Image

മല്‍ബണില്‍ 'റെക്‌സ് ബാന്റ് വിസ്മയമായി

Published on 28 May, 2012
മല്‍ബണില്‍ 'റെക്‌സ് ബാന്റ് വിസ്മയമായി


മെല്‍ബണ്‍: ജീസസ് യൂത്ത് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ സല്ലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന റെക്‌സ് ബാന്റിന്റെ സംഗീതസന്ധ്യ വിസ്മയമായി. മെല്‍ബണിലെ മോശം കലാവസ്ഥയെ മറികടന്ന് ആയിരക്കണക്കിന് ആളുകള്‍ സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തി. പാശ്ചാത്യ സംസ്‌കാരത്തില്‍ ജീവിക്കുന്ന യുവജനങ്ങള്‍ ജീസസിന്റെ വഴിയെ പിന്തുടരുന്ന കാഴ്ചയായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററില്‍ കാണുവാന്‍ കഴിഞ്ഞത്. 


നൂറുകണക്കിന് യുവജനങ്ങള്‍ ഭക്തിസാന്ദ്രമായ സംഗീതത്തോടൊപ്പം നൃത്തച്ചുവടുകള്‍ വെച്ച് ആടിയും പാടിയും ദൈവത്തിന് സ്‌തോത്രം അര്‍പ്പിക്കുന്ന കാഴ്ച പുതിയ അനുഭവമായി. അല്‍ഫോന്‍സ് ജോസഫിന്റെ ഗിറ്റാറാന്റെ മാസ്മരികതയും സ്റ്റീഫന്‍ ദേവസിയുടെ പിയാനോയുടെ നാദബ്രഹ്മവും കാണികള്‍ക്ക് പുത്തന്‍ അനുഭവമായി. വൈകുന്നേരം 7.30-ന് ആരംഭിച്ച സംഗീത സന്ധ്യയ്ക്ക് റവ.ഫാ. ജോണ്‍ അറവിന്‍കര സ്വാഗതം ആശംസിച്ചു. 


മെല്‍ബണ്‍ അതിരൂപതയുടെ വികാരി ജനറാള്‍ സംഗീതസന്ധ്യ ഉദ്ഘാടനം ചെയ്തു. 1980 കാലഘട്ടത്തില്‍ സംഗീതത്തില്‍ താത്പര്യമുണ്ടായിരുന്ന കുറച്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ ക്രിസ്തു വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കി ക്രിസ്തുവിലേക്ക് യുവജനങ്ങളെ എത്തിക്കാനുള്ള ശ്രമത്തില്‍ രൂപപ്പെടുത്തിയതാണ് റെക്‌സ് ബാന്‍ഡ്. 


ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റെക്‌സ് ബാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. അല്‍ഫോന്‍സ് ജോസഫും, സ്റ്റീഫന്‍ ദേവസിയും റെക്‌സ് ബാന്റിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ സംഗീതസന്ധ്യ അവതരിപ്പിക്കുന്നു. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന സംഗീതസന്ധ്യയില്‍ ക്രിസ്തുവിന്റെ മഹത്വം വിളിച്ചോതുന്ന നൃത്തച്ചുവടുകളും കാണികള്‍ക്ക് വിസ്മയമായി. കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്ങിനിറഞ്ഞ കാണികളുടെ ഹൃദയത്തിലേക്ക് ക്രിസ്തുവിന്റെ അരൂപി കൊണ്ടുവരാന്‍ റെക്‌സ് ബാന്റിനു കഴിഞ്ഞു. ജീസസ് യൂത്ത് ഓസിട്രേലിയ കോര്‍ഡിനേറ്റര്‍ അസീസ് മാത്യു, മെല്‍ബണ്‍ കോര്‍ഡിനേറ്റര്‍ അനൂപ് ജോസഫ്, സുനില്‍, ബ്ലെസിമോള്‍ എന്നിവര്‍ സംഗീതസന്ധ്യയ്ക്ക് നേതൃത്വം നല്‍കി. 


ഫാ. ജോണ്‍ അറവിന്‍കര, ഫാ. പീറ്റര്‍ കാവുംപുറം, ഫാ. ജോസി കിഴക്കെതലയ്ക്കല്‍, ഫാ. റെയ്‌സണ്‍ എന്നിവരും റെക്‌സ് ബാന്റിന്റെ സംഗീതസന്ധ്യയില്‍ സന്നിഹിതരായിരുന്നു.


റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക