Image

സൂപ്പർ ഹീറോകൾക്കായി വ്യത്യസ്തമായ ലൈവ് ഓര്ക്കസ്ട്ര ഗാനമഞ്ജരി മെയ് 30 നു nafa 2020FB പേജിലൂടെ ( ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ് തടത്തിൽ Published on 29 May, 2020
 സൂപ്പർ ഹീറോകൾക്കായി വ്യത്യസ്തമായ ലൈവ് ഓര്ക്കസ്ട്ര ഗാനമഞ്ജരി  മെയ് 30 നു  nafa 2020FB പേജിലൂടെ ( ഫ്രാൻസിസ് തടത്തിൽ )
 
ന്യൂജേഴ്സി: കോവിഡ് 19 നെതിരെ വീറുറ്റ പോരാട്ടം നടത്തിയ അമേരിക്കന്‍ മലയാളി ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഇന്‍ഡോ അമേരിക്കന്‍ എന്റര്‍ടൈമെന്റ്‌സും കേരളത്തിലെ വിവിധ ബാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരുപറ്റം കലാകാരന്മാരും ചേര്‍ന്ന് തത്സമയ ഗാന മഞ്ജരി ഒരുക്കുന്നു.

ആത്മസംയനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കരുത്തോടെ കോവിഡ് 19 എന്ന മഹാമാരിയെ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ ആരോഗ്യ പ്രവത്തകര്‍ക്ക് കലാകേരളത്തിന്റെ കൂപ്പുകൈ അര്‍പ്പിച്ചുകൊണ്ട് ഒരുക്കുന്ന തത്സമയ പരിപാടി ഫേസ് ബുക്ക് ലൈവ് വഴി മെയ് 30 നു ശനിയാഴ്ച്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണി മുതലാണ്. (nafa 2020 എന്ന ഫേസ്ബുക്ക് പേജിലൂടെ. ലൈവ് പരിപാടി കാണുവാനുള്ള ലിങ്ക് :https://www.facebook.com/IAECORP/live/

ആദ്യമായിട്ടാണ് കേരളത്തില്‍ പ്രത്യേകമായി സജീകരിച്ച അത്യാധുനിക സ്റ്റുഡിയോ സംവിധാനം വഴി ഒരു മണിക്കൂറിലധികം നീണ്ടു നില്‍ക്കുന്ന ലൈവ് ഓര്‍ക്കസ്ട്രയോടു കൂടിയ തത്സമയം സംഗീത പരിപാടി. ന്യൂജേഴ്സി സ്വദേശി ഡാനി (ഡാനിയേല്‍ വര്‍ഗീസ്) കാനഡയിലെ പ്രമുഖ ഫോട്ടോ ഗ്രാഫര്‍ മനോജ് (കാപ്ച്ചര്‍ മേറ്റ് ഫോട്ടോഗ്രാഫി), ഒട്ടനവധി സിനിമകളുടെ സഹ സംവിധായന്‍ ആയ സോണി ജി കുളക്കട എന്നിവരാണ് അണിയറ ശില്‍പ്പികള്‍.

വിവിധ സ്റ്റേജുകളില്‍ പെര്‍ഫോമന്‍സ് നടത്തുകയും വിവിധ ടി.വി. ഷോകളിലും സിനിമയിലും പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രമുഖ കീബോര്‍ഡിസ്റ്റും പ്രോഗ്രാമാറുമായ ടിനു ആമ്പൈ, കലയവനികയില്‍ മറഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറിന്റെ ബിഗ് ബാന്‍ഡിലെ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും പെര്‍ഫോമന്‍സ് നടത്തിയിട്ടുള്ള ലീഡിങ്ങ് ഡ്രമ്മറും 25 വര്‍ഷമായി വിവിധ വേദികളില്‍ ഡ്രം പെര്‍ഫോമന്‍സ് നടത്തിവരുന്ന ഷിബു സാമുവേല്‍, മുനിര സംഗീത താരങ്ങള്‍ക്കൊപ്പം വിവിധ സ്റ്റേജ് ഷോകളിലും ടി.വി.പ്രോഗ്രാമുകളിലും മാന്ത്രിക വിരലുകള്‍കൊണ്ട് സംഗീത ജാലവിദ്യകള്‍ കാട്ടുന്ന ബാസ് ഗിറ്റാറിസ്‌റ് ജാക്സണ്‍ ജേക്കബ്, വിവിധ സ്റ്റേജ് ഷോകളിലും ടി.വി. ഷോകളിലും സംഗീത വിസ്മയം പൊഴിയ്ക്കുന്ന, ബാലഭാസ്‌കറിന്റെപിന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന പ്രമുഖ വയലിനിസ്റ്റ് വിഷ്ണു നാരായണന്‍, അനേകം സ്റ്റേജുകളിലും ടി.വി. ഷോകളിലും ശബ്ദ മാധുര്യം തെളിയിച്ചിട്ടുള്ള പ്രമുഖ ഗായകന്‍ (വൊക്കലിസ്‌റ്) റെജി ടി. ഫിലിപ്പ്, എന്നീ കലാകാരന്മാര്‍ ചേര്‍ന്നാണ് ഈ ലൈവ് അവതരിപ്പിക്കുന്നത്.

അവിചാരിതമായി പൊട്ടിപ്പുറപ്പെട്ട മഹാമാരിക്കു മുന്പില്‍ ആദ്യം പകച്ചു പോയെങ്കിലും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍മാര്‍ സ്വന്തം സുരക്ഷ ഗൗനിക്കാതെ വീറോടെ പോരാടി അനേകമാളുകളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നു.

പലര്‍ക്കും ആദ്യകാലങ്ങളില്‍ മതിയായ സുരക്ഷ ക്രമീകരങ്ങള്‍ പോലുമുണ്ടായില്ല. നിരായുധരായ അവര്‍ക്കു രോഗികളുടെ ജീവനായിരുന്നു പ്രധാനം. അവരില്‍ മുന്‍ നിരയില്‍ നിന്നത് നഴ്‌സുമാരായിരുന്നു. ഓരോ ദിവസവും ജോലിക്കു പോകുമ്പോഴും മടങ്ങി വരുമ്പോഴും തലേന്ന് തങ്ങള്‍ പരിചരിച്ചുകൊണ്ടിരുന്ന രോഗികള്‍ യാതൊരാപത്തുമുണ്ടാകരുതേ എന്ന് പ്രാത്ഥിക്കുകയാണവര്‍ ചെയ്തത്, അല്ലാതെ അവരെ കാത്തുകൊള്ളണമേ എന്നായിരുന്നില്ല.

അവര്‍ നേരിട്ടത് നൂറുകണക്കിന് രോഗികളെ. അവരില്‍ മിക്കവാറും പ്രായമേറിയവര്‍. ഉറ്റവരും ഉടയവരുമൊന്നും കൈത്താങ്ങില്ലാത്ത ഈ പാവങ്ങളുടെ ആശ്രയമായിരുന്നു ഇവര്‍. ഒരു പക്ഷെ അവര്‍ അവസാനമായി യാത്ര പറഞ്ഞിട്ടുള്ളതും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരോടാണ്.

വെന്റിലേറ്ററുകളിലും ഐ.സി.യു.വിലും മറ്റുമുണ്ടായിരുന്ന ഒരുപാടു രോഗികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത് ധീരരായ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുടെ ആല്‍മാര്‍ത്ഥതയും കഠിനാധ്വാനവും കൊണ്ട് മാത്രമാണ്.

ന്യൂജേഴ്‌സിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ 500മത്തെ രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നപ്പോള്‍ അതില്‍ 37 പേരും പുറത്തിറങ്ങിയത് വെന്റിലേറ്ററില്‍ നിന്നാണ്.

അമെരിക്കയിലെ ഹോസ്പിറ്റലുകളില്‍ തിങ്ങി നിറഞ്ഞ രോഗികളില്‍ നിന്ന് ഇത്രയേറെപ്പേരെ ജീവനോടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞെങ്കില്‍ നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ഹെല്‍ത്ത് കെയര്‍ജീവനക്കാരുടെ അര്‍പ്പണമനോഭാവം കൊണ്ടൊന്നു മാത്രമാണെന്ന് അടിവരയിട്ടു പറയട്ടെ. ഈ രാജ്യം ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിനെ അത്ര മേല്‍ ബഹുമാനിക്കുന്നതാണ് ഇതിനു കാരണം. അവരാണ് സൂപ്പര്‍ ഹീറോസ്!

അമേരിക്കയിലെ നല്ലൊരു ശതമാനം മലയാളികളും അവരുടെ ജീവന്‍ കെട്ടിപ്പടുത്തത് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്തതു കൊണ്ടാണ്. അമേരിക്കയില്‍ നിന്ന് കോടിക്കണക്കിനു രൂപകേരളത്തിലേക്ക് ഒഴുകിയെത്തിയത് ഈ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ മുഖാന്തിരമാണെന്നു കേരളത്തിലെ സാധാരണ ജനങ്ങള്‍ അംഗീകരിക്കില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് നന്നായി അറിയാം. കേരളത്തില്‍ രണ്ടു തവണ മഹാപ്രളയം വന്നപ്പോള്‍ അമേരിക്കന്‍ മലയാളികളോട് കൈ നീട്ടിയപ്പോള്‍ ഏറിയ പങ്കും സമ്മാനിച്ചത് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരാണെന്ന കാര്യം മറക്കരുത്.

സ്വന്തം സുരക്ഷയെ തൃണവല്‍ക്കരിച്ചെ ആയിരക്കണക്കിന് കോവിഡ് 19 ബാധിതരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ അഹോരാത്രം പ്രയത്‌നിച്ച ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ നിങ്ങളാണ് യഥാര്‍ത്ഥ ഹീറോകള്‍! ഒരായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഇതു നിങ്ങള്‍ക്കുള്ളതാണ്. ഈ ഈ ഗാന മഞ്ജരി നിങ്ങള്‍ക്കായി ഞങള്‍ സമര്‍പ്പിക്കുന്നു!

ഹെല്‍ത് കെയര്‍ വര്‍ക്കര്‍മാരെ ആദരിക്കുന്ന ഈ ഗാന മഞ്ജരി എല്ലാവരും പെണ്‍കടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലിങ്ക് :https://www.facebook.com/IAECORP/live/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക