Image

ഒരു മധ്യതിരുവിതാംകൂറുകാരൻ്റെ മലപ്പുറം രേഖകള്‍ ( നമത്)

Published on 06 June, 2020
ഒരു മധ്യതിരുവിതാംകൂറുകാരൻ്റെ മലപ്പുറം രേഖകള്‍ ( നമത്)
സ്റ്റേറ്റുകാര് എന്നത് മന്ത്രിമാരും ഉദ്യോഗസ്ഥരും കൊടിയോ ബീക്കണോ സൗകര്യാനുസൃതം പാറിപ്പറപ്പിക്കുന്ന വാഹനമല്ല. കുറച്ചു ദശകങ്ങള്‍ക്കു മുന്‍പ് വരെ സ്കൂളുകളില്‍ പഠിപ്പിക്കാനും റബ്ബറു വെക്കാനുമൊക്കെയായി തിരുവിതാംകൂറീല്‍ നിന്നും മലപ്പുറത്തെത്തിയവരാണ്. സ്വകാര്യ മാനേജ്മെന്റ് അദ്ധ്യാപകരെ നിയമിക്കുകയും സര്‍ക്കാരു ശമ്പളം കൊടുക്കുകയും ചെയ്യുന്ന മുണ്ടശ്ശേരിയന്‍ വൈരുദ്ധിക്യാധിഷ്ടിത അഭ്യാസത്തിനു ശേഷമായിരിക്കണം മാനേജ്മെന്റു സ്കൂളുകള്‍ മലപ്പുറത്തും ചുറ്റുവട്ടത്തും മലബാറില്‍ പൊതുവെയും പരക്കുന്നത്. ഒരു പക്ഷെ മറ്റു ജില്ലകളിലില്ലാത്ത വിധം. അതിനു ശേഷമാണ് നോട്ടുബുക്കും ചൂരലുമായി അദ്ധ്യാപഹയന്മാരു മലപ്പുറത്തിനു വെച്ചു പിടിക്കുന്നത്. ആ പഴയ കാലത്ത് മാനേജരുടെ തലവരി തുച്ഛമായിരുന്നു. ആയിരങ്ങളു മുതലങ്ങോട്ട് അവസാനം ഒരഞ്ചാറു വര്‍ഷം മുന്‍പ് വരെ മുപ്പതു നാല്പതു ലക്ഷമൊക്കെയായിരുന്നു.

മലപ്പുറത്തു നിന്നും വടക്കോട്ടു വന്നാല്‍ അങ്കമാലി മുതല്‍ സ്റ്റേറ്റാണ്. പ്രിന്‍സ്ലി സ്റ്റേറ്റ് ഒഫ് ട്രാവന്കൂര്‍. എന്നു വെച്ചാ ബ്രിട്ടീഷ് രാജ്ഞിക്കു വേണ്ടി രാജാവ് കാരസ്ഥ്യപ്പണി ചെയ്യുന്ന ദേശം. അങ്കമാലി വരെ മദിരാശി സംസ്ഥാനത്തെ മലബാര്‍ പ്രവിശ്യയും. മുണ്ടശ്ശേരിക്കു മുന്‍പും നാട്ടില്‍ നിക്കക്കളളിയില്ലാതെ അല്ലെങ്കില്‍ മനുഷ്യനു സഹജമായ ദുര കൊണ്ട് ജനം മലബാറിലേക്കു കൂടും കുടുക്കയുമെടുത്ത് പോയിരുന്നു. നിലമ്പൂരും വയനാട്ടിലും കണ്ണൂരിലുമൊക്കെ കാടങ്ങ് പരന്നു കിടക്കുവല്ലേ ചില്ലറക്കാശ് കൊടുത്തു കുടിയേറാന്‍. മലമ്പനി പിടിച്ചു മരിച്ചില്ലെങ്കില്‍, കാട്ടാന ചട്ണിയരച്ചില്ലെങ്കില്‍, പുലി പല്ലു തേച്ചില്ലെങ്കില്‍ പിന്നീടൊരു കാലം ധനികനായിട്ടു വാഴാന്‍. കഥയതല്ല, ശാഖാചംക്രമണം കഥനഗുണമാണെങ്കിലും സ്വാതന്ത്ര്യപൂര്‍വ്വ സ്റ്റേറ്റുകളെ അവിടെയുപേക്ഷിച്ച് തിരിച്ച് സഖാവ് തിരുമേനി ഉച്ചിയില്‍ കൈവെച്ച മലപ്പുറം ജില്ലയിലേക്ക് തിരിച്ചു വരണം. മുണ്ടശ്ശേരിയിലേക്കും.

മുണ്ടശ്ശേരി മേല്‍പ്പറഞ്ഞ പാപം ചെയ്തതോടെ, സ്റ്റേറ്റിലു ടിടിസികളുടെ ബഹളമായി. പളളീം പഞ്ചായത്തും പട്ടക്കാരനുമെല്ലാം ടിടിസി തുടങ്ങി. ടിടിസി പ്രൈമറി സ്കൂളില്‍ മാത്രം പഠിപ്പിക്കാന്‍ പറ്റുന്ന അധോമണ്ഡല മാണെങ്കില്‍ ബിഎഡ് സ്റ്റാര്‍ വാല്യുവുണ്ട്, ഹൈസ്കൂളിലു വരെ പഠിപ്പിക്കാം. ഇംഗ്ലീഷോ മലയാളമോ ഏതോ ഭാഷ പഠിപ്പിക്കാന്‍ ആ ഭാഷ ഐച്ഛികം വേണ്ട എന്നൊരു പുണ്യം കൂടെ മുണ്ടശ്ശേരി കൊടുത്തിരുന്നു. എവനു വേണേലും ഭാഷ പഠിപ്പിക്കാമെന്ന്. ഇംഗ്ലീഷാണെന്നാണ് ഓര്‍മ്മ. അതോ മലയാളമോ. രണ്ടായാലും ഭാഷ ഒരു വഴിക്കായി. ഭാഷണം മാത്രം ശേഷിച്ചു. അനിവാര്യതയായതു കൊണ്ട് ഭക്ഷണവും. എന്താണേലും ജനം ടിടിസി ബിഎഡ് സര്‍ട്ടിഫക്കിറ്റും പഴേ പെട്ടിയില്‍ പേപ്പറില്‍ പൊതിഞ്ഞ കാശുമായി വണ്ടി കയറി മാനേജര്‍മാരുടെ മുറ്റത്ത് കാത്തു കിടന്നു. എംഎല്‍എ മുതല്‍ മന്ത്രി വരെ ശുപാര്‍ശക്കത്തു സംഘടിപ്പിച്ചു. ജോലികിട്ടാന്‍ ജാതിമതകാര്‍ഡുകളെല്ലാമിറക്കി ശിഷ്ടം ക്ലാസ്സുകളില്‍ എല്ലവരും സഹോദരീസഹോദരന്മാരാണെന്നു പഠിപ്പിച്ചു. പഴയ ടീച്ചിങ്ങ് നോട്ട് തലങ്ങും വിലങ്ങും തലമുറകളായി വീശി. ഇടയ്ക്ക് പാഠപുസ്തകങ്ങളു മാറിയില്ലായിരുന്നെങ്കില്‍ ഇപ്പോഴും വീശപ്പെടുമായിരുന്നു.

എണ്‍പതുകളുടെ തുടക്കത്തിലാണ് മലപ്പുറം ജീവിതം ചിലപ്പോഴൊക്കെ കാണുന്നതും അറിയുന്നതും. അപ്പോഴേക്കും മലയോരങ്ങളില്‍ സ്റ്റേറ്റ് കര്‍ഷരും സ്കൂളുകളില്‍ അദ്ധ്യാപകരും സര്‍ക്കാരോഫീസുകളില്‍ തെക്കരും നിറഞ്ഞിരുന്നു. ഇതിലാരു സഹായിച്ചാണെന്നറിയില്ല, തെക്കനെയും പാമ്പിനെയും കണ്ടാലാദ്യം തെക്കനെ തല്ലിക്കൊല്ലണം പിന്നെ പാമ്പിനെ എന്നു ചൊല്ലു വരെയുണ്ടായിരുന്നു. മറിച്ച് തെക്കു നിന്നും മലപ്പുറത്തേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോവുന്നവനെ ജനം വേവലാതിയോടെയും കണ്ണീരോടെയും യാത്രയാക്കിയിരുന്നു. വടക്കനിഷ്ടപ്പെട്ടാല്‍ നക്കിക്കൊല്ലും ഇല്ലേല്‍ വെട്ടിക്കൊല്ലുമെന്ന ഭയം തെക്കന്‍ ട്രങ്കു പെട്ടി പോലെ കൊണ്ടു നടന്നു. ക്വാര്‍ട്ടേഴ്സെന്നു മലപ്പുറംകാരു പൂജകബഹുവചനം വിളിക്കുന്ന ലൈന്‍ വീടുകളില്‍ അവരു താമസിച്ചു. പിളേളരേം പിറുങ്ങിണികളേമുണ്ടാക്കി. സ്ഥലം വാങ്ങി. ചിട്ടി പിടിച്ചു വീടെടുത്തു. പിന്നെ ലോണേടുത്തു മതിലുകെട്ടി മധ്യതിരുവിതാംകൂറിനെ മതിലിനകത്തും ഭിത്തിയിലും തളച്ചു. പുറത്തെ ജീവിതം അതു വേറൊരു ലോകമായിരുന്നു.

സ്പൈക്കു ചെയ്ത മുടി കാണാനില്ലായിരുന്നു. പൊതുവേ മൊട്ടത്തലകള്‍. മുണ്ടാണെങ്കിലും ഷര്‍ട്ടാണെങ്കിലും ശുഭ്രവസ്ത്രങ്ങള്‍. പെണ്‍കുട്ടികളാണെങ്കില്‍ പുളളിയുടുപ്പുകള്‍. അറബിത്തലക്കെട്ടു പോലെ ചരടു വെച്ചുറപ്പിക്കുന്ന പുളളി തട്ടം. വെളളയല്ലെങ്കില്‍ ഓറഞ്ചോ പച്ചയോ നിറങ്ങളിലുളള ഉടുപ്പുകള്‍. പച്ചയോ നീലയോ ബോര്‍ഡറുളള കാച്ചി. മുതിര്‍ന്നവര്‍ക്ക് അരയില്‍ ബെല്റ്റുണ്ടായിരുന്നു. പച്ചയോ നീലയോ കറപ്പോ നിറത്തിലുളള ബെല്റ്റ്. അവസ്ഥയുളള സ്ത്രീകളുടെ , ധനിക കുടുംബങ്ങളിലെ കാര്ന്നോത്തിമാരുടെ അരയിലുമുണ്ടായിരുന്നു ബെല്റ്റ്. അക്ഷരം കൂട്ടിവായിച്ച് പത്രം വായിക്കാന്‍ തുടങ്ങിയ കാലത്തെ വലിയ അതിശയങ്ങളിലൊന്നായിരുന്നു ആ വാര്‍ത്ത. മിക്കവാറും മലപ്പുറം ടൈം ലൈന്‍. ബസ്സ് യാത്രയ്ക്കിടയില്‍ അരഞ്ഞാണം കളവു പോയി. കുറെ വര്‍ഷം ബാല്യകൗതുകമെരിച്ചു കഴിയുമ്പോഴാണ് മലപ്പുറം സമ്പര്‍ക്കമുണ്ടാവുന്നത്. സംഭവം ലളിതമാണ്. ആണുങ്ങളുടെ ബെല്റ്റു പോലെ ലോഹത്തിലുണ്ടാക്കിയ പതിപ്പ്. ധനികരു സ്വര്‍ണ്ണത്തിലും അല്ലാത്തവരു വെളളിയിലും. പോക്കറ്റിന്റെ അവസ്ഥയ്ക്കനുസരിച്ച് കല്ലുകള്‍ പതിച്ചത്. ഒരു പീസ് ഓഫ് ആര്‍ട്ട്. നല്ല തച്ചുളള സുന്ദരനുരുപ്പടി. അതാണ് അരഞ്ഞാണെമെന്നു വാര്‍ത്തയില്‍ നിറഞ്ഞത്, മധ്യതിരുവിതാംകൂറുകാരന്റെ കണ്ണു തളളിച്ചത്.

ബസ്സ് യാത്രയില്‍ തന്നെ മധ്യതിരുവിതാംകൂറുകാരന്‍ കണ്ണുതളളുന്ന മറ്റൊന്നുകൂടെയുണ്ട്. ബസ്സില്‍ കടലാസ്സ് ടിക്കറ്റില്ല. പകരം കണ്ടക്ടറുടെ കൈയ്യില്‍ കാശു കൊടുത്താല്‍ മതി. പിറകിലെ കിളിയും മുന്നിലെ കിളിയും കണ്ടക്ടറും തമ്മിലു കണക്കുകൊണ്ടൊരു കളി. ഡാബാവാല ലൈനിലെ ആല്‍ഗൊരിതം. കണക്കു കിറുകൃത്യം. കയറുന്ന സ്ഥലവും ഇറങ്ങുന്ന സ്ഥലവും കിറുകൃത്യം. പ്രൈവറ്റ് ബസ്സിലെയും സര്‍ക്കാരുബസ്സിലെയും കണ്ടക്ടര്‍മാരെ സാറെ എന്നു വിളിക്കുന്ന മധ്യതിരുവിതാംകൂറുകാരന്‍ മലപ്പുറത്തെ ലാളിത്യം കണ്ടമ്പരന്നു. നേരത്തെ കുടിയേറിയ അദ്ധ്യാപകരെ പുരുഷന്മാരെയും സ്ത്രീകളെയും യഥാക്രമം മാഷെ എന്നു ടീച്ചറെ എന്നും പൂജകം വിളിച്ചു. കഥാപാത്രങ്ങളുടെ കെട്ടിയവന്മാര്‍ക്കും ഭാര്യമാര്‍ക്കും യഥാക്രമം പൂജകമുണ്ടായിരുന്നു. തിരിച്ചും മറിച്ചും കൊളളിച്ചും കൊളളിക്കാതെയും മനസ്സിലെങ്കിലും അക്ഷരമൊന്നു മാറ്റിയുമുളള സാറേ വിളിയില്‍ പുലരുന്ന തിരുവിതാംകൂറില്‍ നിന്നു വന്നവര്‍ക്ക് പൂജകം പുതിയ അനുഭവമായിരുന്നു. അവരൊന്നുകൂടെ വിരിഞ്ഞു. പുമാന്‍ കൂടുതലാധികാരികനായി.

ജനത്തെ പണം വന്നു മൂടുന്നതിനു മുന്‍പുളള കാലമായിരുന്നു. പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നു. തിരുവിതാംകൂറുകാരന്‍ റേഷന‍് കട എന്നു വിളിക്കുന്ന റേഷന്‍ പീടികകളില്‍ അരിയും മണ്ണെണ്ണയും വാങ്ങാന്‍ ബിവറേജസ്സിലെ ക്യൂവായിരുന്നു. ബസ്സ് യാത്ര പോലും ലക്ഷ്വറിയായിരുന്നപ്പോള്‍, അതും വലിയ ഇടവേളകളിലായിരുന്നപ്പോള്‍ ആളൊന്നുക്കു രണ്ടും മൂന്നും വണ്ടികളും ഫോണുമില്ലായിരുന്നു. ഫോണ്‍ മിക്കവാറും ലോക്കല്‍ ജന്മിയുടെ വീട്ടിലോ പോസ്റ്റ് ഓഫീസിലോ അങ്ങാടിയിലെ വലിയ മുതലാളിമാരുടെ കടയിലോ ഒക്കെയായിരുന്നു. ടെലഗ്രാമുണ്ടെന്നു പോസ്റ്റുമാന്‍ പറയുമ്പോഴെ ജനം നെഞ്ചത്തടിച്ചു തുടങ്ങുമായിരുന്നു.

കാലാവസ്ഥയിലുളള ഊഹക്കച്ചവടമാണ് കൃഷിയെന്നു പണ്ടൊരു വൈസ്രോയി പറഞ്ഞത് മലപ്പുറത്ത് കടുക്കും. ഭൂപരിഷ്കരണം വന്നതോടെ കൃഷി ചെയ്യാനറിയുന്നവര് നാമമാത്രകൃഷിക്കാരായി. അല്പം വെറ്റിലേം നെല്ലും വാഴേം മാത്രമുളളവരായി. അന്നത്തേടം കഷ്ടിക്കാരായി. പത്തായം പെറുന്നതും ചക്കി കുത്തുന്നതും അമ്മ വെക്കുന്നതും നിന്നതോടെ കൃഷി ചെയ്യാനറിയാത്തവരും കഷ്ടത്തിലായി. ഗതികെട്ടവരു കൂപ്പിലു തടിപ്പണിക്കു പോയി. കിളയ്ക്കുക എന്നു മധ്യതിരുവിതാംകൂറുകാരനും കൊത്തുക എന്നു മലപ്പുറം കാരനും പറയുന്ന കാര്യം യഥാക്രമം തൂമ്പയും കൈക്കോട്ടുമുപയോഗിച്ചു ചെയ്തു. ചില്ലറപ്പണികളുടെ കൂടെപ്പിറപ്പായിരുന്നു ദാരിദ്ര്യം. അതു വിഭവസമൃദ്ധമായുണ്ടായിരുന്നു.

ചിലവാക്കാന്‍ പണമില്ലാതിരുന്നതു കൊണ്ട് അങ്ങാടിയും ലളിതമായിരുന്നു. മിക്കവാറും പലചരക്ക് കടയൊന്ന്, അതുമായി അവിഹിതമുളള റേഷന്‍കടയൊന്ന്, തുണിക്കടയോ തുന്നല്‍കടയോ പോലെ ഒന്ന്. മൈബൈലോ അല്ലാത്തതോ ഒരമ്പട്ടന്‍. ഒരു തട്ടാന്‍. ഒരു വൈദ്യരോ മരുന്നു കടയോ. ഓലക്കൊട്ടക ഒന്ന്. പലിശക്കാരനും കൂടെയായി ഡബിള്‍ റോളു ചെയ്യുന്ന ജന്മിയോ ഉദ്യോഗസ്ഥനോ. ചിലപ്പോഴൊരു ഡോക്ടര്‍ . കഴിഞ്ഞു ഒരു സാധാരണ ദേശത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍. കാരണം ലളിതം. ക്രയവിക്രയത്തിന്റെ അടിസ്ഥാനം. ജനത്തിന്റെ കയ്യിലു കായില്ലായിരുന്നു. എത്ര മിനിമമായിരുന്നു പഴയകാല മലപ്പുറം ജീവിതമെന്ന് ചിത്രകാരന്‍ എ.എസ്സിന്റെ കുറിപ്പുകള്‍ ഒരു പക്ഷെ ചിത്രങ്ങളേക്കാള്‍ മികവോടെ ക്രൂരം പോലുമായ വിധം നിസ്സംഗമായി ചിത്രീകരിക്കുന്നുണ്ട്.

പലചരക്കുകട. നൂറ് എണ്ണ, അമ്പത് പഞ്ചസാരയൊക്കെ വാങ്ങുന്നവരുണ്ടായിരുന്നു. എണ്ണയ്ക്കു കുപ്പികൊണ്ടു വരണം. ശിഷ്ടം സാധനം പത്രക്കടലാസ്സില്‍ പൊതിഞ്ഞുകൊടുക്കും. പറ്റു പുസ്തകത്താളുകള്‍ നീണ്ടു നീണ്ടു പോയിരുന്നു. ദേശത്തു പുതിയതായി എത്തുന്നവരെ ആരെയെങ്കിലുമൊക്കെ പരിചയപ്പെടുത്തി പറ്റും പറ്റിപ്പുമൊക്കെ നടന്നു. അപൂര്‍വ്വമല്ലെങ്കില്‍ മിനിമം പോലുമായ ഉപഭോഗം. പച്ചക്കറി മിക്കവാറും തൊടിയിലെ ഇലകളോ കായ്കളോ. സൈക്കിളില്‍ കൂവിയാര്‍ത്തെത്തുന്ന മീന്‍കാരന്‍. അവിടെയും ചിലവാക്കാവുന്ന ഏറ്റവും കുറവ് തുകയ്ക്കുളള പര്‍ച്ചേസ്. അപൂര്‍വ്വമായി ഇലയില്‍ വാങ്ങിക്കൊണ്ടു വരുന്ന ഇറച്ചി. കല്യാണങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ബിരിയാണി. അതിലക്ഷ്വറി. അപൂര്‍വ്വം ഹോട്ടലുകള്‍ പരിമിതവിഭവങ്ങളുളളവായിരുന്നു. മിക്കവാറും ഒരു ചെറിയ ബോര്‍ഡില്‍ കൊളളാനും മാത്രം.

പത്തേമ്മാരികളു ഗള്‍ഫ് കരയെത്തുന്നതു വരെ ക്രയവിക്രയത്തിനടിസ്ഥാനം , പണം ദുര്‍ലഭമായിരുന്നു. പിന്നെ പൊന്നും വിസ്കറ്റുമൊക്കെ വന്നു തുടങ്ങിയപ്പഴാണ് പണം അങ്ങാടി കാണുന്നത്. ശിഷ്ടം കുത്തൊഴുക്കായി. അങ്ങാടിയിലു പണം റോളു ചെയ്യാന്‍ തുടങ്ങിയതോടെ പുതിയ പുതിയ കച്ചവടങ്ങളു വന്നു. പണം ചിലവാക്കുന്നതിനും ഉണ്ടാക്കുന്നതിനുമൊക്കെയുളള മാര്‍ഗ്ഗങ്ങള്‍ വന്നു. ഗള്‍ഫ് കാരന്റെ മണിമാളികകളുയര്‍ന്നു. അംബിയും ഫിയറ്റുമൊക്കെ മോഡിഫൈ ചെയ്തു വിദേശിയാക്കി. ബെന്സ് എസ് ക്ലാസ്സിനെ വെല്ലുന്ന ആഡംബരം ആഗ്രഹിക്കുന്ന ഓട്ടോറിക്ഷകള്‍ നിരന്നു. മലപ്പുറത്തെ ഓട്ടോറിക്ഷ ഒരു കാഴ്ചയാണ്. വടക്കേ ഇന്ത്യക്കാരന്റെ ലോറി പോലെ കൊത്തുപണിയില്ലെന്നേയുളളൂ. അതിലില്ലാത്തതൊന്നുമില്ല. ചെവിയടിച്ചു പോവുന്ന സ്പീക്കര്‍, ബഹിരാകാശം വരെ കേള്‍ക്കുന്ന ഹോണ്‍, മൂന്നു നാലടി കുഷനുളള സീറ്റ്. വാതില്‍. ഇപ്പം വൈഫൈയും എസിയുമൊക്കെ വന്നു തുടങ്ങിക്കാണണം.

ഏറനാടന്‍ കാലാവസ്ഥ, കാഴ്ചയും ഓരോ ഋതുവിലുമോരോന്നാണ്. ചെങ്കല്ലിന്റെ നരച്ച കാവിച്ചുവപ്പ്. എക്കലിന്റെയും മണ്ണിന്റെയും നിറമുളള കാഴ്ചകള്‍ ഇടവം തുടങ്ങുമ്പോള്‍ പെട്ടന്നു പച്ചപ്പു നിറയും. മഴ ചെങ്കല്‍പാളികളുടെ പ്രതലത്തിലൂടെ തത്തിക്കളിക്കും. പായല്‍ വഴുകി പച്ചയാവും. മലപ്പുറം സുന്ദരമായ ബാല്യകൊമാര അനുഭവമായിരുന്നു. നാട്യങ്ങള്‍ കുറഞ്ഞ മനുഷ്യര്‍. അടുപ്പം അനുഭവപ്പെടുന്നതുമുണ്ടാവുന്നതും പെരുമാറ്റത്തിലെ ഊഷ്മളതയിലാണ്. പിന്നീട് ഓര്‍മമകളായി അവശേഷിക്കുന്നതും അതേ ഊഷ്മളതയാണ്. പലപ്പോഴും നിഷ്കളങ്കതയോളമെത്തുന്ന ഒന്ന്.

ഗള്‍ഫ്കാരന്റെ കത്തു വായിച്ചുകൊടുക്കുന്നതിനു കാശു വാങ്ങിച്ചിരുന്നവരുണ്ട്. കാശു വാങ്ങിക്കാതെ പലപ്പോഴും കത്തുകള്‍ വായിച്ചുകൊടുത്തിട്ടുണ്ട്. എഴുതിയും. അക്ഷരത്തെറ്റുകള്‍ നിറഞ്ഞ വാക്കുകളും വാചകങ്ങളും. ജീവിതം പോലെ ക്ഷതങ്ങള്‍ നിറഞ്ഞത്. മുതിര്‍ന്നവരടുത്തുളളതു കൊണ്ട് വായിക്കാതെ വിടുന്നതെന്താണെന്ന് അറിയാന‍് വേലിക്കല്‍ കാത്തു നിന്നവരുണ്ട്. തിരിച്ചെഴുതിക്കുമ്പോള്‍ ആരും കാണാതെ ഒരു പുന്നാരം ചേര്‍ക്കാന്‍, വാക്കു കിട്ടാതെ, കിട്ടിയാലും പറയാനറിയാതെ വിക്കിയവരുണ്ട്. നിഷ്കളങ്കമായിരുന്നു മലപ്പുറം അനുഭവങ്ങള്‍. വിരുന്നു പോലെ മനസ്സ്. മനസ്സു പോലെ വിരുന്ന്.

കാലം മാറി കഥ മാറി. ചിറിപ്പറക്കുന്ന ആഡംബര വാഹനങ്ങള്‍. ബൈക്കുകള്‍. ബഹുവര്‍ണ്ണങ്ങളിലെ വസ്ത്രങ്ങള്‍. കാതടപ്പിക്കുന്ന പാട്ട്. യോയോ, സ്പൈക്ക്, ബോളിവുഡ് പിച്ച വാങ്ങുന്ന ഫാഷന്‍ സെന്‍സ്. ലൈഫ് സ്റ്റൈല്‍. മുട്ടിനു മുട്ടിനു ഫാസ്റ്റ് ഫുഡ്. മൊബൈലു കട, ഫാഷന്‍ ഷോപ്പ്. ഹോട്ടല്‍. ആശുപത്രി. മലപ്പുറം കേരളത്തിലെ മറ്റേതൊരു ജില്ല പോലെയും വലിയൊരു നഗരമായി. സമ്പൂര്‍ണ്ണ സാക്ഷരത വന്നതു കൊണ്ട് കത്ത് വായിച്ചുമെഴുതിയും കൊടുക്കുന്നവരുമില്ലാതായിക്കാണും. ജനം കത്തെഴുതാതെയുമായി. പകരം കത്തിക്കുത്ത് ഫോണിലും ചാറ്റിലുമായി. കഴിഞ്ഞ തവണ ഡ്രൈവു ചെയ്തു പോയപ്പോള്‍ കണ്ടത് സമൃദ്ധിയുടെ, ധാരാളിത്തത്തിന്റെ കാഴ്ചകളാണ്. മാറുന്ന സമൂഹവും മാറുന്ന ജീവിതവും.

മലപ്പുറത്തു മാത്രമല്ല കേരളത്തിലെല്ലായിടത്തും ഇല്ലായ്മയുടെ കാലം ജനത്തെ സോഷ്യലിസ്റ്റും വിപ്ലവകാരിയുമാക്കും. പത്തു പുത്തന‍് കയ്യില്‍ വരുമ്പോള്‍ മുതലാളിയും മൂരാച്ചിയുമാക്കും. തിന്നേച്ചു വറ്റ് എല്ലിനിടേ കിടന്നു കുത്തുമ്പോള്‍ മനുഷ്യനു പല തോന്നലുകളും വരും. വിശപ്പ് തുറിച്ചു നോക്കാതാവുമ്പോള്‍ ജാതിയും മതവും സമുദായവും മറ്റു വിഭാഗീയതകളുമെല്ലാം വരും. പരാജയം പോലെ തന്നെയാണ് ഇല്ലായ്മയും മാനേജ് ചെയ്യാനെളുപ്പമാണ്. വിജയം പോലെ തന്നെയാണ് സമൃദ്ധിയും. മാനേജ് ചെയ്യുന്നത് ദുഷ്കരവും. മുന്‍പെഴുതിയ ഒരു വാചകമെടുത്തെഴുതി കുറിപ്പവസാനിപ്പിക്കുന്നു. നിഷ്കളങ്കമായിരുന്നു മലപ്പുറം അനുഭവങ്ങള്‍. വിരുന്നു പോലെ മനസ്സ്. മനസ്സു പോലെ വിരുന്ന്. ആചന്ദ്രതാരം അങ്ങനെ തുടരട്ടെ. ആമേന്‍.


Join WhatsApp News
Ninan Mathulla 2020-06-07 07:20:30
What a language!!! Many writers here in ‘emalayalee’ including myself need to learn from it. There is much to learn from it. Wonder why no comments yet here. Looks like people are reading only what they like to read that agrees to their political or religious ideology. I laughed a lot reading the article, and didn’t understand a few expressions as I am alien to the Malapuram culture. Although the writer is anonymous, style is wonderful. Please come to light. Like to read more and more of such writing style!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക