Image

ജോസഫിന്റെ തിരുശേഷിപ്പ്: വ്യത്യസ്തമായ കഥകളുടെ സമാഹാരം (ആസ്വാദനം: ജോണ്‍ കൊടിയന്‍, സാന്‍ഫ്രാന്‍സിസ്‌കോ)

Published on 31 May, 2020
ജോസഫിന്റെ തിരുശേഷിപ്പ്: വ്യത്യസ്തമായ കഥകളുടെ സമാഹാരം (ആസ്വാദനം: ജോണ്‍ കൊടിയന്‍, സാന്‍ഫ്രാന്‍സിസ്‌കോ)

 
ആഴ്ചകള്‍ക്ക് മുന്‍പു ലോക്ക്ഡൗണ്‍ സമയത്ത് തന്നെ വായിച്ചു തീര്‍ത്തതാണു
അമേരിക്കന്‍ കഥാകൃത്ത് റഫീഖ് തറയിലിന്റെ പത്തു കഥകളുടെ സമാഹാരമായ ജോസഫിന്റെ തിരുശേഷിപ്പ്. പുസ്തകം നേരിട്ട് അയച്ചു തന്ന റഫീഖിനു ആദ്യം തന്നെ നന്ദി പറയട്ടെ. അമേരിക്കന്‍ കഥാകാരനെങ്കിലും അമേരിക്കന്‍ ജീവിത കഥകള്‍ കൊണ്ടു നിറച്ചതല്ല ഈ സമാഹാരത്തിലെ കഥകള്‍. ജീവിതത്തിന്റെ വിവിധ തുറകളില്‍ അഭിരമിക്കുന്ന കഥാപാത്രങ്ങളും വ്യത്യസ്ഥമായ കഥാപശ്ചാത്തലങ്ങളും ആണു കഥകളില്‍. സാധാരണ കഥകളില്‍ നായകന്‍ മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റേയോ പ്രതിരൂപങ്ങള്‍ ആയിരിക്കും. സര്‍വ്വഗുണ സമ്പന്നന്‍. ഇതില്‍ നിന്ന് വ്യത്യസ്ഥരായ പല കഥാപാത്രങ്ങളേയും ജോസഫിന്റെ തിരുശേഷിപ്പില്‍ കാണാം. ഈയിടെ കേരളസാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം നേടിയ പ്രവാസി എഴുത്തുകാരന്‍ എതിരന്‍ കതിരവന്‍ ആണു റഫീഖിന്റെ കഥാസമാഹാരത്തിനു ആമുഖം കുറിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസജീവിതം ഇന്ന് സാധാരണ മലയാളിക്ക് ഏറെക്കുറെ പരിചയമാണു. ആടുജീവിതം എന്ന നോവലിനു മലയാളി നല്‍കിയ അനന്യ സ്വീകരണം ലോകത്തിന്റെ ഏത് ഭാഗത്ത് കഥ നടന്നാലും നല്ല കൃതികളെ മലയാളി സ്വീകരിക്കും എന്നതിനു തെളിവാണ്. അമേരിക്കന്‍ പ്രവാസികളുടെ ജീവിതശൈലിയും ഇന്ന് മലയാളികള്‍ പല അമേരിക്കന്‍ എഴുത്തുകാരിലൂടേയും മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നതും അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ കൃതികള്‍ക്ക് വന്‍ തോതിലുള്ള സ്വീകരണം ലഭിക്കുന്നതും സ്വാഗാതാര്‍ഹമാണു.
തീര്‍ച്ചയായും മലയാള കഥാ ലോകത്തിനു ഒരു മുതല്‍ക്കൂട്ടാണു റഫീഖിന്റെ
'ജോസഫിന്റെ തിരുശേഷിപ്പ;.

കുറുക്കുവഴികളിലൂടെ സാഹിത്യലോകത്ത് സ്ഥാനം പിടിക്കാന്‍ വളഞ്ഞ വഴികള്‍ നോക്കുന്ന എഴുത്തുകാരെയാണു 'നിഴല്‍ പോലെ അവന്‍', 'അവസാനത്തെ അദ്ധ്യായം' എന്നീ കഥകളില്‍ കാണുന്നത്. നമുക്ക് കേട്ടു പരിചിതങ്ങളായ, മലയാള സാഹിത്യ രംഗത്തും സിനിമാ രംഗത്തും ചുരുക്കമെങ്കിലും വീശിയടിക്കുന്ന അപ്രിയ ചുമരെഴുത്തുകള്‍ പോലെ ചില സാഹിത്യ മോഷണങ്ങള്‍. നിഴല്‍ പോലെ അവന്‍ എന്ന

കഥ, കഥാമോഷണം എന്നതിലുപരി, സ്വന്തം വീട്ടുകാര്‍ക്ക് മുന്‍പില്‍ സാഹിത്യകാരന്റെ ഇമേജ് തകര്‍ന്നുവീഴാതിരിക്കുവാനുള്ള ഒളിച്ചുകളികളിലും ഒരു കുറ്റബോധവുമില്ലാതെ സ്വന്തം ഭാഗം ന്യായീകരിക്കുന്നതിലും വ്യാപരിക്കുന്ന ഇന്നത്തെ മനുഷ്യനെ കാണുന്നു.
അയാളെ നിഴല്‍ പോലെ പിന്തുടരുന്ന ഭയം വായനക്കാരിലും അനുഭവപ്പെടുന്നിടത്താണു കഥയുടെ വിജയം. അവസാന അദ്ധ്യായം എന്ന കഥയിലും സ്വാര്‍ത്ഥതയുടെ അകത്തളങ്ങളിലൂടെ വിരാജിക്കുന്ന എഴുത്തുകാരിയെ കാണാം. കഥയെ ജീവിതവുമായി കൂട്ടിയിണക്കുന്ന സ്വാര്‍ത്ഥത, അല്ലെങ്കില്‍, കാഥാന്ത്യത്തിന്റെ പൂര്‍ത്തീകരണത്തിനു സ്വന്തം ജീവിതത്തിന്റെ അടിവേരറുക്കുവാന്‍ പോലും മടിയില്ലാത്ത ഇന്നത്തെ മനുഷ്യജന്മങ്ങളുടെ കുടിലത ഈ കഥ തുറന്നു കാട്ടുന്നു.

ന്യൂയോര്‍ക്ക് നഗരത്തില്‍ ജീവിക്കുന്ന ഒരു മലയാളിയുടേയും അയാളുടെ അനുഭവങ്ങളില്‍ നിറയുന്ന ജോസഫിന്റേയും ജീവിതമാണു 'ജോസഫിന്റെ തിരുശേഷിപ്പ്' എന്ന കഥയില്‍.
അമേരിക്കന്‍ ജീവിതശൈലിയിലേയ്ക്ക് പറിച്ചുനടപ്പെടുന്ന സാധാരണ മലയാളി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഏടുകളും അവരില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങളും സത്യവും മിഥ്യയും കൂടിക്കലര്‍ന്ന മാനസിക വ്യാപാരങ്ങളും ഈ കഥയില്‍ കാണാം.

ഗവണ്മെന്റ് കോര്‍പ്പൊറെറ്റ് ചട്ടങ്ങള്‍ വടം മുറുക്കിയ അമേരിക്കന്‍ ജീവിതശൈലിയില്‍ പിഴവുകള്‍ക്ക് സ്ഥാനമില്ല എന്നത് ഏത് അമേരിക്കന്‍ മലയാളിക്കും അനുഭവത്തിലൂടെ അറിയാവുന്നതാണു. അറിയിപ്പുകളിലേയും നോട്ടീസുകളിലേയും അവസാനതീയതികള്‍ പൗരന്റെ പണപ്പെട്ടിയേയും ജീവിതരീതികളേയും സ്വാധീനിക്കുന്നത് ഇന്നത്തെ എല്ലാ സാംസ്‌കാരീക സമൂഹങ്ങളിലും സാധാരണമാണ്. ന്യൂയോര്‍ക്കില്‍ ഫിഫ്ത് അവന്യൂവിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ താമസിക്കുന്ന അശോകിനു അപ്പാര്‍ട്ട്‌മെന്റ് മാനേജരുടെ മറവിയിലൂടെ ഗ്രീന്‍ കാര്‍ഡ് കയ്യില്‍ നിന്ന് വഴുതിപ്പോകുന്നതും ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുമാണു കഥ. അവസാന നിമിഷത്തിലും, സൈ്വരജീവിതത്തിനു തടസ്സമായി മുറികളിലൂടെ ഓടിനടന്നിരുന്ന എലിയെപ്പിടിക്കാന്‍ തത്രപ്പെടുന്ന കഥാപാത്രം സാധാരണക്കാരന്റെ ആശങ്കളുടെ പ്രതീകമാണെങ്കിലും മനസ്സില്‍ ചിരി വിതയ്ക്കുന്നു.

2018-ലെ സി.വി.ശ്രീരാമന്‍ സ്മാരക കഥാമത്സരത്തില്‍ സമ്മാനാര്‍ഹമായ കഥയാണ് മിസ് ഫിറ്റ്'. പ്രവാസി കഥാകാരന്റെ ഒരു നാടന്‍ കഥ. ഇന്നും ഭൂരിഭാഗം ജനങ്ങളും പരസ്യമായി അകറ്റിനിറുത്തുന്ന ട്രാന്‍സ്‌ജെന്ററിന്റെ മനോവ്യഥകളും ഒരു സാധാരണ അമ്മയുടെ സ്‌നേഹത്തിന്റേയും കരുതലിന്റേയും ധന്യമൂഹൂര്‍ത്തങ്ങളും ഈ കഥയില്‍ കാണുന്നു.

എല്ലാ ജീവികളിലുമുണ്ട് കാരുണ്യത്തിന്റേയും കരുതലിന്റേയും ചില ഭാവങ്ങള്‍.
പ്രത്യേകിച്ച് മനുഷ്യരില്‍. എത്ര പരുക്കനായിരുന്നാലും ക്രൂരനായിരുന്നാലും ചില പ്രത്യേകഘട്ടങ്ങളില്‍ തനിക്കാരുമല്ലാത്ത ചിലരോടു തോന്നുന്ന സഹാനിഭൂതിയോ കരുതലോ ഒക്കെ പരിണാമപ്രക്രിയയുടെ ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന മനുഷ്യനു ആവശ്വത്തിലധികമുണ്ട്. ജീവിതത്തിന്റെ ഒരു അവിചാരിത ഘട്ടത്തില്‍ അത്തരം കരുതലിന്റെ വാതില്‍ തുറക്കുന്ന കഥയാണ് അറ്റന്‍ഡര്‍. അനിഷ്ടങ്ങളോട് പൊരുത്തപ്പെടുന്ന ആശുപത്രിയിലെ അറ്റന്‍ഡര്‍ ആയി ജോലി നോക്കുന്ന അഖിലിനു മനുഷ്യശരീരങ്ങളെ ആശുപത്രിയുടെ ഒരു ഭാഗത്തുനിന്ന് ആവശ്വമുള്ള മറ്റൊരു ഭാഗത്ത് എത്തിക്കുക എന്ന യാന്ത്രികമായ പണിയാണ് മിക്കപ്പോഴും. ഈ യാന്ത്രീകജോലിയിലെ ഒരു അവിചാരിത മുഹൂര്‍ത്തത്തില്‍ അഖിലിന്റെ ഉള്ളിലുള്ള മനുഷ്യത്വം ഉണരുന്ന കഥ അഭിനന്ദനം അര്‍ഹിക്കുന്നു.

ഭ്രൂണദാനത്തിലൂടെ പിറന്ന ആണ്‍കുട്ടിയുടെ അവകാശവാദം പശ്ചാത്തലമായ വിശ്ലേഷണം എന്ന കഥ രണ്ടു ദമ്പതികളുടെ സൗഹൃദത്തിന്റേയും, ക്രമേണ അവരില്‍ നിറയുന്ന അവകാശവാദങ്ങളുടേയും അകല്‍ച്ചയുടേയും കഥ പറയുന്നു. പഴയ തലമുറയെ അവരുടെ ചെറുപ്പകാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന കഥയാണ് 'തിരശീയില്‍ കാണാത്തത്'. അങ്ങാടിപ്പുറത്തെ ചിത്രാലയ ടാക്കീസിലെ കടലവില്‍പനക്കാരനും കുഞ്ഞാപ്പുവും ഖദീജയുമൊക്കെ നാട്ടിന്‍പുറത്തിന്റെ മണം ഈ കഥാസമാഹാരത്തില്‍ വിതറുന്നു. അമേരിക്കന്‍ ഡ്രീംസ്, 'ഒരു മാവിന്റെ ഓര്‍മ്മയ്ക്ക്' എന്നീ കഥകളും ആവിഷ്‌കാര രീതിയിലും കഥാപശ്ചാത്തലത്തിലും മറ്റ് കഥകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നവയാണു.

വ്യത്യസ്ഥമായ അനുഭവങ്ങളില്‍ ഒരുക്കിയെടുത്ത ഈ കഥാസാമാഹാരത്തിലെ പത്ത് കഥകളും പച്ചയായ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളെ കാണിച്ചു തരുന്നു.
യാഥാര്‍ത്ഥ്യവും ഫാന്റസിയും ഇഴ ചേര്‍ത്ത ഈ കഥാസമാഹാരം

മലയാളചെറുകഥാലോകത്തിനു ഒരു മുതല്‍ക്കൂട്ടാണെന്നതിനു സംശയമില്ല. മലയാളിയുടെ ആസ്വാദകലോകത്തിലേയ്ക്ക് വ്യത്യസ്ഥമായ കഥകളുമായെത്തിയ റഫീഖിനെ അഭിനന്ദിക്കുന്നതോടൊപ്പം കഥാകാരനില്‍ നിന്നും കൂടുതല്‍ കഥകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.



>>>കൂടുതല്‍ വായിക്കാന്‍ പിഡിഎഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....


Join WhatsApp News
Joseph Abraham 2020-05-31 15:53:26
റഫീഖ് തറയിൽ വളരെ പ്രതിഭയുള്ള എഴുത്തുകാരനാണ്. ഇവിടെ പറഞ്ഞിരിക്കുന്ന സമാഹാരം കയ്യിൽനിന്നും താഴെ വയ്ക്കാതെ വായിക്കാൻ തോന്നുന്ന പുസ്തകമാണ്. എല്ലാം ഒന്നിനൊന്നു മികച്ചതും കൃതിമത്വം കലരാത്ത ഭാഷയാൽ എഴുതിയതുമാണ്. ഒരു അപസർപ്പക കഥപോലെ എഴുതിയ അവസാനത്തെ അദ്ധ്യായം എന്ന കഥ എന്നെ ഏറെ ആകർഷിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക