Image

ടെക്‌സസിലെ സെനറ്റ് മത്സരത്തിന് ചൂടേറുന്നു

ഏബ്രഹാം തോമസ് Published on 30 May, 2020
ടെക്‌സസിലെ സെനറ്റ് മത്സരത്തിന് ചൂടേറുന്നു
ടെക്‌സസ് ഒരു റിപ്പബ്ലിക്കന്‍ സ്റ്റേറ്റാണ് എന്ന അംഗീകാരം ഇപ്രാവശ്യം തിരുത്തി എഴുതണമെന്ന വാശിയിലാണ് ഡെമോക്രാറ്റുകള്‍.

ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് ഇപ്രാവശ്യം ഇല്ലാത്തതിനാല്‍ ടെക്‌സസില്‍ നിന്ന് യുഎസ് സെനറ്റിലേയ്ക്കും, കോണ്‍ഗ്രസിലേയ്ക്കും ടെക്‌സസ് സ്റ്റേറ്റ് സെനറ്റിലേയ്ക്കും കോണ്‍ഗ്രസിലേയ്ക്കും ഉള്ള മത്സരങ്ങള്‍ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍നിനും ഡെമോക്രാറ്റിക് സെനറ്റര്‍ റോയസ് വെസ്റ്റും തമ്മില്‍ ചൂടേറിയ വാക്‌പോര് നടക്കുകയാണ്. വെസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാവാന്‍ റണ്‍ ഓഫില്‍ വിജയിക്കേണ്ടതുണ്ട്.

വെസ്റ്റിന്റെ പ്രചരണ സംഘം കോര്‍ണിനെ വര്‍ഗീയവാദി എന്ന് വിളിച്ചാക്ഷേപിച്ചു. കോര്‍ണിന്റെ പ്രചരണം ഇതിന് ഉചിതമായ മറുപടി നല്‍കി. ഈ പോരിനിടയില്‍ ഒരു പക്ഷേ യഥാര്‍ത്ഥ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള എയര്‍ഫോഴ്‌സ് വെറ്ററന്‍ എം ജെ ഹേഗര്‍ പിന്തള്ളപ്പെട്ടു.

കോര്‍ണിന്റെ ശരങ്ങള്‍ കൂടുതലും വെസ്റ്റിനെ ലക്ഷ്യം വച്ചുള്ളവയാണ്. വെസ്റ്റ് തന്റെ എതിരാളിയാവുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കരുതുന്നു, ഡെമോക്രാറ്റിക് നയതന്ത്രജ്ഞന്‍ കൊളിന്‍ സ്‌ട്രോതര്‍ പറഞ്ഞു. തന്നെ പോലെ ഒരു സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കുന്നതാണ് അയാള്‍ ഭയക്കുന്നതെന്ന് വെസ്റ്റും പറഞ്ഞു.

ഇതെക്കുറിച്ച് എന്തെങ്കിലും പറയുവാന്‍ കോര്‍ണിന്‍ പ്രചരണ സംഘം വക്താവ് വിസമ്മതിച്ചു. മുന്‍ ഡാലസ് കൗണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോനഥന്‍ നീര്‍മന്‍ കോര്‍ണിന്‍ വെസ്റ്റിനെതിരെ മത്സരിക്കുന്നത് വിജയ സാധ്യത വര്‍ധിപ്പിക്കുമെന്ന് പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന വോട്ടര്‍മാരെ ഉണര്‍ത്താന്‍ കോര്‍ണിന് കഴിയും.

ഒരു സെനറ്റര്‍ മറ്റൊരു സെനറ്ററുടെ പിന്നാലെ പാഞ്ഞ് പരസ്യം ഇറക്കുന്നത് രണ്ടു പേരുടെയും പ്രസിദ്ധി കൂട്ടും നീര്‍മന്‍ പറഞ്ഞു. 92 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു പരസ്യചിത്രം ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഈയിടെ പുറത്തിറക്കിയിരുന്നു. റെസ്റ്റ് ഫൂള്‍ റോയ്‌സ് എന്ന് വിശേഷിപ്പിച്ച് കോര്‍ണിന്‍ പ്രചരണ സംഘം പുറത്തിറക്കിയ ഒരു മുന്‍ പരസ്യം വെസ്റ്റ് ക്യാമ്പിനെ ക്ഷുഭിതമാക്കിയിരുന്നു. ഹേഗറിനെ ഹോളിവുഡ് ഹേഗര്‍ എന്ന് കോര്‍ണിന്‍ ക്യാമ്പ് വിശേഷിപ്പിക്കുവാന്‍ കാരണം ചില ഹോളിവുഡ് താരങ്ങള്‍ ഹേഗറിനെ പിന്താങ്ങിയതായിരുന്നു.

റെസ്റ്റ് ഫുള്‍റോയ്‌സ് വിശേഷം വെസ്റ്റിന്റെ പ്രചരണ വിഭാഗം ആരോപിക്കുന്നതുപോലെ ഒരു റേസിസ്റ്റ് ഡോഗ് വിസില്‍ അല്ലെന്ന് കോര്‍ണിന്‍ പ്രചരണ വിഭാഗം വക്താവ് ക്രിസ്റ്റഫെര്‍ പറഞ്ഞു.ഹേഗറിന്റെ പ്രചരണം മുഴുവന്‍ കോര്‍ണിനെ ലക്ഷ്യമിട്ടാണ്. തന്റെ റണ്‍ ഓഫ് എതിരാളി വെസ്റ്റിനെ കുറിച്ച് പറയുന്നതേ ഇല്ല. ജൂലൈ 14 നാണ് വെസ്റ്റും ഹേഗറുമായുള്ള റണ്‍ ഓഫ്, ഡെമോക്രാറ്റിക് പ്രൈമറിയില്‍ കോര്‍ണിന്‍ ഇടപെടാന്‍ സാധ്യതയുണ്ടെന്ന് ഹേഗര്‍ ആരോപിച്ചിരുന്നു. 12 പേര്‍ ഉണ്ടായിരുന്ന മത്സരത്തില്‍ മാര്‍ച്ച് 3 ന് ഹേഗറാണ് മുന്നില്‍ നിന്നത്. എന്നാല്‍ അവര്‍ക്ക് 50% ല്‍ അധികം വോട്ടുകള്‍ ലഭിച്ചില്ല. അതിനാല്‍ രണ്ടാം സ്ഥാനത്ത് നിന്ന വെസ്റ്റുമായി റണ്‍ ഓഫ് നേരിടുന്നു. വെസ്റ്റിനെ അപേക്ഷിച്ച് ദാതാക്കളുടെ ഒരു വലിയ നിരയുണ്ട് ഹേഗറിന്.

ഡെമോക്രാറ്റിക് സെനറ്റോറിയല്‍ കാമ്പെയിന്‍ കമ്മിറ്റിയുടെ പിന്തുണയും ഉണ്ട്.
ഒരു അഭിപ്രായ സര്‍വേ ഹേഗറിന് 32% നും 16% നും ഇടയില്‍ കൂടുതല്‍ പിന്തുണ ഉള്ളതായി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ വോട്ടര്‍മാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നും പറഞ്ഞതായി കണ്ടെത്തി. ഉപനഗരങ്ങളില്‍ ഹേഗറിന് വലിയ പിന്തുണയുണ്ട്. റണ്‍ ഓഫില്‍ വെസ്റ്റിനെതിരെയും തിരഞ്ഞെടുപ്പില്‍ കോര്‍ണിനെതിരെയും വിജയം നേടാന്‍ ഇത് സഹായിക്കുമെന്ന് ഹേഗറിന്റെ അനുയായികള്‍ പറയുന്നു.മറുവശത്ത് കോര്‍ണിന്‍ ക്യാമ്പ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. എതിരാളി വെസ്റ്റ് ആയാലും ഹേഗര്‍ ആയാലും കോര്‍ണിന്‍ വിജയിക്കുമെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക