Image

പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണിട്ടും കൊവിഡ് ഭീതിയിൽ സഹായിക്കാതെ അധ്യാപകരായ സഹപ്രവർത്തകർ

Published on 06 June, 2020
 പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണിട്ടും കൊവിഡ് ഭീതിയിൽ സഹായിക്കാതെ അധ്യാപകരായ സഹപ്രവർത്തകർ
കോട്ടയം: പരീക്ഷ പേപ്പറിന്റെ മൂല്യനിർണയത്തിനിടെ അധ്യാപിക തലകറങ്ങി വീണിട്ടും കൊവിഡ് ഭീതിയിൽ സഹായിക്കാതെ അധ്യാപകരായ സഹപ്രവർത്തകർ. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഭർത്താവ് എത്തിയാണ് ഇവരെ ആശുപത്രിയിൽ കൊണ്ടുപോയത്. കോട്ടയം ഏറ്റുമാനൂരാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയോടെ വെട്ടിമുകൾ സെയ്ൻറ് പോൾസ് ഹൈസ്കൂളിലെ മൂല്യനിർണയ ക്യാമ്പിലാണ് അധ്യാപിക കുഴഞ്ഞുവീണത്. അധ്യാപകരും അനധ്യാപകരുമായി 200 പേരാണ് ക്യാംപിൽ ആ സമയത്ത് ഉണ്ടായിരുന്നത്. നേരത്തേ അധ്യാപിക കാനഡയിലുള്ള മകളുടെ അടുത്തുപോയിരുന്നു. തുടർന്ന് നാട്ടിലെത്തി ക്വാറന്റീനിൽ പ്രവേശിച്ചു.

ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് മൂല്യനിർണയ ക്യാമ്പിലെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച അധ്യാപികയെ പ്രാഥമിക പരിശോധനകൾക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. സംഭവത്തെത്തുടർന്ന് പരീക്ഷാ മൂല്യനിർണയം താത്കാലികമായി നിർത്തിവെച്ചു.

അധ്യാപിക കുഴഞ്ഞുവീഴാൻ കാരണം പൊടിയുടെ അലർജിയാണെന്ന് കരുതുന്നതായി ന​ഗരസഭാ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ.എസ് സജിത്കുമാർ പറഞ്ഞു. 71 ദിവസം ക്വാറന്റീനിൽ കഴിഞ്ഞശേഷമാണ് അധ്യാപിക എത്തിയത്. ഇത്രയുംപേർ പങ്കെടുക്കുന്ന മൂല്യനിർണയ ക്യാമ്പിനെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക