കുള്ള വഴിയും മറന്നു പോയി. സ്ട്രീറ്റ് എല്ലാം ശൂന്യം. എല്ലാ കടകളും അടഞ്ഞുകിടക്കുന്നു.  ഒരൊറ്റ മനുഷ്യരെപ്പോലും കാണാനില്ല. ആരോടു വഴി ചോദിക്കും? ആരാണ് തന്നെ വീട്ടിലെത്തിക്കുക? സൂസന് ആധിയായി. 

അന്തരീക്ഷം ആകെ കറുത്തിരുണ്ടിരിക്കുന്നു. സാധാരണ സായാഹ്നമാകുമ്പോൾ ഈ സ്ട്രീറ്റിലൊക്കെ എന്തൊരു തിരക്കാണ്. ഇപ്പോൾ യാതൊരു  തിരക്കുമില്ല. അവൾ ആകാശത്തേക്കു നോക്കി. കൂടണയാൻ പോകുന്ന ഒരു പക്ഷിയെങ്കിലും കാണാൻ. ഇല്ല. ജീവനുള്ള ഒന്നിന്റെയും ഒരു അടയാളം പോലും കാണുന്നില്ല.

എന്തേ തനിയ്ക്ക് ഇന്ന് ഇങ്ങനെ തോന്നിയത്? വണ്ടിയും എടുത്ത് ഒറ്റയ്ക്ക്  ഉലകം ചുറ്റണമെന്നു തോന്നിയത്. ഭർത്താവും മക്കളും കൊച്ചുമക്കളുമായി സന്തോഷിച്ചു ജീവിക്കുകയായിരുന്നല്ലോ.
 
കൊറോണക്കാലം. സർക്കാർ ലോക്ഡൗൺ. വീട്ടിലടച്ചിരിക്കുകയാണ്, മൂക്കിൽ ശ്വാസമുള്ള  സകലമാന മനുഷ്യജീവികളും.

മൂത്ത മകളും അവളുടെ ഭർത്താവും പേരക്കുട്ടികളും ലോക്ഡൗണിന്റെ തലേന്നാണ് അവരുടെ ജോലി സ്ഥലത്തേക്ക് പോയത്. "ഞങ്ങളെക്കുറിച്ച് വിഷമിയ്ക്കരുത്. ദൈവസഹായത്താൽ ഞങ്ങൾ നന്നായി ജീവിക്കുന്നു" എന്ന് കൂടെക്കൂടെ പറഞ്ഞ് മക്കൾ ആശ്വസിപ്പിച്ചിരുന്നു.

ഇളയമോൾക്കും അപ്പനും ചോറു വിളമ്പിക്കൊടുത്തു. ഊണു കഴിഞ്ഞ് അവർ ഉച്ചമയക്കത്തിനു കിടക്കുന്നതു കണ്ടിട്ടാണ് താൻ വണ്ടിയുമെടുത്ത് പുറത്തിറങ്ങിയത്. സ്ഥലമൊക്കെ വിശാലമായി ഒന്നു കാണണം. എല്ലാം വീഡിയോയിലാക്കണം. ഉറക്കമുണരുന്ന ഭർത്താവിനെയും മകളെയും കാണിക്കണം. മൂത്തവൾക്കും അയച്ചുകൊടുക്കണം. ഗ്രൂപ്പുകളിലും ഇടണം.

ഇങ്ങോട്ടു വന്നത് ദീർഘദൂരം ആ ടണലിലൂടെ ഒറ്റയ്ക്ക് കാറോടിച്ചാണ്. അന്നേരം ഭയം ഒന്നും തോന്നിയില്ല. ഇപ്പോൾ ദേ വന്ന വഴി പോലും മറന്നു പോയി. ലോകാവസാനം പോലെ. ദൈവത്തിന് താനൊഴിച്ചുള്ള എല്ലാവരേയും ഇഷ്ടമായിരുന്നോ? ഉൽപവനം നടന്നോ? നല്ലതിനെയൊക്കെ വേർതിരിച്ചപ്പോൾ, എല്ലാവരേയും ദൈവമെ അങ്ങെടുത്തോ? ഒരു മനുഷ്യജീവിയെ കാണിച്ചു തരൂ. എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കൂ, എനിയ്ക്കെന്റ ഉണ്ണിയേട്ടനേം പിള്ളേരേം കാണണം. സൂസൻ കരച്ചിലടക്കാൻ പാടുപെട്ടു.

ഹൊ ഭാഗ്യം! ദാ ഒരു മനുഷ്യൻ പട്ടിയേയും കൊണ്ട് വരുന്നു. നേരത്തെ മക്കൾ പറഞ്ഞു് കേട്ടിട്ടുണ്ട്. അമേരിക്കയിലൊക്കെ സായാഹ്നങ്ങളിൽ പട്ടിയെയും പിടിച്ചു കൊണ്ട് ഏകാന്തതയെ ഭേദിക്കാൻ വൃദ്ധജനങ്ങൾ സവാരി നടത്തുന്നതിനെക്കുറിച്ച്. സൂസൻ വണ്ടി നിർത്തി ആദരവോടെ അദ്ദേഹത്തോട് ചോദിച്ചു: "അപ്പച്ചാ, ഈ സ്ഥലം ഏതാണ്?  എന്റെ വീടൊന്നു കാണിച്ചു തരാമോ?" എന്നിട്ട്  വീടിരിക്കുന്ന സ്ട്രീറ്റും, റോഡും, വീടും വീട്ടുനമ്പറും ഒക്കെ പറഞ്ഞു കൊടുത്തു.
"വാട്ട്" എന്ന് മാത്രം ഉച്ചരിച്ച് വൃദ്ധൻ ട്രംബ് മുഖം പിടിക്കുന്നതു പോലെ മുഖം കോട്ടിക്കാണിച്ച് പട്ടിയുമായി നീങ്ങി.
"ചുമ്മാതല്ലെടാ കെളവാ തന്നെ ആരും നോക്കാത്തത്, താനിങ്ങനെ നായെം പിടിച്ചോണ്ടലഞ്ഞു തൊലയ്"  എന്ന് പിറുപിറുത്ത് വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോഴാണ് സൂസനോർത്തത്. ഇത് കൊറോണക്കാലം. ആരെയും ശപിക്കരുത്. നല്ല സ്വഭാവത്തോടെ ജീവിയ്ക്കണം. എല്ലാവരേയും സ്നേഹിക്കണം. തനിക്കും തന്റെ വീട്ടിലും മാത്രമല്ല ലോകത്താർക്കും കോവിഡ് രോഗം വരരുത്.

പക്ഷേ ഒരു സംശയം; താനെപ്പഴാ ന്യുയോർക്കിൽ വന്നത്?
പെട്ടെന്നാണ് റോബോട്ടു വാഹനം പിന്നിൽ വന്ന് ഇടിച്ചു വീഴ്ത്താൻ തുടങ്ങിയത്. ഹൊ - ഓടി ഓടി കുഴഞ്ഞു, നടുവും പുറവും ഒരുപോലെ വിറയ്ക്കുന്നു.
 
"അമ്മേ എണീറ്റേ ഇന്നാ നാലുമണിക്കാപ്പി കുടിയ്ക്കാം. ഞാൻ നല്ല ബണ്ണ് ഉണ്ടാക്കിയിട്ടുണ്ട്, രുചിച്ചു നോക്ക് " മകൾ അനു ചിരിച്ചു കൊണ്ട് കാപ്പിയുമായി മുന്നിൽ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക