Image

ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം (ഗംഗ.എസ്)

Published on 04 June, 2020
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം (ഗംഗ.എസ്)

ആന ആനയാണ്. ചേന അല്ല. ആനക്കാര്യത്തിനിടയിൽ ചേന കാര്യം പറയരുത്. ആനച്ചേന ഉണ്ട് അത് വേറെ..
ആന ചേന തിന്നില്ല. വായ ചൊറിയും.
പഴുത്ത പൈനാപ്പിൾ ആണെങ്കിൽ ചൊറിയില്ല.
പൈനാപ്പിൾ പന്നി തിന്നുമോ അതാണ് അടുത്ത ചോദ്യം.
ഇത്രയും ചെറിയ വായുള്ള പന്നി പൈനാപ്പിൾ തിന്നുമോ?
ചോദ്യം ആന വിശാരദൻ വേലിക്കുഴി വേലു ആശാനോട് ആണ്.
ആനവായിൽ അമ്പഴങ്ങ പോലെ ആണ് പൈനാപ്പിൾ എന്നാലും ചക്ക മാങ്ങ തുടങ്ങി പഴങ്ങൾ ആനയ്ക്ക് പ്രിയം ആണ്.

പന്നിക്ക് വച്ചത് ആനയ്ക്ക് കൊണ്ടു. ആനയായാലും പന്നിയായാലും വേദന ഒന്ന് തന്നെ.കാട്ടിൽ അക്കേഷ്യയും തേക്കും നട്ടു പിടിപ്പിച്ചു കാട്ടുകള്ളന്മാർ വെട്ടി വിൽക്കുമ്പോൾ കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങും. സ്വാഭാവികം.
മണ്ണാർക്കാട് എന്ന സ്ഥലം മലപ്പുറത്തു ആണോ പാലക്കാട്‌ ആണോ എന്ന് നാട്ടുകാർക്ക് സംശയം ഇല്ല.ചിലപ്പോൾ മലപ്പുറം സ്വദേശി ആയ ആന പാലക്കാട്ടേക്ക് അത്യാവശ്യം ആയിട്ട് പോയത് ആവും.
മലപ്പുറം ആനയ്ക്ക് മലപ്പുറത്തു വച്ചു പൈനാപ്പിൾ പടക്കം കൊടുത്തോ അതോ പാലക്കാട്‌ വച്ചു കൊടുത്തോ എന്നതിൽ തീർപ്പ് ആയില്ല.

ജില്ലാന്തര യാത്ര അനുമതി ആനയ്ക്ക് അല്ല ആന വണ്ടിയ്ക്ക് ആണ് കൊടുത്തത് എന്ന് അതിനിടയിൽ വ്യക്തത വരുത്താനായി ആന മന്ത്രി ആധികാരികമായി പ്രസ്താവിച്ചിട്ടുണ്ട്.
അങ്ങനെ ജില്ല വിട്ടു മറ്റൊരു ജില്ലയ്ക്ക് ഈ ലോക്ക് ഡൗൺ കാലത്ത് പോകരുത് എന്ന് ആർക്കും ആനയെ തടയാൻ അവകാശം ഇല്ല എന്ന് ആനകളുടെ റൂട്ട് മാപ്പുകൾ പഠിച്ചിട്ടുള്ള മാതംഗ ലീല വായിച്ചു ഹൃദ്യസ്ഥമാക്കിയ വേലിക്കുഴി ആശാൻ ഇന്നത്തെ പത്ര സമ്മേളനത്തിൽ പറഞ്ഞു.ആനയുടെ ആധാർ പരിശോധിച്ചതിൽ നിന്ന് പേര് പാറുക്കുട്ടി ശശിധരൻ എന്നോ വാമാക്ഷി എന്നോ ആവാനേ തരമുള്ളു.

ഇനി നിവർത്തി ഇല്ലാതെ വന്നാൽ വെട്ടുകാട് മേരിക്കുട്ടി എന്നോ ചീനിവിള റാഹേലമ്മ എന്നോ വേണമെങ്കിൽ ചേർത്താലും, പാത്തുമ്മ ബീവി, മരയ്ക്കന്റകത്തു സുമയ്യ എന്നി പേരുകൾ ഒരിയ്ക്കലും ആനയ്ക്ക് ഇടുകയില്ല എന്നും ആനവിദ്വാൻ വേലിക്കുഴി ആനയെപ്പിടിയ്ക്കാതെ ആണയിടുന്നു.വടക്ക് നിന്നു അനുശോചനം കര കവിഞ്ഞു ഒഴുകി ഇങ്ങു അറബിക്കടലിൽ പതിച്ചു എന്നിട്ടും ഒഴുക്ക് നിലച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയത്തിന് പോലും ഇത്രയും ജല ശേഖരം അറബിക്കടലിൽ ഒഴുക്കാൻ കഴിഞ്ഞിട്ടില്ല.

പൂരങ്ങൾക്ക് രാമേന്ദ്രനെയും രാജനെയും കര്ണനെയും ഒക്കെ നിരത്തി നിർത്തി നെറ്റിപ്പട്ടം, തിടമ്പ്, വെഞ്ചാമരം, ആലവട്ടം മുത്തുക്കുടകൾ പിടിച്ചു അഞ്ചാറാളുകൾ മുകളിൽ കയറുമ്പോൾ (അവരാണ് ആ അലങ്കാരങ്ങൾ പിടിയ്ക്കുന്നത്. അപ്പോൾ ആനയ്ക്ക് ഭാരം ഇല്ലല്ലോ ) ആരും അനുശോചന സഹതാപക്കണ്ണീർ ഒഴുകിയിട്ടില്ലല്ലോ ? അതെന്താണ് വേലു ആശാനേ?

പോരാഞ്ഞിട്ട് ചങ്ങല, ഇടച്ചങ്ങല, കൂച്ചു വിലങ്ങു, വടം, കഴുത്തിലെ പേരെഴുതിയ ബോർഡ്, എല്ലാം കൂടി എത്ര കിലോ ഉണ്ട്?
തീർന്നില്ല, കടുത്ത ചൂടിൽ, തീവെട്ടികൾ, പടക്കം, വിളക്കുകൾ, ചെണ്ട മേളം . അതിൽ ആനയ്ക്ക് എന്ത് താല്പര്യം ആണ് ഉള്ളത്?
ദൈവം സാഡിസ്റ്റോ ആനയുടെ ദുരിതം കണ്ടു സന്തോഷിയ്ക്കാൻ?

കപട ആനപ്രേമികൾക്കും അവരുടെ മേലാളർ ആയ ആന മുതലാളിമാർക്കും അല്ലാതെ ആനയെ പീഡിപ്പിയ്ക്കുന്നതിൽ അത് കണ്ടു രസിയ്ക്കുന്നതിൽ ആർക്ക് താല്പര്യം?
ആനയ്ക്ക്,, മണ്ണ് വാരി പുറത്തിടാനും മുളങ്കാടുകൾക്ക് അരികു പറ്റി നിൽക്കാനും കിലോ കണക്കിന് പച്ചിലകൾ പഴങ്ങൾ തിന്ന് പുൽ മേടുകളിലും ചോലവനങ്ങളിലും ഉൽക്കാടുകളിലും സഞ്ചരിയ്ക്കാനും ആണ് ഇഷ്ടം.

കട്ട ചൂടിൽ ടാറിട്ട റോഡിലും ലോറിയിലും ഉത്സവങ്ങളിൽ നിന്ന് ഉത്സവങ്ങളിലേയ്ക്ക് പോകാൻ ആനയ്ക്ക് എന്ത് താല്പര്യം?
ആന കാട്ടുമൃഗം ആണ്. വന്യ മൃഗം. മെരുങ്ങില്ല ഒരിയ്ക്കലും. അതിന്റെ ഉള്ളിൽ ഒരു കാട് ഉണ്ട്.തോട്ടി, വലിയ വടി, ചെറിയ വടി, കാപ്ച്ചർ, അള്ളു, മുള്ള്, എല്ലാം കൂടി പ്രയോഗിച്ചു അതിന് മറ്റ് നിർവാഹം ഇല്ലാതെ അനുസരിയ്ക്കുന്നത് ആണ്.അല്ലാതെ ഹായ് ഉത്സവത്തിനു പോകണം എന്ന് ഒരാനയും ചിന്തിക്കില്ല.

വാലിൽ പിടിച്ചും ആനവാല് മുറിച്ചെടുത്തും, കണ്ണ് പൊട്ടിച്ചും ചങ്ങല ഉരഞ്ഞു വ്രണം പഴുത്തും അതനുഭവിക്കുന്ന തീരാവേദന.
പുതിയ പാപ്പാൻ ചാർജ് എടുക്കുമ്പോൾ അല്ലെങ്കിൽ, പുതിയ ആന എത്തുമ്പോൾ പഴയ പാപ്പാൻ, അനുസരണ പഠിപ്പിയ്ക്കാൻ കെട്ടിയെഴുന്നേൽപ്പിക്കൽ എന്ന പേരിൽ നടത്തുന്ന റാഗിംഗ് ക്രൂരമാണ്.

ഒടുവിൽ ആന മൂത്രം ഒഴിച്ച് കൊണ്ടു എഴുന്നേറ്റു നിന്ന് പുതിയ പാപ്പാനെ അനുസരിയ്ക്കും.അതിൽ കണ്ണീർ വീഴ്ത്താൻ ഒരു തെക്കു നോക്കികൾ ആയ കപട മൃഗ സ്നേഹികളും വടക്ക് നിന്ന് വന്നിട്ടില്ല ഇതു വരെ.തെരുവ് പട്ടികളോട് വരെ സ്നേഹം ഉള്ള വടക്കൻ അമ്മച്ചി എന്തേ കാലങ്ങൾ ആയുള്ള ആനകൾ അനുഭവിക്കുന്ന പീഡനങ്ങൾ കാണാതെ പോകുന്നത്?

 
ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം (ഗംഗ.എസ്)
Join WhatsApp News
Social media 2020-06-05 08:39:29
മനപ്പൂർവം ഒരു ഉറമ്പിനെ പൊലും നോവിക്കാൻ പാടില്ല. ആനയെയും പൂച്ചയെയും കൊന്ന ഒരുത്തനെയും ന്യായികരിക്കുകയും അല്ല. രണ്ടു ചോദ്യങ്ങളാണ് 1 എങ്ങനെ കാട്ടാന ഈ ജനവാസ കേന്ദ്രത്തിൽ എത്തി? 2 എന്ത് കൊണ്ട് ആ കാട്ടാന പട്ടിണി കിടക്കേണ്ടി വന്നു ആരാണ് ഇതിന് ഉത്തരവാദികൾ ശല്യം കൊണ്ട് പൊറുതി മുട്ടിയ പന്നിയെ തുരത്താൻ വച്ച പടക്കം അബദ്ധത്തിൽ എടുത്ത ആനക്കാണ് ഇവിടെ അപകടം ഉണ്ടായത്. ക്രൂരമായ ഈ പ്രവർത്തി ചെയ്യാൻ ആ കർഷകനെപ്രേരിപ്പിച്ചതെന്താണ്..... അതോ ലക്ഷങ്ങൾ മുടക്കിയിറക്കുന്ന കൃഷി വന്യമൃഗങ്ങളെത്തി മുച്ചോടും മുടിച്ച് ദുരിതക്കയത്തിലേക്ക് അവനെ തള്ളിവിടുന്ന നിസ്സഹായതയാണോ???. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കൊണ്ട് ജീവൻ നഷ്ട്ടമായവരും, ജീവിതം നഷ്ടമായവരും, ജീവച്ചവമായവരും ഈ കർഷക ഭൂമിയിൽ ഏറെയുണ്ട്... കുടിയേറ്റത്തിന്റെ തുടക്കകാലഘട്ടത്തിൽ കർഷകർ നേരിട്ടിട്ടില്ലാത്തവിധം വന്യമൃഗശല്യങ്ങളാണ് കുടിയേറ്റകാലത്തിന്റെ 70 വർഷങ്ങൾക്കിപ്പുറം ഇവർ നേരിടേണ്ടി വന്നിരിക്കുന്നത്. കാട്ടിൽ വളർത്തേണ്ടവയെ നാട്ടിലിറങ്ങി യഥേഷ്ടം കർഷകഹൃദയങ്ങളെ ചവിട്ടിയരയ്ക്കാൻ അവസരമൊരുക്കുന്ന വനംവകുപ്പും അവരെ നിയന്ത്രിക്കുന്ന മാറിമാറി വരുന്ന സർക്കാരുകളുമാണ് ഈ കൊടുംക്രൂരതയിലേക്ക് കർഷകരെ തള്ളിവിടുന്നത്.. കാട്ടിൽകയറി വിറകുപെറുക്കിയാൽ കേസെടുക്കുന്ന ഈ കൂട്ടരോട് ഒന്ന് പറയാനുണ്ട്. കാട്ടിൽവളർത്തേണ്ടവയെ കാട്ടിൽവളർത്തണം അതിനാണ് സർക്കാർ ചക്കരുപോലുള്ള നോട്ട് എണ്ണി തരുന്നത്. എന്തു കൊണ്ടാണ് വനാതിർത്തിയിൽ കിടങ്ങുകളോ, കമ്പി വേലികളോ നിര്മിക്കാത്തത്? നമ്മുടെ വീടിനെക്കാൾ സൗകര്യം ഉള്ള ഒരു വീട് കണ്ടാൽ അതിൽ കയറി താമസിക്കാൻ നമ്മുക്ക് പറ്റുമോ, വനത്തിനുള്ളിൽ നിന്നും ഇവറ്റകൾ നാട്ടിലേക്ക് വരുന്നതിനുള്ള കാരണം, അവറ്റകൾക്ക് ഈ കൃഷി ഇടങ്ങളിൽ നിന്ന് നിർലോഭം ആഹാര സാധനങ്ങൾ ലഭിക്കും എന്നതാണ് കർഷകപ്രക്ഷോഭങ്ങളും രാപകൽ സമരങ്ങളും ഉപരോധങ്ങളും ഏറെ നടന്നതാണ്... കണ്ണൂർ , വയനാട് ഇടുക്കി പ്രദേശങ്ങളിലെ വന വിസ്ത്രിതിയിലെ എത്ര ശതമാനം വന്യമൃഗങ്ങൾക്ക് ഉപയോഗപ്രദമാണന്ന് നിങ്ങൾക്ക് അറിയാമോ? 40 % പ്രദേശത്ത് തേക്ക്, യൂക്കാലി പ്ലാൻ്റേഷനാണ് 30% പ്രദേശം ചെങ്കുത്തായാ ഇറക്കമാണ് ഇവിടെ വന്യമൃഗങ്ങൾക്ക് വാസയോഗ്യമല്ല. ബാക്കിയുള്ള 30 % പ്രദേശത്താണ് ഈ വന്യമൃഗങ്ങൾ എല്ലാം അധിവസിക്കുന്നത്. നിങ്ങൾ വെള്ളം കൂടുതലായി ഊറ്റിക്കുടിക്കുന്ന തേക്ക്, മാഞ്ചിയം, യൂക്കാലി തുടങ്ങിയവയാണ് വനവൽക്കരണമെന്ന പേരിൽ നട്ടുപിടിപ്പിക്കുന്ന പ്രധാന മരങ്ങൾ... മുൻകാലങ്ങളിൽ പ്ലാവും, ആഞ്ഞിലിപ്ലാവും, കൈതച്ചക്കയും തുടങ്ങി ഭക്ഷ്യഫലങ്ങൾ നൽകിക്കൊണ്ടിരുന്ന വിളകളുണ്ടായിരുന്നിടത്തൊക്കെ ഇപ്പോൾ വെള്ളം കൂടുതലായി ഊറ്റിക്കുടിക്കുന്നതും ഭക്ഷ്യഫലങ്ങൾ നൽകാത്തതുമായ വന്മരങ്ങളാണുള്ളത്... തൻമൂലം ഉൽക്കാടുകളിലെ ജലലഭ്യത കുറയുകയും, ചൂട് കൂടുകയും ചെയ്തു... വിശപ്പകറ്റാനുള്ളവ ലഭിക്കാതെയായി ഈ കാരണങ്ങളല്ലേ മേൽപ്പറഞ്ഞ കാട്ടാനകളെയും കാട്ടുപന്നികളെയും നാട്ടിലിറങ്ങാൻ പ്രേരിപ്പിച്ചത്? ഉള്ളതെല്ലാം വിറ്റുപെറുക്കി വിളയിറക്കുന്ന കർഷകൻ വിളതിന്നുന്ന കാട്ടുമൃഗങ്ങളെ തുരത്തുകവഴി സ്വജീവിതം ഭദ്രമാക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിക്കഴിഞ്ഞു... ഇത്രയും കാലം മനസ്സ് സമ്മതിക്കാതിരുന്ന ദുഷ്‌ക്രിയകളിലേക്ക് അവന് തിരിയേണ്ടിവന്നു... ശീതീകരിച്ച മുറികളിൽ ഇരുന്ന് രാവിലെ ചിക്കൻ സാന്ഡ്വിച്ച്, ഉച്ചക്ക് ബീഫ് ഫ്രൈ, വൈകിട്ട് പോർക് വെന്തലൂ ഒക്കെ അടിച്ചു കയറ്റി ഏമ്പക്കം വിടുന്ന കപട പ്രകൃതി സ്നേഹികളിൽ എത്ര പേർ കൃഷിക്കാർ ഉണ്ട്? ന്യൂ ജനറേഷൻ കൃഷിക്കാർ ആയ ഗ്രോ ബാഗ് കൃഷിക്കാരും ആലോചിക്കു നിങ്ങളുടെ കൃഷിയെ ശല്യം ചെയ്യുന്ന എത്രയോ ജീവികളെ നിങ്ങളും കൊല്ലുന്നില്ലേ? കാട്ടിലെ ആനയെ പിടിച്ച് സര്ക്കസ് കളിക്കാം, തടി പിടിക്കാം, പെരുന്നാളും എഴുന്നള്ളത്തും നടത്താം.. പ്രകൃതിയിലെ എല്ലാ ജീവജാലകങ്ങൾക്കും ജീവിക്കാൻ അവകാശം ഉണ്ട് അത് ഉറപ്പ് വരുത്തേണ്ടത് സർക്കാരുകൾ ആണ് തെറ്റ് ആരുടെ ഭാഗത്താണ് അന്നന്നത്തെ അന്നത്തിനുവേണ്ടി അധ്വാനിക്കുന്ന മനുഷ്യന്റെയോ??? അതോ അന്നന്നത്തെ അന്നത്തിനുവേണ്ടി കാടിറങ്ങേണ്ടി വരുന്ന വന്യമൃഗങ്ങളുടെയോ? രണ്ടു പേരും നിലനിൽപ്പിനായി ചെയ്യുന്ന പ്രവർത്തിയാണ്. ഇവർ രണ്ടുമല്ല പ്രരണ കുറ്റം നിങ്ങളുടെതാണ്. ... ജനങ്ങളെ കഴുതകൾ ആക്കി, മാറി മാറി ഭരിച്ചു മുടിപ്പിക്കുന്ന ഈ സർക്കാരുകളുടെ മാത്രം ആണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക