Image

വരണമാല്യം വിഷപാമ്പാകുമ്പോള്‍ (എഴുതാപ്പുറങ്ങള്‍ 61: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 07 June, 2020
വരണമാല്യം വിഷപാമ്പാകുമ്പോള്‍ (എഴുതാപ്പുറങ്ങള്‍ 61: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
ഒരു സ്ത്രീ സുമംഗലിയാകുന്ന ദിവ്യമുഹൂര്‍ത്തത്തില്‍ അവളുടെ കഴുത്തില്‍ വരന്‍ചാര്‍ത്തുന്ന വരണമാല്യം അവള്‍ക്ക് സുരക്ഷയും സന്തുഷ്ടിയും പകരേണ്ടതാണ്. അതിനുമുമ്പ് അവള്‍ക്കായി  വരന്‍ചാര്‍ത്തുന്ന മംഗല്യസൂത്രവും മുന്നോട്ടുള്ള അവളുടെ ജീവിതത്തിന്റെ രക്ഷാകവചങ്ങളാണ്. താലിചാര്‍ത്തി ഭാര്യയായി സ്വീകരിക്കുന്നത് പുരുഷനായതുകൊണ്ട് വിവാഹജീവിതത്തില്‍ സ്ത്രീ പുരുഷന്    വിധേയയാകണമെന്ന ഒരു വിശ്വാസം പൊതുവില്‍ നിലവില്‍ വന്നു. പുരുഷന്‍ സ്ത്രീയെ ജീവിതത്തിലേയ്ക്ക് താലിചാര്‍ത്തി സ്വീകരിയ്ക്കുന്നതുകൊണ്ട് സ്ത്രീ പുരുഷന് അടിമയാണോ? വിവാഹമെന്ന ജീവിത പങ്കാളിത്തത്തില്‍ സ്ത്രീയ്ക്ക് നല്‍കപ്പെടുന്നത് രണ്ടാം സ്ഥാനമാണോ?

വൈദിക കാലത്തെ ജീവിതത്തെയാണ് ആര്‍ഷഭാരത സംസ്കാരമെന്നു പറയുന്നതെങ്കില്‍ ആ കാലഘട്ടത്തില്‍ സ്ത്രീക്ക് സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നുവെന്നും കാണാം. ആര്‍ഷഭാരതമെന്നാല്‍ ഋഷികളുടെ ഭാരതമെന്നെ അര്‍ഥം വരുന്നുള്ളു. വൈദികകാലത്ത് ജീവിച്ചിരുന്ന യാജ്ഞവല്‍ക്കന്‍ എന്ന ഋഷിയെ ഒരു തത്വചിന്തകനായി കാണുന്നു. അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരില്‍ ഒരാളായ  മൈത്രേയി, വേദങ്ങളിലും ഉപനിഷത്തുക്കളിലും അഗാധജ്ഞാനമുള്ളവരായിരുന്നു. യാജ്ഞവല്‍ക്കന്‍ നയിക്കുന്ന പണ്ഡിതസദസ്സുകളില്‍ അവര്‍ അദ്ദേഹവുമായി ചര്‍ച്ചകളില്‍ പങ്കുകൊണ്ടിരുന്നു.

സ്ത്രീയെ പുരുഷനൊപ്പം കണ്ടിരുന്ന ആ വ്യവസ്ഥിതി മാറാന്‍ കാരണം അവള്‍ പുരുഷനെ ആശ്രയിച്ച് ജീവിക്കണമെന്ന ആശയം ഉള്‍ക്കൊണ്ടപ്പോള്‍ ആയിരിക്കും. ഇവിടെ മനുവിന്റെ പ്രസിദ്ധമായ "ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി " എന്ന ഉപദേശം പുരുഷമേധാവിത്വം ദുര്‍വ്യാഖ്യാനം ചെയ്തായിരിക്കാം.  മനു പറഞ്ഞത് കൗമാരത്തില്‍ പിതാവിന്റെയും, യൗവനത്തില്‍ ഭര്‍ത്താവിന്റെയും, വാര്‍ധക്യത്തില്‍ മകന്റെയും രക്ഷയില്‍ സ്ത്രീ കഴിയണം അവള്‍ സ്വതന്ത്രയല്ലെന്നാണ്. കാരണം ആ സമയങ്ങളില്‍ അവള്‍ അവരെ ആശ്രയിക്കുന്നു. എന്നാല്‍ അവള്‍ സ്വയം രക്ഷിക്കാന്‍ പ്രാപ്തയാണെങ്കില്‍ അവള്‍ക്ക് സ്വാതന്ത്ര്യത്തിനു അര്‍ഹതയുണ്ടെന്ന് പില്‍ക്കാലങ്ങളില്‍ നമ്മള്‍ തിരിച്ചറിഞ്ഞെങ്കിലും പുരുഷമേധാവിത്വത്തിനു അടിയറ പറയുകയാണ് സ്ത്രീ സമൂഹം ഇന്നും.

ഭാരതീയ ധര്‍മ്മഗ്രന്‍ഥങ്ങളില്‍ ഒന്നില്‍ പോലും ഒരു ജാതിയെയോ, മതത്തെയോ സൂചിപ്പിക്കുന്നില്ല. അപ്പോള്‍ വിവാഹം മതപരമായ ഒരു ചടങ്ങു എന്നതിലുപരി അത് സ്ത്രീ പുരുഷന്മാര്‍ക്ക് പുരുഷാര്‍ത്ഥമേലുവാന്‍ നിര്‍വഹിക്കപ്പെട്ടതാണ്. പുരുഷാര്‍ത്ഥം എന്നതു ധര്‍മ്മം, അര്‍ത്ഥം , കാമം, മോക്ഷം എന്നിവയാകുന്നു. ഹിന്ദു വിവാഹാമെന്നു പറയുന്നത് ഒരു വിശുദ്ധ കര്‍മ്മമാണ്. സ്ത്രീപുരുഷന്മാരുടെ ദിവ്യമായ ഒരു കൂടിച്ചേരല്‍ ആണ്. വിവാഹത്തെ കന്യാദാന്‍ എന്ന് പറയുന്നുണ്ട്. പിതാവ് തന്റെ പുത്രിയെ വരന് സമര്‍പ്പിക്കുന്നു. അപ്പോള്‍ വരന് കന്യകയുടെ പിതാവ് വളരെ സമ്മാനങ്ങളും മറ്റും നല്‍കിയിരുന്നു. ഇതിനെ വരദക്ഷിണ എന്നു പറഞ്ഞിരുന്നു. അന്ന് പുത്രികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ അവകാശമില്ലാതിരുന്നത്‌കൊണ്ട് ആരംഭിച്ച സമ്പ്രദായമായിരിക്കാമിത്. പില്‍കാലത്ത് അത് സ്ത്രീധനം  എന്ന പേരില്‍ ഒരു തീരാവ്യാധിയായി സമൂഹത്തിലെ തിന്മകളില്‍ ഒന്നായി.
 
മനു അനുശാസിക്കുന്നത് ഓരോ സഹോദരനും അവനു അച്ഛനില്‍ നിന്നും കിട്ടിയ സ്വത്തിന്റെ നാലില്‍ ഒന്ന് സഹോദരിക്ക് കൊടുക്കണമെന്നാണ്. ഇന്നിപ്പോള്‍ തുല്യ അവകാശം ഉണ്ടായിട്ടും സ്ത്രീധനമെന്ന ഭീകരന്‍ പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നു. പുരാതന ഭാരതത്തില്‍ പെണ്‍കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിനേക്കാള്‍ വിവാഹം കഴിച്ചയാക്കാനായിരുന്നു മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയിരുന്നില്ല. പിതാവില്‍ നിന്ന് കിട്ടുന്ന സ്ത്രീധനമല്ലാതെ  സ്വന്തമായി ഒരു ജോലി സമ്പാദിച്ച് ധനമുണ്ടാക്കാന്‍ പ്രാപ്തിയില്ലാതിരുന്ന ഇവര്‍ മനു പറഞ്ഞപോലെ  അച്ഛനെ, ഭാര്തതാവിനെ, മകനെ ആശ്രയിച്ച് ജീവിച്ചു പോന്നു, എന്നാല്‍ സ്വാതന്ത്ര്യലബ്ധിയോടെ  ഇന്ത്യയില്‍ സ്ത്രീധനം  (1961) നിയമപരമായി നിരോധിച്ചു. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സ്കൂളുകളില്‍ ഒന്ന് നമ്മുടെ ഭാരതത്തില്‍ ചെന്നൈയിലാണ്. എന്നാല്‍ ആ അവസരം പ്രയോജനപ്പെടുത്തിയ വിദ്യാര്തഥികള്‍ കുറവായിരുന്നു എന്ന് മനസ്സിലാക്കാം. (ട.േഏലീൃഴല' െഅിഴഹീ കിറശമി ഒശഴവലൃ ടലരീിറമൃ്യ ടരവീീഹ, ഇവലിിമശ ). പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അങ്ങനെ ഒരു വിദ്യഭ്യാസ സ്ഥാപനത്തെക്കുറിച്ച് കേട്ടറിവ് പോലും നേടികാണില്ല. 

ഇതൊക്കെയാണെങ്കിലും പെണ്‍കുട്ടികളുടെ വിവാഹത്തെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും പറയുകയാണെങ്കില്‍ സമൂഹവും മാതാപിതാക്കളും ഇന്നും അവരെ സീതാമാരാക്കി പാകപ്പെടുത്തി എടുക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് വേണമെങ്കില്‍ പറയാം. വിവാഹം കഴിച്ചയച്ച പെണ്‍കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ സമൂഹത്തെ ഭയക്കുന്ന മാതാപിതാക്കള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് പെണ്‍കുട്ടികളുടെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഇനിയും മാറ്റം അനിവാര്യമാണ് എന്ന് വ്യക്തമാണ് .   വിവാഹത്തതിനുശേഷം അവള്‍ക്ക് അവളുടെ വീടുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്‌ഛേദിയ്ക്കണമെന്നും   അവള്‍ ഭര്‍ത്തൃ ഗൃഹത്തിലെ അംഗമാകണമെന്നും മാതാപിതാക്കള്‍ വിശ്വസിയ്ക്കുന്നു.

 ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരായി കാണണം എന്ന ആശയത്തിലാണ് അവരെ അച്ഛന്‍ 'അമ്മ എന്ന്എ വിളിയ്ക്കണം എന്ന നിയമം സമൂഹത്തില്‍ നിലവിലുള്ളത് . എന്നാല്‍ ഒരു പെണ്‍കുട്ടി എന്നല്ല ആര്‍ക്കും സ്വന്തം പെറ്റമ്മയുടെ സ്ഥാനത്ത് മറ്റൊരു അമ്മയെ പ്രതിഷ്ഠിയ്ക്കാന്‍ പ്രയാസമാണ്. അതുപോലെത്തന്നെ  ഒരു പെറ്റമ്മയ്ക്കല്ലാതെ അവളെ ഒരു മകളായി മനസ്സാല്‍ അംഗീകരിയ്ക്കാന്‍ വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ കഴിയാറുള്ളൂ.  ഇവിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടുന്നതും, പൊള്ളലേല്‍ക്കുന്നതും ഷോക്കടിയ്ക്കുന്നതും കുടുംബദോഷങ്ങള്‍ മാറാന്‍ മന്ത്രവാദവും മനുഷ്യകുരുതിയും അരങ്ങേറുന്നതും.
 
ഇന്ന് പെണ്കുട്ടികളുള്ള മാതാപിതാക്കളില്‍ നിന്നും കേള്‍ക്കുന്ന  സര്‍വ്വസാധാരണമായ ഒന്നാണ് 'പഠിപ്പുകഴിഞ്ഞാല്‍ മകളെ ഉടനെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയയ്ക്കണം' പഠനം കഴിഞ്ഞാല്‍ നല്ല ജോലി സമ്പാദിച്ച് നല്കുന്നതിനേക്കാളും മാതാപിതാക്കള്‍ തല്പരരാകുന്നത് അവരുടെ വിവാഹം നടത്തനായിരിയ്ക്കും. ഈ ചിന്താഗതിയെ കുറ്റപ്പെടുത്താനാകില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹപ്രായമായ പെണ്കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരുപക്ഷെ വേവലാതിയാകാം. പക്ഷെ 'നല്ല രീതിയില്‍' വിവാഹം ചെയ്തയയ്ക്കണം എന്ന ചിന്താഗതിയോടു പ്രതികരിയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.

പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുക എന്നുവച്ചാല്‍  അവരെ പരമാവധി പൊന്നില്‍ കുളിപ്പിച്ച് അയയ്ക്കുക എന്നത്, എടുത്തുപറയുകയാണെങ്കില്‍ മലയാളികളുടെ ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു. വിവാഹം കഴിഞ്ഞാല്‍ എത്ര പൊന്നു നല്‍കിയാണ് വിവാഹം കഴിച്ച് കൊടുത്തത് എന്നത് സമൂഹത്തിലെ എടുത്ത് കാണിയ്ക്കുന്ന ഒരു ചര്‍ച്ചാവിഷയമാകുന്നു. അതുപോലെത്തന്നെ ഇതിനെ അഭിമാനത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെടുന്നു വിദേശ പണക്കാരും, ബിസ്സിനസ്സുകാരും തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക്. ഒരു ജന്മം സുഖമായി ജീവിയ്ക്കാനുള്ളതിലും കൂടുതല്‍ പണമായും സ്വര്‍ണ്ണമായും വിവാഹത്തിന് നല്‍കപ്പെടുന്നു. ഇത് സമൂഹത്തിലെ ഒരു പ്രവണതയായി മാറിക്കഴിഞ്ഞു. തന്റെ മകള്‍  നല്ല രീതിയില്‍ ജീവിച്ചു പോകണമെന്ന് ആഗ്രഹിയ്ക്കുന്ന മാതാപിതാക്കള്‍ക്ക് നിര്‍ബന്ധിതമായും പണക്കാരുടെ അതേ തോതില്‍ പൊന്നും പണവും കൊടുക്കേണ്ടിവരുന്നു. ഇതിനായി പുരയിടം  പണയം വച്ചും, ബാങ്ക് ലോണുകളും എടുത്തും, കൊള്ള പലിശയ്ക്ക് പണം കടമെടുത്തതും  ആവശ്യമായ പണം അവര്‍ കണ്ടെത്തുന്നു   ചുരുക്കത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തി കഴിഞ്ഞാല്‍ പിന്നീടുള്ള കാലം മാതാപിതാക്കള്‍ പാപ്പരരായി ജീവിയ്‌ക്കേണ്ടി വരുന്നു. തങ്ങള്‍ക്ക് കഴിയാവുന്നതിലും കൂടുതല്‍ എവിടെനിന്നൊക്കെയോ കടമെടുത്ത് പൊന്നിലും, പണത്തിലും പൊതിഞ്ഞു പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്നത് സമൂഹത്തില്‍ ഒരു പൊങ്ങച്ചമായി ഇന്ന് വിവാഹ കമ്പോളത്തില്‍ മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

പണ്ട് കാലങ്ങളില്‍ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരോ ജോലിയ്ക്കുപോകുന്നവരോ ആയിരുന്നുല്ല. അതിനാല്‍ വിവാഹത്തിലൂടെ ഒരു പെണ്ണിന്റെതായ ജീവിതാവസാനം വരേയ്ക്കുമുള്ള ചുമതലകള്‍ ചെയ്യുന്നതിനായി വധുവിന്റെ വീട്ടില്‍ നിന്നും നല്‍കിയിരുന്ന ഒരു സഹായം മാത്രമായിരുന്നു. എന്നാല്‍ പിന്നീടത് സ്ത്രീധനം എന്ന പേരില്‍ ചോദിച്ചു വാങ്ങാന്‍ തുടങ്ങി. ഇതിന്റെ പേരില്‍ പല പെണ്‍കുട്ടികളും മരിയ്ക്കുകയും, വിവാഹ ബന്ധങ്ങള്‍  വിവാഹ മോചനത്തില്‍ അവസാനിയ്ക്കുകയും, കൊലപാതങ്ങള്‍ അപകടമരണങ്ങളായി മാറുകയും ചെയ്തപ്പോള്‍ സ്ത്രീധനം ചോദിയ്ക്കരുത് കൊടുക്കരുത് എന്ന നിയമങ്ങള്‍ നിലവില്‍ വന്നു. സ്ത്രീധനം ചോദിയ്ക്കുന്നതോ നല്കുന്നതോ ശിക്ഷാര്‍ഹമാണ് എന്നതിനാല്‍ പരസ്യമായി 'സ്ത്രീധനം' എന്ന പദം ഉപയോഗിയ്ക്കാതെ തന്നെയാണ് വാങ്ങിയ്ക്കലും കൊടുക്കലും നടക്കുന്നത്. അതായത് വരന്റെ വീട്ടുകാര്‍ സാമ്പത്തിക ശേഷി നോക്കികൊണ്ടുതന്നെ വിവാഹം നിശ്ചയിയ്ക്കുന്നു. വരന്റെ വീട്ടുകാര്‍ ചോദിച്ചില്ല എങ്കിലും എന്റെ മകളെ ഇത്രയും പൊന്നും, പണവും നല്‍കി വിവാഹം ചെയ്തയച്ചു എന്നത് ഒരു അന്തസ്സായി മാതാപിതാക്കള്‍ കണക്കാക്കുന്നു.  ഇത്തരത്തിലുള്ള സമൂഹത്തിന്റെ മനോഭാവവും പരിഗണയും പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹജീവിതം ഒരു ചോദ്യചിഹ്നമാകുന്നതോടൊപ്പം, സ്ത്രീധനം നല്‍കപ്പെടുന്ന വീട്ടിലെ പെണ്‍കുട്ടികളുടെ ജീവിതം വെല്ലുവിളിയായും  മാറുന്നു.  അതുകൊണ്ടുതന്നെ  പെണ്‍കുട്ടികളെ പൊന്നിലും പണത്തിലും മുക്കി വിവാഹം ചെയ്തയയ്ക്കുക എന്ന മനോഭാവം സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടേണ്ടതാണ്. 
ഇന്ന് സമൂഹത്തില്‍  , പ്രത്യേകിച്ചും കേരളത്തില്‍, വിവാഹ  ബന്ധങ്ങള്‍ കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിയ്ക്കുന്നതിലെ പ്രധാന വില്ലന്മാര്‍   അവിഹിത ബന്ധങ്ങളും പണവും പൊന്നും തന്നെയാണ്.  നിങ്ങളുടെ മകള്‍ വിദ്യാഭ്യാസമുള്ളവളും സാമാന്യ ബുദ്ധിയുള്ളവളും ശാരീരിക വൈകല്യങ്ങള്‍ ഇല്ലാത്തവളും ആണെങ്കില്‍ എന്തിനു അവള്‍ക്കു ജീവിതകാലം ജീവിയ്ക്കാനുള്ളതിലും കുടിതല്‍ പൊന്നും പണവും നല്‍കി  വിവാഹം ചെയ്തുകൊടുക്കണം?  ഇന്നത്തെ കാലത്ത് ആണ്കുട്ടികളെപ്പോലെത്തന്നെ പെണ്‍കുട്ടികളും വിദ്യാഭ്യാസ കാര്യത്തിലും തൊഴില്‍ പരമായും സ്വയം പര്യാപ്തത നേടിയവരാണ്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികള്‍ ഒരിയ്ക്കലും ഒരു ഭാരമായോ ചുമതലയായോ മാറുന്നില്ല. പിന്നെ വിവാഹ കമ്പോളത്തില്‍ എന്തിനവളെ വിലപേശാന്‍ വയ്ക്കുന്നു? മാതാപിതാക്കളുടെ സമ്പാദ്യം ആണ്കുട്ടികളെപ്പോലെത്തന്നെ കാലശേഷം വീതിച്ച് നല്‍കുന്നതില്‍ എന്താണ് പാകപ്പിഴവ്? പെണ്‍കുട്ടികളുടെ പൊന്നും പണവും വാങ്ങിയെടുത്ത് അവളെ അടിമപ്പെടുത്തിവയ്ക്കുന്ന ഒരു ഭാര്തതാവിനെയും വീട്ടുകാരെയും ആണോ അതോ പണമോ സ്വര്‍ണ്ണമോ ആവശ്യപ്പെടാതെ അവളുടെ കഴിവിലും വിദ്യാഭ്യാസത്തിലും മാത്രം വിശ്വസിച്ച് അവളെ ജീവിത പങ്കാളിയാകാന്‍ തയ്യാറുള്ള  ഒരു പുരുഷനെയാണോ അവള്‍ക്കായി കണ്ടുപിടിയ്ക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുന്നത്? ഒരുപാട് പൊന്നിലും പണത്തിലും പെണ്‍കുട്ടിയെ മൂടി ഭര്‍ത്തൃ ഗൃഹത്തിലേയ്ക്കയച്ചാല്‍ അവള്‍ക്ക് അവിടെയും സമൂഹത്തിലും   കൂടുതല്‍ സ്ഥാനം കിട്ടും എന്ന അവബോധം  മാറ്റേണ്ടിയിരിയ്ക്കുന്നു.

സമൂഹത്തില്‍ വരണമാല്യം സര്പ്പദോഷവും, വിഷപാമ്പുകളുമായി  മാറികൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ഇനി ഒരു ഉത്രയും സൂരജുമ    ഇവിടെ ജനിയ്ക്കാതിരിയ്ക്കണമെങ്കില്‍ മാറ്റങ്ങള്‍ക്ക്  യുവാക്കളില്‍ നിന്ന് തന്നെ തുടക്കം കുറിയ്ക്കണം. പൊന്നും പണവും നല്‍കി ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കുന്നു എങ്കില്‍ അത് പെണ്‍കുട്ടിയിലെ ഒരു പോരായ്മയായി യുവാക്കള്‍ കണക്കാക്കണം. അങ്ങിനെ പൊന്നും പണവും വാങ്ങി വിവാഹം ചെയ്യുന്നത് ആണിന്റെ തന്റേടകുറവായി യുവതികളും കാണണം.  ഞങ്ങളിലെ ഗുണങ്ങളെ മനസ്സിലാക്കാതെ പത്തരമാറ്റില്‍ പൊതിഞ്ഞ ഒരു വസ്തുവാക്കി വിവാഹ കമ്പോളത്തില്‍ വില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നതാകണം പെണ്‍കുട്ടികളുടെ തീരുമാനം. ഒരു സ്ത്രീ സൗന്ദര്യത്തെ എടുത്തുകാണിയ്ക്കുന്ന, അവളുടെ നൈസര്‍ഗ്ഗികമായ ഭംഗിയ്ക്ക് ഒരല്‍പ്പം മാറ്റുകൂട്ടാന്‍ മാത്രം ഉതകുന്ന വളരെ അത്യാവശ്യമായ ആഭരണങ്ങള്‍ മാത്രം വിവാഹത്തിന് ഉപയോഗിയ്ക്കണം. വിവാഹ വസ്ത്രമോ മുഖഭംഗിയോ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ശരീരത്തില്‍ സ്വര്‍ണ്ണം പൊത്തിപിടിപ്പിച്ച് കൊണ്ടുള്ള വിവാഹ രീതി പെണ്‍കുട്ടികള്‍ തിരസ്കരിയ്ക്കണം. എങ്കില്‍ മാത്രമേ മാതാപിതാക്കളില് അവബോധം മാറ്റുവാനും, പൊന്നിനെയും പണത്തെയും ചൊല്ലിയുള്ള മരണങ്ങള്‍ ഇല്ലാതാക്കുവാനും  കഴിയൂ.

വിവാഹം എന്നത് ഇരുവരുടെയും മാതാപിതാക്കള്‍ പറഞ്ഞുറപ്പിയ്ക്കുന്ന പണവും പൊന്നും നല്‍കിയുള്ള കച്ചവടമാകാതെ സ്ത്രീയുടെ സ്വയം പര്യാപ്തതയും സൗന്ദര്യവും ഗുണവും  പുരുഷന്റെ ധീരതയും, കരുത്തും,  സമൂഹത്തോടുള്ള വാഗ്ദാനവും തമ്മില്‍ കുടിച്ചേരുന്ന ഒരു പങ്കാളിത്തമായാല്‍ ഇവിടെ വരണമാല്യങ്ങള്‍ വിഷപാമ്പുകളായി മാറുകയില്ല. ഇനി ഒരു ഉത്രയ്‌ക്കൊ, സൂരജിനോ കേരളം ജന്മം നല്‍കുകയില്ല.


Join WhatsApp News
josecheripuram 2020-06-07 14:00:20
I have only one question How A person can abuse another person?Your spouse was brought by parents with care&love,All of a sudden all that wiped out by some one.I have grand children If they cry My heart weeps.Then tell me if they are murdered I will kill that Bastard.
amerikkan mollakka 2020-06-07 14:27:10
അസ്സലാമു അലൈക്കും ..ജ്യോതി സാഹിബ പെരുത്ത് നാളായി ഇങ്ങടെ ലേഖനം ബായിച്ചിട്ട്.ഇങ്ങള് എയ്താത്തതോ ഞമ്മള് കാണാഞ്ഞിട്ടോ. ഈ ലേഖനം ബായിച്ച് ഞമ്മടെ ഖൽബ് നീറി. ഞമ്മക്ക് മൂന്നു ബീവിമാരിൽ കൂടി അഞ്ചു ആൺമക്കളാണ്‌. അവര് നിക്കാഹ് കയിച്ചു കൊണ്ടുവരുന്ന പെൺകുട്ടികളെ ഞമ്മള് സ്വന്തം മക്കളായെ കാണു. ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിൽ പെൺകുഞ്ഞങ്ങളെ കൊന്നു കളയുന്ന ഇബലീസുകളെ ഉമിത്തീയിൽ നീറ്റി നീറ്റി കൊല്ലണം. ഇങ്ങളുടെ എയ്തു ബഹുകേമമാണ്. ഇങ്ങനെ എയ്തു എന്തെങ്കിലും മാറ്റം ബന്നാൽ ഭാഗ്യം. ഇങ്ങൾക്ക് അമ്മായിയമ്മ ഉണ്ടോ? അബര് ഇങ്ങളോട് സ്നേഹത്തിൽ തന്നെയല്ലേ.നിക്കാഹ് കയിഞ്ഞു ജീവിക്കുന്ന എല്ലാ പെണ്കുഞ്ഞങ്ങളെയും പടച്ചോൻ കാത്ത് രക്ഷിക്കട്ടെ. ജനാബ് ജോസ് സാഹിബ് ഇങ്ങടെ തമാശകൾ ഞമ്മള് കാണാറുണ്ട്.ശരിയാണ് സാഹിബ് ഇങ്ങള് പറഞ്ഞത് ഇമ്മടെ പെണ്മക്കളെ കൊള്ളുന്ന തന്തയില്ലാത്തവന്മാരെ നമുക്ക് കൊല്ലാനുള്ള നിയമം ഉണ്ടാകണം.
ഐസ്ക്രീം കുഞ്ഞാലി 2020-06-07 14:37:56
എന്താണ് മൊല്ലാക്ക ഇങ്ങള് പെൺകുട്ടികളുടെ കണ്ണീരു തുടക്കണ കയ്യിലേസോ ? മൂന്നെണ്ണനത്തിനെ കൊണ്ട് നടക്കണ നിങ്ങൾക്ക് എന്താണ് പണി ? നിങ്ങൾ സ്നേഹത്തിന്റെ ഭാഷേല് തുടങ്ങി അബാസാനം വന്നപ്പോൾ കൊല്ലണെന്നായി. ഇങ്ങടെ ബീബീമാർക്ക് ഇത് ബെട്ടി അയച്ചു കൊടുക്കണൊണ്ട് . അബരിയട്ടെ നിങ്ങൾ ബീട്ടില് ഒരു മൊല്ലാക്ക നാട്ടില് ബേറൊരു മൊല്ലാക്കാന് ഐസ്ക്രീം കുഞ്ഞാലി
vivaahita 2020-06-07 18:33:20
പുരുഷന്റെ ലൈംഗിക ആവശ്യങ്ങൾ കല്യാണം കഴിക്കാതെ തന്നെ അവനു വേണമെങ്കിൽ നിറവേറ്റാം. എന്നാൽ സ്ത്രീകൾക്ക് അത് എളുപ്പമല്ല. ഗർഭ നിരോധന മാർഗം ഇല്ലാതിരുന്ന കാലത്ത് അവൾ ഗര്ഭിണിയാകും.പിതാവില്ലാതെ ഒരു കുട്ടിക്ക് ജന്മം നൽകിയാൽ, പിതാവില്ല എന്ന് ശാസ്‌ത്രപരമായി ശരിയല്ല, അത് മാനഹാനി. ഒരാളുടെ കൂടെ താമസിച്ചാലും അത് സമൂഹം പൊറുക്കില്ല. അങ്ങനെയായിരിക്കും കല്യാണം എന്ന "കെട്ടുപാടിലൂടെ " സ്ത്രീക്ക് വേണ്ടി ഈ ക്രമീകരണം ഉണ്ടാക്കിയത്. അപ്പോൾ പുരുഷൻ അവന്റെ വിലയറിഞ്ഞു, അവൻ ആ സേവനത്തിനു കാശു ചോദിച്ചു തുടങ്ങി. അവിടെ പുരുഷൻ വേശ്യയെപ്പോലെയാണ്. സ്ത്രീ ഒറ്റക്ക് അവളുടെ ശരീരം വിൽക്കുമ്പോൾ അവൾ കാശു ചോദിക്കുന്നു. പുരുഷൻ അവൻെറ സേവനം ആവശ്യപ്പെടുന്ന സ്ത്രീയോട് കാശു ചോദിക്കുന്നു, സ്ത്രീധനം. പക്ഷെ അവളെ കൊല്ലുന്നത് ശരിയല്ല.ശ്രീമതി നമ്പ്യാർ എഴുതി എഴുതി ഈ സമൂഹ തിന്മ നിറുത്തലാക്കാൻ ശ്രമിക്കുക. അഭിനന്ദനം.
Ramakrishnan Palakkad 2020-06-08 02:32:24
സ്ത്രീ ധനം കൊടുക്കുന്നതും വാങ്ങുന്നതും നീയമപരമായി നിരോധിച്ച ഈ രാജ്യത്തു സ്ത്രീ ധനം കൊടുത്തതിന്റെ പേരിൽ എത്ര പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. വരദക്ഷിണ സ്ത്രീ ധനമായി മാറിയതാണെങ്കിലും അല്ലെങ്കിലും ഇതിനു ഒരു ന്യായീകരണവും ഇല്ല. ആധുനിക യുഗത്തിലും സ്ത്രീ ധന മരണങ്ങളും കൂട്ടി കൊടുപ്പുകളും പെൺവാണിഭങ്ങളും ബലാത്സഗങ്ങളും കൂടി വരുന്നു എന്നത് സ്ത്രീ സമൂഹം ഇപ്പോഴും നേരിടുന്ന വെല്ലുവിളികളാണ്. വൈദിക കാലഘട്ടത്തിൽ ഒരു മൈത്രേയിയോ, ഗാർഗ്ഗിയോ ഉണ്ടായിട്ടുണ്ടാവാം..പക്ഷെ നാം ഇത് വരെ വായിച്ചറിഞ്ഞ പുരാണ സ്ത്രീ കഥാപാത്രങ്ങളുടെ അവസ്ഥ എന്തായിരുന്നു...ശിവ-ശക്തി അർദ്ധ നാരീശ്വര സങ്കല്പങ്ങൾ യാഥാർഥ്യത്തിൽ എത്തുമ്പോൾ മാത്രമേ സ്ത്രീ സുരക്ഷിതയാവുകയുള്ളൂ....സ്ത്രീയും പുരുഷനും പരസ്പരം താങ്ങാവുന്ന ഒരു സംവിധാനത്തിന് മാത്രമേ സ്ത്രീ പുരുഷ സമത്വം കൊണ്ട് വരാൻ കഴിയു...ലേഖനത്തിലെ ആശങ്കകൾ ,നീരീക്ഷണങ്ങൾ അർത്ഥവത്താണ്...
girish nair 2020-06-08 04:11:40
വിവാഹം ഏതൊരു പുരുഷന്റെയും സ്‌ത്രീയുടെയും ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണ്. ഒരിക്കലും രണ്ടു വ്യക്തികളുടെ മാത്രം കൂടിച്ചേരലല്ല, മറിച്ച്‌ രണ്ടു സംസ്‌കാരങ്ങളുടെ, പൈതൃകങ്ങളുടെ കൂടിചേരൽ കൂടിയാണ് വിവാഹം. സ്‌ത്രീക്കും പുരുഷനും ഒരുപോലെ പ്രാധാന്യമുള്ള, സ്‌നേഹവും സഹനവും ഒത്തൊരുമിച്ചു നിൽക്കേണ്ടതാണ് ജീവിതത്തിന്റെ ആദ്യഘട്ടം. ഇന്ന് വിവാഹ ജീവിതങ്ങൾ അരംഭിക്കുന്നതിനു മുമ്പ് തന്നെ സ്‌ത്രീധനം എന്ന സാമൂഹിക വിപത്ത്‌ ഭാവിജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നു. ആ വിപത്ത് സമൂഹത്തിൽ വളർന്നു പന്തലിച്ച് ഒരു സുപ്രഭാതത്തിൽ നിർത്തലാക്കാൻ പറ്റാത്തത്ര എല്ലാ മത വിഭാഗങ്ങളിലും പടർന്നു പന്തലിച്ച ഒരു ഇത്തികണ്ണിയായി മാറിയിരിക്കുന്നു. ഇന്ന് പലരും സ്‌ത്രീധനം ഒരു അവകാശമായോ, പ്രതിഫലമായോ കാണുന്നു. ഒരു സ്‌ത്രീയെ പരിപാലിക്കുന്നതിന്‌ പുരുഷന്‌ കൊടുക്കുന്ന കൂലി, ഒരു സ്‌ത്രീജന്മത്തിന്റെ വില, തങ്ങൾ പകുത്തു കൊടുക്കുന്ന തങ്ങളുടെ ജീവിതത്തിന്റേയും സന്തോഷത്തിന്റെയും രതിസുഖത്തിന്റെയും വിലഈടാക്കുന്ന പുരുഷമനസ്സും അവരുടെ ചിന്തയും മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.............. സ്‌ത്രീധനത്തിന്റെ കാര്യത്തിൽ സ്‌ത്രീകളും ഒരു പരിധിവരെ കണ്ണടക്കുന്നു എന്നതാണ് വാസ്തവം. തന്റെ പതിയുടെ കൂടെ ജീവിക്കുവാൻ തിരഞ്ഞെടുക്കുന്നവരുടെ കുടുംബത്തിലുള്ളവർക്കൊപ്പം സ്‌ഥാനം ലഭിക്കണമെങ്കിൽ വലിയ ഒരു തുക അല്ലെങ്കിൽ പണ്ടം കൊടുക്കാതെ തരമില്ല എന്ന സ്‌ത്രീയുടെയും, മാതാപിതാക്കളുടെയും ചിന്ത മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു. സ്‌ത്രീധനവും ഓഹരിയും നൽകി തങ്ങളുടെ മകളെ വിവാഹംകഴിപ്പിച്ചയച്ച പല മാതാപിതാക്കളെയും സഹോദരങ്ങളേയും പിന്നെയും പിന്നെയും വേട്ടയാടപ്പെടുന്ന സഹാചര്യങ്ങൾ ഇന്ന് നാട്ടിൽ കുറവല്ല. സ്‌ത്രീകളുടെ മാതൃത്വശേഷി അളന്ന്‌ തിട്ടപ്പെടുത്തിയശേഷം മാത്രം വിവാഹം കഴിക്കുകയുള്ളൂ എന്ന്‌ ശാഠ്യം പിടിക്കുന്ന ഒരു കാലഘട്ടവും നമ്മുടെ നാട്ടിൽ അതിവിദൂരമല്ല. ഒരു സമൂഹത്തിന്റെ അല്ലെങ്കിൽ നാടിന്റെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായ ഈ വിപത്ത്‌ ഒരിക്കലും ഒരു വ്യക്തി മാത്രം വിചാരിച്ചാൽ കശക്കിയെറിയാൻ പറ്റുന്നതല്ല. നമ്മുടെ സമൂഹത്തിനെ ഈ നീരാളി പിടുത്തത്തിൽ നിന്നും മോചിപ്പിക്കണമെങ്കിൽ നമ്മൾ ഓരോരുത്തരും നമ്മുടെ സമൂഹത്തിന്റെ പ്രതികരണ ശേഷിയെ ഉണർത്തണം. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. എല്ലാ സ്‌ത്രീകളും പരുഷന്മാരും പരസ്‌പരം വിശ്വാസ്യതയും ബഹുമാനവും കാത്തു സൂക്ഷിക്കുകയും, സ്‌ത്രീയും പുരുഷനും കുടുംബജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും തുല്യപ്രാധാന്യമുള്ള വ്യക്തികളാണെന്ന്‌ സ്വയം തിരിച്ചറിയുകയും, അങ്ങിനെ അല്ലെന്നു കരുതുന്നവരെ, അഥവാ അവരുടെ കാലഹരണപ്പെടേണ്ട ചിന്തകളെ തിരുത്തി, സ്‌ത്രീധനം എന്ന വിപത്തിനെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകുകയും, നിയമം ശക്തിപെടുത്തുകയും അതുവഴി വരും തലമുറയെ മഹത്തായ ഒരു ആദർശത്തിനു കീഴിൽ വളർത്താൻ ശ്രമിക്കുകയും അവരുടെ പ്രതികരണശേഷിയെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുമാറാകട്ടെ ശ്രീമതി ജ്യോതിലക്ഷ്മിയുടെ ഈ ലേഖനം.
നിങ്ങളുടെ മോചകര്‍ നിങ്ങള്‍ ആണ്. 2020-06-08 09:35:36
പുരുഷനേക്കാൾ താണവൾ ആണ് സ്ത്രീ എന്ന പുരുഷ മനോഭാവം ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. 12000 വര്ഷങ്ങള്ക്കു മുമ്പ് ബ്ലാക് സീ പ്രദേശങ്ങളിൽ നിന്ന് വെളുത്ത തൊലി ഉള്ള കുറെ മനുഷർ ചിലർ തെക്കോട്ടും, ചിലർ കിഴക്കോട്ടും യാത്ര തിരിച്ചു. ഇടക്കിടെയുള്ള ചില പ്രദേശങ്ങളിൽ അവർ ഏറെക്കാലം പാർത്തു. ഏതാണ്ട് 4 ആയിരം വര്ഷങ്ങൾക്കു മുമ്പ് കിഴക്കോട്ടു കുടിയേറിയവർ അന്നത്തെ ഇന്ത്യയുടെ വടക്കും, തെക്കോട്ടു പോയവർ മെഡിറ്ററേനിയൻ പടിഞ്ഞാറു പ്രദേശങ്ങളിലും കുടിയേറി. കിഴക്കോട്ടു പോയവരുടെ വേദ സാഹിത്യം ആണ്- വേദങ്ങൾ, ഉപനിഷത്തുകൾ , സ്‌മൃതികൾ മുതലായവ. പുരാതീന പാലസ്റ്റീൻ പ്രദേശങ്ങളിൽ കുടിയേറിയവരുടെ വേദ സാഹിത്യം ആണ് 'തോറ'- എന്ന് അറിയപ്പെടുന്ന 4 പുസ്തകങ്ങൾ. ഇ രണ്ടു സാഹിത്യ ശാഖകളിലും കാണുന്ന പൊതു പ്രവണത ആണ് പുരുഷ മേധാവിത്തം. പുരുഷ മേധാവിത്തത്തിന്റെ അടിമകൾ; പുരുഷൻമ്മാർ മാത്രം അല്ല സ്ത്രികളും ഉൾപ്പെടും. അബർഹാമിന്റെയും, ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും മടിയിൽ ഇരിക്കാൻ പ്രാര്ഥിക്കുന്നവർ ഇത്തരം അടിമകൾ ആണ്. പുരുഷമേധാവിതം കൊടികുത്തി വാഴുന്ന മതങ്ങൾ ആണ്, ജൂദായിസം, ക്രിസ്ടിയാനിറ്റി, ഇസ്ലാം, ബ്രാഹ്മണ ഹിന്ദുയിസം -എന്നിവ. സ്വതത്രം ആഗ്രഹിക്കുന്ന സ്ട്രീകൾ ഇ മതങ്ങളെ ഉപേക്ഷിച്ചാൽ മാത്രമേ അടിമത്തത്തിൽ നിന്ന് മോചനം ലഭിക്കുകയുള്ളു. സ്വയം മോചിതർ ആക്കുക, നിങ്ങളെ മോചിപ്പിക്കാൻ ഒരു രക്ഷകനും വരില്ല. - -andrew
Jyothylakshmy Nambiar 2020-06-09 08:06:37
വായിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും പ്രത്യേകം നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക