Image

ഒരു ചുംബനപ്പൂവിന്റെ ഓര്‍മ്മക്കായ്...(അനില്‍ മിത്രാനന്ദപുരം)

Published on 05 June, 2020
ഒരു ചുംബനപ്പൂവിന്റെ ഓര്‍മ്മക്കായ്...(അനില്‍ മിത്രാനന്ദപുരം)
ഞാന്‍ ഒരു മരമാണ്. പീലി വിടര്‍ത്തിയാടുന്ന മയില്‍ പോലെ ആകാശത്തിന്‍ താഴെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മരം. പണിക്കാരെ വാടകíെടുക്കാതെ, സ്വയം അധ്വാനിച്ച് പണി തീര്‍ക്കുന്ന പക്ഷികളുടെ ഗൃഹങ്ങള്‍ക്കു താങ്ങായി, ചലിക്കുന്ന ജീവജാലങ്ങള്‍ക്ക് മഴയില്‍ മറയായും വെയിലില്‍ തണലായും അവരെ എന്നിലേക്കടുപ്പിക്കുന്ന ഒരു കുഞ്ഞുജീവന്‍. യന്ത്രങ്ങള്‍ ചീറിപ്പാഞ്ഞുപോകുന്ന റോഡിന്നരികില്‍ ഏതോ പക്ഷിയുടെ വായില്‍ തിന്നവശേഷിച്ച വിത്തായി, മണ്ണില്‍ വീണ്, ചെടിയായി ഉയര്‍ന്നു വന്ന്, വൃക്ഷമെന്ന യുവാവായി വളര്‍ന്നവന്‍.

ഇതെന്റെ കഥയാണ്. എന്റെ അനുഭവമാണ്. എന്റെ അറിവും ഊഹങ്ങളും തേങ്ങലുകളും സ്വപ്നങ്ങളും അനുഭൂതികളും, അങ്ങിനെ എല്ലാം ഇഴ ചേര്‍ന്നുകിടക്കുന്ന നിമിഷങ്ങളാണ്. സ്‌നേഹത്തിന്റെ ഭാഷയില്‍ നിങ്ങള്‍ക്കായി എഴുതിയത്.. ഒരു ചുംബനപ്പൂവിന്റെ ഓര്‍മ്മíായ്...
 
ജനിച്ച നാള്‍ മുതല്‍ കാണുന്നതാണവളെ. എന്നടുത്തല്ല; ദൂരെയുമല്ല.. റോഡിന്നിരുവശത്തായി ചില്ലകള്‍ നീട്ടി ഒരു കാറ്റിന്റെയകലത്തില്‍ ഞങ്ങള്‍ രണ്ടുപേരും. ഓര്‍മ്മവെച്ച ദിവസം മുതല്‍ എന്റെ ജീവിതത്തിന്റെ നിമിഷങ്ങളില്‍ ഒരു നിഴല്‍ പോലെ, വെളിച്ചം പോലെ, നിലാവ് പോലെ അവളുടെ സാന്നിദ്ധ്യം ഞാനറിയുന്നു. എന്റെ ശ്രദ്ധ ഒരു ഇഷ്ടമായും പ്രണയമായും, പ്രാണന്റെ അംശമായും മാറിയതെപ്പോഴെന്നറിയില്ല. അവളുടെ ഹൃദയത്തില്‍ എന്റെ രൂപമുണ്ടോ, എനിíായി കരുതിവെíാന്‍ സ്‌നേഹമുണ്ടോ എന്നറിയില്ല.

ഈ കാറ്റും വെളിച്ചവും വെള്ളവും മണ്ണുമെല്ലാം ഞങ്ങളുടെ നിശ്ശബ്ദജീവിതം നിലനിര്‍ത്തുന്നു. എന്റെ പൂര്‍വ്വികര്‍ക്ക് ലഭിച്ചതെല്ലാം കളങ്കമില്ലാത്ത, കലര്‍പ്പില്ലാത്ത, പ്രകൃതിയുടെ നന്മയാണ്. അവരെ നിലനിര്‍ത്തിയത് സത്യത്തിന്റേതുപോല്‍ ശുദ്ധമായ ഊര്‍ജ്ജസ്രോതസ്സുകളാണ്. അവരത്രí് നന്മ ചെയ്തിട്ടുണ്ടാവാം ഒരുപക്ഷെ. കാരണം, ഇന്ന് ഞങ്ങള്‍ക്കായി മാറ്റിവെച്ചത് തിന്മയുടെ, അനീതിയുടെ, കലാപത്തിന്റെ ഗന്ധമുള്ള ജീവവായുവാണ്. ഞങ്ങളുടെ വേരിറങ്ങുന്നത് കൂട്ടക്കൊലയുടെ കറപുരണ്ട, കണ്ട് കൊതിതീരാത്ത സ്വപ്നങ്ങളെ ബാക്കി വെച്ചുകൊണ്ട് കാലയവനികയില്‍ മറഞ്ഞ നിരപരാധികളായ യുവത്വം ഉറങ്ങുന്ന മണ്ണിലാണ്. ഇവിടെ കാലം പകുത്തു നല്‍കുന്ന, സ്വന്തം ജീവന്റെ,  ആയുസ്സിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് ഞങ്ങളല്ല; മറിച്ച്, ഞങ്ങളെപ്പോലെ ഈ ഭൂമിയുടെ വരദാനമായ, പ്രകൃതിയുടെ കാരുണ്യത്തില്‍ നിലനിന്നുകൊണ്ട് പ്രകൃതിയെത്തന്നെ കുരുതി കൊടുക്കുന്ന ഒരുകൂട്ടം ഇരുകാലികള്‍.. മനുഷ്യര്‍. ഞങ്ങളെ സ്‌നേഹിക്കുന്നവര്‍ അവരുടെയിടയില്‍ നിസ്സഹായരാകുന്നു. ഒറ്റപ്പെടുന്നു.. സമൂഹത്തിന്റെ നന്മയെ വാക്കുകളില്‍ ഉയര്‍ത്തിപ്പിടിച്ച്, പ്രകൃതിയുടെ മരണം ചോദ്യചിഹ്നമാക്കി പ്രസ്ഥാനങ്ങളും അജണ്ടയും പ്രക്ഷോഭങ്ങളുമുണ്ടാക്കുന്നു. പക്ഷെ, സ്വന്തം മാതാപിതാക്കളുള്‍പ്പടെയുള്ള മറ്റെല്ലാത്തിനെയും ചൂഷണം ചെയ്യുന്നു. താല്കാലികമായ സുഖഭോഗങ്ങളില്‍ കണ്ണുനട്ട് കഴുകന്മാരെപ്പോലെ ഈ പ്രകൃതിയെ അവര്‍ കൊത്തിവലിക്കുന്നു. തനിക്ക് പ്രത്യക്ഷത്തില്‍ ഗുണം ചെയ്യാത്തതിനെയെല്ലാം നാമാവശേഷമാക്കുന്നു. അവരുടെ മുമ്പില്‍ വെറും നോക്കുകുത്തികളാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ, ഞങ്ങളുടെ ജനനവും വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം അവരുടെ സങ്കീര്‍ണ്ണവും നൈമിഷികവുമായ മോഹങ്ങളിലാണ്, മോഹഭംഗങ്ങളിലാണ്. ആ കൈകളില്‍ത്തന്നെ കാണുന്നു ഞാനെന്റെ മരണം. പിന്നെ, ഞാനെന്നേക്കാളേറെ സ്‌നേഹിക്കുന്ന എന്റെ പ്രണയത്തിന്റെയും.

രാത്രിയും പകലുമെല്ലാം മറയില്ലാതെ കാണാന്‍ പറ്റുന്ന, ചന്ദ്രനോടും സൂര്യനോടും നേരിട്ട് സംവദിക്കുന്ന, കാലവര്‍ഷവും ഗ്രീഷ്മവുമെല്ലാം ഏറ്റുവാങ്ങുന്ന ഈ ജന്മം പുണ്യമായിത്തന്നെ കാണുന്നു ഞാന്‍. പരസ്പരം ദ്രോഹിക്കാതെ, ഒന്ന് മറ്റൊന്നിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴും നോവിക്കാതെ, സ്‌നേഹത്തിന്റെ ഭാഷ മാത്രം സംസാരിക്കാനും മനസ്സിലാക്കാനും കഴിയുന്ന ജന്മം പുണ്യമല്ലാതെ മറ്റെന്താണ് ? ചിലരുടെ കണ്ണില്‍ ഞങ്ങള്‍ അന്ധരാണ്. നിശ്ശബ്ദരാണ്. ഒറ്റപ്പെട്ട രൂപങ്ങളാണ്. സ്‌നേഹവും പ്രണയവും നോവും സ്വപ്നങ്ങളുമെല്ലാം അന്യമായ വെറും മരങ്ങള്‍ !! ഒരുപക്ഷെ, അവര്‍ക്കു ഞങ്ങളോട് സംസാരിക്കാന്‍, ഞങ്ങളുടെ ജീവന്റെ തുടിപ്പ് തൊട്ടറിയാന്‍, ഞങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തതിന്റെ പ്രതിഫലനമായിരിക്കാം ഈ കാഴ്ചപ്പാടുകളും ഊഹാപോഹങ്ങളും.

മണിക്കൂറുകളോ വര്‍ഷങ്ങളോ കാത്തിരുന്ന്, നോവിന്റെയും തപസ്യയുടെയും ഫലവും അധ്വാനവും കൊണ്ട് ഞങ്ങളില്‍ ജനിക്കുന്ന കുഞ്ഞ്... ജീവന്റെ കുരുന്നാം ഗുല്‍മോഹര്‍ പുഷ്പങ്ങളും കണിക്കൊന്നയും, പിന്നെ സൂര്യകാന്തിയും നീലക്കുറിഞ്ഞിയും നാലുമണിപ്പൂക്കളും ചെമ്പനീര്‍പ്പൂവുമെല്ലാം. അവíു വേണ്ടിയുള്ള കാത്തിരിപ്പ്, അവരോടുള്ള സ്‌നേഹം, ഒരു താരാട്ടിന്നീണം പോലെ അവരോടു ചേര്‍ന്നുറങ്ങാന്‍, അവയുടെ ചന്തം കാണാന്‍, പൂന്തേന്‍ നുകരും വണ്ടുകളുമായുള്ള അവരുടെ ചങ്ങാത്തങ്ങളും പരിഭവങ്ങളും കാണാന്‍, പിന്നെ, തൊട്ടടുത്തുള്ള പൂവിനോട് തൊട്ടുരുമ്മി സ്വകാര്യം പറയുന്നതും..അങ്ങിനെയങ്ങിനെ.. ഒരു മൊട്ടായി വന്ന്, പൂവായ് വിരിഞ്ഞ്, ദളങ്ങളെ താലോലിച്ച്, മരണത്തോടടുക്കുമ്പോള്‍ നീരുറവ വറ്റി, വാടിത്തളര്‍ന്ന് ഒടുവില്‍ എന്നില്‍നിന്ന് അടര്‍ന്നു പോകുന്ന, എന്നില്‍ ജനിച്ച പ്രിയ പുഷ്പം. അമ്മയെ പിരിയാന്‍ ആഗ്രഹിക്കാതെ, തന്നില്‍ നിന്നും മുറിച്ചുമാറ്റുന്ന വേദനയോടെ വിട്ടു പോകുന്ന കുഞ്ഞുപൈതലിന്‍ വേര്‍പാടും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം. പ്രകൃതി കനിഞ്ഞ് നല്‍കിയ സൗഭാഗ്യമാണ് ആ ചെറിയ കാലം.. അവരോടൊത്തുള്ള വസന്തകാലം..

പക്ഷെ, ഇപ്പോളതും ഞങ്ങള്‍ക്കന്യമാണ്. തന്റെ മക്കള്‍ക്ക് അവകാശികള്‍ വേറെയാണ്. അനുവാദമില്ലാതെ, ഞങ്ങളുടെ ശരീരത്തിനൊരു മുറിവ് സമ്മാനിച്ചു കൊണ്ട്, ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്ന പൊക്കിള്‍ക്കൊടി ഭേദിച്ചുകൊണ്ട് അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തുന്ന കാടത്തം അവര്‍ കാണിക്കുന്നു... അവരുടെ ഭവനം അലങ്കരിക്കാന്‍, അവര്‍ ദൈവമെന്ന് വിളിക്കുന്ന നിശ്ശബ്ദ സ്തൂപങ്ങളെ, വെറും കല്ലിനെ, പ്രീതിപ്പെടുത്താന്‍. സ്വന്തം സൗന്ദര്യത്തിന് മോടി കൂട്ടാന്‍. വര്‍ണ്ണപ്പകിട്ടാര്‍ന്ന ചെടികളെ വളരാനനുവദിക്കാതെ, ദിവസവും വിടരുന്ന പുതുനാമ്പുകളെ വെട്ടിമാറ്റുന്ന, ബോണ്‍സായ് വൃക്ഷങ്ങളാക്കി മാറ്റി, ഒരു ചരിത്രസ്മാരകം പോലെ പ്രദര്‍ശിപ്പിക്കുന്ന അവരുടെ ക്രൂരവിനോദം.. ഇതിന് പേര്‍ മൃഗീയതയെന്നാണെങ്കിലും അവര്‍ക്ക് പേര്‍ മനുഷ്യര്‍. ഒരുപക്ഷെ, പ്രകൃതിയുടെ വികൃതിയോ വൈരുദ്ധ്യമോ അവാം അത്. ഇതെല്ലാം പോരാഞ്ഞ് പിന്നെയും നൂറ് നൂറ് ആവശ്യങ്ങള്‍, ന്യായങ്ങള്‍.. എല്ലാം മനുഷ്യര്‍ക്ക് മാത്രം സ്വന്തം. ഞങ്ങളുടെ ജീവനായ പൊന്നുമക്കളെ കുരുതി കൊടുക്കുന്നതും “ദൈവത്തിന്റെ നാമത്തില്‍”.. വിചിത്രം, വികലം; വൈകൃതം.

ഞാനും എന്റെ പ്രണയവും ഇതുപോലൊരു ദിവസം നശ്വരമാകാനുള്ള ബിംബങ്ങളാണെന്നറിയാം. എങ്കിലും പകലിന്റെ വെട്ടത്തിലും നിലാവിന്റെ നിഴലിലുമെല്ലാം ഞാനവളെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അവളുടെ ചില്ലയിലോരോന്നിലും എന്റെ മോഹങ്ങള്‍ ഒരു സ്വപ്നമായ് ചേക്കേറിയിരുന്നു. അതിന്റെ ചലനങ്ങള്‍, ഇലകള്‍ തന്‍ നൈര്‍മ്മല്യം, ഒരു ചെറു പൂങ്കാറ്റില്‍ കുണുങ്ങുന്ന അവളുടെ നാണത്തോടെയുള്ള പുഞ്ചിരി. പെരുമഴയത്ത് നനഞ്ഞൊട്ടി ഒരു നിശാഗന്ധിപോല്‍ നില്‍ക്കുന്ന അവളുടെ നഗ്നമാം ശരീരം. ഈ ഭൂമിയിലേക്കുദിച്ചു വന്ന അതേ രൂപത്തില്‍, ഒരു മറയുമില്ലാതെ, കാര്‍മുകിലിന്‍ വശ്യതയോടെ ഈറനണിഞ്ഞ മേനിയോടെ നില്‍ക്കുന്ന അവള്‍ എന്റെ കണ്ണുകള്‍ക്ക് പകുത്തു നല്‍കിയത് മറ്റേതോ ലോകത്തിന്‍ കാണാക്കാഴ്ചകള്‍ തന്‍ വികാരനൗകകള്‍. അവളുടെ ചില്ലകളില്‍ നിന്നിറ്റിറ്റു വീഴുന്ന ഓരോ മഴത്തുള്ളിയിലും അവളുടെ വിയര്‍പ്പിന്റെ ഗന്ധം. അവ മണ്ണിലോട് ചേരുമ്പോളതില്‍ അലിഞ്ഞില്ലാതാവാന്‍ ഞാന്‍ ഒത്തിരി കൊതിച്ചിരുന്നു..

ആര്‍ത്തലച്ചു പെയ്യുന്ന മഴ വഴിതെറ്റി എങ്ങോ മറയുമ്പോള്‍ അവളതിനെ നിരാശയോടെ നോക്കി നില്‍ക്കാറുണ്ടായിരുന്നു. ചില്ലകളെല്ലാം നിശ്ചലം. ഇലകളിലോരോന്നിലും ബാക്കിവെച്ചുപോയ മഴത്തുള്ളികള്‍ അവളണിയുന്ന നീര്‍മണിമുത്തുകളായിരുന്നു. ഒരു നവവധുവിനെ അലങ്കരിച്ചതുപോല്‍ സുന്ദരിയായിരിക്കുന്നു എന്റെ പ്രണയിനി. താമരപ്പൂമൊട്ടുപോല്‍ മിഴികൂമ്പി നില്‍ക്കും അവളെ മതിവരുവോളം നോക്കി നില്‍ക്കാറുണ്ടായിരുന്നു. അവളിലേക്കോടിയടുക്കാന്‍ എനിക്കാവില്ല. പറക്കാന്‍ ചിറകുകളില്ല. വെറുതെ ഞാനാശിക്കും.. ഒരു ചെറുപൂങ്കാറ്റിന്‍ താളത്തില്‍ എന്റെ ചില്ലകളും ഇലകളും അവളോട് ചേര്‍ന്നു നില്‍ക്കാന്‍, ആ തളിരിലകളില്‍ ഒന്നു ചുംബിക്കാന്‍.. ചില്ലകളെ പുണരാന്‍.. എന്റെ പ്രണയത്തിന്‍ നൈര്‍മ്മല്യവും ഗന്ധവും ഊഷ്മാവും അവളെയറിയിക്കാന്‍.. ഒരു ചെറുകാറ്റിനു ജന്മം നല്‍കിയിരുന്നെങ്കില്‍..!

ഓരോ ദിവസവും ഞങ്ങള്‍ കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. ഇമ വെട്ടാതെ പരസ്പരം നോക്കി നില്‍ക്കുന്ന കമിതാക്കളെപ്പോലെ ഒരു റോഡിന്നിരുവശവും തന്റെ മോഹങ്ങള്‍ക്ക് ചിറകുനല്‍കി പറക്കുന്ന പറവകളായി മാറുകയായിരുന്നു ഞങ്ങള്‍. ഈ ജന്മത്തില്‍ പറയാന്‍ വാക്കുകളില്ല. പ്രണയത്തിനു മൗനം കൂടുതല്‍ ഭംഗി നല്‍കുമെന്ന് എന്റെ മനസ്സ് പറയുന്നു. എങ്കിലും, തന്‍ ചില്ലകളില്‍ ചേക്കേറുന്ന കിളികളുടെ നാദം, അവരുടെ ചിറകടി ശബ്ദം, പിന്നെ മഴത്തുള്ളികള്‍ വിരല്‍ത്തുമ്പിലെന്ന പോല്‍ ഓരോ ഇലയിലും വന്നുമീട്ടുന്ന സംഗീതം, കാറ്റിന്റെ ഈണത്തില്‍ ചാഞ്ചാടുന്ന ചില്ലകള്‍, താരാട്ടുപാട്ടിന്റെ രാഗം, ഇവയെല്ലാം ഞങ്ങളുടെ പ്രണയത്തിന്‍ വാക്കുകളായിരുന്നു..  അതില്‍ ചാലിച്ച ഗാനങ്ങളായിരുന്നു..കവിതകളായിരുന്നു..

പ്രകൃതി കനിഞ്ഞുനല്‍കിയ മണ്ണില്‍ അവകാശം ഒരുപോലെയാണ്. അതില്‍ മരങ്ങളും മനുഷ്യരും മൃഗങ്ങളുമെല്ലാം തുല്യരാണ്. എന്നാല്‍, അതൊരു അലിഖിത നിയമമായി മാത്രം അവശേഷിക്കുന്നു. ഈ ഭൂമിയിലെ മറ്റെല്ലാ വസ്തുക്കളും ജീവന്റെ കണികകളും തന്റെ സന്തോഷത്തിനും സ്വപ്നങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമുള്ള വെറും ഉപകരണങ്ങള്‍ മാത്രമാക്കാനുള്ള മനുഷ്യരുടെ വെമ്പല്‍ നമ്മെ സൃഷ്ടിച്ച ഭൂമിക്കും പ്രകൃതിക്കും മരണം സമ്മാനിക്കുമെന്ന ഒരോര്‍മ്മക്കുറിപ്പാണ്. അവയില്‍ നശിക്കുന്ന നശ്വരമാം ഈ ഇരുകാലിമൃഗങ്ങളറിയുന്നില്ല, അവര്‍ ഈ വിധം പ്രാപ്തരായതിനു പിന്നില്‍ യുഗങ്ങളുടെ പ്രയത്‌നവും തയ്യാറെടുപ്പുകളുമുണ്ടായിരുന്നുവെന്ന്. താന്‍, വരും തലമുറകള്‍ക്കു വേണ്ടി ഈ പ്രകൃതിയില്‍ കരുതിവെíേണ്ട ഒത്തിരി കാര്യങ്ങളെ നല്‍കിയും എടുത്തും ജീവിച്ചു പോന്ന കോടിക്കണക്കിന് മനുഷ്യര്‍ വെച്ചുനീട്ടിയ കാരുണ്യമാണ് അവരിപ്പോള്‍ അനുവദിക്കുന്ന ഈ പ്രകൃതിയുടെ സമ്പത്തെല്ലാം. അറിവിന്റെ സര്‍വജ്ഞപീഠം കയറിയെന്ന് വെറുതെ വീമ്പിളക്കുമ്പോഴും അവരറിയുന്നില്ല, അജ്ഞതയുടെ വെറുമൊരു പര്യായമായി മാറുകയാണ് പുത്തന്‍ ജനതയെന്ന പേക്കോലങ്ങളെന്ന്. അവരുടെ അറിവില്ലായ്മയില്‍ ഹോമിക്കുന്നത് സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ദൈവം സൃഷ്ടിച്ച, വളര്‍ത്തി വലുതാക്കിയ, ഓര്‍മ്മകളും സ്വപ്നങ്ങളും വര്‍ണ്ണങ്ങളും വിടര്‍ത്തിയ സകല ചരാചരങ്ങളെയും കൂടിയാണ്.

ഒരു സുപ്രഭാതത്തില്‍ അവളുടെ ചില്ലകള്‍ ഓരോന്നായി മുറിച്ച് മാറ്റുന്നു. കണ്ണീരുതിര്‍ന്നു വീഴുന്ന ആ മുഖം നിസ്സഹായതയോടെ ഞാന്‍ നോക്കിനിന്നു. കാരണമെന്തെന്നറിയാന്‍ ചുറ്റും നോക്കിയപ്പോള്‍ അവരെ കണ്ടു. അവളുടെ ജീവന്റെ നോവിനൊരല്‍പ്പം പോലും വില കല്‍പ്പിക്കാതെ അതിക്രൂരമായി ഓരോ ഭാഗങ്ങളെ മുറിച്ചുമാറ്റുകയായിരുന്നു അവര്‍. ഒരു കുഞ്ഞിന്റെ അവയവങ്ങളോരോന്നായി മുറിച്ചു മാറ്റുന്ന പോലെ, ആര്‍ത്തലച്ചു കരയുന്ന കുഞ്ഞിന്റെ കണ്ണുനീര്‍ കാണുന്ന ഉറ്റവരെല്ലാം നിശ്ചലസ്തൂപങ്ങളായി മാറുന്ന വിധിയുടെ വൈകൃതം പോലെ ഞാനും.. എല്ലാറ്റിനുമൊടുവില്‍ മരണമെന്ന സത്യം തന്നെ കീഴ്‌പ്പെടുത്തുമെന്ന് വേദനയോടെയറിയുമ്പോഴും അവളുടെ നിറഞ്ഞ മിഴികളില്‍ എന്റെ ചിത്രമായിരുന്നു. അവളുടെ രോദനത്തിനെന്റെ സ്വരമായിരുന്നു. ഒന്നു പുണരാന്‍ പോലും കഴിയാതെ, അടര്‍ന്നു വീഴുന്ന കണ്ണീരിലൊന്നുപോലും എന്റെ ഹൃദയത്താലൊപ്പിയെടുക്കാനാവാതെ, വെറുമൊരു നോക്കുകുത്തിയായി എന്റെ പ്രണയത്തിന് മരണക്കുറിപ്പെഴുതി മൗനത്തില്‍ മുങ്ങി നില്‍ക്കുന്നു ഞാന്‍, നിറഞ്ഞ മിഴികളോടെ, ആ റോഡരികില്‍..

ജീവന്റെ അവസാന ബാഷ്പവും നഷ്ടപ്പെട്ടു കഴിഞ്ഞപ്പോള്‍ അവള്‍ നിന്നിടത്തൊരു ഗര്‍ത്തം മാത്രം ബാക്കിവെച്ച് അവര്‍ ശവമഞ്ചമേറ്റു മറ്റേതോ ലോകത്തേക്ക് നടന്നു നീങ്ങി. എല്ലാറ്റിനും മൂകസാക്ഷിയായി ഞാന്‍. തടവിലാക്കപ്പെട്ട ഒരച്ഛനെപ്പോലെ, പിഞ്ചുകുഞ്ഞിനെ നഷ്ടപ്പെട്ട അമ്മയെപ്പോലെ.. ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്നറിയുമ്പോഴും അവളുടെ ഓര്‍മ്മകളോരോന്നായെന്‍ മനസ്സിലേക്കോടിവന്നു. അവളുടെ ചില്ലകളില്‍ വിശ്രമിച്ച പക്ഷികളോരോന്നും എന്റെയോര്‍മ്മ തന്‍ വൃക്ഷത്തിന്‍ ശാഖകളായി മാറി. അവളില്‍  വിരിഞ്ഞ പുഷ്പങ്ങളെല്ലാം എന്റെ സ്വപ്നത്തിന്‍ ഉദ്യാനത്തിന്റെ വര്‍ണ്ണങ്ങളായി. അവളുടെ മഴനീര്‍ത്തുള്ളികളെല്ലാം എന്നിലെ നീറുന്ന ബാഷ്പകണങ്ങളായി.
* * * * * * * * * * * *
കുറേ നാളുകള്‍ക്കു ശേഷം, അവളുടെ തിരുശേഷിപ്പിന്നരികിലായി ഞാന്‍ കാണുന്നു... ആകാശം മുട്ടിനില്‍ക്കും ഒരു കെട്ടിട സമുച്ചയം. അതിലേക്കു തള്ളിക്കയറുന്ന കുറേ ഇരുകാലികള്‍. കുറേ വാഹനങ്ങളും അലങ്കാരങ്ങളും അതിന്നരികില്‍ നിറഞ്ഞു നില്‍ക്കുന്നു. എല്ലാവരും ഒത്തിരി വിടര്‍ന്ന കണ്ണുകളോടെ നോക്കിനില്‍ക്കുന്നുണ്ട് ആ സമുച്ചയത്തെ.

എന്റെ പ്രണയിനിയുടെ ചാരം അവശേഷിക്കുന്നിടത്തേക്ക് ഞാന്‍ നോക്കി. അവിടെ തിരക്കില്ലായിരുന്നു. പെട്ടന്നെന്റെ കണ്ണുകള്‍ വിടര്‍ന്നു. ആ മണ്ണിനു മീതെ ഒരു കുഞ്ഞുചെടി ഉയര്‍ന്ന് നില്‍ക്കുന്നു..!! മനസ്സ് നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഒരു പുഴയായി, ഒത്തിരി വേഗത്തില്‍ പഴയകാലത്തിന്റെ വാതില്‍പ്പടിയിലെത്തി നിന്നപോലെ. അതവള്‍ തന്നെയോ?? അതോ അവളുടെ പുനര്‍ജജന്മമോ..?? ഒരു മഴയില്‍ കിളിര്‍ത്ത ആ ദിവ്യനാളത്തിന്റെ, മഴയെ ഏറെ സ്‌നേഹിക്കുന്ന അവളുടെ ഓര്‍മ്മകള്‍ക്കെന്നില്‍ തിരി തെളിയിച്ച ആ ജീവന്റെ പ്രകാശത്തെ എന്ത് വിളിക്കണമെന്നറിയാതെ സ്വയം മറന്ന് ഞാന്‍ നിന്നു.

ഇതിനിടെ ഒരു കൊച്ചുകുട്ടി അവിടേíോടി വന്നു. പളുപളുത്ത കുപ്പായവും മുഖത്തിന്റെ ശേലും കണ്ടാലറിയാം അവന്റെ ജീവിതം സന്തോഷവും സൗകര്യങ്ങളും നിറഞ്ഞതാണെന്ന്. മനുഷ്യനായി ഈ ഭൂമിയില്‍ ജനിച്ചതിന്റെ, കുലീനമായ കുടുംബത്തിലെ ഒരംഗമായതിന്റെ, ആത്മവിശ്വാസവും സുരക്ഷിതത്വവും അവന്റെ വാക്കിലും നടപ്പിലും ഉള്ളപോലെ തോന്നിയെനിക്ക്.
ദൂരെ ഒരു വാഹനത്തിന്നരികില്‍ നില്‍ക്കുന്നൊരാളെ നോക്കി അവന്‍ ഉച്ചത്തില്‍ പറഞ്ഞു.
“”തോമാസങ്കിള്‍.... ഇവിടെ വാ.. വേഗം.’’
കുട്ടിയുടെ വിളികേട്ട അയാള്‍ ഓടിവന്നു ചുറ്റും നോക്കി.. അയാള്‍ വല്ലാതെ പേടിച്ചാണ് വന്നത്. എന്തോ തിരയുന്ന പോലെ കുറച്ചുനേരം അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും വട്ടമിട്ടു. പിന്നെ, ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് ചോദിച്ചു..
“”ജോമോന്‍ എന്തെങ്കിലും കണ്ട് പേടിച്ചതാണോ? ഇവിടെ പാമ്പോ പഴുതാരയോ ഒന്നും കാണാനില്ലല്ലോ?’’
“”അതല്ല അങ്കിള്‍; എനിക്ക് സ്കൂളില്‍ പ്രോജക്ടിന്റെ ഭാഗമായി നേച്ചര്‍ അവയര്‍നെസ് എക്‌സിബിഷനുണ്ടെന്ന് കഴിഞ്ഞയാഴ്ച സ്കൂള്‍ വിട്ടുവരുമ്പോള്‍ പറഞ്ഞതോര്‍മ്മയില്ലേ..?’’
“”ഉവ്വ്.. അപ്പൊ..?’’
“”എന്റെ പ്ലാന്റ് കളക്ഷനിലേക്ക് ഒരു ചെടി കൂടി കിട്ടി അങ്കിള്‍.. “ഡെലോനിക്‌സ് റെജിയ.. അതാണ് ഈ ചെടിയുടെ ബയോളജിക്കല്‍ നേയ്ം.. ഒത്തിരി പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന, കാണാനൊത്തിരി ചേലുള്ള ഈ മരത്തിന് സോയില്‍ ഇമ്പ്രൂവിങ്ങ് പ്രോപ്പര്‍ട്ടീസ് ഉണ്ട്, പിന്നെ വരള്‍ച്ചയും സാള്‍ട്ടി കണ്ടീഷന്‍സുമെല്ലാം അതിജീവിക്കാനുള്ള കഴിവുമുണ്ട്.. ട്രോപ്പിക്കല്‍ കണ്‍ട്ട്രീസില്‍ സാധാരണയായി കാണപ്പെടുന്നു. പിന്നെയുമുണ്ട് ഒത്തിരിയൊത്തിരി കാര്യങ്ങള്‍.. എനിക്ക് ടീച്ചേഴ്‌സിന്റെ കൈയില്‍ നിന്നും ഒത്തിരി കോമ്പ്‌ളിമെന്റ്‌സ് കിട്ടാനുള്ള നല്ല ചാന്‍സാണ് അങ്കിള്‍.. ഭ’
ഒന്നും മനസ്സിലാവാതെ വായ പൊളിച്ചു നിന്നുകൊണ്ട് അയാള്‍ പറഞ്ഞു..
“”ജോമോന്‍ പറയുന്നത് മുഴുവനായിട്ട് അങ്കിളിന് പിടി കിട്ടിയില്ല.., ഒരു ചെടിയുടെ കാര്യമാണല്ലെ..? എവിടെയാണ് മോന്‍ കണ്ട ചെടി ??’’

കുട്ടി വിരല്‍ ചൂണ്ടിയത് അവളുടെ ഓര്‍മ്മകള്‍ നട്ടുനനച്ച ആ ചെറിയ നാമ്പിലേക്കായിരുന്നു. അയാള്‍ ഉടനെ തന്നെ ആ ചെടിയുടെ ചുറ്റുമുള്ള മണ്ണ് കൈ കൊണ്ട് നീക്കി, കുറച്ചു മണ്ണോട് കൂടി അതിനെ വേരോടെ പറിച്ചെടുത്തു വാഹനത്തെ ലക്ഷ്യമാക്കി നടന്നു.. അടുത്ത ദിവസം സ്കൂളില്‍ വെച്ച് തനിക്കു കിട്ടാന്‍ പോകുന്ന അഭിനന്ദനങ്ങളെ മനസ്സിലോര്‍ത്തുകൊണ്ട് ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി കുട്ടി അയാളുടെ പുറകേ നടന്നകന്നു..

മരണമെന്തുകൊണ്ടിത്രനാളും വന്നു വിളിച്ചില്ല എന്ന ചോദ്യത്തിന്നുത്തരം അന്നെനിക്കു കിട്ടി.
എന്റെ പ്രണയത്തെയും ആത്മാവിനെയും ഈ മണ്ണിനെയും പ്രകൃതിയെയുമെല്ലാം നശിപ്പിക്കുന്ന ഈ നീചവര്‍ക്ഷത്തിന്റെ ക്രൂരതകള്‍ക്കെല്ലാം മൂകസാക്ഷിയാവാന്‍ വിധിക്കപ്പെട്ട ഒരു വെറും പാഴ്മരമാണ് ഞാനെന്ന സത്യം തിരിച്ചറിയാനായിരുന്നു ഈ നീട്ടിക്കിട്ടിയ നാളുകള്‍.
 
ഞാന്‍ ഒരു രോദനം മാത്രം..
ഒരു നിശ്ശബ്ദസ്തൂപം മാത്രം..
കാലത്തിന്റെ അടയാളം മാത്രം..
ദൈവത്തിന്റെ നാമത്തില്‍ ജീവിക്കുന്ന
ഒരു ബിംബം മാത്രം.



Join WhatsApp News
Jyothylakshmy Nambiar 2020-06-07 08:42:20
പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ടുള്ള കഥ നന്നായിരിക്കുന്നു. ആശയം അവതരിപ്പിയ്ക്കാൻ കണ്ടെത്തിയ കഥയുടെ പശ്ചാത്തലം തികച്ചും വ്യത്യസ്തമായ ചിന്ത.
Sudhir Panikkaveetil 2020-06-07 18:19:51
മനസ്സിനെ നോവിക്കുന്ന രംഗങ്ങൾ ചുറ്റിലും അരങ്ങേറുന്നത് കണ്ട് പ്രതികരിക്കാനാവാതെ ദീര്ഘായുസ്സോടെ കഴിയുന്ന പാഴ്ജജന്മങ്ങൾ മനുഷ്യരുടെ ഇടയിലും ഉണ്ട്. അവരുടെ ആയുസ്സിന്റെ രഹസ്യം അവരെ ആർക്കും ആവശ്യമില്ല അവർ നിൽക്കുന്നിടം ഉപയോഗപ്രദമല്ല.പ്രകൃതി ഊമയല്ല മനുഷ്യനാണ് ബധിരൻ എന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണ്. കഥാകൃത്ത് പറയുന്നപോലെ മനുഷ്യൻ അവന്റെ സ്വാര്ഥതാല്പര്യങ്ങൾക്കായി പ്രകൃതിയെ ഹിംസിക്കുന്നു. കഥ പ്രതീകാത്മകവും ഒരു സന്ദേശം പകരുന്നതുമാണ്. ഭാഷയിൽ മധുരം കൂടിപ്പോയോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക