Image

ഓണ്‍ലൈന്‍ ക്ലാസ് അധ്യാപികമാരെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം: കേളി

Published on 04 June, 2020
ഓണ്‍ലൈന്‍ ക്ലാസ് അധ്യാപികമാരെ സമൂഹ മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹം: കേളി

റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ ഒട്ടുമിക്ക മേഖലകളും സ്തംഭിച്ചിരിക്കുന്ന അവസ്ഥയില്‍ കേരള സര്‍ക്കാരിന്റെ വിദ്യാഭാസ മേഖലയിലെ ധീരമായ നടപടികളെ താറടിച്ചു കാണിക്കാന്‍ ഓണ്‍ലൈന്‍ അധ്യാപികമാരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച സാമൂഹ്യ വിരുദ്ധര്‍ക്ക് എതിരെ കേരളാ പോലീസ് കൈക്കൊണ്ട നടപടികള്‍ സ്വാഗതം ചെയ്യുന്നതായി കേളി കലാസാംസ്‌കാരിക വേദി.

കേരളത്തില്‍ പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ടിവി-ഓണ്‍ലൈന്‍ അധ്യാപനം കേരള സമൂഹം, വിശിഷ്യാ കുട്ടികളും അവരുടെ രക്ഷിതാക്കളും, രണ്ടുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ നൂതനമായ ഇത്തരം വിദൂര ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരെ പ്രത്യേകിച്ചും അധ്യാപികമാരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ നിന്ദ്യവും അത്യന്തം അപലപനീയവുമാണ്.

അധ്യാപകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ഇത്തരം സാമൂഹ്യ വിരുദ്ധര്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളണമെന്നും നൂതന മാര്‍ഗ്ഗങ്ങളിലൂടെ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പരിശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കേളി സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക