Image

പ്രളയസാധ്യത: അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്തി നിശ്ചയിച്ചു, നേരത്തെ തുറക്കും

Published on 27 May, 2020
പ്രളയസാധ്യത: അണക്കെട്ടുകളിലെ ജലനിരപ്പ്  താഴ്ത്തി നിശ്ചയിച്ചു, നേരത്തെ തുറക്കും
തിരുവനന്തപുരം: പ്രളയസാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തെ നാലു വലിയ അണക്കെട്ടുകളിലെ ജലനിരപ്പ് കേന്ദ്ര ജലക്കമ്മിഷന്‍ താഴ്ത്തി നിശ്ചയിച്ചു. വൈദ്യുതിബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കി, കക്കി, ബാണാസുരസാഗര്‍, ഇടമലയാര്‍ അണക്കെട്ടുകളിലാണിത്.

വിവിധ തീയതികളില്‍ വൈദ്യുതിബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ താഴ്ന്ന നിരപ്പാണ് കമ്മിഷന്‍ നിര്‍ദേശിച്ചത്. മഴപെയ്താലും ഇല്ലെങ്കിലും ഈ തോതിലേ അണക്കെട്ടുകളില്‍ വെള്ളം ശേഖരിക്കാവൂ. കമ്മിഷന്റെ പുതിയ നിയന്ത്രണരേഖ വൈദ്യുതിബോര്‍ഡ് കഴിഞ്ഞദിവസം അംഗീകരിച്ചു.

ജലനിരപ്പ് ഉയര്‍ന്നാല്‍ മുന്‍കാലത്തെക്കാള്‍ നേരത്തേ ഡാമുകള്‍ തുറന്നുവിടുകയോ വൈദ്യുതി ഉത്പാദനം കൂട്ടി നിരപ്പ് താഴ്ത്തുകയോ വേണം. തീവ്രമഴ പെയ്യുന്ന ഓഗസ്റ്റില്‍, ബോര്‍ഡ് നിശ്ചയിച്ചതിനെക്കാള്‍ നന്നേകുറഞ്ഞ നിരപ്പാണ് കമ്മിഷന്‍ അംഗീകരിച്ചത്. അണകളുടെ പരിപാലനത്തില്‍ അന്തിമതീരുമാനം കേന്ദ്ര ജലക്കമ്മിഷന്റേതാണ്.

2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍നിന്നുള്ള പാഠം ഉള്‍ക്കൊണ്ടാണ് ജലസംഭരണം കുറയ്ക്കുന്നത്. അന്ന് നിറഞ്ഞുനിന്ന ഡാമുകള്‍ ഒരുമിച്ച് തുറക്കേണ്ടിവന്നത് പ്രളയം രൂക്ഷമാക്കി. 2018 ഓഗസ്റ്റ് ഒമ്പതിന് 26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നത് 2398.8 അടി വെള്ളം ഉയര്‍ന്നശേഷമാണ്. എന്നാല്‍, കമ്മിഷന്റെ നിയന്ത്രണരേഖയനുസരിച്ച് ഇവിടെ ഇനി ഓഗസ്റ്റ് പത്തിന് 2383.53 അടി വെള്ളമേ പാടുള്ളൂ. മുന്‍കാലത്ത് ശേഖരിച്ചിരുന്നതിനെക്കാള്‍ 15 അടിയിലേറെ താഴെ.

ജൂണ്‍ പത്തിന് ഇടുക്കിയിലെ ജലനിരപ്പ് 2373 അടി മാത്രമേ പാടുള്ളൂ. ജൂണ്‍ 20ന് 2375 അടി നിലനിര്‍ത്താന്‍ ബോര്‍ഡ് നിര്‍ദേശിച്ചെങ്കിലും കമ്മിഷന്‍ അത് 2373 അടിയായി താഴ്ത്തി. ജൂണ്‍ 30വരെ അതില്‍ക്കൂടാന്‍ പാടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക