Image

ചില വേദനകൾ അറിയാതെ പോകുമ്പോൾ (അനിൽ പെണ്ണുക്കര)

അനിൽ പെണ്ണുക്കര Published on 07 June, 2020
ചില വേദനകൾ അറിയാതെ പോകുമ്പോൾ (അനിൽ പെണ്ണുക്കര)

ഫോട്ടോഗ്രാഫിയിൽ അല്പം കമ്പം കയറിയ മകൻ എടുത്ത ചിത്രമാണിത്. ചിത്രം കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അത്യാവശ്യം കാത്തിരുന്ന് കിട്ടിയ ചിത്രം പോലെ. ഒരു ചെടിയിൽ വന്നിരിക്കുന്ന ശലഭത്തെ ഒരു സാധാരണ ക്യാമറയിലൊക്കെ ഒരു നിശ്ചിത സമയത്തിനുള്ളിലൊക്കെ പകർത്താൻ പ്രയാസമാണ്. എങ്കിലും ഈ ശലഭം ഫോട്ടോഗ്രാഫറുടെ ഇഷ്ടത്തിനൊത്ത് പോസ് ചെയ്തു എന്നതാണന്ന് ഈ ചിത്രം കണ്ടാലും അറിയാം. ല്ലേ..

പക്ഷെ
ഈ ചിത്രമെടുക്കുന്ന സമയത്ത് ഈ ശലഭം ഒരു പക്ഷെ വേദന കൊണ്ട് പുളയുകയായിരുന്നു എന്നാണ് മകൻ പറഞ്ഞത്. അവനത് അറിഞ്ഞിരുന്നില്ല എന്നത് സത്യം .

ഒരു ദിവസം വൈകിട്ട് ക്യാമറയുമായ മുറ്റത്തിറങ്ങിയ മകൻ കുറേ ചിത്രങ്ങൾ എടുത്ത കൂട്ടത്തിലാണ് ഈ ശലഭത്തേയും പകർത്തിയത്. കുറേ ചിത്രങ്ങൾ എടുത്തപ്പോഴേക്കും ചെറിയ ഒരു മഴ പെയ്തു. മകൻ ഫോട്ടോ പിടുത്തം മതിയാക്കി വീട്ടിൽ കയറുകയും ചെയ്തു.മഴ പെട്ടന്ന് തീർന്നുവെങ്കിലും സന്ധ്യ ആയതിനാൽ പിന്നെ മുറ്റത്തിറങ്ങിയതുമില്ല.

പിറ്റേ ദിവസം രാവിലെ മകൻ മുറ്റത്തിറങ്ങിയപ്പോൾ നമ്മുടെ ചിത്രശലഭം ആ റോസാ ചെടിയിൽ തന്നെ ഇരുപ്പുണ്ട്. എന്തോ പന്തികേട് ഉണ്ടന്ന് മനസിലാക്കി പോയി നോക്കിയപ്പോളാണ് മനസിലായത് ശലഭത്തിൻ്റെ ഒരു കൈ റോസാ ചെടിയുടെ കമ്പിനുളളിൽ കുടുങ്ങി ഇരിക്കയാണന്നന്ന് .അപ്പോൾത്തന്നെ ശലഭത്തെ രക്ഷപെടുത്തി.മകന് വല്ലാത്ത സങ്കടമായിപ്പോയി. ഒരു രാത്രി മുഴുവൻ എത്രത്തോളം വേദന സഹിച്ചായിരിക്കും ആ ചെറുജീവി ഇരുന്നിട്ടുണ്ടാവുക എന്ന് .സത്യത്തിൽ ഈ ചിത്രം കാണുമ്പോഴും നമുക്കത് ഫീൽ ചെയ്യും.

ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളും ഇത്തരം ചില പ്രതിസന്ധികളിൽ കൂടിയല്ലേ കടന്നു പോവുക .ചില സമയത്തെങ്കിലും എന്തെല്ലാം വേദനകൾ കടിച്ചമർത്തി നമ്മൾ എത്രയോ ആളുകളുടെ മുൻപിൽ നിൽക്കുന്നു. ആരെങ്കിലും നമ്മുടെ വേദന ഒന്നു മനസിലാക്കിയിരുന്നു എങ്കിൽ എന്ന് നമ്മൾ ചിന്തിക്കാറില്ലേ.. നമ്മൾ അറിഞ്ഞും അറിയാതെയും പെട്ടു പോകുന്ന പ്രശ്നങ്ങൾ. ചതിവിൽ പെട്ടു പോകുന്ന സംഭവങ്ങൾ .ഇത്തരം സംഭവങ്ങൾ ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ തന്നെയാണെന്നാണ് ഈ ഒരു സംഭവം കൊണ്ട് മനസിലായത്.

പക്ഷെ ഇപ്പോഴും ഈ ചിത്രം കാണുമ്പോൾ മകൻ പറയുന്ന ഒരു കാര്യമുണ്ട്.
ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോഴും ഒന്നു ശ്രദ്ധിക്കാൻ പറ്റിയില്ല. കഷ്ടമായിപ്പോയി. പന്ത്രണ്ട് മണിക്കൂറോളോം വേദന തിന്നു കാണും..
ഞാൻ അപ്പോൾ ഇങ്ങനെ പറഞ്ഞു.

ഒരു പക്ഷെ പിറ്റേ ദിവസം കണ്ടത് ദൈവാധീനമാകാം.അപ്പോഴല്ലേ ശലഭം അപകടത്തിൽ പെട്ടതാണന്ന് മനസിലായത്. അതു കൊണ്ടല്ലേ അതി സൂക്ഷ്മമായി അതിനെ രക്ഷപെടുത്താനായത്.

ചില അനുഭവങ്ങൾ അങ്ങനെയാണ്. നമ്മുടെ സാന്നിദ്ധ്യം വൈകിയാണങ്കിലും ചില നന്മകൾക്ക് വഴിവെക്കും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക