Image

കേന്ദ്ര മന്ത്രിക്ക് രാജ്യം നേരിടുന്ന പ്രശ്‌നത്തില്‍ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല: മുഖ്യമന്ത്രി

Published on 26 May, 2020
കേന്ദ്ര മന്ത്രിക്ക് രാജ്യം നേരിടുന്ന പ്രശ്‌നത്തില്‍ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര റെയില്‍വേ മന്ത്രിക്ക് രാജ്യം നേരിടുന്ന പ്രശ്‌നത്തില്‍ ഗൗരവത്തിന്റെ നേരിയ ഒരു അംശം പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പീയൂഷ് ഗോയല്‍ അല്ലെന്നും സംസ്ഥാനത്തെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്ന വിവരം കേരളത്തിന് മുന്‍കൂറായി വിവരം ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ കേരളത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ട്രെയിന്‍ അവസാന നിമിഷം നിര്‍ത്തലാക്കിയിരുന്നു. എന്നാല്‍ ഇത് കേരളത്തിലെ ജനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ചിന്തയില്ലാത്തതു കൊണ്ടാണെന്നായിരുന്നു റെയില്‍വേ മന്ത്രി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും റെയില്‍വേ മന്ത്രിയോട് പറഞ്ഞു.

അതു പാലിക്കാതെ ട്രെയിന്‍ വിടുന്ന സ്ഥിതിയുണ്ടായി. ഇവിടെ വന്നിറങ്ങുന്നവര്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക എന്നത് വലിയ പ്രശ്‌നമാവും. ഒട്ടേറെ അപാകതകള്‍ അതിലുണ്ടാവും. അതൊഴിവാക്കാനാണ് റെയില്‍വെ മന്ത്രിക്ക് കത്തയച്ചത്. ഈ കാര്യം മാത്രമാണ് കത്തില്‍ പറഞ്ഞത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് കേരളത്തിലേക്ക് അയക്കുന്നതെന്ന് റെയില്‍വെ അറിയിക്കുകയും വേണം. കാരണം, ഇവരെല്ലാം റയില്‍വെയില്‍ ബുക്ക് ചെയ്താണ് വരുന്നത്.

ഇത് റെയില്‍വെ മന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം വളരെ ശ്രദ്ധയോടെ നിര്‍വഹിക്കേണ്ട കാര്യമായാണ് സംസ്ഥാനം കാണുന്നത്. പക്ഷെ, കത്ത് ലഭിച്ചതിനു ശേഷവും പിറ്റേ ദിവസവും വീണ്ടുമൊരു ട്രെയിന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ഇത് ആശ്ചര്യകരമായ നടപടിയാണ്. ഉദ്യോഗസ്ഥതലത്തില്‍തന്നെ സംസ്ഥാനം ഇതില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി ആ തീരുമാനം റദ്ദാക്കി. സാധാരണ ഇത്രയും ചെറിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യമില്ല. ഈ തലത്തില്‍ത്തന്നെ തീരേണ്ടതാണ്.

പിയൂഷ് ഗോയല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അതേപോലെ മറുപടി പറയണമോ എന്നതു മാത്രമാണ് പ്രശ്‌നം. ഇതു വളരെ നിര്‍ഭാഗ്യകരമായിപ്പോയി. ആ പദവിക്കു ചേര്‍ന്നതല്ല. ഇന്നു നമ്മുടെ രാജ്യം നേരിടുന്ന പ്രശ്‌നങ്ങളുടെ ഗൗരവത്തിന്റെ നേരിയ ഒരംശം പോലും അദ്ദേഹത്തെ പോലുള്ള ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക