Image

ലോകത്ത് സത്യമായുള്ളത് സ്നേഹമാണ് (ദിനസരി -10-ഡോ. സ്വപ്ന. സി. കോമ്പാത്ത്

Published on 07 June, 2020
ലോകത്ത് സത്യമായുള്ളത് സ്നേഹമാണ് (ദിനസരി -10-ഡോ. സ്വപ്ന. സി. കോമ്പാത്ത്

A hungry man can't see right or wrong. He just sees food.                        '
Pearl S Buck

ജീവിതത്തിലെ ഏറ്റവും വലിയ സത്യം വിശപ്പാണെന്നാണ് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ളത്. തന്റെയും മക്കളുടെയും വിശപ്പടക്കാനായി  തീറ്റ തേടിപ്പോയ ഇണയെ കാണാനില്ല. കുഞ്ഞുങ്ങൾ വിശന്നു കേഴുന്നതു കണ്ടു അമ്മക്ക് സഹിക്കാനും വയ്യ. എന്തെങ്കിലും കിട്ടുമോന്നറിയാൻ കൂട്ടിനു പുറത്തേക്ക് തലയിട്ട അവൾ പാമ്പിന കണ്ട് ഞെട്ടുന്നു. " അമ്മയുടെ സ്നേഹവും വിശപ്പിന്റെ കാഠിന്യവും തമ്മിലുള്ള പോരാട്ടത്തിൽ അവൾ ജയിച്ചു " .പക്ഷേ പാമ്പിന്റെ വിഷത്തേക്കാൾ അവളെ ഭയപ്പെടുത്തിയത് അതിന്റെ വിശപ്പാണ് " ഒടുവിൽ വിശപ്പ് ജയിക്കുന്നു  .അമ്മ തോൽക്കുന്നു.

മാമുനിയുടെ പരിചരണത്താൽ സ്വാസ്ഥ്യം വീണ്ടെടുക്കുന്ന ക്രൗഞ്ച പെൺപക്ഷിയുടെ മനസ്സിന്റെ  പിണക്കം  ഭക്ഷിച്ച ഒരാണ്ടിന് ശേഷം, ആ മിഥുനങ്ങൾ ശരീരത്തിന്റെയും മനസ്സിന്റെയും വിശപ്പ് തീർക്കുന്ന വേളയിൽ "എൻ പൊന്മകൾക്ക് ഇന്നു വിശക്കരുതേ'' എന്ന പ്രാർത്ഥിച്ചു കൊണ്ട് വേടനെയ്ത അമ്പ് കുറിക്കു കൊള്ളുന്നു.  ആൺപക്ഷി അമ്പേറ്റ് പിടഞ്ഞു വീഴുന്നു. തുടർന്നു നടക്കുന്ന സംഭവങ്ങളാണ് ആദിമകവിയെ രാമായണമെഴുതാൻ പ്രേരിപ്പിക്കുന്നത്. " എന്നാണ് കഥാകൃത്തിന്റെ ഭാഷ്യം.

രാമായണപുനരാഖ്യാനങ്ങളിൽ കൂടുതൽ കാവ്യാത്മകമായ  ഒന്നായ  പെൺരാമായണം എന്നആനന്ദ് നീലകണ്ഠന്റെ കൃതിയിലെ ആദ്യകഥയായ വല്മീകത്തിലാണ് നാം കേട്ടു പഴകുകയും എന്നാൽ കൂടുതലൊന്നും ചിന്തിക്കാതിരിക്കുകയും ചെയ്ത ക്രൗഞ്ചമിഥുനങ്ങളുടെ കഥയെ രാമായണസത്യം വെളിവാക്കുന്ന രചനാ കൗശലമാക്കി മാറ്റുന്നത്. ഇണകൾ എന്നു മാത്രം നമ്മൾ കേട്ട ക്രൗഞ്ചമിഥുനങ്ങളുടെ കഥയിൽ വേടൻ പോലും കർമ്മാനുസാരിയാണ്.

ഇന്ത്യൻ ഇതിഹാസമായ രാമായണം, സഹൃദയന്   നൽകുന്ന   സ്വാതന്ത്ര്യമാണീ കഥയുടെ  കാൽ. ഏതുകോണിലൂടെ   നമ്മൾ വായിച്ചെടുത്താലും  അത് സ്നേഹത്തിന്റെ ഇതിഹാസമാകും. ഭാര്യയുടെ ,ഭർത്താവിന്റെ അമ്മയുടെ ,അച്ഛന്റെ ,മകന്റെ ,മകളുടെ ,പ്രജാപതിയുടെ പ്രജകളുടെ സ്നേഹഗാഥ. അതുകൊണ്ടുതന്നെയാണ് പുനർവായനകളിൽ നമ്മൾ സ്നേഹരാഹിത്യത്തെ കണ്ടെത്താനായി പരിശ്രമിക്കുന്നത്.  പ്രജാതത്പരനായ രാമനിൽ  ഭാര്യയോടുള്ള സ്നേഹമില്ലായ്മ  കാണുന്നു.  പെണ്ണിനെ കട്ടെടുത്ത രാവണനിൽ പുനരാഖ്യാനങ്ങൾ ധീരത്വം കാണുന്നു.
ഊർമിളയുടെ ദുഃഖം നമ്മുടേതാകുന്നു. കൈകേയിയുടേത് മാതൃസ്നേഹമാകുന്നു.

വല്മീകത്തിനു പുറമേ മീനാക്ഷി, ശാന്ത - രാമന്റെ നേർപെങ്ങൾ  എന്നീ രണ്ടു കഥകളടങ്ങുന്ന പെൺരാമായണം നമ്മൾ പരിചയിച്ച പുനരാഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തയായ ദ്രാവിഡത്തനിമയുള്ള, താൻപോരിമയുള്ള ശൂർപ്പണഖയെയല്ല വരച്ചിടുന്നത്. കരുത്ത് ന ഷ്ടപ്പെട്ട അവൾ നിസ്സഹായയാണ് .നമ്മൾ കേട്ട രാക്ഷസീയചിഹ്നങ്ങളാലല്ല, മനോഹരമായ മിഴികൾ ഉള്ളതിനാൽ   മീനാക്ഷി എന്ന  പേരിനും അവളർഹയായിരുന്നു. പെണ്ണിനെ പെറ്റതിന് പഴികേൾക്കുന്ന ഒരു ചണ്ഡാളത്തിയുടെ അടുത്തിരുന്ന് സീതയുടെ അനാഥത്വം ആസ്വദിക്കാൻ വന്ന അവളെ സീത ചേർത്തണയ്ക്കുന്നു. മുറിച്ചുമാറ്റിയ മൂക്കിൻ  തുമ്പിലെ ചൊറിച്ചിലും മുറിച്ചുമാറ്റിയ മുലകളുടെ കുലുങ്ങലും അറിയുന്ന അവളോട് നമുക്ക് കൂടുതൽ സഹതാപം തോന്നുക സീതയുടെ വ്യക്തിത്വത്തിന്റെ ശോഭയിലാണ്.

സീതയോട് മാത്രമല്ല ശാന്തയോടും അയോധ്യ ചതി ചെയ്തിരുന്നുവെന്ന് ഓർമിപ്പിക്കുന്ന ഒരു കഥയാണ് ശാന്ത - രാമന്റെ നേർപെങ്ങൾ. കൈകേയിയെന്ന മിടുക്കിയായ വനിതയെ പരിചയപ്പെടുത്തുന്ന  ഈ കഥ രാമായണപുനരാഖ്യാനങ്ങളിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു കഥാപാത്രത്തെയാണ് കേന്ദ്രസ്ഥാനത്തേക്ക് കൊണ്ടു  വരുന്നത്. ശപിക്കേണ്ട വിഭാന്തക മഹർഷി പിതൃവാത്സല്യത്തോടെ തലോടിയെ ശാന്തയെ പിതാവായ ദശരഥൻ തീർത്തും അവഗണിക്കുന്നുവെന്നാണ്  കഥ പറയുന്നത്  "ലോകത്ത് സത്യമായുള്ളത് സ്നേഹമാണ് " എന്ന തത്വത്തെ ഉൾക്കൊണ്ടു രാമായണമെഴുതുമ്പോൾ അതിൽ ദൈവത്തെയും "രാക്ഷസനെയും കാണേണ്ടവർ കാണട്ടെ "  എന്ന മട്ടിലാണത്രേ കവി എ ഴുതിയത് എന്ന് സ്ഥാപിക്കുവാനാണ്  പെൺരാമായണം പരിശ്രമിക്കുന്നത്. ആശയം കൊണ്ട് വിപുലവും എണ്ണം കൊണ്ട് സമ്പന്നവും രാമായണത്തിന് അനവധി തരത്തിലുള്ള പുനരാഖ്യാനങ്ങൾക്കുള്ള  സാധ്യതയാണ് ആനന്ദ് നീലകണ്ഠൻ വഴി തുറക്കുന്നത്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും അടിസ്ഥാനമാക്കി ഇംഗ്ലീഷ് ഭാഷയിൽ നിരവധി കൃതികൾ രചിച്ചിട്ടുള്ള ആനന്ദ് നീലകണ്ഠന്റെ  ആദ്യ മലയാളം കൃതിയാണ് പെൺരാമായണം. മാതൃഭൂമി ബുക്സ് 2019 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ഹൈലൈറ്റ് അനുവാചകന്റെ ഭാവനയെ പതിന്മടങ്ങുദ്ദീപിക്കുന്ന രീതിയിലുള്ള   അദ്ദേഹത്തിന്റെ  രചനാചാതുരി തന്നെയാണ്.

ലോകത്ത് സത്യമായുള്ളത് സ്നേഹമാണ് (ദിനസരി -10-ഡോ. സ്വപ്ന. സി. കോമ്പാത്ത്ലോകത്ത് സത്യമായുള്ളത് സ്നേഹമാണ് (ദിനസരി -10-ഡോ. സ്വപ്ന. സി. കോമ്പാത്ത്ലോകത്ത് സത്യമായുള്ളത് സ്നേഹമാണ് (ദിനസരി -10-ഡോ. സ്വപ്ന. സി. കോമ്പാത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക