Image

അമേരിക്കയിലെമ്പാടും ഉയരുന്ന പ്രതിഷേധത്തിന്‌ ഐക്യദാർഢ്യവുമായി‌ ഹോളിവുഡ്‌ താരങ്ങൾ

Published on 01 June, 2020
അമേരിക്കയിലെമ്പാടും ഉയരുന്ന  പ്രതിഷേധത്തിന്‌ ഐക്യദാർഢ്യവുമായി‌ ഹോളിവുഡ്‌ താരങ്ങൾ

ലൊസ്‌ ആഞ്ചലസ്:ജോർജ്‌ ഫ്ലോയ്‌ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയിലെമ്പാടും ഉയരുന്ന  പ്രതിഷേധത്തിന്‌ ഐക്യദാർഢ്യവുമായി‌ ഹോളിവുഡ്‌ താരങ്ങൾ. സംവിധായകരായ സാഫ്‌ഡീ സഹോദരങ്ങൾ ജോഷ്വായും ബെഞ്ചമിനും, കനേഡിയൻ നടനും എഴുത്തുകാരനുമായ സേത്‌ റോജൻ, സംവിധായക അവ ഡു വെർണയ്‌, മോഡൽ ക്രിസി ടെയ്‌ഗൻ ‌ എന്നിവർ പ്രതിഷേധത്തിൽ അറസ്റ്റിലായ 1400ഓളം പേർക്ക്‌ ‌ നിയമസഹായത്തിന്‌ പണം  വാഗ്ദാനം ചെയ്തു. 

പോപ്‌ ഗായകൻ ഹാൽസേ, നടനും സംവിധാകനുമായ സ്റ്റീവ്‌ കാരൽ, നടന്മാരായ ബെൻ പ്ലാറ്റ്‌, ബെൻ ഷ്വാട്‌സ്‌, നടി അബ്ബി ജേക്കബ്‌സ് എന്നിവരും ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്‌.

അതിനിടെ ഫെയർഫാക്സിൽ പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്ന നടൻ കെൻഡ്രിക്‌ സാംപ്‌സണിനു നേർക്ക്‌ പൊലീസ്‌ റബർ ബുള്ളറ്റ്‌ പ്രയോഗിച്ചു. പൊലീസ്‌ സാംപ്‌സണെ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ സാംപ്‌സണിന്റെ ഇൻസ്റ്റഗ്രാം ലൈവ്‌ വീഡിയോയിൽ പതിഞ്ഞു. 

അഭിനേതാക്കളായ ഡ്വെയ്‌ൻ ജോൺസൺ, സെലീന ഗോമസ്‌, പ്രശസ്ത ഗായകരായ റിഹാന്ന, ബിയോൺസ്‌, ലേഡി ഗാഗ, ടിവി താരം കിം കർദാഷിയാൻ എന്നിവരും പ്രതിഷേധത്തോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തി.‘ഫ്ലോയിഡിന്‌ നീതി ലഭിക്കണം. അദ്ദേഹത്തിന്റെ കൊലപാതകം ഞങ്ങളെ തകർത്തു. ഈ വേദന സാമാന്യവൽക്കരിക്കാൻ ഞങ്ങൾക്കാകില്ല.’ ഇൻസ്റ്റഗ്രാം വീഡിയോയിൽ ബിയോൺസ്‌ പറഞ്ഞു. 

വർണവിവേചനം ഒരു രോഗമാണെന്ന്‌ ഡ്വെയ്‌ൻ ജോൺസൺ പ്രതികരിച്ചു. കറുത്തവർഗക്കാർ കൂടുതൽ ശ്രദ്ധ അർഹിക്കുന്നുണ്ടെന്നും നമ്മൾ നിശബ്ദരായിരിക്കരുതെന്നും സെലീന ഗോമസ്‌ പറഞ്ഞു.

നടനും നിർമാതാവും തിരക്കഥാകൃത്തുമായ ജോൺ കുസാക്കിനെ ഷിക്കാഗോയിൽ പൊലീസ്‌ മർദിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ താരം പകർത്തുമ്പോഴായിരുന്നു പൊലീസിന്റെ ആക്രമണം. കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചതായും കുസാക്‌ പറഞ്ഞു.കഴിഞ്ഞ തിങ്കളാഴ്‌ച മിനിയാപൊളിസിലാണ്‌ കറുത്തവംശജനായ ഫ്ലോയ്‌ഡിനെ  പൊലീസ്‌ വിലങ്ങണിയിച്ച്‌ വഴിയിൽ വീഴ്‌ത്തി കഴുത്തിൽ കാൽമുട്ട്‌ അമർത്തി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയത്‌.



അമേരിക്കയിലെമ്പാടും ഉയരുന്ന  പ്രതിഷേധത്തിന്‌ ഐക്യദാർഢ്യവുമായി‌ ഹോളിവുഡ്‌ താരങ്ങൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക