Image

കൂടത്തായി കേസ്: വിചാരണ നടപടികള്‍ എട്ടിനു തുടങ്ങും

Published on 02 June, 2020
കൂടത്തായി കേസ്: വിചാരണ നടപടികള്‍ എട്ടിനു തുടങ്ങും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രാഥമിക വിചാരണ നടപടികള്‍ എട്ടിനു തുടങ്ങും.  സിലി വധക്കേസാണു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആദ്യം പരിഗണിക്കുക. എട്ടിനു പ്രാഥമികവാദം കേള്‍ക്കുന്ന കോടതി തുടര്‍വിചാരണ നടപടികള്‍ തീരുമാനിക്കും.  2002–2016 കാലയളവില്‍  ഒരേ കുടുംബത്തിലെ ആറു പേര്‍ കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബര്‍ അഞ്ചിനാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ഭര്‍തൃമാതാവിന്റെ സഹോദരന്‍, രണ്ടാം ഭര്‍ത്താവിന്റെ ആദ്യഭാര്യ, മകള്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണു കേസ്. ആറു കേസുകളിലും പൊലീസ് നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മുഖ്യപ്രതി ജോളി ജോസഫിന്റെ ഭര്‍ത്താവ് ഷാജു സഖറിയാസിന്റെ ആദ്യഭാര്യ സിലി  2016 ജനുവരി 11നാണു  മരിച്ചത്. ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ചു നല്‍കി   സിലിയെ ജോളി കൊലപ്പെടുത്തിയെന്നാണു കേസ്. സയനൈഡ് സംഘടിപ്പിച്ചു നല്‍കിയ എം.എസ്.മാത്യു, കെ.പ്രജികുമാര്‍ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേല്‍നോട്ടത്തില്‍ മുക്കം  ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജുവാണു കേസ് അന്വേഷിക്കുന്നത്. അഡ്വ. എന്‍.കെ. ഉണ്ണിക്കൃഷ്ണനാണു  സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക