Image

സ്ഫോടനത്തില്‍ മുഖം തകര്‍ന്ന് കാട്ടാന ചെരിഞ്ഞ സംഭവം : കര്‍ഷകന്‍ അറസ്റ്റില്‍

Published on 05 June, 2020
സ്ഫോടനത്തില്‍ മുഖം തകര്‍ന്ന് കാട്ടാന ചെരിഞ്ഞ സംഭവം : കര്‍ഷകന്‍  അറസ്റ്റില്‍

പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ സ്ഫോടകവസ്തു വെച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ കര്‍ഷകന്‍. അറസ്റ്റിലായ വില്‍സണ്‍ ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. 


ടാപ്പിംഗ് തൊഴിലാളികയും പാട്ട കര്‍ഷകനുമായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സണ്‍ പൈനാപ്പിളില്‍ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു പ്രചാരണം.

ഇയാളെ തോട്ടത്തില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചനകള്‍.


 ഒരു തോട്ടം ഉടമയുടെ ടാപ്പിംഗ് ജോലികള്‍ ചെയ്തു വന്നിരുന്ന വില്‍സണ്‍ ഇവിടെ തോട്ടത്തിന് സമീപമുള്ള ഷെഡ്ഡില്‍ വെച്ചായിരുന്നു വെടിമരുന്ന് തയ്യാറാക്കിയത്. തോട്ടമുടമകളായ രണ്ടു പേര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.


വര്‍ഷങ്ങളായി അമ്ബലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് വില്‍സണ്‍. കഴിഞ്ഞ മാസം 27 നാണ് വെള്ളിയാര്‍ പുഴയില്‍ വച്ച്‌ കാട്ടാന ചെരിഞ്ഞത്. മുഖം തകര്‍ന്നായിരുന്നു ഗര്‍ഭിണിയായ ആന ചെരിഞ്ഞത്. സംഭവം രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന വിഷയമായി മാറുകയും വന്‍ വിവാദത്തിന് കാരണമാകുകയും ചെയ്തിരുന്നു.


പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുള്‍പ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നല്‍കിയില്ലെന്നും പരാതിയുണ്ട്. വനംവകുപ്പ് ഇതിന് മുന്‍കൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്.


നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാന്‍ മാത്രമാണ് വനപാലകര്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.


സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്നുകിടക്കുന്ന തോട്ടങ്ങളില്‍ കാട്ടാനയുള്‍പ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതി ഉയര്‍ന്നിരുന്നു. സാധാരണ ഗതിയില്‍ ഇവയെ അകറ്റാന്‍ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കള്‍ ഭക്ഷണത്തില്‍ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരം ഒരു നീക്കത്തിലാണ് അമ്ബലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് അന്വേഷണ സംഘം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക