Image

കൈക്കുടന്നയിൽ കരളുമായി ഒരു യാത്ര !! (ദീപൻ എം.ജെ)

Published on 30 May, 2020
കൈക്കുടന്നയിൽ കരളുമായി ഒരു യാത്ര !!  (ദീപൻ എം.ജെ)
തുടക്ക ഒടുക്കങ്ങൾ കുറിച്ച് വയ്ക്കാതെ,
മടുപ്പിനവിധി മാനത്തെ കിളികാലിൽ കോർത്ത്  ,
ഭാരങ്ങൾ മര ശിഖരങ്ങളിൽ കൊളുത്തി,
ദൂര യാത്ര പോകണം ..
കനവുകൾ കാണാൻ ഒരു യാത്ര പോകണം !!
ഭൂത ഭാവി വ്യസനങൾ, കടലാസിൽ പൊതി കെട്ടി,
പ്രേതങ്ങൾ അഴ  കെട്ടി ആടും, തൊടിയിലെ,
ഉയർത്തിയൊരുക്കിയ തൊഴുത്തിൽ ,
പോത്തിന് ചാണക മാകാൻ എറിഞ്ഞിട്ടു പോകണം..
മടക്ക മില്ലാ യാത്ര പോകണം !!
ഉറങ്ങാതെ മഴ നനഞ്ഞ് എത്ര നിദ്രകൾ,
ഉമ്മറ പടിയിൽ കുഴിച്ചിട്ട കനവുകൾ,
കാത്തിരിപ്പും മരണ മൗനങ്ങളും ,
ചീർത്ത പരിഹാസങ്ങളും ,കെട്ട് അഴിഞ്ഞു,
ഉറങ്ങാത്ത രാവിൽ കൂട്ടിരുന്നവർ !!
തൊഴരെ .... യാത്ര പോകുന്നു
കനവ് കാണാനൊരു യാത്ര പോകുന്നു !!
തല ഇല്ലാത്തൊരു തീവണ്ടി പതിയെ വന്നു നിന്നു,
മുലക്കച്ച കെട്ടിയ തരുണികള്‍വാതിൽ പ്പടിയിൽ !!
ചീട്ടെഴുതി യാത്രാ സൂക്തങ്ങൾ പാടുന്ന
മുട്ടോളം ഉടുപ്പിട്ട നിതംബ ധാരികൾ !!
അക്കമിട്ട ഇരിപ്പിടങ്ങളിൽ
പൂക്കൾ പച്ച കുത്തിയ കൈകളാൽ
ചുണ്ടിൽ കോർത്ത ചിരിമാല ചാർത്തി
കൊണ്ടി രുത്തീ അവർ ബാക്കി യാത്രക്കായി !!
ഉറക്കം തലയിൽ കോഴി കൊത്തുന്നൂ
ഉരഗങ്ങൾ കുടിവച്ച തലഭാര മിറക്കണം,
അടുത്തിരിക്കുന്നത് അമ്മയോ വേശ്യയോ !
തടുക്കാത്ത തോളുകൾ മറ്റാരു ടെ താവാൻ !
കണ്ട് പാതിയായ സ്വപ്നങ്ങൾ തീർക്കണം
കാണാതെ പോയതും കണ്ട് തീർക്കണം
അതിനായി ഇനിയൊരു പകലുറക്കം
അന്തി തൊടും മുൻപൊരു കനവുറക്കം !!
അലക്കു കല്ലിൻമേൽ അരമണിക്ക് ഒപ്പം
അമ്മ വിരലുകൾ കുതിർത്ത പുലരി സ്‌നാനങ്ങൾ,
നിലാവുറങ്ങിയ പാട വരമ്പിൽ,കാറ്റെടുക്കാ
കനലായി മുൻ നട വച്ച അച്ഛനോർമ്മകൾ !!
പൊടിമണ് വിരൽ പടങ്ങളാൽ കാത്തിരിപ്പിന്റെ
അടയാള ചിഹ്നം വരഞ്ഞ ആദ്യ പ്രണയം
പൂവാക പൂമര കൊമ്പിൽ സ്വയം തൂങ്ങി നിന്ന
പുതു പുലരി മോഹങ്ങൾ !!
പലതനു സ്വേത ഗന്ധ മൂറും സുന്ദരി
പ്രേമ  കാപോല മുദ്ര  മിഴി നീരിൽ കുറിച്ചതോ ..
എവിടെ ഞാൻ തുടങ്ങണം മന ഘോഷ യാത്രകൾ
എത് ഇടനാഴിയിൽ കളയണം ഭൂത ചിലമ്പുകൾ !!
ഓർമ്മ യോളത്തിൽ മുങ്ങി നിവരവേ,
അമ്മയാനുന്നറപ്പ്,അടുത്തിരുന്നവർ!
തോളിലാടും തലയിലെ വിരൽ ലാളനം
പാള വക്കിൽ വച്ച് പിൻ നോട്ട മില്ലാ
മറഞ്ഞ ഏതോ മകനുള്ള
പറയാൻ മറന്ന യാത്രാ മൊഴി പോൽ !!
വണ്ടി തൂക്കു പാലം കയറുന്നു,
ഭാണ്ടങ്ങൾ എല്ലാരും തുറന്ന് വയ്ക്കുന്നു,
തല പിഴുതെടുത്ത് ഭാണ്ടം നിറയ്ക്കുന്നു !!
തല കുത്തി ഒഴുകും പുഴയിൽ വലിച്ചെറിയുന്നു !!
മഴ ചാറ്റൽ ചില്ല് ശീല ഇട്ട ജനാലവക്കിൽ ,
വീഴാതെ ,അമ്മയ്ക്ക് താങ്ങായി ആദ്യം..പിന്നെ ഞാനും !!
ഇനി തനു മാത്രം ,.
തനു മാത്രമായി ശേഷ യാത്ര ..
ജാതി മത വർണ്ണ കല്ല് പാകിയ ,
അതിരിന്റെ അവസാന റാന്തൽ വെളിച്ചം,
മഴ മൂടി കാറ്റെടുത്ത് പോകവേ ..
കൈക്കുടന്നയിൽ കരളു മാത്രമായി
ഒടുക്ക മില്ല തുടക്ക ങ്ങളിലേക്ക് ഞാൻ
തനു ചാരി വച്ച് നീണ്ടുറങ്ങട്ടെ..
തേൻ കിനിയും കനവ് കമ്പടം പുതച്ചു !!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക