Image

എന്റെ ഒ.എൻ.വിക്ക് (കവിത: സാരംഗ് സുനിൽകുമാർ പൈക്കാട്ട്കാവിൽ)

Published on 29 May, 2020
എന്റെ ഒ.എൻ.വിക്ക് (കവിത: സാരംഗ് സുനിൽകുമാർ പൈക്കാട്ട്കാവിൽ)
പെട്ടെന്നൊരു
വെളിച്ചത്തിൽ ,
ഇരുട്ടിലേക്ക്
മറഞ്ഞ
പ്രിയപ്പെട്ട കവി ;

വാക്ക് പൊതിഞ്ഞ
നിന്റെ വരികളിൽ ,
ഞങ്ങൾക്കിപ്പോഴും
സ്നേഹം മണക്കുന്നു ;

കുറിച്ച വരികൾക്ക് ,
ബാക്കിവെച്ച
വരികളെക്കാൾ
കനമാണിപ്പോഴും  ;

ചരമഗീതത്തിന്റെ
വക്കിലേന്തി,
ഭുവനമാകെ
പിടയുന്നരൊലർച്ചകൾ,
നീ കേൾക്കുന്നുവോ ;

വാക്കിലേന്തി
ചിരിച്ച
തേൻനിലാവ് ,
നാക്കിലുണ്ടിപ്പോഴും
വായനയുടെ രുചികളിൽ ;

നീ കുറിക്കയും ,
ഞങ്ങൾക്കായി
പാടി പകർന്നു വെച്ച
വാക്കിലേറെയും ,
ഒളിപ്പിച്ചു വെച്ച
വിശ്വസ്നേഹം ;

നിന്നിൽ തുടങ്ങി ,
നിന്നിലവസാനിച്ച
ഏഴു പതിറ്റാണ്ടുകളിലാണ് ,
മലയാളം മലയാളമായതും ,
ഭാഷയൊരു
പൂനിലാവായതും ;

പ്രിയപ്പെട്ട കവി ,
നിന്നിലേക്കുള്ള
ദൂരം അനന്തമാണ് ;

നിന്റെ വരികളിലേക്കും ,
അതിന്റെ
അർത്ഥ തലങ്ങളിലേക്കും ,
അധിലുമധികം ;

അപ്പോഴും ,
ലളിത സ്നേഹത്തിൽ,
പരമപാരിൻ പ്രേമത്താൽ
നിന്റെ വാക്കുകൾ ചിരിക്കുന്നു ;

അതിദ്രുതമായി
നിന്റെ വാക്കുകൾ ,
മാടി വിളിക്കുന്നു ;

നീയില്ലാതെ പോയ
നാലാണ്ടുകളിൽ ,
നീയില്ലെന്നറിഞതേയില്ല ;

നിന്റെ വരികളിവിടെങ്ങും
നിറഞ്ഞു നിൽക്കുന്നു ,
പിന്നെങ്ങനെ നീയകലെയാവും ;

ഇനി ഉണരാത്ത കൺകളിൽ ,
മയങ്ങുന്ന
പ്രിയപ്പെട്ട കവി ,

നീയൊരിക്കലും
കെടാത്ത ,
നിലാവിന്റെ കാർത്തിക
ദീപം ;

നിന്റെ വെയിലിൽ ,
 കുറിച്ച
പച്ച മലയാളം ,
ദശദശാബ്ദമൊരു
തേൻ കണക്കെ
ഇറ്റു വീഴും
മധുര മലയാളം .
എന്റെ ഒ.എൻ.വിക്ക് (കവിത: സാരംഗ് സുനിൽകുമാർ പൈക്കാട്ട്കാവിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക