Image

തിരമാലയില്‍നിന്നു വൈദ്യുതി: യുഎസ് കമ്പനി സംസ്ഥാന സര്‍ക്കാരിനു പദ്ധതി സമര്‍പ്പിച്ചു.

Published on 27 May, 2020
തിരമാലയില്‍നിന്നു വൈദ്യുതി: യുഎസ് കമ്പനി സംസ്ഥാന സര്‍ക്കാരിനു പദ്ധതി സമര്‍പ്പിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞത്ത് തിരമാലയില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. ഒരു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതി യുഎസ് കമ്പനി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചു. സാങ്കേതിക പഠനത്തിനു നേതൃത്വം നല്‍കാന്‍ വിഴിഞ്ഞം തുറമുഖ സിഇഒ ഡോ. ജയകുമാറിനെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ആയി നിയമിച്ചു. പദ്ധതി സംബന്ധിച്ച് അന്തിമതീരുമാനം ഉടനുണ്ടാകുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ പറഞ്ഞു. വിഴിഞ്ഞത്തെ തിരമാലകള്‍ക്ക് വൈദ്യുതോത്പാദനശേഷിയുള്ളതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

ചെന്നൈ ഐഐടിയുടെ നേതൃത്വത്തില്‍1991ല്‍ 150 കിലോവാട്ട് ശേഷിയുള്ള പദ്ധതി തുടങ്ങുകയും വിജയകരമായി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്തു. കടലിന്റെ അടിത്തട്ടില്‍ പ്ലാന്റ് സ്ഥാപിച്ചാണ് അന്നു വൈദ്യുതി ഉല്‍പാദിപ്പിച്ചതെങ്കില്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള പ്ലാന്റ് ആണ് യുഎസ് കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. തീരത്തു നിന്ന് 4 കിലോമീറ്റര്‍ അകലെയായിരിക്കും ഇതു സ്ഥാപിക്കുക. കടലിനടിയിലൂടെ വലിക്കുന്ന കേബിള്‍ വഴി കെഎസ്ഇബി ഗ്രിഡിലേക്ക് വൈദ്യുതി കൈമാറും.

യുഎസില്‍ ലബോറട്ടറി പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ സാങ്കേതികവിദ്യയുടെ പ്രായോഗിക പരീക്ഷണമാണ് വിഴിഞ്ഞത്തു നടപ്പാക്കുക. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാരിനു കാര്യമായ മുതല്‍മുടക്കുണ്ടാകില്ല. തിരമാലയില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചെന്നൈ ഐഐടിയില്‍ നിന്നു പിഎച്ച്ഡി നേടിയ വിദഗ്ധനാണ് ജയകുമാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക