Image

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദിയോട് സംസാരിച്ചെന്ന് ട്രംപ്; നിഷേധിച്ച്‌ ഇന്ത്യ

Published on 29 May, 2020
ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദിയോട് സംസാരിച്ചെന്ന് ട്രംപ്; നിഷേധിച്ച്‌ ഇന്ത്യ

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ട്രംപിന്‍്റെ വാദം തള്ളി ഇന്ത്യ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി മോദിയോട് സംസാരിച്ചെന്ന അവകാശവാദം ഇന്ത്യ നിഷേധിച്ചു. 


ഏപ്രില്‍ നാലിനാണ് മോദി അവസാനമായി ട്രംപിനോട് സംസാരിച്ചതെന്നും അതിന് ശേഷം ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രി മോദിയോട് സംസാരിച്ചതായി വാര്‍ത്ത സമ്മേളനത്തില്‍ അവകാശപ്പെട്ട ട്രംപ് ചൈനയുമായുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക തയ്യാറാണെന്നും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.


'പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ട്രംപും തമ്മില്‍ അടുത്തിടെ ഒരു സംഭാഷണവും നടന്നിട്ടില്ല. ഹൈഡ്രോക്സിക്ലോറോക്വിന്‍ വിഷയത്തില്‍ ഏപ്രില്‍ 4 നാണ് അവര്‍ തമ്മില്‍ അവസാനമായി സംസാരിച്ചത്', അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ടു ഇക്കാര്യത്തില്‍ ചൈനയുമായി നേരിട്ട് ബന്ധപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


'ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷം നടക്കുന്നു. 140 കോടിയിലധികം ജനസംഖ്യയുള്ള രണ്ടു രാജ്യങ്ങള്‍. ഇരു രാജ്യങ്ങള്‍ക്കും ശക്തമായ സൈനികശേഷിയുണ്ട്. ഇന്ത്യ അസ്വസ്ഥമാണ്. അതേപോലെ ചൈനയും.', ട്രംപിനെ ഉദ്ധരിച്ചു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞാന്‍ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചിരുന്നു.ഇപ്പോള്‍ ചൈനയുമായി നടക്കുന്ന പ്രശ്‌നത്തില്‍ അദ്ദേഹം അസ്വസ്ഥനാണ്', ട്രംപ് പറഞ്ഞു.


നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ നയതന്ത്ര ഇടപെടല്‍ തുടരുകയാണെന്ന് മറുപടിയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ നല്‍കിയത്.

മെയ് അഞ്ച് മുതലാണ് ഇന്ത്യന്‍-ചൈനീസ് സൈന്യം തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക