Image

മിമി അങ്ങനെ ലണ്ടൻകാരിയായി : പുഷ്പമ്മ ചാണ്ടി

Published on 09 June, 2020
മിമി അങ്ങനെ ലണ്ടൻകാരിയായി : പുഷ്പമ്മ ചാണ്ടി

മൂന്ന് വർഷങ്ങൾക്കു മുൻപേ രണ്ടു മാസത്തേക്ക് ഞാനൊരു യാത്ര പോയി , വീട് മക്കളെ ഏല്പിച്ചിട്ടു . ദിവസവും വിളിച്ചു വിവരങ്ങൾ പങ്കുവെക്കും . ഒരാഴ്ച കഴിഞ്ഞു  കഴിഞ്ഞു പതിവ് വിളിയിൽ മകൻ പറഞ്ഞു
 " അമ്മേ നമ്മുടെ കാറിന്റെ അടിയിൽ രണ്ടു ദിവസം ആയി ഒരു പൂച്ചക്കുട്ടി ഇരിക്കുന്നു , ഞങ്ങൾ അതിനെ എടുത്തു തിണ്ണയിൽ ഒരു തുണി ഒക്കെ ഇട്ടു കിടത്തി , നല്ല ക്യൂട്ട് പൂച്ചക്കുട്ടി , പാവം അതിനെ മറ്റു പൂച്ചകൾ ആക്രമിച്ചിട്ടു ദേഹം മുഴവനും മുറിവാണ് , ഞങ്ങൾ അതിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകട്ടെ ?"
ഞാൻ ശരി എന്നു പറഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ഒരു വിളി 
" അമ്മേ  പൂച്ചകുട്ടിക്കു കുറച്ചു കുറവുണ്ട്, വ്രണം ഒക്കെ കരിയാൻ തുടങ്ങി , അത് ഞങ്ങളെ കാണുമ്പോൾ കരയുന്നു, പുറത്തു കിടന്നാൽ പിന്നെയും അതിനെ വേറെ പൂച്ചകൾ ഉപദ്രവിക്കും , ഞങ്ങൾ അതിനെ അകത്തു കയറ്റട്ടെ ?" പാവം അത് abandoned ആണെന്ന് തോന്നുന്നു  വിറക്കുന്നു ഉണ്ട് . ( എന്നിലെ മനഃശ്ശാസ്‌ത്രജ്ഞയുടെ മർമ്മത്തിൽ തൊട്ടു , ഒരു ഇമോഷണൽ അറ്റാക്ക് ആയിരിന്നു അത് )
വലിയ ഒരു ആപത്തു മുൻകൂട്ടി കാണാതെ ആ ദുർബല നിമിഷത്തിൽ ഞാൻ ശരി പറഞ്ഞു .
അന്നു മുതൽ ഞാൻ വീട്ടിൽ ആരെ വിളിച്ചാലും "ജിൻജർ" ൻറെ കാര്യം മാത്രമേ പറയാൻ ഒള്ളു  ( ഇഞ്ചിയുടെ നിറം ആയതു കൊണ്ട് അവർ അതിനെ മാമോദിസ മുക്കി പേരും കൊടുത്തു , നാഗമ്മ അതിനെ തമിഴ് സ്റ്റൈലിൽ പാപ്പാ എന്നും ) ഞാൻ അപകടം മണത്തു , പിള്ളേരോട് പറഞ്ഞു " കാര്യം ഒക്കെ ശരി അതിനെ എൻ്റെ മുറിയിൽ ഒന്നും കയറ്റരുത് , എനിക്ക് പൂച്ചരോമം അലർജി  ആണ് . 
യാത്രയുടെ അവസാനം ഞാൻ പോരുവാൻ തയ്യാറായപ്പോൾ ഒരു ലിസ്റ്റ് എനിക്ക് വാട്ട്സ് ആപ്പിൽ  ആപ്പായി വന്നു .അതും  സഹായ അഭ്യർത്ഥന പോലെ , 
'അമ്മേ അവിടെ നല്ല പെറ്റ് ഷോപ് കാണും , ഒന്ന് കയറി നോക്കുമോ ? ജിൻജർനു കളിക്കാനും , തിന്നാനും എന്തെങ്കിലും വാങ്ങണം കേട്ടോ , പ്ളീസ് " 

ഫ്രാങ്ക്ഫുർട്ടിൽ ഉള്ള  ഷോപ്പിൽ  മനസ്സില്ലാ മനസ്സോടെ കയറി നോക്കിയതും ഞാൻ അന്തം വിട്ടു പോയി , പൂച്ചകൾക്കു ഇത്രയും സാധങ്ങളോ , നല്ല വിലയും , പറ്റുന്ന കുറച്ചു   സാധനങ്ങൾ വാങ്ങി ഞാൻ പുറത്തു കടന്നു .
നാട്ടിൽ തിരിച്ചെത്തിയ ഞാൻ ഞെട്ടി പോയി , ജിൻജർ അവളുടെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു . വീട് മുഴുവനും കളിക്കോപ്പുകൾ , ക്യാറ്റ് ട്രീ മുതൽ എല്ലാം ഉണ്ട് . .
എൻ്റെ മുറിയിൽ കയറ്റരുത് എന്നു പറഞ്ഞെങ്കിലും അവൾ സ്ഥിരം ആയി എൻ്റെ കട്ടിലിൽ തന്നെ , എൻ്റെ നൈറ്റിയിൽ ആണ് കിടപ്പു ...
അതിനു മക്കളുടെ മറുപടി 
" അമ്മയെ ഇഷ്ടം ആയിട്ടാണ് , പിന്നെ അമ്മയുടെ കൂടെ സേഫ് ആയിട്ട് തോന്നി കാണും "
എനിക്ക് ജിൻജർ എന്ന പേര്‌ അത്ര പിടിച്ചില്ല , ഞാൻ അവളെ മിമി എന്ന് വിളിച്ചു തുടങ്ങി .

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മിമി വീട്ടിലെ സോഫ മുഴുവനും അവളുടെ കുഞ്ഞു നഖം കൊണ്ട്  മാന്തി
നശിപ്പിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് സങ്കടം ആയി , ഞാൻ , മക്കളോടും , മിമിയോടും പിണങ്ങി രണ്ടു ദിവസം സംസാരിക്കാതെ നടന്നു . അപ്പോൾ മോള് ഓൺലൈൻ വഴി നഖത്തിൽ ഒട്ടിക്കാൻ എന്തോ വാങ്ങി മിമിയുടെ നഖത്തിൽ ഒട്ടിച്ചു, നെയിൽ പോളിഷ് ഇട്ട പോലെ , മിമി അടിവെച്ചു അടിവെച്ചു നടന്നു , അന്നാണ് "ക്യാറ്റ് വാക് " ഞാൻ കണ്ടത് . ആ കൈ ഉറയും കാൽ ഉറയും ഒരു ഗുണവും ചെയ്തില്ല , അവൾ പൂർവാധികം ശക്തിയോടെ എല്ലാം മാന്തി കളിച്ചു .
ഇതിനെ എടുക്കേണ്ടിയിരുന്നില്ല എന്ന് ഞാൻ പറഞ്ഞു , അപ്പോൾ മകന്റെ കണ്ണ് നിറയും . 
" 'അമ്മ സമ്മതിച്ചിട്ടല്ലേ ഞാൻ മിമിയെ അകത്തു കയറ്റിയത് , പുറത്തു വിട്ടിരുന്നു എങ്കിൽ അവള് മരിച്ചു പോയേനെ , പിന്നെ ഞാൻ കുഞ്ഞായിരുന്നപ്പോൾ മുതൽ ഒരു പെറ്റിനെ ആഗ്രഹിക്കുന്നു , മിമി എൻ്റെ ഫസ്റ്റ് പെറ്റ് ആണ് , 'അമ്മ അങ്ങനെ പറയരുത് , അമ്മയുടെ ബി.പി. ഒക്കെ കുറയും മിമിയുടെ കൂടെ കളിച്ചാൽ മതി"
കൊച്ചു മക്കളെ കളിപ്പിക്കേണ്ട പ്രായത്തിൽ ഞാൻ മിമിയുടെ അമ്മച്ചി ആയി , ( എൻ്റെ മകനും മരുമകളും അങ്ങെനയാണ് മിമിയോടെ പറയുന്നത് , അമ്മച്ചിയെ ദേഷ്യം പിടിപ്പിക്കരുത് എന്ന് )

അങ്ങനെ ഇടയ്ക്കിടെ മിമിയുടെ ചില കുസൃതികളിൽ  മക്കളോടും , മിമിയോടും ഇണങ്ങിയും പിണങ്ങിയും നാളുകൾ കടന്നു പോയി .
മക്കൾ ഇംഗ്ലണ്ടിൽ പോയി ജീവിക്കാൻ തീരുമാനിച്ചു , കൂടെ മിമിയും. അവര് മിമിയുടെ ഡോക്ടറിനോട് എല്ലാ വിവരങ്ങളും  അന്വേഷിച്ചു . മിമിയെ എൻ്റെ കൂടെ നിർത്താൻ എനിക്ക് കുഴപ്പം ഇല്ലായിരുന്നു , കാരണം ഞാനും അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു .അപ്പോൾ കുട്ടികൾ പറഞ്ഞു 'അമ്മ യാത്ര ഒക്കെ പോകുമ്പോൾ മിമി ഒറ്റപെട്ടു പോകും , അവളുടെ മെഡിക്കൽ ചെക്ക് അപ്പ് , ഭക്ഷണം ഒക്കെ നോക്കാൻ അമ്മക്ക് ബുദ്ധിമുട്ടു ആകും , പിന്നെ ഞങ്ങൾക്കും അവളെ പിരിയാൻ വയ്യാ എന്ന് .

ചെന്നൈയിലെ മിമിയുടെ ഡോക്ടർ  പെറ്റ്സ് നെ വിദേശത്തു കൊണ്ട് പോകുന്ന ഒരു ഏജൻസിയെ  മക്കൾക്ക് 
നിര്‍ദ്ദേശിച്ചു , " PAWSOME " . അവരുടെ വെബ്സൈറ്റ് വഴി , വിവരങ്ങൾ എല്ലാം അപ്‌ലോഡ് ചെയ്തു , രജിസ്‌ട്രേഷൻ ഫീസ് അടച്ചു , ഇതെല്ലം പോകുന്നതിനു നാല് മാസം മുൻപേ ആരംഭിച്ചു . മൂന്ന് മാസം എടുക്കും "റാബീസ് Titre " എന്ന ടെസ്റ്റിന് , അതിനായി മിമിയുടെ ബ്ലഡ് എടുത്തു , ഇംഗ്ലണ്ടിലെ ലാബിലേക്ക് അയച്ചു . റിസൾട്ട് വന്നു , കുഴപ്പം ഇല്ല , പറക്കാം , ഈ മൂന്ന് മാസവും വളരെ ജാഗ്രതയോടെ മിമിയെ നോക്കി , പുറത്തു പോയി ഇൻഫെക്ഷൻ വരാതെ ...

മോൾ  ആദ്യം പോയി , കുറച്ചു ദിവസം കഴിഞ്ഞു മകനും , അവൻ ജനുവരി 15 നു പോയി . പോകുന്നതിനു മുൻപേ അവൻ മിമിയെ , ഏജൻസിയുടെ സഹായത്തോടെ പ്രത്യേകമായി  രൂപകല്പന ചെയ്ത കൂട്ടിൽ എയർപോർട്ടിൽ കൊണ്ടുപോയി , emirates ഫ്ലൈറ്റ് authorities അവളെ പരിശോധിച്ചു 
അങ്ങനെ ജനുവരി 16 തിയതി ഉച്ചയോടെ ഏജൻസിയിലെ നീരജ് എന്ന പയ്യൻ  വന്നു ആ കൂട്ടിൽ അവളെ , ആക്കി  , ഭക്ഷണവും , വെള്ളവും ഒക്കെ അതിൽ വെച്ച് , ചെന്നൈ  എയർപോർട്ട് ലേക്ക് കൊണ്ടുപോയി , ഇമ്മിഗ്രേഷൻ കഴിഞ്ഞപ്പോൾ ഫോട്ടോ എടുത്തു മെസ്സേജ് ചെയ്തു . ചെന്നൈ എയർപോർട്ട് മുതൽ ഓരോ ഘട്ടങ്ങളിലും ഫോട്ടോ അയച്ചു തന്നു കൊണ്ടിരിന്നു  ( ദുബായ് എയർപോർട്ടിൽ , ഇമ്മിഗ്രേഷൻ , പിന്നെ ഹീത്രൂ ഫ്ലൈറ്റ് കയറിയപ്പോൾ , അവിടെ എത്തിയത് , അവിടെ ഇമ്മിഗ്രേഷൻ ചെക്ക് ) . അങ്ങനെ മിമി ജനുവരി 17 നു  മക്കൾ താമസിക്കുന്ന സ്ഥലത്തു സുഖമായി എത്തി , അവളുടെ യാത്ര സുഗമം ആയിരിന്നു . ഏജൻസി തന്നെ അവളെ വീട്ടിൽ എത്തിച്ചു . അവളുടെ പ്രാഥമിക ആവശ്യങ്ങൾ ഒക്കെ സാധിച്ചു കൊടുത്തു , ഭക്ഷണവും നൽകി , ആ കൂടു നല്ല വൃത്തിയിൽ തന്നെ ആയിരുന്നു എന്ന് കുട്ടികൾ പറഞ്ഞു .

ഇപ്പോൾ മക്കൾ വീഡിയോ കാൾ ചെയ്യുമ്പോൾ "   അമ്മച്ചിയെ കണ്ടോ ?, നാഗമ്മ  അക്കയെ കണ്ടോ എന്നൊക്കെ പറയും . 
അപ്പോൾ നാഗമ്മ പറയും , മനുഷ്യനായാലും , പൂച്ച ആയാലും തലേൽ എഴുത്തു നന്നാകണം എന്നു . കണ്ടില്ലേ നമ്മുടെ മുറ്റത്തു എങ്ങനെയോ വന്നു പെട്ട ആൾ ഇപ്പോൾ എവിടെ എത്തി എന്ന് .
ഇപ്പോളും ഇടയ്ക്കു എൻ്റെ പാതി തുറന്നു കിടക്കുന്ന മുറിയുടെ താഴെ ഞാനൊരു കുഞ്ഞു ബ്രൗൺ തല കാണും , തല വെച്ച് അവൾ മുറി തുറന്നു വരുന്നത് പോലെ , ഞാൻ അത്രയ്ക്ക് ഒന്നും അവളെ മിസ് ചെയ്യില്ല എന്നാണു ഓർത്തത് . എനിക്ക് എൻ്റെ മക്കളുടെ , അവരുടെ ജിൻജറിനോടുള്ള സ്നേഹം മനസ്സിലാകും . എൻ്റെ മക്കളും ജിൻജർ എന്ന മിമിയും സന്തോഷമായിരിക്കുന്നു.
മിമി അങ്ങനെ ലണ്ടൻകാരിയായി : പുഷ്പമ്മ ചാണ്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക