Image

യു എ ബീരാൻ സാഹിബ്; വായന വഴിതിരിച്ച് വിട്ട ജീവിതം (യു.എ. നസീര്‍)

Published on 31 May, 2020
യു എ ബീരാൻ സാഹിബ്; വായന വഴിതിരിച്ച് വിട്ട ജീവിതം (യു.എ. നസീര്‍)
2001 മെയ് 31 ന് യുഎ ബീരാൻ സാഹിബ് കോട്ടക്കലിൽ അന്തരിച്ചു. 1925 മാർച്ച് 9 ന് കോട്ടക്കലിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിലേ നന്നായി പഠിക്കുമായിരുന്ന ബീരാൻ സാഹിബ് കോട്ടക്കൽ രാജാസ് ഹൈസ്കൂളിൽ നിന്നാണ് പത്ത് കഴിഞ്ഞത്. പക്ഷെ പിന്നെ ജീവിതം വഴിമാറി ഒഴുകുകയായിരുന്നു. പഠനത്തിന്റെ പിറകെ പോകാതെ ഒരു ദിവസം സുഹൃത്തിന്റെ കൂടെ കോയമ്പത്തൂരിലേക്ക് ഒളിച്ചോടി. അതിനിടെ പട്ടാളക്കാരനാവാനുള്ള മോഹം മനസ്സിലെവിടെയോ മൊട്ടിട്ട് കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ വെച്ച് കണ്ട സുഹൃത്ത് രാമനുമൊന്നിച്ച് റിക്രൂട്ടിങ് ക്യാമ്പിൽ ചെന്നു. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ട്രെയിനിങ്. പരിശീലനത്തിന് ചെന്ന 25 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ബീരാൻ സാഹിബായിരുന്നു 18 വയസ്സ്. അത് കൊണ്ട് തന്നെ കഠിന ട്രൈനിംഗുകൾക്ക് നിർബന്ധിക്കാതെ മേജർ ഈ കുട്ടിയെ മെസ്സിലെ കണക്കെഴുതാനും മറ്റും പരിശീലിപ്പിച്ചു.  ഫിറോസ് പൂരിൽ നിന്ന് പിന്നെ സൈനിക നീക്കങ്ങളുടെ ഭാഗമായി ആഗ്ര, ബർമ്മ, പൂനെ, കൽക്കത്ത, അഹ്മദ് നഗർ, മലേഷ്യ, ഇന്തേനേഷ്യ എന്നിവിടങ്ങളിലെല്ലാം എത്തിപ്പെട്ടു. 1950 ൽ അവധിയിൽ നാട്ടിൽ വന്നു. പിന്നെ മിലിട്ടറി സേവനത്തിന് പോയില്ല. ബോബേയിലേക്കായിരുന്നു അടുത്ത പോക്ക്. അവിടെ ബ്രിട്ടീഷ് സ്ഥാപനമായ ആംസ്ട്രാങ് ആന്റ് സ്മിത്ത് കമ്പനിയിൽ ക്ലർക്കായി ജോലിയിൽ കയറി. ആറ് വർഷം അവിടെ തുടർന്നു. ഈ കാലത്ത് പ്രശസ്ത ഹിന്ദുസ്ഥാനി കവികളും ഗാന രചയിതാക്കളുമായ മജ്‌റൂഹ് സുൽത്താൻ പുരി, കൈഫി ആസ്മി എന്നിവരുമായി ബന്ധമുണ്ടാക്കി. അതിനിടെ അവിടത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനായി. അവിടെ കേരള മുസ്ലിം ജമാഅത്ത് എന്ന ഒരു സംഘടനയുണ്ടാക്കി അതിന്റെ ജനറൽ സെക്രട്ടറിയായി.

അതിനിടെ ബോംബെ മുസ്ലിം ജമാഅത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്ന സി എച്ച് ബീരാൻ സാഹിബിനെ പരിചയപെട്ടു. അദ്ദേഹത്തിലെ സാഹിത്യകാരനെ മനസ്സിലാക്കിയ സി എച്ച് വിശ്വാവിഖ്യാതരായ ഏഴുത്തുകാരുടെ ചെറുകഥകൾ തർജ്ജമചെയ്ത് ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് തരാൻ പറഞ്ഞു. ചന്ദ്രികയിൽ അവ അച്ചടിച്ച് വന്നു. അതിനിടെ ചന്ദ്രികയുടെ ബോംബെ ലേഖകനായി ബീരാൻ സാഹിബിനെ നിയമിച്ചു. 1956 ൽ സി എച്ചി ന്റെയും ബാഫഖി തങ്ങളുടെയും ക്ഷണ പ്രകാരം ബീരാൻ സാഹിബ് ചന്ദ്രികയുടെ സഹ പത്രാധിപരായി ജോലിയേറ്റു പിന്നീട് സീനിയർ അസിസ്റ്റന്റ് എഡിറ്ററായി. ചെറുപ്പത്തിൽ ഒരു സോഷ്യലിസ്റ്റ് അനുഭാവം ഉണ്ടായിരുന്നെങ്കിലും ചന്ദ്രികയിൽ എത്തിയതോടെ മെല്ലെ മെല്ലെ ലീഗുകാരനായി. ചന്ദ്രിക പത്രത്തിൽ അദ്ദേഹം എഴുതിയ പലമുഖ പ്രസംഗങ്ങളും ലേഖനങ്ങളും പാർട്ടിയുടെ നയങ്ങളും നിലപാടുകളുമായി മാറി.  1969 ൽ മലപ്പുറം ജില്ല വന്നപ്പോൾ ജില്ലാ ലീഗ്‌ ജനറൽ സെക്രട്ടറിയായി. പിന്നീട് സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും ഓർഗനൈസിംഗ് സെക്രട്ടറിയും ഒക്കെയായി. അങ്ങിനെ പതിറ്റാണ്ടുകൾ ബാഫഖി തങ്ങൾക്കും, പൂക്കോയ തങ്ങൾക്കും ,സി എച്ചിനും ഒപ്പം പ്രവർത്തിച്ചു കഠിന പ്രയത്നം ചെയ്തു ഐ.യു.എം.എൽ ഒരു ശക്തമായ ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ ബീരാൻ സാഹിബ് യത്നിച്ചു.

പഞ്ചായത്ത് ആക്റ്റ് നിലവിൽ വന്നതിന് ശേഷം 1963 ൽ ബാലറ്റിലൂടെ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോട്ടക്കൽ പഞ്ചായത്തിന്റെ പ്രസിഡന്റായി ഇരുപത് വർഷത്തോളം ആ സ്ഥാനം കൈകാര്യം ചെയ്തു. കോട്ടക്കൽ ഇന്നു കാണുന്ന രീതിയിൽ വലിയ പട്ടണമായി മാറിയതിന്നു പിന്നിൽ പ്രവർത്തിച്ചതിനാൽ " ആധുനിക കോട്ടക്കലിൻ്റെ ശിൽപി '' എന്നാണ് ബീരാൻ സാഹിബ് അറിയപ്പെടുന്നത്.1970 ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് നിയമ സഭയിലെത്തി 1977 (താനൂർ), 1980 (മലപ്പുറം), 1982 (തിരൂർ), 1991 (തിരൂരങ്ങാടി) അങ്ങനെ അഞ്ച് തവണ നിയമസഭയിലെത്തി. തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് സി എച്ച് രാജി വെച്ചതിനെ തുടർന്ന് 1978 ൽ 9 മാസം വിദ്യാഭ്യാസ മന്ത്രിയായി. 1982 മുതൽ 87 വരെ അഞ്ച് വർഷം കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യവകുപ്പ് മന്ത്രിയായി. ആ കാലത്താണ് കേരളത്തിൽ മാവേലി സ്റ്റോറുകൾ ആരംഭിച്ചത്. അങ്ങിനെ ഫലിത പ്രിയ നായ സി.എച്ച് '' മാവേലി ബീരാൻ '' എന്ന് ബീരാൻ സാഹിബിന് പേരിട്ടു. ഇംഗ്ളീഷ്, ഹിന്ദി, ഉറുദു ഭാഷകളിൽ തികഞ്ഞ അവഗാഹമുണ്ടായിരുന്ന ബീരാൻ സാഹിബ് മികച്ച പ്രഭാഷകൻ എന്നപോലെ തന്നെ മികച്ച പരിഭാഷകനുമായിരുന്നു . ഉപരാഷ്ട്രപതിയായ വിവി ഗിരി കോട്ടക്കലെത്തിയപ്പോൾ പ്രസംഗം പരിഭാഷപ്പെടുത്തിയത് അദ്ദേഹമായിരുന്നു. ഖാഇദെമില്ലത്തതിന്റെ ഏറ്റവും ഇഷ്ടപെട്ട പരിഭാഷകൻ ബീരാൻ സാഹിബായിരുന്നു.

ഇതിന്റെയെല്ലാം കൂടെ കൊതിയൊടുങ്ങാത്ത വായനക്കാരനും എഴുത്ത്കാരനും കൂടിയായിരുന്നു ബീരാൻ സാഹിബ്.സത്യത്തിൽ ആ അഭിനിവേശമാണ് അദ്ദേഹത്തെ വളർത്തിയത്. അത് കണ്ടാണ് സി എച്ച് കൂടെ കൂട്ടിയത്. സ്കൂൾ പഠനകാലത്ത് തന്നെ ധാരാളം വായിക്കുമായിരുന്നു. ഇന്തേനേഷ്യയിൽ പട്ടാളത്തിൽ ചോലിചെയ്യുന്ന കാലത്ത് 'ഇന്തനേഷ്യൻ ഡയറിയിൽ' എസ് കെ പൊറ്റക്കാട് പരിചയപെടുത്തിയ മലബാർ ഹോട്ടൽ തിരഞ്ഞു കണ്ടെത്തിയത് ബീരാൻ സാഹിബ് തന്നെ എഴുതീട്ടുണ്ട്. ബോബെയിലെത്തിയപ്പോഴും സാഹിത്യത്തോടും സാഹിത്യകാരന്മാരോടുമുള്ള തന്റെ അഭിനിവേശം തുടർന്ന് കൊണ്ടിരുന്നു. ബോംബെയിലെ താമസ സ്ഥലത്തിനടുത്തുള്ള  പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് രണ്ട് രൂപ കൊടുത്ത് വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' വാങ്ങിയതും വായിച്ച് കഴിഞ്ഞപ്പോൾ അത് തിരിച്ച് കൊടുത്ത് ടോൾസ്റ്റോഴിയുടെ 'യുദ്ധവും സമാധാനവും' പിന്നെ ഹെമിങ്‌വേയുടെ 'കിഴവനും കടലും' പിന്നെ മാർക്സിം ഗോർക്കിയുടെ 'അമ്മ'യുമടക്കം ആ കടയിലെ പുസ്തകങ്ങൾ ഒന്നൊന്നായി വായിച്ച് തീർത്തത് തന്റെ പൂർത്തിയാകാത്ത ആത്മകഥയിൽ ബീരാൻ സാഹിബ് രേഖപെടുത്തീട്ടുണ്ട്. രാഷ്ട്രീയക്കാർക്കിടയിലെ സാഹിത്യകാരൻ എന്നാണ് ബീരാൻ സാഹിബ് അറിയപ്പെട്ടിരുന്നത്.  കവിതകളും ചെറുകഥകളും വിവർത്തനങ്ങളും ജീവ ചരിത്രങ്ങളും സഞ്ചാര സാഹിത്യങ്ങളുമടക്കം കനപ്പെട്ട നിരവധി രചനകൾ നൽകി മലയാള സാഹിത്യത്തെ തന്നെ അദ്ദേഹം സമ്പന്നമാക്കി . ചെക്കോവ്,  മോപ്പസാങ്, സ്‌മാർസെറ്റ് മോം തുടങ്ങിയ വിശ്വ സാഹിത്യകാരന്മാരുടെ കഥകൾ അദ്ദേഹം പരിഭാഷപ്പെടുത്തി. കുപ്പിവളകൾ, ട്യൂട്ടർ തുടങ്ങിയ കഥകൾ മൗലാനാ മുഹമ്മദലി, ജമാൽ അബ്ദുന്നാസർ,  ജനറൽ മുജമ്മദ് നജീബ് തുടങ്ങിയവരുടെ ജീവ ചരിത്രങ്ങൾ അറബ് രാജ്യങ്ങളും യൂറോപ്പും(1989)അറബ് രാജ്യങ്ങൾ, റഷ്യ, മാലി (1986), തുടങ്ങിയ യാത്രാ വിവരണങ്ങൾ വിഭജനത്തിന്റെ വിവിധ വശങ്ങൾ (1995) എന്ന ചരിത്ര നിരീക്ഷണം ഇങ്ങനെ ബീരാൻ സാഹിബിന്റെ സാഹിത്യ സംഭാവനകൾ പരന്നു കിടക്കുന്നു. പശ്ചിമേഷ്യൻ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം എഴുതിക്കൊണ്ടിരുന്നതിനാൽ, യുണൈറ്റഡ് അറബ് ബീരാൻ ' എന്നും സി.എച്ച് ബീരാൻ സാഹിയിബിന് അപര നാമം നൽകിയിരുന്നു.

കൂടാതെ മലയാള സാഹിത്യ തറവാട്ടിലെ തകഴി, വൈക്കം, കെ.എ. കൊടുങ്ങല്ലൂർ, എസ്.കെ.പൊറ്റെക്കാട്, തിക്കോടിയൻ, എം.ടി. തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമായിരുന്നു ബീരാൻ സാഹിബിന്. അതേ പോലെ വിഭിന്ന ചേരിയിലെ രാഷ്ട്രീയ പ്രതിഭകളായ ഇ.എം.എസ്, അച്ചുതമേനോൻ, ബേബി ജോൺ, കരുണാകരൻ തൊട്ട് എല്ലാവരുമായും തൻ്റെ സ്വതസിദ്ധമായ അടുപ്പവും നില നിർത്തിയിരുന്നു.
നാല് പതിറ്റാണ്ട് കാലം ലീഗിനെ കാറ്റിലും കോളിലും പെടാതെ നോക്കാൻ മുന്നിലുണ്ടായിരുന്ന ബീരാൻ സാഹിബ് തൊണ്ണൂറുകളുടെ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പെട്ട് ഇന്ത്യൻ നാഷണൽ ലീഗിലെത്തി. എന്നാൽ പാണക്കാട് കുടുംബത്തിനോടുള്ള ബന്ധനം തകരുന്നത് അദ്ദേഹത്തിന് ആലോചിക്കാൻ പോലും കഴിയുന്നതായിരുന്നില്ല. ആ പേടി കാരണം വളരെ സൂക്ഷിച്ചായിരുന്നു ആ കാലത്തെല്ലാം അദ്ദേഹത്തിന്റെ സംസാരങ്ങൾ.

അവസാന കാലത്ത് പാർക്കിസൺസ് രോഗം ഓർമയെ ഒന്നൊന്നായി കീഴടക്കാൻ തുടങ്ങിയപ്പോൾ ലീഗിലേക്ക് മടങ്ങാനുള്ള മോഹമായിരുന്നു ഉള്ളിൽ നിറയെ. മക്കളോട് അത് പറയുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ മക്കളൊക്കെയും ഇന്ന് ലീഗിൽ തന്നെ പ്രവർത്തിക്കുന്നു. എന്നാൽ ആ പുനഃസമാഗമത്തിന് അവസരം നൽകാതെ രോഗം മുച്ചൂടും അദ്ദേഹത്തെ കീഴടക്കി. ഒരു ദിവസം രോഗശയ്യയിൽ കിടക്കുന്ന ബീരാൻ സാഹിബിനെ കാണാൻ ശിഹാബ് തങ്ങൾ വന്നു. തങ്ങളെ കാണേണ്ട താമസം ഇന്നലെകളുടെ ഓർമകളും തിരിച്ച് വരാനുള്ള മോഹവും കണ്ണുകളിലൂടെ ഒഴുകി പടർന്നു. തങ്ങളും അത്കണ്ട് നിൽക്കാനാവാതെ തേങ്ങി. ബീരാൻ സാഹിബ് മരിച്ചതറിഞ് ശിഹാബ് തങ്ങൾ വന്ന് മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്തു. ലീഗിന്റെ പച്ചപതാകയും പുതച്ച് തന്നെ ആ പ്രതിഭ പതിനായിരങ്ങളുടെ സ്നേഹാദരവുകൾ ഏറ്റു വാങ്ങി യാത്രയായി. രാജ്യത്തെയും, സമുദായത്തേയും അകമഴിഞ്ഞു സേവിച്ച ആദർശ വിശുദ്ധിയും, നിഷsയും കൈമുതലാക്കിയ ആ മഹാ പ്രതിഭയുടെ പരലോകം നാഥൻ ധന്യമാക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക