Image

സൗദിയില്‍ രണ്ടാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍, ഇനി വേണ്ടത് അതീവ ജാഗ്രത

Published on 31 May, 2020
 സൗദിയില്‍ രണ്ടാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍, ഇനി വേണ്ടത് അതീവ ജാഗ്രത


റിയാദ്: രണ്ടര മാസത്തെ അതീവ ജാഗ്രതയും നിയന്ത്രണങ്ങളും പടിപടിയായി പിന്‍വലിച്ചു ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി സൗദിയില്‍ രണ്ടാം ഘട്ട ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

ആദ്യഘട്ടമായി രണ്ടു ദിവസം രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞു 3 വരെയുള്ള ഇളവുകള്‍ക്കു ശേഷം ജൂണ്‍ 20 വരെ നിലനില്‍ക്കുന്ന രണ്ടാം ഘട്ടത്തില്‍ കാലത്ത് 6 മുതല്‍ രാത്രി 8 വരെ ആളുകള്‍ക്ക് സ്വതന്ത്രമായി പുറത്തിറങ്ങാം.

സ്വകാര്യ , പൊതുമേഖലയിലുള്ള സ്ഥാപനങ്ങളും മസ്ജിദുകളും വീണ്ടും ഇന്നു മുതല്‍ സജീവമാകുന്നതോടെ ജനങ്ങളാണ് ഇനി മുതല്‍ അതീവ ജാഗ്രത കാണിക്കേണ്ടത്. കൊറോണ വൈറസില്‍ നിന്നും സ്വയം പ്രതിരോധം തീര്‍ക്കാനുള്ള സ്വയം ആര്‍ജിത കഴിവുകള്‍ കൂടി പരീക്ഷിക്കപ്പെടുന്ന ഒരു കാലഘട്ടമാണ് ഇനിയുള്ളത്. ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും മസ്ജിദുകളും ഓഫീസുകളും തുറക്കുന്നത്. എത്ര ശ്രദ്ധിച്ചാലും ഈ സൂക്ഷ്മാണുവിലൂടെയുള്ള രോഗവ്യാപനം തടയാനാവില്ലെന്ന ബാലപാഠം നാം ഇതിനകം പഠിച്ചു കഴിഞ്ഞതാണ്. കഴിഞ്ഞ കാല അനുഭവങ്ങളായിരിക്കണം ഇനിയുള്ള ദിവസങ്ങളില്‍ നമ്മെ നയിക്കേണ്ടത്.

സൗദിയില്‍ രോഗബാധിതരുടെ എണ്ണം അനുദിനം കുറഞ്ഞു വരികയാണ്. ശനിയാഴ്ച 1870 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ പുതിയ രോഗികള്‍ 1618 മാത്രമാണ്. 22 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 480 ആയി. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുമ്പോഴും ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 24,021 രോഗികള്‍ മാത്രമാണ്. ബാക്കി 58,883 പേരും രോഗമുക്തി നേടി. മക്ക, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന കാണിക്കുന്നത്.

കോവിഡ് മഹാമാരിയെ എല്ലാ സന്നാഹങ്ങളോടും കൂടി നേരിടുന്ന സൗദി അറേബ്യ സുരക്ഷിതമായി ഈ പ്രതിസന്ധിയെ മറികടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ പ്രത്യാശ പ്രകടിപ്പിച്ചു. അല്‍ അറബിയ്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് ജനങ്ങള്‍ വൈറസിനെ പ്രതിരോധിക്കാന്‍ കാണിക്കുന്ന ഉന്നതമായ അവബോധം വലിയ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 70 ശതമാനത്തോളം രോഗബാധിതരെ വൈറസിന്റെ പിടിയില്‍ നിന്നും രക്ഷിക്കാനായിട്ടുണ്ട്. ജി 20 രാജ്യങ്ങളില്‍ സൗദിയിലെ മരണനിരക്ക് ഏറ്റവും കുറഞ്ഞതാണ്. എന്നാല്‍ ജനങ്ങളുടെ ചില നടപടികള്‍ ഏറെ ദുഃഖിതനാക്കിയിട്ടുണ്ട്. സഹകരണമനോഭാവമില്ലെങ്കില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഏറ്റവും ഫലപ്രദമായ ചികിത്സാരീതിയാണ് സൗദി ആരോഗ്യ മന്ത്രാലയം പിന്തുടരുന്നത്. കോവിഡിനെതിരെ ഒരു വാക്സിന്‍ ലഭ്യമായാല്‍ ഉടനെ അത് സൗദിയിലും എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇതിലൊന്നും യാതൊരു ആശങ്കയും രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്നു മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയാണ്. യാത്ര സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇവിടെയും ജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. നേരത്തെ യാത്രക്കാരെ അറിയിച്ചിരിക്കുന്ന കൃത്യമായ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അനുമതി ഉണ്ടായിരിക്കില്ലെന്നു സിവില്‍ ഏവിയേഷന്‍ അതോറിട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നു മുതല്‍ പൊതുസ്ഥലങ്ങളിലേക്കിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. മാസ്‌കില്ലാതെ പൊതുസ്ഥലങ്ങളില്‍ ആളുകളെ കണ്ടാല്‍ 1000 റിയാലാണ് പിഴ. സ്ഥാപനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ 10,000 റിയാലും പിഴ ലഭിക്കും. 50 പേരില്‍ അധികരിക്കാത്ത ആളുകളുടെ ഒത്തുചേരലുകള്‍ക്കും അനുമതിയുണ്ട്. കല്യാണം, പാര്‍ട്ടികള്‍ എന്നിവ നടത്താം. സ്ഥാപനങ്ങളിലും കര്‍ശനമായ ആരോഗ്യ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ഇനി മുതല്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള ഉത്തരവാദിത്വം പൊതുജനങ്ങളിലായിരിക്കും. ബോധവല്‍ക്കരണത്തോടൊപ്പം ആരോഗ്യ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയും നല്‍കേണ്ടി വരും. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുമായിരിക്കണം ജനങ്ങള്‍ പുറത്തിറങ്ങേണ്ടതും പൊതുജീവിതവുമായി ബന്ധപ്പെടേണ്ടതും. സ്വന്തം ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ ആരോഗ്യവും ഓരോ വ്യക്തിയുടെയും കൈകളിലാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക