Image

ഇല്ലിനോയിയില്‍ മൂന്നാം ഘട്ടം തുറക്കല്‍ വെള്ളി മുതല്‍; ചിക്കാഗോയില്‍ ജൂണ്‍ 3 (അനില്‍ മറ്റത്തികുന്നേല്‍)

Published on 28 May, 2020
ഇല്ലിനോയിയില്‍ മൂന്നാം ഘട്ടം തുറക്കല്‍ വെള്ളി മുതല്‍; ചിക്കാഗോയില്‍ ജൂണ്‍ 3 (അനില്‍ മറ്റത്തികുന്നേല്‍)

ചിക്കാഗോ: ജന ജീവിതം സാധാരണഗതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള മൂന്നാം ഘട്ടത്തിലേക്ക് ഇല്ലിനോയ് വെള്ളിയാഴ്ച (നാളെ) പ്രവേശിക്കുന്നു. എന്നാല്‍ ചിക്കാഗോയില്‍ ഇത് ജൂണ്‍ 3 മുതല്‍ ആയിരിക്കുമെന്ന് മേയര്‍ ലോറി ലൈറ്റ്ഫുട്ട് അറിയിച്ചു.

അതേ സമയം വ്യാഴാഴ്ച അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത് ഇല്ലിനോയിയിലും പെന്‍സില്വേനിയയിലുമാണ്. ഇല്ലിനോയിയില്‍-104 പേര്‍ (ഈസ്റ്റേണ്‍ ടൈം 5 മണി വരെ)ഇന്നലെ 1527 പേര്‍ക്ക് കോവിഡ് ബാധ കണ്ടു.

അഞ്ച് ഘട്ടങ്ങളായി സ്റ്റേറ്റ് തുറക്കാനാണു ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ ഉത്തരവിട്ടത്. നാലാം ഘട്ടം തുറക്കല്‍ 28 ദിവസം കഴിഞ്ഞു ജൂണ്‍ 26-നു മാത്രമേ ഉണ്ടാകു. മൂന്നാം ഘട്ടത്തില്‍ റീട്ടെയില്‍, റെസ്റ്റോറന്റ് തുടങ്ങിയവ തുറക്കും. ഇതിന്റെ ഭാഗമായി സലൂണുകളും ജിമ്മുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നിബന്ധനകളോടെ തുറക്കപ്പെടും.

ചിക്കാഗോ പബ്ലിക്ക് ലൈബ്രറി, പാര്‍ക്ക് ഡിസ്ട്രിക്റ്റ് കെട്ടിടങ്ങള്‍ തുടങ്ങിയവ ജൂണ്‍ 8 മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. ഈ പ്രാഥമിക നടപടികളുടെ ഫലം വിലയിരുത്തിയതിന് ശേഷം മാത്രമേ ചിക്കാഗോയിലെ പ്രസിദ്ധമായ കായല്‍ തീരം ഉള്‍പ്പെടെയുള്ള ജനപ്രീയ സ്ഥലങ്ങള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ എടുക്കൂ. ബിസിനസുകള്‍ തിരിച്ചുവരുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ട്രെയിനുകളിലെയും ബസുകളിലെയും തിരക്ക് കുറക്കുവാനായി വ്യാപാര സ്ഥാപനങ്ങളിലെ സമയക്രമം പുനക്രമീകരിക്കുവാന്‍ മേയര്‍ ലൈറ്റ്ഫൂട്ട് ആവശ്യപ്പെട്ടു.

ഇന്നലെഇല്ലിനോയി സംസ്ഥാനത്തെ മരണം 5186 ആയി. അമേരിക്കയിലെ മൊത്തത്തിലുള്ള മരണം ഒരു ലക്ഷം പിന്നിട്ടത്തിന്റെ തൊട്ടുപിറകെയാണ്,ഇന്നലെ (ബുധനാഴ്ച) ഇല്ലിനോയിയിലെ മരണ നിരക്ക് 5000 പിന്നിട്ടത്.

ഇല്ലിനോയിയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 115, 833 ആയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക