Image

കൊറോണയെ തുരത്താന്‍ വെയില്‍ കായാം

Published on 26 May, 2020
കൊറോണയെ തുരത്താന്‍ വെയില്‍ കായാം
കോവിഡ് പ്രതിരോധത്തിനായി വെയില്‍ കൊള്ളുന്നത് നല്ലതാണെന്ന് പഠന റിപ്പോര്‍ട്ടുകളുണ്ടെന്ന് ദുബായ് എമിറേറ്റ്‌സ് ന്യൂട്രീഷന്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ ഡോ. നാദാ സുഹൈര്‍ അല്‍ അദീബ്. വൈറ്റമിന്‍ ഡി കുറവുള്ളവരില്‍ കോവിഡ് രോഗത്തിന്റെ തീവ്രത കൂടുതലാണെന്ന് ബ്രിട്ടനില്‍ നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡോ. നാദാ ചൂണ്ടിക്കാട്ടി.വൈറ്റമിന്‍ ഡി കുറഞ്ഞവരില്‍ കോവിഡ് മരണനിരക്ക് കൂടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

വടക്കന്‍ യൂറോപ്പിനെക്കാള്‍ കുറഞ്ഞ തോതില്‍ വൈറ്റമിന്‍ ഡി ശരീരത്തുള്ളവരാണ് ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഉള്ളവരെന്നും അതുകൊണ്ടാണ് അവര്‍ക്കിടയില്‍ മരണനിരക്ക് ഏറിയതെന്നും ആംഗ്ലിയ റസ്കിന്‍ യൂനിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ടിലുണ്ടെന്നും ഡോ.നാദാ ചൂണ്ടിക്കാട്ടി. അമേരിക്കയിലുള്ള 40% പേര്‍ക്കും വൈറ്റമിന്‍ ഡിയുടെ കുറവുണ്ട്.90% വൈറ്റമിന്‍ ഡിയും സൂര്യപ്രകാശത്തില്‍ നിന്ന് ശരീരം നേരിട്ട് ഉല്‍പാദിപ്പിക്കുന്നതാണെന്നും 20 മിനിറ്റ് വെയില്‍ കൊള്ളണമെന്നും മെഡ് കെയര്‍ മെഡിക്കല്‍ സെന്റേഴ്‌സ് മെഡിക്കല്‍ ഡയറക്ടറും ഇന്റേണല്‍ മെഡിസില്‍ സ്‌പെഷലിസ്റ്റുമായ ഡോ. ജേക്കബ് ചെറിയാന്‍ ചൂണ്ടിക്കാട്ടി.

കൊറോണ വരാതിരിക്കാന്‍ വെയില്‍ കൊണ്ടാല്‍ മതി എന്ന് പറയാനാവില്ല. ആ രീതിയില്‍ കുറ്റമറ്റ ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വൈറ്റമിന്‍ ഡി വേണ്ടുവോളം ഉള്ളവര്‍ക്ക് കൊറോണയെ പ്രതിരോധിക്കാനുള്ള ശക്തി കൂടുതലാണ് എന്ന രീതിയില്‍ പഠന റിപ്പോര്‍ട്ടുകളുണ്ട്.

ചര്‍മത്തിലെ കൊളസ്‌ട്രോളില്‍ നിന്നാണ് വെയിലു കൊള്ളുമ്പോള്‍ വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ അധികം തീവ്രതയുള്ള വെയില്‍ കൊള്ളുന്നതും നല്ലതല്ല. സൂര്യാതപവും നിര്‍ജലീകരണവും മറ്റുമുണ്ടാകും. കാല്‍സ്യം, ഫോസ്ഫറസ് ഇവ ആഗീകരണം ചെയ്യാന്‍ കോശങ്ങള്‍ക്ക് വൈറ്റമിന്‍ ഡി വേണം. എല്ലുകള്‍ ദ്രവിക്കുക, കാന്‍സര്‍, വിഷാദം, പേശീ ബലക്ഷയം എന്നു തുടങ്ങി മരണം പോലും വൈറ്റമിന്‍ ഡിയുടെ കുറവുകൊണ്ട് സംഭവിക്കാം.ചില്ലുമേടയിലിരുന്നിട്ടു കാര്യമില്ല. നേരിട്ടു ദേഹത്തു വെയില്‍ കൊണ്ടാലേ വൈറ്റമിന്‍ ഡി. ഉത്പാദിപ്പിക്കപ്പെടൂ. ജനാലച്ചില്ലിന് അരികെ നിന്ന് വെയിലു കൊണ്ടാല്‍ പ്രയോജനമില്ല. കാരണം അള്‍ട്രാ വയലറ്റ് രശ്മികള്‍ ചില്ലു തുളച്ചു വരില്ല. അള്‍ട്രൈ വയലറ്റ് വികിരണങ്ങള്‍ ചര്‍മ്മത്തില്‍ വീഴുമ്പോഴാണ് വൈറ്റമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക