Image

മുനിയമ്മയുടെ ചോദ്യം : മീരാ കൃഷ്ണൻകുട്ടി

Published on 03 June, 2020
മുനിയമ്മയുടെ ചോദ്യം : മീരാ കൃഷ്ണൻകുട്ടി
തേഞ്ഞു  തേഞ്ഞ് പകുതിയായിരുന്നു,   കുഴഞ്ഞു കിടന്ന  പുല്ലിൻചൂല്.   ലോക്ക്  ‌ ഡൗൺ  കാലത്തെ വീട്ടുവിഷമക്കാഴ്ചകളുടെ  മറ്റൊരു  പ്രത്യക്ഷപ്രതീകം  പോലെ! 

എങ്കിലും,  ഗത്യന്തരമില്ലായിരുന്നു. രാത്രിയിൽ  പെട്ടെന്നാഞ്ഞടിച്ച കാറ്റിൽ  പൊട്ടിത്തകർന്ന, കണ്ണാടി  ജനലിന്റെ, ചിതറിത്തെറിച്ചിരുന്ന ചില്ലിൻചീളുകൾ വാരിക്കൂട്ടുവാൻ, അതു തന്നെ വേണ്ടിയിരുന്നു .

ഇരുന്നും നിരങ്ങിയും,  കുനിഞ്ഞും  ഒരുവിധം   നിലം വൃത്തിയാക്കുമ്പോഴായിരുന്നു, ഫോണടിച്ചത്. തൊട്ടടുത്തിരുന്ന കസേരയിൽ  ഒരു കൈയൂന്നി, ഇതൊക്കെ  എന്തു   വ്യായാമം എന്ന്  സ്വയം  പറഞ്ഞു  പറ്റിച്ച്,  വിയർത്തു  കുളിച്ച്‌  വളഞ്ഞു കിടന്ന സ്വരൂപത്തെ, ഒരുവിധത്തിൽ നിവർത്തിയെടുത്ത്,  ഫോണെടുത്തു. 

മുനിയമ്മ !. മനസ്സൊന്നാളി. എന്താണാവോ?   ഈശ്വരാ.. !വീട്ടിലിരിക്കാതെ  കോയമ്പേട്  മാർക്കറ്റിൽ   അലഞ്ഞ്  , വല്ലായ്മ വല്ലതും  വാങ്ങിക്കൂട്ടിയിരിക്കുമോ? 

"അമ്മാ,  എപ്പടി  ഇരുക്കമ്മാ..?ഒടമ്പു  നല്ലാ  ഗൗനിക്കണം! 
ദിനസരി തറ  പെറുക്കവേണ്ട.  കുനിഞ്ചു   തൊടക്കവേണ്ടാ... മുതുകുവലി ഉള്ളതല്ലേ....? "  
കുശലാന്വേഷണം കേട്ടപ്പോൾ സമാധാനമായി. പ്രശ്നമൊന്നുമില്ല.  
 
 പെട്ടെന്നൊരു  സംശയം! അവളുടേത്‌  വീഡിയോ  കാൾ  ആയിരുന്നുവോ?  ചൂല്  അവൾ  കണ്ടിരിക്കുമോ? വേഗത്തിൽ മൊബൈലിൽ  നോക്കി,  അതല്ലെന്ന്  ഉറപ്പാക്കിയപ്പോഴാണ്  ശ്വാസം  നേരെ വീണത്. 

"അമ്മാ.. പാത്രം  ഒന്നുരണ്ട്   മാത്രം എടുത്തിട്ട് സമയൽ  പണ്ണുങ്കോ... ഇല്ലാട്ടാ  സിങ്കിൽ  പാത്രങ്ക  കുമിഞ്ചിടും."

 ഇതിപ്പോൾ,   "മുഴുശമ്പളയ  വധി"യിൽ   വീട്ടിലിരുന്ന് , ഇവിടുത്തെ  കാര്യങ്ങൾ  ഇത്രയും  കൂലങ്കഷമായി അന്വേഷിക്കുന്നതിന്റെ പിന്നിൽ,  ഒരുപക്ഷേ,   പരിഹാസമായിരിക്കുമോ?
അതോ,ഏതു  അരച്ചൂലായാലും 
എത്രതന്നെ ഓർമ്മിപ്പിച്ചാലും, പത്തുതവണ പുറത്തിറങ്ങിയാലും, വാങ്ങാൻ മറക്കുമായിരുന്ന, എന്നിട്ടും  മുക്കിലും  മൂലയിലും ചൂലെത്തുന്നില്ലെന്നു  പരാതി  പറയുമായിരുന്ന, ഇടതടവില്ലാതെ സിങ്കിൽ പാത്രം  കൊണ്ടിട്ടുകൊണ്ട് കഴുകിമിനുക്കുന്നില്ലേ,   എന്ന്  പോലീസു മുറയിൽ  പരിശോധിക്കുമായിരുന്ന,  തന്നോടുള്ള   പക പോക്കലോ? 

"അമ്മാ,  ഒരു  വിഷയം.... !" മുനിയമ്മയുടെ  സ്വരം  മാറി . അതൊരു  അപേക്ഷയുടെ ഭാവത്തിലായി.    അതോടെ   'വിഷയം ' പറയാതെ തന്നെ വ്യക്തമായി! അപ്പോൾ , കടം,  അതാണ്  കാര്യം. സ്നേഹാന്വേഷണം  ഒരു        മുഖവുരയും  !

 കാശ്, മരുമകന്   പുതിയ  മൊബൈൽ  സമ്മാനിക്കാനാകുമോ? കല്യാണപ്പിറ്റേന്നു തന്നെ പയ്യൻ   മുന്നോട്ടു  വെച്ചിരുന്ന ഒരാവശ്യം.   കൊറോണക്കാലത്ത്,   വീട്ടിൽ  പിടിച്ചിരുത്താനൊരു വഴിയായെന്നു മുനിയമ്മയും 
കരുതിക്കാണും. 
 
അതോ, 
പഴനിക്ക്  പാമ്പാട്ടത്തിന്  തിരക്കായിട്ടോ ?  അവന് കൈകാൽ  വിറ  തുടങ്ങിയിരിക്കുമോ? കുപ്പിക്കുള്ള   തല്ലു തുടങ്ങിയിരിക്കുമോ ? 
അതുമല്ലെങ്കിൽ പിന്നെ,  മകന്റെ  പുതിയ വാച്ചിനു  വേണ്ടിയുള്ള  ശാഠ്യം 
മൂത്തിട്ടുണ്ടാകുമോ? 

എന്തൊരു കഷ്ടം.ഇക്കൂട്ടരെങ്ങിനെ നന്നാവാനാണ് !കൊക്കിലൊതുകുന്നതല്ലേ  കൊത്താവൂ ! അവസാനിക്കാത്ത  ഓരോരോ  ആഗ്രഹങ്ങൾ !  കടം വാങ്ങാൻ വല്ല  നാണവും  വേണ്ടേ?  വീട്ടിലൊരു  ഗസ്റ്റുണ്ടെന്നും പറഞ്ഞ്  കുറച്ചു  പണം  വാങ്ങി യിട്ടിപ്പോൾ ആഴ്ച  രണ്ടായില്ല.  ഉള്ളിലെ  വിധികർത്താവ്  പിറുപിറുത്തു  കൊണ്ടിരുന്നു. 

"അമ്മാ...,  
തുണി കൊഞ്ചമാ  തൊവക്കുങ്കോ..! ലോക്ക്  ഡൌൺ മുടിഞ്ചാ  നാൻ  വരുമല്ലോ. ഇപ്പൊ  നീങ്ക തനിയെ,  ടെറസിൽ, എപ്പടി നിറയെ തുണി  ഉണക്കാനിടറത്!"  മുനിയമ്മ  തുടർന്നു.  

 ഒരാഴ്ചയായി,   ഒരു  ബക്കറ്റ്  ‌ തുണി മുഴുവൻ തന്നത്താൻ അടിച്ചു നനച്ചു  മുകളിൽ തോരിടേണ്ട  ഗതികേടിലാണല്ലോ,  എന്ന ഓർമയിൽ, അറിയാതെ   മനസ്സിൽ  രോഷം  പതഞ്ഞുപൊങ്ങി.  
"മുനിയമ്മാ,  വാഷിങ്‌മെഷീൻ  ഓടലെ" !  അതൊരു മുരൾച്ചയായി.എല്ലാം മുനിയമ്മ  ചെയ്ത  അപരാധമാണെന്ന മട്ടിൽ!
കൂട്ടത്തിൽ,  ജനാല പൊട്ടിയ കാര്യവും  പെട്ടെന്ന് പറഞ്ഞുതീർത്തു . 

"ഏ.. !
എന്നമ്മാ !... അയ്യയ്യോ!"
പെട്ടെന്ന്  മുനിയമ്മ  നിശ്ശബ്ദയായി. ഫോൺ  കട്ടാക്കി. മറുവശത്തെ   ദ്വേഷ്യമടങ്ങാതെ, എങ്ങിനെ കടം  ചോദിക്കും എന്നോർത്തിട്ടാവും !

അടുപ്പിലെ പരിപ്പ് കരിക്കട്ടയായി  എന്ന്  അറിയിച്ചു കൊണ്ടെത്തിയ  പുക മൂക്കിലേക്കടിച്ചതപ്പോൾ!   ഉള്ളിൽ    പൊട്ടലും  ചീറ്റലും ഇരട്ടിയായി. അരിശം മുഴുവൻ,  വരി വരിയായി  ചുവരിലേക്കു  അരിച്ചു കയറാൻ തുടങ്ങിയിരുന്ന ഉറുമ്പിൻ ജാഥയോടായി.  അരച്ചൂൽ  കൊണ്ടതിനെ അടിച്ചരച്ചപ്പോൾ  ഒട്ടൊരു സമാധാനമായി. 

വീണ്ടും  മുനിയമ്മയുടെ വിളി. 
 
"എനക്ക്,  എനക്ക്....! നാൻ ഒന്നു കേക്കട്ടുമാ? "
 മുഴുമിക്കാനാകാതെ അവൾ  പരുങ്ങി.  

" ശീഘ്രമാട്ടേ  ,  വേലയിരുക്ക് !"

" അമ്മാ  കോപിക്കാതെ! പൊന്നയ്യനെ  ഇപ്പൊ അയക്ക 
രേൻ  !"അവൾ  പറഞ്ഞു  നിർത്തി.  

നല്ലപൂരം. കാശ്  വാങ്ങാൻ പറ്റിയ  ആൾ !  ആടിയാടി ഘണ്ടശാലയുടെ  പാട്ടും പാടി,  ഇളിഞ്ഞചിരിയോടെ വന്നുനിൽക്കുന്ന പൊന്നയ്യന്റെ   രൂപം ഉള്ളിൽ  തെളിഞ്ഞതോടെ  കോപം ഒന്നുകൂടി പെരുകി. . 

പെട്ടെന്നു  തന്നെ സാനിടൈസർ മുൻവാതിൽക്കൽ കൊണ്ടുവച്ചു.  കൈ  കഴുകി. ചൂണ്ടു വിരലും തള്ളവിരലും  ഒരു  നൃത്തമുദ്ര  പോലെ പിടിച്ച്‌ തൊട്ടും തൊടാതെയും അഞ്ഞൂറിന്റെ  മൂന്നുനോട്ടുകൾ ഒരു കവറിൽ  എടുത്തു വെച്ചു.

കാളിങ്  ബെൽ അടിച്ചതപ്പോൾ. 

പൊന്നയ്യൻ.    പുതിയ അവതാരം  ഞെട്ടിച്ചു  ! നീണ്ടു  നിവർന്ന്, ആട്ടവും പാട്ടുമില്ലാതെ മുഖത്ത്  മാസ്ക്കും കൈയിൽ ഉറകളുമായി ! ഒപ്പം വെളുത്തു  മെല്ലിച്ചൊരു പയ്യനുമുണ്ടായിരുന്നു.

ഉടനെ  പണത്തിന്റെ  കവർ വെച്ചു നീട്ടി. വേഗം സ്ഥലം വിടാനുള്ള  സൂചന  പോലെ. 
 
"അമ്മാ.. വേല മുടിയട്ടും!"അവൻ അമ്പരപ്പോടെ  പറഞ്ഞു.  "മുനിയമ്മ  സൊല്ലിയിരുക്കുമേ ..? അമ്മാ,  ഇത് ഷുക്കൂർ.  നല്ല റിപ്പേർക്കാരനാ .  അമ്മാ.... നീങ്ക കൊഞ്ചം റൂമിലെ പൊങ്കോ...!  സാർ, വെളിയിലെ വറാതീങ്കോ...!"കമ്പ്യൂട്ടറിൽ  തലപൂഴ്ത്തിയിരുന്ന  സാറിനോടും,  അവൻ ഉറക്കെ വിളിച്ചു പറഞ്ഞു . 

പൊന്നയ്യനും  ചങ്ങാതിയും വാഷിങ്  മെഷീൻ വെച്ചിരുന്ന ബാൽക്കണിയിലേക്ക്  കൊടുങ്കാറ്റു പോലെ നീങ്ങി.  നടക്കുന്നതെന്തെന്നറിയാതെ മുറിയിൽ അന്തം  വിട്ടിരിക്കുമ്പോൾ, ആരോ  പുറത്തേക്കിറങ്ങുന്ന  ശബ്ദം. പിന്നീട്  തിരിച്ചു  വരുന്നതിന്റെ ബഹളം.

മേശപ്പുറത്ത്  അഴിച്ചു  വെച്ചിരുന്ന മാലയും  മോതിരവുമായിരുന്നു,  അപ്പോൾ  മനസ്സിൽ.  അതെങ്ങാനും  കാണാതായാൽ,   ചോദിയ്ക്കാൻ പോലും പറ്റിയെന്നു വരില്ല. ഏഴര നിമിഷം കൊണ്ട്  ഏഴരശ്ശനി  അനുഭവിച്ച ഓവിലെ തവളയെക്കാൾ ശോചനീയമായ അവസ്ഥ!  
അരമണിക്കൂറായില്ല ,  പൊന്നയ്യന്റെ 
ജയഭേരി മുഴങ്ങി. "അമ്മാ... മെഷീൻ  റെഡി!"


വിശ്വസിക്കാനായില്ല. കോറോണക്കാലത്തൊരു  റിപ്പേർക്കാരൻ!  അതും  പൊന്നയ്യൻ മുഖാന്തരം.
"അമ്മാ,  ആയിരത്തി അഞ്ഞൂറു രൂപയാച്ച്.  ഒരു  പാർട്ട് മാറ്റിയിരുക്ക്.....
അപ്രം,  ജനൽ അളവ്  എടുത്തിരിക്കെ.  നാളേക്ക് 
ഷുക്കൂർ ഗ്ലാസ്  മാത്തിടും. "

കവറിൽ അധികമായി   മറ്റൊരു അഞ്ഞൂറിന്റെ   നോട്ടു കൂടി വെക്കുമ്പോൾ, അറിയാതെ അടർന്നു വീണത്   ഏതാനും തുളളി 
കണ്ണീർ.  നന്ദിയുടെ, സന്തോഷത്തിന്റെ ,  വലിപ്പം  നടിച്ചു മുൻവിധികൾ  പടച്ചുപോയതിന്റെ  കുറ്റഭാരത്തിന്റെ......!

അവരിറങ്ങിയതും  ഫോണടിച്ചു.  മുനിയമ്മ.  

"അമ്മാ,  അവങ്ക  വന്തതാ ? വേല മുടിച്ചതാ ? അന്ത ഷുക്കൂർ നല്ല പയ്യൻ.  എല്ലാ  വേലയും  തെരിയും.  പാവം . ബീഹാറുക്കു തിരുമ്പി പോകലെ.   അങ്കെ   വീടും  അപ്പനും   അമ്മയും ഒന്നും ഇല്ലെന്ന്. കോൺട്രാക്‌ സാറ് അവനെ  പുടിച്ചു വെളിയിൽ  തള്ളിയതാ ! പൊന്നയ്യനാ  കാപ്പാത്തീത് .  എങ്ക വീട്ടിലാ ഇപ്പൊ താമസം. പൊന്നയ്യൻ  ഇപ്പൊ പഴയ ആളല്ല,   അമ്മാ!ഷുക്കൂരാണ്,  അന്നേക്ക്  നാൻ  സൊന്ന ഗസ്റ്റ് !   അവനെ  തനിയെ  വെളിയിലെ വിട്ടാ ,  പോലീസ് പിടിക്കും.  അല്ലെങ്കി , എങ്കളെപ്പോലുള്ള  ചെറിയ   മനിതർക്ക്  ഈ പെരിയ ലോകത്ത്  ഏതമ്മാ    മതിപ്പ് !     സ്വന്ത വീട്, നാട്  എല്ലാം  കനവ് ! 
വേലയുണ്ടാ,  കൂലി ഉണ്ട്‌ . കാശിരുന്താ, ശാപ്പാടുണ്ട്. ഒന്നുമില്ലാട്ടാ, കടം!

കോവിഡ് പിടിച്ചാലും ലോറി ഇടിച്ചാലും,  ഏതു കണക്ക്, എന്ന  കണക്ക് !  ഉറുമ്പുകള്  സത്തു പോണാ  യാര്ക്ക്  താൻ നഷ്ടം !! 
ആനാലും, ഉയിറുള്ളവരേക്കും യാരുക്കാവുത്   ഉതകവേണം, അല്ലമ്മാ? അതല്ലെ  സരി?"  

മുനിയമ്മയുടെ  ചോദ്യം. 

ഏതു കൊറോണയുടെ  ഇരുട്ടിനെയും തോൽപ്പിക്കാൻ പ്രാപ്തമായ    ചെറിയ മനുഷ്യരുടെ,  വലിയ  മനസ്സുകളിലെ സ്നേഹശോഭയെക്കുറിച്ചുള്ള
ഒരോർമപ്പെടുത്തൽ. മനസ്സപ്പോൾ  മന്ത്രിച്ചു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക