Image

വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധന പകല്‍ കൊള്ള: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി

Published on 07 June, 2020
വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധന പകല്‍ കൊള്ള: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി

റിയാദ്: പാവപെട്ട പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനമാണ് എയര്‍ ഇന്ത്യയുടെ ചാര്‍ജ് വര്‍ധനവിലൂടെ ഉണ്ടായിരിക്കുന്നതന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ദിവസങ്ങളോളം ജോലിയില്ലാതെ റൂമുകളില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും കാരുണ്യത്തില്‍ കഴിഞ്ഞു കൂടുകയായിരുന്നു ഇത്രയും കാലം. നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുകയും ടിക്കറ്റ് എടുക്കാന്‍ സാഹചര്യമില്ലാത്ത അവസ്ഥയില്‍ സാമൂഹിക പ്രവര്‍ത്തകരുടേയും ഉദാരമതികളുടേയും സംഘടനകളുടെയും സഹായത്തോടെയാണ് പലര്‍ക്കും ടിക്കറ്റുകള്‍ ലഭിക്കുന്നത്.

ഇപ്പോള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത് മൂലം എല്ലാം നിലക്കുന്ന മട്ടാണ്. എത്രയും പെട്ടെന്ന് തന്നെ ചാര്‍ജ്ജ് വര്‍ദ്ധന പിന്‍വലിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപെടുന്നു. ജോലിയില്ലാതെ റൂമുകളില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്നത് സന്നദ്ധ സംഘടനകള്‍, മെഡിക്കല്‍ സൗകര്യം ഒരുക്കിയത് സംഘടനകള്‍ എല്ലാറ്റിനും സന്നദ്ധ സംഘടനകളാണ് മുന്നിലുണ്ടായിരുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നോ എംബസ്സിയില്‍ നിന്നോ ഒരു സഹായവും ലഭിക്കുന്നില്ല.

എംബസി വെല്‍ഫെയര്‍ ഫണ്ട് കുമിഞ്ഞു കൂടുമ്പോഴും അത് പാവപെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനു തയ്യാറാവുന്നില്ല എന്നുള്ളത് ദുഖകരമാണ്. ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ പരമാവധി പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനമാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ല. ഇതിനെതിരെ ശക്തമായ ബഹുജന പ്രതിഷേധം ഉയര്‍ന്നു വരണമെന്നും സംസ്ഥാന കേന്ദ്ര നേതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക