Image

സണ്ണി വൈക്ലിഫ് - അനുസ്മരണം (ബിനോയ് തോമസ്)

Published on 08 June, 2020
സണ്ണി വൈക്ലിഫ് - അനുസ്മരണം (ബിനോയ് തോമസ്)
ജപഗ്‌നാനം ജോണ്‍ "സണ്ണി' വൈക്ലിഫ് - ഒട്ടും മലയാളത്തനിമയില്ലാത്ത പേര്. അതും 1941-ല്‍ കേരളത്തിലെ നെയ്യാറ്റിന്‍കര എന്ന ഗ്രാമത്തില്‍ ജനിച്ച വ്യക്തിക്ക്. അല്പം അതിശയോക്തി തോന്നുന്നതില്‍ തെറ്റില്ല. എന്നാല്‍ കേരളത്തിലെ സെവന്‍ത് -ഡേ- അഡ്വന്റിസ്റ്റുകള്‍ക്കിടയില്‍ ഇത്തരത്തിലുള്ള പേരുകള്‍ അപരിചിതമല്ലായിരുന്നു. സണ്ണിയുടെ മുത്തച്ഛന്‍- മുത്തശ്ശിമാരായിരുന്ന ദേവദാസും, ചിന്നമ്മ ഡേവിഡും കേരളത്തിലെ ഒന്നാം തലമുറ അഡ്വന്റിസ്റ്റുകളായിരുന്നു.

സ്‌പൈസര്‍ കോളജ് ഹൈസ്കൂളില്‍ പഠനം, യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ബോട്ടണിയില്‍ ബിരുദം, 1966-ല്‍ ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, 1962-ല്‍ കോളജ് പഠന സമയത്ത് പരിചയപ്പെട്ട തേരേസാ സാമുവേലുമായുള്ള വിവാഹം. മഹാരാഷ്ട്രയിലെ ലാസലഗോണ്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് സ്കൂളില്‍ അധ്യാപകന്‍, 1973-ല്‍ അമേരിക്കയിലേക്ക് കുടിയേറ്റം. ജെയ്‌സണ്‍, ജെഫ്, ജീന, ജോയി- നാലുമക്കള്‍. ഇതാണ് സണ്ണിയുടെ ഏകദേശ ജീവിതരേഖ.

സണ്ണി എക്കാലത്തും ഉറച്ച ഒരു അഡ്വെന്റിസ്റ്റായിരുന്നു. മേരിലാന്റിലെ സില്‍വര്‍ സ്പ്രിംഗിലുള്ള അഡ്വന്റിസ്റ്റ് ചര്‍ച്ചിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലായിരുന്നു സണ്ണിയുടെ ആദ്യത്തെ ജോലി. 2008-ല്‍ റിട്ടയര്‍മെന്റ് വരെ അതു തുടര്‍ന്നു. ഇരുപത്തിരണ്ടാം വയസ്സില്‍ ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും നേടിയ പൈലറ്റ് ലൈസന്‍സ്. വിമാനം പറപ്പിക്കാനുള്ള കമ്പം അമേരിക്കയിലും തുടര്‍ന്നു. ഏറെക്കാലം പ്രിന്‍സ് ജോര്‍ജസ് കൗണ്ടിയിലെ സിവില്‍ എയര്‍ പെട്രോള്‍ ടീമില്‍ അംഗമായിരുന്നു.

നാലു പതിറ്റാണ്ടുകള്‍ നീണ്ട അമേരിക്കയിലെ കര്‍മ്മ തപസ്യ വഴി സണ്ണി വൈക്ലിഫ് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതമായ പേരായിരുന്നു. വാഷിംഗ്ടണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേതൃനിരയില്‍ എന്നും നിറസാന്നിധ്യമായിരുന്നു.

തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും നേടിയ സംഘടനാ വൈദഗ്ധ്യം അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ സണ്ണിക്ക് മുതല്‍ക്കൂട്ടായി. അഡ്വന്റിസ്റ്റ് ചര്‍ച്ചിന്റെ നേതൃസ്ഥാനക്കാരായ മുന്‍ പ്രസിഡന്റ് നീല്‍ വില്‍സണ്‍, ഇപ്പോഴത്തെ പ്രസിഡന്റ് റ്റെഡ് വില്‍സണ്‍ എന്നിവരായിട്ടുള്ള അടുത്ത ബന്ധവും, തന്റെ സംഘാടക മികവും ഇന്ത്യ അടക്കമുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍, അഡ്വന്റിസ്റ്റ് ചര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സണ്ണിക്ക് സഹായമായി.

സണ്ണി വൈക്ലിഫിന്റെ പേര് ഫൊക്കാനയ്ക്ക് ഒപ്പം എന്നും തുന്നിച്ചേര്‍ത്തിരിക്കുന്ന നാമമാണ്. ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് കെ.ആര്‍. നാരായണന്‍ വാഷിംഗ്ടണില്‍ അംബാസിഡറായിരിക്കുമ്പോഴാണ് ഫൊക്കാന രൂപംകൊള്ളുന്നത്. അന്നു മുതല്‍ സണ്ണി വൈക്ലിഫ് ഫൊക്കാനയായിരുന്നു. ഫൊക്കാന സണ്ണി വൈക്ലിഫും, വയലാര്‍ രവി, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും, അവരുടെ തലമുറക്കാരായ കേരളത്തിലെ മറ്റു രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കള്‍ക്കും ഇന്നും ഫൊക്കാന സണ്ണി വൈക്ലിഫാണ്.

കെ.ആര്‍. നാരായണന്റെ അന്ത്യം വരെ സണ്ണി മുന്‍ പ്രസിഡന്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫൊക്കാനയുടെ ഫ്‌ളാഗ് ഷിപ്പ് പ്രോഗ്രാമറായ 'ഭാഷയ്‌ക്കൊരു ഡോളര്‍' പദ്ധതി സണ്ണിയുടെ ആശയത്തിലുദിച്ചതാണ്. ഫൊക്കാന കണ്‍വന്‍ഷനുകളില്‍ ഭാഷയ്‌ക്കൊരു ഡോളറിന്റെ സംഭാവനപ്പെട്ടിയുമായി നടക്കുന്ന സണ്ണിയുടെ രൂപം കണ്‍വന്‍ഷനുകളില്‍ പങ്കെടുത്തിട്ടുള്ളവര്‍ മറക്കാനിടയില്ല. ഫൊക്കാന സണ്ണിയുടെ ജീവനായിരുന്നു. സംഘടന രണ്ടായപ്പോഴും മറുവശത്തുള്ളവരുമായും സണ്ണി എന്നും അടുപ്പം പുലര്‍ത്തിയിരുന്നു.

നെഹ്‌റു- ഗാന്ധി കുടുംബത്തിനോടും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടും തന്റെ മരണം വരെ സണ്ണി കൂറ് പുലര്‍ത്തിയിരുന്നു. സെക്കുലര്‍ ഇന്ത്യയുടെ ഉറച്ച വക്താവായിരുന്നപ്പോഴും ഡല്‍ഹിയില്‍ മാറി വന്ന ഗവണ്‍മെന്റുകളുടെ, പാര്‍ട്ടി വ്യത്യാസമില്ലാതെ അടുത്തു പ്രവര്‍ത്തിച്ചിരുന്നു.

1998-ല്‍ ബി.ജെ.പി ഗവണ്‍മെന്റിന്റെ കാലത്ത് ഇന്ത്യ നടത്തിയ ആണവ പരീക്ഷണത്തെ തുടര്‍ന്നു അമേരിക്കയുമായുള്ള ബന്ധം ആടിയുലഞ്ഞപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അണിനിരത്തി, ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് സണ്ണി നടത്തിയ ശ്രമങ്ങള്‍ ഇവിടെ സ്മരിക്കുന്നു. 2005-ല്‍ ചര്‍ച്ചകള്‍ തുടങ്ങി 2008-ല്‍ നിലവില്‍ വന്ന യു.എസ്- ഇന്ത്യ ആണവ കരാറിന്റെ പിന്നിലും സണ്ണിയുടെ ശ്രമങ്ങള്‍ ഉണ്ടായിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും, അതിന്റെ നേതൃനിരയിലുള്ളവരുമായും സണ്ണി നിരന്തരം ബന്ധംപുലര്‍ത്തിയിരുന്നു. ഫൊക്കാനയ്ക്കു പുറമെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റേയും  നേതൃത്വത്തില്‍ സണ്ണിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.

ഇന്ത്യന്‍ എംബസിയും, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായും സണ്ണി എന്നും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വിസ, പാസ്‌പോര്‍ട്ട് തുടങ്ങിയ വിഷയങ്ങളില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായാല്‍, ഇന്ത്യന്‍ എംബസിയുമായുള്ള തന്റെ ബന്ധം ഉപയോഗിച്ച് അവരെ സഹായിക്കാന്‍ സണ്ണി മടികാണിച്ചിരുന്നില്ല.

എനിക്ക് വ്യക്തിപരമായി ഒരു നല്ല സുഹൃത്തിനെയാണ് സണ്ണിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഡോ. പാര്‍ത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ് തുടങ്ങിയവരുടെ ചുവടു പിടിച്ചാണ് ഞാന്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാലുകുത്തിയത്. ഫൊക്കാന പിളര്‍ന്നപ്പോള്‍ അവര്‍ ഫൊക്കാനയിലും, ഞാന്‍ ഫോമയിലുമായി. രണ്ട് സംഘടനകളുടെ ഭാഗമായിരുന്നപ്പോഴും സുഹൃദ് ബന്ധത്തിലെ മാന്യതയും, വ്യത്യസ്ത അഭിപ്രായങ്ങളെ ബഹുമാനത്തോടെ കാണാനും ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

2014-ല്‍ ഞാന്‍ അമേരിക്കന്‍ സിവില്‍ സര്‍വീസിന്റെ ഭാഗമാവുകയും, സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നു അകലം പാലിക്കുകയും ചെയ്തതോടെ, ഞങ്ങള്‍ക്കിടയിലെ കൂടിക്കാഴ്ചകള്‍ കുറഞ്ഞു. വല്ലപ്പോഴും വാഷിംഗ്ടണില്‍ ഞാനുള്ളപ്പോഴുള്ള ഫോണ്‍ വിളികള്‍ എന്നാലും നിലച്ചിരുന്നില്ല.

മെയ് 16-നാണ് സണ്ണിക്ക് കാര്‍ഡിയാക് അറസ്റ്റുണ്ടാവുകയും, തീവ്രപരിചരണത്തിലാവുകയും ചെയ്തത്. ആഗ്രഹിച്ചിരുന്നെങ്കിലും കോവിഡ് സംബന്ധമായ നിബന്ധനകള്‍ ഉണ്ടായിരുന്നതിനാല്‍ പോയി കാണാന്‍ കഴിഞ്ഞിരുന്നില്ല. മെയ് 30-ന് സണ്ണി നിര്യാതനായപ്പോള്‍ ഞാന്‍ ചിക്കാഗോയിലായിരുന്നു. കോവിഡ് സംബന്ധിച്ച യാത്രാഭീതികള്‍ വകവെയ്ക്കാതെ ജൂണ്‍ 3-നു ഞാന്‍ ചിക്കാഗോയില്‍ നിന്നു വാഷിംഗ്ടണിലെത്തി ജൂണ്‍ 4-നു നടന്ന സംസ്കാര ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ കഴിഞ്ഞത് ആശ്വാസകരമായി.

സണ്ണിയുടെ സംസ്കാര ശുശ്രൂഷകള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഞാന്‍ ആലോചിച്ചത് സണ്ണിയെ മറ്റു നേതാക്കളില്‍ നിന്നു വ്യത്യസ്തനാക്കുന്നത് എന്തായിരിക്കും എന്നാണ്.

ഇവിടെയാണ് സണ്ണിയുടേയും, എന്റേയും സുഹൃത്തായ മുന്‍ ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി കമ്മീഷണര്‍ ഡോ. ജോയി ചെറിയാന്‍ ഒരിക്കല്‍ പറഞ്ഞ കാര്യം ഓര്‍മ്മിച്ചത്. അമേരിക്കന്‍ മണ്ണില്‍ സന്ധ്യയുറങ്ങുമ്പോള്‍, കേരളത്തിലാണെന്ന് സ്വപ്നം കാണുകയും, കേരളത്തിലേക്ക് നോക്കി ഉണരുന്നവരുമാണ് നമ്മുടെ ഒട്ടുമിക്ക നേതാക്കളും എന്നാണ്.

സണ്ണിക്ക് കേരളം എന്നും പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യ അതിപ്രിയപ്പെട്ടതും. എന്നാല്‍ തന്റെ കര്‍മ്മഭൂമിയും, താന്‍ ഭാഗമായിരിക്കുകയും ചെയ്തിരിക്കുന്ന രാജ്യത്തോട് അചഞ്ചലമായ കൂറും, ഈ രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും ഇടപഴകി, അമേരിക്കന്‍ ഇന്ത്യക്കാരനായി, ന്യൂനപക്ഷ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കായും മുന്നില്‍ നിന്നു നേതൃത്വം നല്കാന്‍ എന്നും സണ്ണിയുണ്ടായിരുന്നു. തന്റെ കഴിവും ബന്ധങ്ങളും യു.എസ്- ഇന്ത്യ ബന്ധത്തെ ഊഷ്മളമാക്കാന്‍ പ്രയത്‌നിച്ച് വിടവാങ്ങിയ ഒരു വന്‍ മരമായിരുന്നു സണ്ണി. ഇന്നത്തെ മിക്ക സംഘടനാ നേതാക്കള്‍ക്കും ഇല്ലാത്തതും, ഉണ്ടാകട്ടെ എന്നു ഞാന്‍ ആഗ്രഹിക്കുന്ന കാഴ്ചപ്പാടും, കഴിവും അതാണ്. ഒരുപക്ഷെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ "സണ്ണി ഡേയ്‌സ്' (Sunny Days) അസ്തമിച്ചപ്പോള്‍ സണ്ണി തോളത്ത് തട്ടി നമ്മളെ ഓര്‍മ്മിപ്പിക്കുന്നതും ഇതേ കാര്യമായിരിക്കും.

സണ്ണിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

സണ്ണി വൈക്ലിഫ് - അനുസ്മരണം (ബിനോയ് തോമസ്)സണ്ണി വൈക്ലിഫ് - അനുസ്മരണം (ബിനോയ് തോമസ്)സണ്ണി വൈക്ലിഫ് - അനുസ്മരണം (ബിനോയ് തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക