Image

രാഹുലിനു പറ്റിയ പണിയല്ല നേത്രുത്വം....ഇതൊന്നു വായിക്കണം

Published on 30 May, 2020
രാഹുലിനു പറ്റിയ പണിയല്ല നേത്രുത്വം....ഇതൊന്നു വായിക്കണം
മാത്രുഭൂമിയില്‍ വഴിപോക്കന്‍ എഴുതിയത്

പ്രിയപ്പെട്ട ആന്റണീ, കോണ്‍ഗ്രസ് ഇതല്ല ചെയ്യേണ്ടതെന്ന് സോണിയയോട് ഒന്നു പറയണം | വഴിപോക്കന്‍
https://www.mathrubhumi.com/news/columns/vazhipokkan/dear-antony-please-tell-sonia-gandhi-that-this-is-not-the-right-way-of-doing-things-vazhipokkan-1.4789876
.....................................

ഇങ്ങനെയൊരു ഘട്ടത്തില്‍ ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ചെയ്യുന്നതെന്നതാണ്? ഒരര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥ സ്വതന്ത്ര ഇന്ത്യ നേരിട്ട ആദ്യ ലോക്ക്ഡൗണായിരുന്നു. പൗരസമൂഹത്തിന്റെ മൗലികാവകാശങ്ങള്‍ ഭരണകൂടം വളരെ എളുപ്പത്തിലാണ് കവര്‍ന്നത്. ഭരണകൂടത്തിന്റെ ശക്തിക്ക് മുന്നില്‍ രാജ്യത്തെ പരമോന്നത കോടതിയും സ്വയം കീഴടങ്ങിയ കാലം. അന്ന് പി.ജിയും കൂട്ടരും സാഹിത്യ ഗവേഷണത്തിലേര്‍പ്പെട്ടതു പോലെയാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധി അഭിമുഖങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

സാമ്പത്തിക ശാസ്ത്രജ്ഞരായ അഭിജിത് ബാനര്‍ജിയും രഘുറാം രാജനുമായിട്ടായിരുന്നു ആദ്യ അഭിമുഖങ്ങള്‍. കഴിഞ്ഞ ദിവസം ആരോഗ്യ മേഖലയിലെ വിദഗ്ദരായ യൊഹാന്‍ ഗിസെക്ക്, ആശിഷ് ഝാ എന്നിവരുമായിട്ടായിരുന്നു സംവാദം. ചര്‍ച്ചകള്‍ നല്ലതാണ്. വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതിനെയും കുറ്റം പറയാനാവില്ല. പക്ഷേ, ഇതാണോ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് ഇതുപോലൊരു വിഷമഘട്ടത്തില്‍ ചെയ്യേണ്ടതെന്നതാണ് ചോദ്യം.

ഇത്തരം അഭിമുഖങ്ങള്‍ നടത്താന്‍ കഴിവുള്ള എത്രയോ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്. നമ്മുടെ ശശി തരൂരിനെ ഏല്‍പിച്ചാല്‍ അണ്ണന്‍ പുല്ലുപോലെ കൈകാര്യം ചെയ്യുന്ന സംഗതിയാണിത്. ശശി അണ്ണനാണെങ്കില്‍ സംസാരം പോലെ ഇഷ്ടമുള്ള വേറൊരു കാര്യമുണ്ടാവില്ല. പണി അറിയാവുന്നവരെക്കൊണ്ട് പണിയെടുപ്പിക്കുകയാണ് നേതാവിന്റെ ലക്ഷണം.

കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി കോണ്‍ഗ്രസിന് മോദിയായിട്ട് കൈയ്യിലേക്കിട്ടു കൊടുത്ത അവസരമാണ്. ജയപ്രകാശ് നാരായണന്‍ അടിയന്തരാവസ്ഥയെ എങ്ങിനെയാണ് കൈകാര്യം ചെയ്തതെന്ന് ഒന്നു പഠിച്ചാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്ന മണ്ടത്തരത്തിന്റെ ആഴവും പരപ്പും ബോദ്ധ്യമാവും. സമരം ചെയ്താല്‍ ജയിലില്‍ പോവേണ്ടിവരും എന്നോര്‍ത്ത് പേടിച്ച് അഭിമുഖങ്ങളും പ്രസ്തവാനകളും നടത്തി കാലം കഴിക്കുകയല്ല ജെ.പി. ചെയ്തത്.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജി നടത്തിയ ഐതിഹാസിക സമരരീതികള്‍ അനുഭവിച്ചറിഞ്ഞയാളായിരുന്നു ജെ.പി. ഭരണകൂടത്തിന്റെ ശക്തിക്കെതിരെ പ്രതിപക്ഷത്തെ ഒന്നടങ്കം അണിനിരത്താന്‍ ജെ.പിക്ക് കഴിഞ്ഞു. ഇന്ദിരയുടെ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ആര്‍.എസ്.എസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ജെ.പിയുടെ പിന്നിലുണ്ടായിരുന്നു. ഇന്നിപ്പോള്‍ ഉത്തര്‍പ്രദേശിലെ ബി.എസ്.പി. നേതാവ് മായാവതിയെയോ എസ്.പി. നേതാവ് അഖിലേഷ് യാദവിനെയോ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കാവുന്നില്ല.

ഇന്ത്യ ഇന്നിപ്പോള്‍ കോണ്‍ഗ്രസിനോടാവശ്യപ്പെടുന്നത് അഭിമുഖങ്ങള്‍ പോലുള്ള കലാപരിപാടികളല്ല. രാഹുല്‍ ഗാന്ധിക്ക് അതാണ് താല്‍പര്യമെങ്കില്‍ അങ്ങേരത് ചെയ്‌തോട്ടെ. പക്ഷേ , കോണ്‍ഗ്രസിന്റെ മുഖമായി അറിയപ്പെടുകയും പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു നേതാവ് ഈ ഘട്ടത്തില്‍ ഇതല്ല ചെയ്യേണ്ടത്. ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറില്‍ കുടിയേറ്റ തൊഴിലാളികളെ കാണാന്‍ പോയ രാഹുല്‍ അവിടെ നിന്ന് അവര്‍ക്കൊപ്പം നടക്കുകയാണ് വേണ്ടിയിരുന്നത്.

പണ്ട് തമിഴകത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവര്‍ സെക്രട്ടറിയേറ്റിലേക്ക് പോകാന്‍ വീട്ടില്‍ തയ്യാറെടുക്കുമ്പോഴേക്കും ചെന്നൈയിലെ മുഖ്യ റോഡായ മൗണ്ട് റോഡ് പോലീസുകാര്‍ ബ്ലോക്ക് ചെയ്യുന്ന പരിപാടിയുണ്ടായിരുന്നു. മണിക്കൂറുകളോളം ജനം പെരുവഴിയില്‍ കുടുങ്ങും. ഈ കലാപരിപാടിയില്‍ ഒരു ദിവസം സൂപ്പര്‍സ്റ്റാര്‍ രജനികാന്തും പെട്ടുപോയി. കാറിലിരുന്ന് നട്ടം തിരിഞ്ഞ രജനി ഒടുവില്‍ പുറത്തേക്കിറങ്ങി നടന്നു. രജനി പെരുവഴിയിലൂടെ നടന്നതോടെ ജനം ഇരമ്പിയെത്തി.

സംഗതി ഒടുവില്‍ ക്രമസമാധാന പ്രശ്‌നമായി. അതോടെയാണ് ജയലളിതയുടെ യാത്രയുടെ ഭാഗമായി വളരെ നേരത്തെതന്നെ റോഡ് ബ്ലോക്ക് ചെയ്യുന്ന പരിപാടി പോലീസ് ഉപേക്ഷിച്ചത്. രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം നടന്നിരുന്നെങ്കില്‍ ഇന്ത്യ ഒന്നാകെ ഇളകി മറിയുമായിരുന്നു. ഒരു കോടതിക്കും ഒരു ഭരണകൂടത്തിനും അത്തരമൊരു ജനകീയ മുന്നേറ്റം അവഗണിക്കാനാവുമായിരുന്നില്ല.

പ്രതിസന്ധികള്‍ നിറയുന്ന കാലത്തിന് പറ്റിയ നേതാവല്ല താനെന്ന് രാഹുല്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ആഗ്രഹങ്ങളില്ലാത്ത നേതാവാണ് രാഹുല്‍. പ്രായോഗിക രാഷ്ട്രീയം ആവശ്യപ്പെടുന്നത് ആഗ്രഹങ്ങളുള്ളവരെയാണെന്ന് കെ. വേണു പറഞ്ഞത് വെറുതെയല്ല. Fire in the belly എന്നൊരു ഇംഗ്ലീഷ് ശൈലിയുണ്ട്. ഒരു കാര്യം നേടിയെടുക്കാനുള്ള അദമ്യമായ ആഗ്രഹമാണത് സൂചിപ്പിക്കുന്നത്. ഉള്ളിന്റെയുള്ളില്‍ തീയുള്ളതുകൊണ്ടാണ് നരേന്ദ്ര മോദി ഇന്നിപ്പോള്‍ ഇന്ത്യയുടെ അമരക്കാരനായിരിക്കുന്നത്. ഈ തീയാണ് അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നത്. മമതയിലും പിണറായിയിലും ഈ തീയുണ്ട്.

നമ്മളറിയുന്ന രാഹുലില്‍ ഈ അഗ്‌നിയില്ല. അതുകൊണ്ട് സോണിയ ഗാന്ധി മകനെ മകന്റെ വഴിക്ക് വിടണം. പ്രിയങ്കയ്ക്ക് ഈ തീയുണ്ടെന്നാണ് പ്രിയങ്കയെ അടുത്തറിയുന്നവര്‍ പറയുന്നത്. ഉത്തര്‍പ്രദേശിന്റെ ചുമതലക്കാരിയായി ഒതുക്കേണ്ടയാളല്ല പ്രിയങ്കയെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയാല്‍ പ്രിയങ്കയുടെ മറ്റൊരു മുഖം കാണാനാവുമെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു.

തീരുമാനമെടുക്കേണ്ടത് സോണിയയാണ്. ഇന്നത്തെ നിലയ്ക്ക് കോണ്‍ഗ്രസ് മുന്നോട്ടു പോവുന്നതില്‍ ഒരര്‍ത്ഥവുമില്ല. പത്രപ്രവര്‍ത്തകനായ ശിവം വിജ് പറയുന്നത് കോണ്‍ഗ്രസിലിപ്പോള്‍ മൂന്ന് കോണ്‍ഗ്രസുകളുണ്ടെന്നാണ് . സോണിയയുടെ കോണ്‍ഗ്രസ്, രാഹുലിന്റെ കോണ്‍ഗ്രസ്, പ്രിയങ്കയുടെ കോണ്‍ഗ്രസ്. ഈ മൂന്നു കൂട്ടരും അവരവര്‍ക്ക് തോന്നുന്നതുപോലെ പ്രവര്‍ത്തിക്കുകയാണ്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി കോണ്‍ഗ്രസ് കൊടുക്കുമെന്ന് സോണിയ പ്രഖ്യാപിച്ചപ്പോള്‍ രാഹുലും പ്രിയങ്കയും ഈ പദ്ധതി നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്ന് വിജ് പറയുന്നു. അതൊന്നുമുണ്ടായില്ല. സോണിയയുടെയെന്നല്ല കോണ്‍ഗ്രസിന്റെ ഒരു പദ്ധതിയും ദേശീയ തലത്തില്‍ വിജയിക്കുന്നില്ല.

ഇതിനൊരറുതിയുണ്ടാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് അതിന്റെ ആയുസ്സ് സ്വയം കുറിച്ചിടുകയാണ് എന്നു പറയേണ്ടിവരും. പുതിയൊരു നേതാവിനെ സോണിയ കണ്ടെത്തിയേ തീരൂ. ഒന്നുകില്‍ പ്രിയങ്കയ്ക്ക് ബാറ്റണ്‍ കൈമാറണം. അല്ലെങ്കില്‍ സച്ചിന്‍ പൈലറ്റിനെയോ ഭൂപേഷ് ഭാഗലിനെയോ പോലുള്ളവരെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. പറഞ്ഞുനില്‍ക്കാന്‍ ഇനി അധികം സമയമൊന്നുമില്ല. വെള്ളം മുഴുവന്‍ ഒലിച്ചുപോയിട്ടല്ല അണ കെട്ടേണ്ടത്. ഇക്കാര്യം ഒന്ന് സോണിയയെ ബോദ്ധ്യപ്പെടുത്താനായാല്‍ എ.കെ. ആന്റണിയും അഹമ്മദ് പട്ടേലും ഇന്ത്യന്‍ ജനാധിപത്യത്തിന് ചെയ്യുന്ന വലിയൊരു സുകൃതമാവും അത്.
read full article at:
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക