Image

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ ക്വറന്റീന്‍ ചെലവ് സര്‍ക്കാരിന് വഹിച്ചൂകൂടേ; ജോയ് മാത്യു

Published on 27 May, 2020
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ ക്വറന്റീന്‍ ചെലവ് സര്‍ക്കാരിന് വഹിച്ചൂകൂടേ; ജോയ് മാത്യു


പ്രവാസികളുടെ ക്വറന്റീന്‍ ചെലവിന്റെ കാര്യത്തില്‍ സര്‍ക്കാരിനോട് പുതിയ നിര്‍ദേശം വെച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ തന്നെ ക്വറന്റീന്‍ ചെലവ് വഹിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പുതിയ നിര്‍ദേശം ജോയ് മാത്യു മുന്നോട്ടുവെക്കുന്നത്. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികളുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെയും ക്വറന്റീന്‍ ചെലവുകള്‍ ഗവണ്‍മെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരില്‍ നിന്നും അവരുടെ ചികിത്സാ ചെലവുകള്‍ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജോയ് മാത്യു മുഖ്യമന്ത്രിയോട് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മുഖ്യമന്ത്രിയോട്
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഇന്ന് കാണുന്ന വിധം വികാസനോന്മുഖമാക്കി മാറ്റിയ പ്രവാസി സമൂഹം അന്യരാജ്യങ്ങളില്‍ കൊറോണ വൈറസ് രോഗത്താല്‍ ദിനംപ്രതി മരണപ്പെടുകയാണ് .ജന്മനാട്ടിലേക്കുള്ള അവരുടെ തിരിച്ചുവരവിനെ സജീവമാക്കാന്‍ കേന്ദ്ര-കേരള ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ പലതും സ്വാഗതാര്‍ഹമാണ്


എന്നാല്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ അവരുടെ ക്വറന്റൈന്‍ ചെലവുകള്‍ സ്വയം വഹിക്കണമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തണം .പ്രവാസി സന്നദ്ധസംഘടനയായ കെ എം സി സി യുടെ സഹകരണത്തോടെ ദുബായ് ഗവണ്‍മെന്റ് സൗജന്യമായാണ് ക്വാറന്റൈന്‍ ശുശ്രൂഷകള്‍ നല്‍കുന്നത് .</p>
ഇന്നത്തെ അവസ്ഥയില്‍ തിരിച്ചുവരുന്ന മുഴുവന്‍ പ്രവാസികളുടെയും ക്വാറന്റൈന്‍ ചെലവ്
വഹിക്കുവാന്‍ ഗവണ്‍മെന്റിനു സാധിക്കില്ല എന്നത് ഒരു യാഥാര്‍ഥ്യമായിരിക്കാം .
എന്നാല്‍ ഒരു ന്യായചിന്തയിലൂടെ ഇതിനൊരു പരിഹാരം കാണേണ്ടതല്ലേ ?
പ്രവാസികള്‍ എന്നത് ഒരു പൊതു വിഭാഗമായി കാണുന്നത് കൊണ്ടുള്ള പ്രശ്‌നമാണിത് .പ്രവാസികളില്‍ത്തന്നെ വ്യത്യസ്ത സാമ്പത്തിക വിഭാഗങ്ങളുണ്ട് .
1.ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളികള്‍ /തൊഴില്‍ നഷ്ടപ്പെട്ടവര്‍ /ഇടത്തരം വരുമാനക്കാര്‍
2.മധ്യവര്‍ഗ്ഗ ജീവിതം നയിക്കുന്ന പ്രൊഫഷണലുകള്‍
3.ബിസിനസുകാര്‍/ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവര്‍
ഇവരുടെയൊക്കെ വരുമാനക്കണക്കുകള്‍ നോര്‍ക്കയില്‍ ലഭിക്കുമല്ലോ ? അതനുസരിച്ചു ഒന്നാമത് പറഞ്ഞ വിഭാഗമായ സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന തൊഴിലാളികളുടെയും തൊഴില്‍ നഷ്ടപ്പെട്ടവരുടെയും ക്വറന്റൈന്‍ ചെലവുകള്‍ ഗവര്‍മെന്റ് വഹിക്കുകയും സാമ്പത്തികമായി കഴിവുള്ളവരില്‍ നിന്നും അവരുടെ ചികിത്സാ ചെലവുകള്‍ ഈടാക്കുകയും ചെയ്യുന്നത് കുറച്ചുകൂടി മനുഷ്യത്വപരമായിരിക്കുകയില്ലേ









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക