Image

പരിഭവം(കഥ: സ്വപ്ന കെ സുധാകരന്‍)

സ്വപ്ന കെ സുധാകരന്‍ Published on 29 May, 2020
പരിഭവം(കഥ: സ്വപ്ന കെ സുധാകരന്‍)
'ഹോ! എന്തൊരു കഷ്ടമാണെന്റെയീശ്വരാമനുഷ്യന് ഒരല്പം സ്വസ്ഥതതരുമോ?'

'എന്താ ദേവ്, നീയിങ്ങനെ പറയുന്നേ... മുന്‍പ് എന്റെയൊരു മെസ്സേജുകണ്ടില്ലെങ്കില്‍ നീയെന്നോട് വഴക്കുണ്ടാക്കുമായിരുന്നല്ലോ?? ഇപ്പോള്‍ ഞാന്‍ നിനക്കൊരു ശല്യമായോ?'

'തുടങ്ങിഎനിക്കീവക ചോദ്യങ്ങള്‍ക്ക് ഉത്തരംപറയാന്‍ സൗകര്യപ്പെടില്ല ട്രീസ...എപ്പോള്‍ നോക്കിയാലും കലപില മെസ്സേജ്. എനിക്ക് എന്റേതായ സ്‌പേസുവേണം...'

'ദേവ്.. കുറച്ചുനാളായി ഞാന്‍ നിന്നില്‍മാത്രമൊതുങ്ങി ജീവിക്കാന്‍ശ്രമിക്കുകയാണ്...നീ മാത്രമാണെന്റെ ലോകം...എന്റെ ലൈഫില്‍നിന്നു പലരേയും ഞാന്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്നു... അതും നീ പറഞ്ഞിട്ട്...നിനക്കിഷമില്ലാത്തവരോട് ഞാനിപ്പോള്‍ മിണ്ടാറില്ല, അവരെ സ്‌നേഹിക്കാറില്ല... എന്നിട്ടൊടുവില്‍ നീയെന്നെ കട്ടുചെയുകയാണോ'

'കണക്കായിപ്പോയി...
ഞാന്‍ ആരെയും പിടിച്ചുവച്ചിട്ടില്ല. എനിക്കിതൊന്നും കേള്‍ക്കുകയും വേണ്ട.. എത്രയായാലും എനിക്കു ചില ലിമിറ്റേഷന്‍സുണ്ടെന്നു നിനക്കറിയമല്ലോ..പിന്നെയെന്താ'

'ഇതൊക്കെ ഇപ്പോഴാണോ ദേവ്, നീ പറയുന്നേ.. ഇതൊക്കെ നേരത്തെ പറയാതെന്തായിരുന്നു..എങ്കില്‍ അന്നേ ഞാന്‍....' അവള്‍ വിങ്ങിപ്പൊട്ടി

'ദൈവമേ ....പിന്നേം തുടങ്ങി!ഒന്നു പോയിത്തരാവോ ട്രീസ..എപ്പോ നോക്കിയാലും ഇങ്ങനെ..ഹോ!ഞാന്‍ ഒന്നിനും വരുന്നില്ല'

'ആഹ്...പോകാം ദേവ്...നിന്റെ സമാധാനത്തിന് അതാണു വേണ്ടതെങ്കില്‍ ഞാന്‍ പോവാം...എപ്പോഴും ഇങ്ങനെ 'പോയ് തരാവോ' എന്നുപറഞ്ഞു കഷ്ടപ്പെടണ്ട...പോയ് തരാം'

ട്രീസയുടെ വാട്സ്പിലെ അവസാനസന്ദേശം വായിച്ചപ്പോള്‍ അവന് ചിരിവന്നു..അവള്‍ തന്നെവിട്ടു എവിടെപോകാനാണ്...പാവം! ഇതുപോലെയൊരു പെണ്ണും തന്നെ സ്‌നേഹിച്ചുകാണില്ല...ഇനി കാണുകയുമില്ല ... ഓരോതവണ വഴക്കിനുമൊടുവില്‍ താന്‍ മനപ്പൂര്‍വം കാണിക്കുന്ന അകല്‍ച്ചയും മൗനവും, വാസ്തവത്തില്‍ അവളുടെ തീവ്രമായസ്‌നേഹം കാണാന്‍വേണ്ടിമാത്രമാണ്... അവള്‍ കരയുമ്പോള്‍ വിഷമം ഉണ്ടെങ്കിലും അവളോടു താഴ്ന്നുകൊടുക്കാന്‍ തന്റെ ദുരഭിമാനം അനുവദിക്കില്ല...കാരണം, അവളുടെ സ്‌നേഹത്തിന്റെ ആഴമളക്കുന്നതു തനിക്കൊരു ഹരമായിരുന്നു...

ഫോണ്‍ എടുത്തുവച്ചു കിടന്നുറങ്ങുമ്പോള്‍ ദേവ് മനസ്സുകൊണ്ട് അവളുടെ നെറുകയില്‍ ചുംബിച്ചു! 'ട്രീസ, എനിക്കുവേണ്ടി നീ ജീവന്‍ കളയുമെന്നറിയാം ഓരോതവണ വഴക്കുണ്ടാകുമ്പോഴും, നീ വിഷമിക്കുന്നത് കാണുമ്പോള്‍ വന്നുമിണ്ടണമെന്ന് എന്റെ മനസ്സിലുണ്ട്...പക്ഷേ ഈ വൃത്തികെട്ട ഈഗോ...നീ എന്നോട് ക്ഷമിക്കൂ'

അന്ന് അവന്റെ സ്വപ്നത്തില്‍ അവളൊരു മാലാഖയെപ്പോലെ വെള്ളവസ്ത്രമണിഞ്ഞുവന്നു...കണ്ണുനീരിന്റെ തിളക്കത്തോടെ അവള്‍ അവനെ നോക്കിച്ചിരിച്ചു...
പക്ഷേ അപ്പോഴും ദേവിന്റെ മുഖത്ത് മമതയുണ്ടായില്ല...ദുരഭിമാനം, സാത്താന്റെ രൂപമെടുത്ത്, അവന്റെ മുഖത്ത് കാഠിന്യമുണര്‍ത്തിച്ചു....അവന്‍ മുഖം വെട്ടിത്തിരിച്ചു

പിറ്റേ ദിവസം പകല്‍, വാട്‌സപ്പിലെ ഓഫീസുഗ്രൂപ്പില്‍ ട്രീസയുടെ ചിത്രങ്ങളായിരുന്നു.. അവളുടെ ചിരിക്കുന്ന മുഖചിത്രത്തിനുതാഴെ കൂട്ടുകാര്‍ കണ്ണീരില്‍ കുതിര്‍ന്നവാക്കുകളെഴുതി...പ്രണാമം അര്‍പ്പിച്ചു... ദേവിന്റെ ഉള്ളില്‍ ഒരു നിമിഷം ഒരു മരവിപ്പുണര്‍ന്നു .. പെട്ടെന്ന് അവന്‍ ഫോണ്‍ എടുത്തു മേശപ്പുറത്തവച്ചു... കൂട്ടുകാര്‍ ആരൊക്കെയോ വിളിക്കുന്നു... സന്ദേശങ്ങളുടെ നോട്ടിഫിക്കേഷന്‍ അവന്റെ മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞു കാണുന്നു...'ദേവ്, നീയറിഞ്ഞോ നമ്മുടെ ട്രീസ...'

അവന്‍ ഫോണ്‍ സ്വിച്ച് ഓഫ്ചെയ്തു...ടിവിയില്‍ തനിക്കിഷ്ടപ്പെട്ട പുരാണസിരിയല്‍ തുടങ്ങിയിരിക്കുന്നു ശബ്ദം കൂട്ടിവച്ചു അത് കാണുമ്പോഴും അവന്റെ മുഖത്തു കാഠിന്യം.. തനിക്കുമുന്‍പേ മറ്റു പലരും  അവളുടെ മരണമറിഞ്ഞിരിക്കുന്നു ഇനി തനിക്കെന്തു റോള്‍...അവരെല്ലാംകൂടി എന്താന്ന്വച്ചാല്‍ ചെയ്യട്ടെ!

അവിടെ പള്ളിപ്പറമ്പിലെ കുഴിമാടത്തില്‍ അവളുടെ മുഖത്ത്, അപ്പോഴും ആ പുഞ്ചിരി മായതെയുണ്ടായിരുന്നു...അവനായി കാത്തുവച്ച ആ പുഞ്ചിരി! അവളുടെ ചിരിയുടെ അര്‍ത്ഥമറിയാതെ ഒരാള്‍ അവിടെനില്പുണ്ട്... അവളുടെ ഭര്‍ത്താവ്! ദുഃഖം അയാളുടെ മുഖത്തു തിണര്‍ത്തുകിടക്കുന്നു...ഒരു ജീവിതമുണ്ടാക്കാന്‍വേണ്ടി ഗള്‍ഫില്‍പോയതിനു, തന്റെ ഭാര്യയ്ക്കിത്രയും 'പരിഭവ'മുണ്ടായിരുന്നത് അയാള്‍ അറഞ്ഞില്ലായിരുന്നു!

പരിഭവം(കഥ: സ്വപ്ന കെ സുധാകരന്‍)പരിഭവം(കഥ: സ്വപ്ന കെ സുധാകരന്‍)
Join WhatsApp News
സൂര്യൻ 2020-05-31 13:47:56
നന്നായിട്ടുണ്ട് 😇
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക